UPDATES

ട്രെന്‍ഡിങ്ങ്

കെ എന്‍ ബാലഗോപാല്‍: ആഗോള താപനത്തിന്റെ ഫലമായി മുങ്ങിത്താഴ്ന്ന് ഇല്ലാതാകാന്‍ പോകുന്ന മണ്‍റോത്തുരുത്തിന്റെ അവസ്ഥ ലോക ശ്രദ്ധയിലേക്കെത്തിച്ച രാജ്യസഭ എംപി/സ്ഥാനാര്‍ഥികളെ അറിയാം

കൊല്ലം സീറ്റ് ബാലഗോപാലിലൂടെ തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്‌

ജില്ലയുടെ മുക്കും മൂലയും അറിയാവുന്ന നേതാവ്. അതുകൊണ്ട് തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് ആര്‌ മത്സരിക്കും എന്ന ചോദ്യത്തിന്‌ സിപിഎം നേതൃത്വത്തിന് ഒറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ; കെ എന്‍ ബാലഗോപാല്‍. ക്ലീന്‍ ഇമേജുമായി മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങുകയാണ് ബാലഗോപാല്‍. മൂന്നരപ്പതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ പ്രവര്‍ത്തന ജീവിതത്തില്‍ രണ്ടാമത്തെ തിരഞ്ഞെടുപ്പ്. സി പി എം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളില്‍ പാര്‍ട്ടിയില്‍ സജീവമായ ബാലഗോപാല്‍ തന്റൈ പ്രവര്‍ത്തനങ്ങളിലൂടെ മണ്ഡലത്തിലും നിറഞ്ഞ് നില്‍ക്കുന്നയാളാണ്.

മാന്യമായ വ്യക്തിത്വം, സൗമ്യമായ പെരുമാറ്റം, ഏത് കാര്യത്തിനും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്ന രാഷ്ട്രീയ നേതാവ്- ഇങ്ങനെ പോവുന്നു ബാലഗോപാലിനെ കുറിച്ച് മണ്ഡലത്തിലെ ജനങ്ങളുടെ വിശേഷണങ്ങള്‍. കാര്‍ക്കശ്യങ്ങളില്ലാതെ ഏവരോടും സൗമ്യമായി പെരുമാറുന്ന ബാലഗോപാല്‍ കൊല്ലം ജില്ലയില്‍ ജനകീയനുമാണ്. യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നതാണ് പാര്‍ട്ടി കാണുന്ന മറ്റൊരു ഗുണം.

രാജ്യസഭാ അംഗമെന്ന നിലയില്‍ ഏറെ ശ്രദ്ധേയനായ വ്യക്തിത്വമാണ് ബാലഗോപാല്‍. 2010 ഏപ്രില്‍ 10 മുതല്‍ 2016ഏപ്രില്‍ 16 വരെ രാജ്യസഭാ അംഗമായിരുന്നു. കൊമേഴ്‌സ് കമ്മറ്റി, മിനിസ്ട്രി ഏഫ് കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി, ഗവ.അഷ്വറന്‍സസ് കമ്മറ്റി, ലോക്പാല്‍ ലോകായുക്ത ബില്‍ കമ്മറ്റി, ജിഎസ്ടി ബില്‍ സെലക്ട് കമ്മറ്റി എന്നിവയില്‍ അംഗമായിരുന്ന ബാലഗോപാല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തും ചോദ്യങ്ങള്‍ ഉന്നയിച്ചും സജീവമായി. രാജ്യസഭയില്‍ മികച്ച് പ്രകടനം കാഴ്ചവച്ച് പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ഏറെ ശോഭിക്കാനും അദ്ദേഹത്തിനായി. മണ്‍റോത്തുരുത്തിന്റെ അവസ്ഥ ലോക ശ്രദ്ധയിലേക്കെത്തിച്ചത് അദ്ദേഹം രാജ്യസഭയില്‍ നടത്തിയ പ്രസംഗമായിരുന്നു. ആഗോള താപനത്തിന്റെ ഭാഗമായി ആദ്യമായി ഇന്ത്യയില്‍ മുങ്ങിത്താഴ്ന്ന് ഇല്ലാതാകാന്‍ പോകുന്ന തുരുത്ത് കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്തായിരിക്കുമന്നെ പ്രസംഗമാണ് പിന്നീട് ചര്‍ച്ചയായത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വിഷയത്തില്‍ ഇടപെടുകയും സഹായം ലഭ്യമാക്കുകയും ചെയ്തു. ലോക ബാങ്കിന്റെ സഹായവും മണ്‍റോ തുരുത്തിനായി കിട്ടി. തുരുത്തിലെ കക്കൂസ് മാലിന്യം ഒഴുകിപ്പരക്കുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനായി ബാലഗോപാല്‍ മണ്‍റോതുരുത്തില്‍ തന്നെ കൂട്ടായ്മകളും സംഘടിപ്പിച്ചു. വെള്ളപ്പൊക്കത്തെ മറികടക്കുന്ന ആംഫീബിയസ് വീടുകള്‍ മണ്‍റോ തുരുത്തിനായി സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍. ഈ നടപടിയിലേക്ക് കൊണ്ടെത്തിച്ചത് പൂര്‍ണമായും അദ്ദേഹത്തിന്റെ ഇടപെടലായിരുന്നു. ഡോക്യുമെന്ററികള്‍ വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ച് മണ്‍റോ തുരുത്തിനായി ലോകരാജ്യങ്ങളില്‍ നിന്നുള്ള സഹായമെത്തുന്നതിനും അദ്ദേഹം കാരണക്കാരനായി.

ജിഎസ്ടി നടപ്പിലാക്കാനൊരുങ്ങുന്ന സമയത്ത് ഒട്ടേറെ വൈവിധ്യമുള്ള രാജ്യത്ത് ജിഎസ്ടി സമ്പ്രദായം നടപ്പാക്കുന്നതിനെ ബാലഗോപാല്‍ എതിര്‍ത്തു. കേരളത്തില്‍ ജിഎസ്ടി നടപ്പാക്കുമ്പോള്‍ തിരിച്ചടിയുണ്ടാവുമെന്ന് മുന്‍കൂട്ടി പറഞ്ഞു. ഇത് പിന്നീട് ധനമന്ത്രി തോമസ് ഐസക്കും ബാലഗോപാലും തമ്മില്‍ ഇക്കാര്യത്തില്‍ തര്‍ക്കവും ഉടലെടുത്തു. ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് അമിതമായി ഫീസ് ഈടാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭം തന്നെ രാജ്യസഭയില്‍ അദ്ദേഹം നടത്തി. രാജ്യം മുഴുവന്‍ അത് ഏറ്റെടുത്തു. റബ്ബറൈസ്ഡ് റോഡ് രാജ്യവ്യാപകമായി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രസംഗവും വളരെയധികം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടിയും മറ്റും നടത്തിയ ഇടപെടലുകളും ശ്രദ്ധേയമാണ്. അഴിമതി കണ്ടാല്‍ ഇടപെടുകയും, അവശ്യകാര്യങ്ങള്‍ക്ക് ലോകരാജ്യങ്ങളുടെ സഹായം എത്തിക്കാനായി മുന്‍കയ്യെടുക്കുകയും ചെയ്ത ബാലഗോപാല്‍ അഞ്ച് വര്‍ഷം കൊണ്ട് അമ്പത് വര്‍ഷത്തേക്കുള്ള കാര്യങ്ങള്‍ ചെയ്തയാള്‍ എന്നാണ് പാര്‍ട്ടി അണികളുടെ അവകാശവാദം.

വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെയാണ് ബാലഗോപാല്‍ പൊതുപ്രവര്‍ത്തന രംഗത്തേക്കെത്തുന്നത്. 1983ല്‍ പുനലൂര്‍ ശ്രീനാരായണ കോളേജ് യൂണിയന്‍ ചെയര്‍മാനായി നേതൃഗുണം തെളിയിച്ചു. 1985ല്‍ തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജ് ചെയര്‍മാനുമായി. കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് സിന്‍ഡിക്കേറ്റ് അംഗവും പിന്നീട് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറുമായി. എസ്എഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ദേശീയ പ്രസിഡന്റ്, ഡിവൈഎഫ് ഓള്‍ ിന്ത്യ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ഓള്‍ ഇന്ത്യ ജോയിന്റ് സെക്രട്ടറി, കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് കോണ്‍ഫിഡറേഷന്‍ അംഗം, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം എന്നീ നിലകളില്‍ സംഘടനാ തലത്തില്‍ പ്രവര്‍ത്തിച്ച ബാലഗോപാല്‍ 1998 ല്‍ സിപിഎം സംസ്ഥാന കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2006 മുതല്‍ 2010 വരെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. എം കോം, എല്‍എല്‍ബി, എല്‍എല്‍എം എന്നിങ്ങനെ പോവുന്നു വിദ്യാഭ്യാസ യോഗ്യതകള്‍. ഇക്കാലത്തിനിടയില്‍ ക്യൂബ, അള്‍ജീരിയ, വെനസ്വല, പോര്‍ച്ചുഗല്‍,വിയറ്റ്‌നാം, ഗ്രീസ്, ശ്രീലങ്ക, നേപ്പാള്‍, സിംഗപ്പൂര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

സംഘടനാ തലത്തില്‍ ഏറെ മുന്നോട്ട് പോവാനായെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അധികം സാധ്യതകള്‍ ലഭിക്കാത്തയാള്‍ കൂടിയാണ് ബാലഗോപാല്‍. 1996ല്‍ അടൂര്‍ മണ്ഡലത്തില്‍ നിയമസഭയിലേക്ക് മത്സരിച്ചു. എന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് 9201 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ഇത്തവണ ബാലഗോപാല്‍ രണ്ടാം അങ്കത്തിനിറങ്ങുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍