UPDATES

എകെ ശശീന്ദ്രന് ഇനി പട്ടുപരവതാനി; സിപിഐ നിലപാടെന്താ?

ശശീന്ദ്രനെ ചാനല്‍ കുടുക്കി എന്ന് പറയുന്ന കമ്മീഷന്‍ മന്ത്രിയെന്ന നിലയില്‍ പുലര്‍ത്തേണ്ട മാന്യത ശശീന്ദ്രന്‍ പുലര്‍ത്തിയില്ലെന്നും പറയുന്നുണ്ട്. ഇത് ശരിയെങ്കില്‍ നിങ്ങള്‍ ശശീന്ദ്രന്‍ വിഷയത്തില്‍ എന്ത് നിലപാട് എടുക്കും എന്നറിയാന്‍ ഏറെ താല്പര്യം ഉണ്ട്

കെ എ ആന്റണി

കെ എ ആന്റണി

‘അധികാരം കൊയ്യണം നമ്മളാദ്യം’ എന്ന് പറഞ്ഞതുപോലെ തന്നെ അധികാരം എന്ന അപ്പക്കഷ്ണത്തെക്കുറിച്ചും ഓരോരോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പല കാലഘട്ടങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇ എം എസ് അടക്കമുള്ളവരെ റിവിഷനിസ്‌റ് കടല്‍ കിഴവന്മാര്‍ എന്ന് പരിഹസിച്ച അതിവിപ്ലവകാരികളുമുണ്ട്. അധികാരം അപ്പക്കഷ്ണം ആയാലും അല്ലെങ്കിലും, അതില്ലെങ്കില്‍ പിന്നെ ഈ ചെങ്കൊടി പേറി നടന്നിട്ടു കാര്യമില്ലെന്നു പണ്ടേ തിരിച്ചറിഞ്ഞവരാണ് നമ്മുടെ സി പി എമ്മും സി പി ഐ യും. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായ 64 ലെ പിളര്‍പ്പിന് ശേഷം ഇക്കാര്യത്തില്‍ കേരളത്തില്‍ കൂടുതല്‍ കാര്‍ക്കശ്യം പുലര്‍ത്തിയത് ഒരു പക്ഷെ സി പി ഐ തന്നെയാണ് എന്ന് പറയേണ്ടി വരുന്നു. അടിയന്തിരാവസ്ഥ കാലം മാത്രം മതിയാകും ഇത്തരം ഒരു ചിന്തക്ക് അല്ലെങ്കില്‍ ആരോപണത്തിന് കൂടുതല്‍ കരുത്തു പകരാന്‍. ഇത്രയും പറഞ്ഞു വെച്ചത് എന്‍ സി പി അവരുടെ രണ്ട് എം എല്‍ എ മാരെ വെച്ചുകൊണ്ട് നടത്തുന്ന രാഷ്ട്രീയ വിലപേശലില്‍ സി പി എം – സി പി ഐ നിലപാടുകള്‍ തമ്മിലുള്ള വൈരുധ്യം ചൂണ്ടിക്കാണിക്കാന്‍ വേണ്ടി കൂടിയാണ്. ശശീന്ദ്രനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ എന്തായിരിക്കും ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാട് എന്നുകൂടി അറിയേണ്ടതും ഉണ്ട്.

കുറച്ചു നാളുകളായി ആമയും മുയലും തമ്മിലുള്ള മത്സരം പോലെ മറ്റൊരു മത്സരത്തിന് വേദിയാവുകയായിരുന്നു കേരളം. ഇവിടെ മത്സരാര്‍ത്ഥികള്‍ എന്‍ സി പി യുടെ രണ്ട് എം എല്‍ എ മാര്‍. ഒരാള്‍ പെണ്‍ കെണിയില്‍ പെട്ട് കട്ടയും പടവും മടക്കി ഇത്ര കാലവും മഹാ മൗനിയായി കഴിയുകയായിരുന്നു. അപരന്‍ കായല്‍ മുതല്‍ റവന്യൂ ഭൂമിവരെ കൈയ്യേറി എന്ന ആരോപണത്തെ തുടര്‍ന്ന് മനസ്സില്ലാമനസ്സോടെ മന്ത്രി കസേര വെടിഞ്ഞയാള്‍. ഇവരില്‍ ആര് ആദ്യം കുറ്റ വിമുക്തനാകും എന്നതായിരുന്നു ചരിത്രത്തില്‍ ആദ്യമായി കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ച പുതിയ ആമയും മുയലും പന്തയം. പന്തയം ഉറപ്പിച്ചത് പക്ഷെ കേരളത്തില്‍ ഇടതുപക്ഷ മുന്നണിയുടെ ഘടക കക്ഷിയായ എന്‍ സി പി ആയിരുന്നെങ്കിലും മുന്നണി മൊത്തത്തില്‍ മത്സരത്തെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചുവോ എന്ന് സംശയിക്കാതിരിക്കാന്‍ തരമില്ല. റിട്ടയേര്‍ഡ് ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന്‍ ഫോണ്‍ കെണി വിവാദം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടുകൂടി കെണിയില്‍ കുടുങ്ങി രാജി വെക്കേണ്ടിവന്ന മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ പന്തയത്തില്‍ വിജയി ആയി എന്ന മട്ടിലുള്ള ഏതാണ്ടൊരു ധാരണ കേരളം ഭരിക്കുന്ന ഇടതു മുന്നണിയില്‍ രൂപപ്പെട്ടു കഴിഞ്ഞു എന്നാണ് ലഭ്യമാകുന്ന സൂചന. മന്ത്രിസഭയിലേക്കുള്ള ശശീന്ദ്രന്റെ മടങ്ങി വരവിനു ഇനി തടസ്സങ്ങള്‍ ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ തന്നെ നല്‍കുന്ന സൂചന അത് തന്നെയാണല്ലോ!

എകെയല്ല സികെ

പന്തയത്തിനു കാരണമായി എന്‍ സി പി ഉന്നയിച്ച ന്യായങ്ങള്‍ ഇങ്ങനെ പോകുന്നു. 1. മഹാനായ ശരത് പവാറിനാല്‍ സ്ഥാപിതവും അദ്ദേഹം തന്നെ നേതൃത്വം നല്‍കുന്നതുമായ ഒരു വലിയ ദേശീയ പാര്‍ട്ടിയാണ് എന്‍ സി പി 2. രാജ്യത്തു ആകമാനം നൂറോളം എം എല്‍ എ – എം പി മാര്‍ ഉള്ള പാര്‍ട്ടിയാണെങ്കിലും ഈ ഇന്ത്യ മഹാരാജ്യത്തു തങ്ങള്‍ക്കു മന്ത്രി സ്ഥാനം ഉള്ളത് കേരളത്തില്‍ മാത്രം 3. കേരളത്തില്‍ ആകെ രണ്ട് എം എല്‍ എമാര്‍ മാത്രമുള്ളതിനാല്‍ ഒന്നിനെ തള്ളിയാല്‍ മറ്റേതിനെ മന്ത്രിയാക്കണം.

ശരിയാണ് ഒരു കാലത്തു കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തലയെടുപ്പുള്ള നേതാവായിരുന്നു പവാര്‍. കുംഭകോണത്തില്‍ പെട്ട് എ ആര്‍ ആന്തുലെ മഹാരാഷ്ട്രാ മുഖ്യമന്ത്രി പദം ഒഴിഞ്ഞപ്പോള്‍ ആ സ്ഥാനത്തു പ്രതിഷ്ഠിക്കപ്പെട്ട പവാര്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ മാത്രമല്ല ക്രിക്കറ്റിലും വന്‍ കച്ചവടം നടത്തിയ ആള്‍ തന്നെ. രാഷ്ട്രീയം എന്നത് തികച്ചും അവസരവാദപരമാണെന്ന് ഗോവയിലടക്കം ബി ജെ പിക്കൊപ്പം ചേര്‍ന്ന് ഈയടുത്ത കാലത്തും തെളിയിച്ചുകൊണ്ടിരിക്കുന്ന പത്തര മാറ്റുള്ള പാര്‍ട്ടി തന്നെ എന്‍ സി പി. അങ്ങിനെ വരുമ്പോള്‍ പ്രജാവത്സലനും സര്‍വോപരി മുന്നണി ബന്ധ സംരക്ഷണയുമായ പിണറായി വിജയന് എന്‍ സി പി യെ കൈവിടാന്‍ പറ്റില്ല എന്ന് തന്നെ കരുതുക. പക്ഷെ തോമസ് ചാണ്ടി രാജി വെക്കുമെന്ന് ഉറപ്പായിട്ടും മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുക വഴി തങ്ങളാണ് തോമസ് ചാണ്ടിയുടെ രാജി ഉറപ്പു വരുത്തിയതെന്നു കേമം ചമയുന്ന സി പി ഐക്കാര്‍ ഇപ്പോള്‍ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. പെണ്ണ് കേസോ കായല്‍ കയ്യേറ്റമോ ഏതാണ് കമ്മ്യൂണിസ്റ്റുകളുടെ കണ്ണില്‍ വലിയ അപരാധം എന്ന്. ശശീന്ദ്രനെ ചാനല്‍ കുടുക്കി എന്ന് പറയുന്ന കമ്മീഷന്‍ മന്ത്രിയെന്ന നിലയില്‍ പുലര്‍ത്തേണ്ട മാന്യത ശശീന്ദ്രന്‍ പുലര്‍ത്തിയില്ലെന്നും പറയുന്നുണ്ട്. ഇത് ശരിയെങ്കില്‍ നിങ്ങള്‍ ശശീന്ദ്രന്‍ വിഷയത്തില്‍ എന്ത് നിലപാട് എടുക്കും എന്നറിയാന്‍ ഏറെ താല്പര്യം ഉണ്ട്.

തോമസ് ചാണ്ടി അത്ര ചെറിയ മരമൊന്നുമല്ല; വിളളല്‍ വീണത് ഇടതുമുന്നണിയിലും സിപിഐക്കുളളിലുമാണ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍