UPDATES

ട്രെന്‍ഡിങ്ങ്

നെടുങ്കണ്ടത്തെ കിം ജോങും ബല്‍റാമിന്റെ സ്മൃതിനാശവും

1984 ലെ സിഖ് കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയെന്ന് ആരോപണം ഉള്ളവരെ പൊക്കിപ്പിടിച്ച് നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തന്നെയല്ലേ ബലറാം ഇപ്പോഴും ഉള്ളത്?

കെ എ ആന്റണി

കെ എ ആന്റണി

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ചിത്രം സിപിഎം പ്രചരിപ്പിച്ചതാണ് ആ പാര്‍ട്ടിക്കെതിരെ ഉയര്‍ന്നിട്ടുള്ള ഏറ്റവും പുതിയ വിവാദം. സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിലാണ് കിം കടന്നുകൂടിയത്. കേരളത്തിലെ കോണ്‍ഗ്രസ് യുവനേതാവ് വി ടി ബലറാം മുതല്‍ ബി ജെ പി വക്താവ് സാംബിത് പത്ര വരെ ഇതിനെതിരെ പരിഹാസവുമായി രംഗത്ത് വന്നിരുന്നു. ‘മോര്‍ഫിംഗ് അല്ലാത്രേ, ഒറിജിനല്‍ തന്നെ ആണത്രേ!’ കിം ഇല്‍ സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് സമയമില്ലാത്തത് കൊണ്ടായിരിക്കും എന്ന് തോന്നുന്നു’ എന്ന് ഫ്ളക്സിന്റെ ചിത്രത്തിനൊപ്പം വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചപ്പോള്‍ സാംബിത് പത്ര ട്വീറ്റ് ചെയ്തത് ബിജെപി-ആര്‍ എസ് എസ് ഓഫീസുകളിലേക്ക് മിസൈല്‍ തൊടുത്തുവിടാന്‍ സിപിഎമ്മിന് പദ്ധതിയുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ്.

ഇതേപോലെ ഒരു വിവാദം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കോഴിക്കോട് നടന്ന അവസരത്തിലും ഉണ്ടായിരുന്നു. അതുപക്ഷെ വിശ്വവിപ്ലവകാരി ചെ ഗുവേരയുടെ ചിത്രത്തിന് പകരം ചെഗുവേര സിനിമയില്‍ ‘ചെ’ ആയി അഭിനയിച്ച നടന്റെ ചിത്രം ഉപയോഗിച്ചതിനായിരുന്നു. ‘ചെ’ക്ക് ഒരുപാട് ആരാധകര്‍ ഉള്ളതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നായിരുന്നു അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആയിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പുതിയ വിവാദത്തെക്കുറിച്ചു പാര്‍ട്ടി എന്തെങ്കിലും വിശദീകരണം നല്‍കിയോ എന്നറിയില്ല. ഇനിയിപ്പോള്‍ നല്‍കിയാലും ഇല്ലെങ്കിലും അമേരിക്കയുടെ ഭീഷണിക്ക് നിന്ന് കൊടുക്കാത്ത ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്ര തലവനെ ഫ്ളക്സ് കമ്മ്യൂണിസ്റ്റുകാര്‍ ഫ്ലക്സില്‍ കയറ്റിയതിന്റെ പേരില്‍ ഇത്ര വലിയ വിവാദം എന്തിനെന്നു മനസ്സിലാകുന്നില്ല. യാസര്‍ അറഫാത്തും യേശു ക്രിസ്തുവും മാത്രമല്ലല്ലോ സദ്ദാം ഹുസൈനും മുന്‍പ് സിപിഎം പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടല്ലോ!

1984 ലെ സിഖ് കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയെന്നാരോപിതരായ ജഗദീഷ് ടൈറ്റ്‌ലര്‍, എച്ച് കെ എല്‍ ഭഗത് എന്ന നേതാക്കളെ ഏറെ കാലം പൊക്കിപ്പിടിച്ചു നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തന്നെയല്ലേ ബലറാം ഇപ്പോഴും ഉള്ളത്. അടിയന്തരാവസ്ഥയും സഞ്ജയ് ഗാന്ധി അടക്കമുള്ളവരുടെ അക്കാലത്തെ വിളയാട്ടവും ഭാര്യ നൈന സാഹ്നിയെ തന്തുരി അടുപ്പില്‍ ചുട്ട സുശീല്‍ ശര്‍മ്മ എന്ന പഴയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും പണ്ട് ചീമേനിയില്‍ സിപിഎം ഓഫീസിനു തീയിട്ട് അഞ്ചുപേരെ ചുട്ടുകൊന്ന കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രവും ഒന്നും ബലറാം മറക്കാതിരുന്നാല്‍ നന്ന്. ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ നേതാക്കളും ഗുജറാത്തില്‍ വംശീയഹത്യ നടത്തിയവരും ഒക്കെ സ്വന്തം പാര്‍ട്ടിയുടെ തലപ്പത്തു  തന്നെയുണ്ടെന്ന കാര്യം സാംബിത് പത്രയും മറക്കരുത്.

‘മോര്‍ഫിംഗ് അല്ലത്രെ, ഒറിജിനല്‍ ആണത്രെ’; ഫ്‌ളക്‌സ് വിവാദത്തില്‍ പിണറായിയെ പരിഹസിച്ച് ബല്‍റാം

സമാനമായ ഒരു വാര്‍ത്ത സിപിഐ യുടെ മലപ്പുറം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ടും പുറത്തുവന്നിരുന്നു. സമ്മേളനത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ നിലമ്പൂരില്‍ വെടിയേറ്റ് മരിച്ച മാവോയിസ്‌റ് നേതാക്കള്‍ കൂപ്പു ദേവരാജനും അജിതയും സ്ഥാനം പിടിച്ചു എന്നതാണ് പ്രസ്തുത വാര്‍ത്ത. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടപ്പോള്‍ തന്നെ പോലീസ് നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ പാര്‍ട്ടിയാണ് സിപിഐ. ആര്‍ ഇ സി വിദ്യാര്‍ത്ഥി രാജനും വര്‍ക്കല വിജയനും ഒക്കെ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് സിപിഐ നേതാവ് സി. അച്യുത മേനോന്‍ കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു എന്നതൊക്കെ ശരി തന്നെ. അതിന്റെ പേരില്‍ ഏറെ വിമര്‍ശനം കേട്ടതാണ് അച്യുതമേനോനും സിപിഐയും. പഴയ തെറ്റ് തിരുത്താന്‍ ആ പാര്‍ട്ടി ആഗ്രഹിച്ചുപോയാല്‍ അതിനു അവരെ കുറ്റപ്പെടുത്തുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍