UPDATES

കല്യാണില്‍ നടക്കുന്നത്: സംഘടിച്ചതിന്, കൂലി ചോദിച്ചതിന്, അന്തസുള്ള ജീവിതം ആവശ്യപ്പെട്ടതിന് അവര്‍ പുറത്തിരിക്കുകയാണ്; 137 ദിവസം

ഞങ്ങടെ വെയര്‍പ്പ് ഊറ്റി കുടിച്ചേനുശേഷം അവര്‍ക്ക് ആവശ്യലാണ്ടാവുമ്പോ പിടിച്ച് പുറത്താക്കണുണ്ടല്ലോ… ആ അവസ്ഥ ആര്‍ക്കും വരാണ്ടിരിക്കാനാണ് ഞങ്ങള് സമരമിരിക്കുന്നത്

എഐടിയുസിക്ക് കീഴില്‍ ഒരു തൊഴിലാളി യൂണിയന്‍ രൂപീകരിച്ചു. രാവിലെ 9 മുതല്‍ രാത്രി 7 വരെ പത്ത് മണിക്കൂറോളം നീളുന്ന ജോലിക്ക് 2016-ല്‍ പുതുക്കി നിശ്ചയിക്കപ്പെട്ട മിനിമം കൂലി ചോദിച്ചു. ഈ ‘മഹാ അപരാധ’ത്തിനാണ് പണത്തിനൊത്ത പകിട്ടുമായി മുന്നേറുന്ന കല്യാണ്‍ സാരീസ് ആറ് വനിത തൊഴിലാളികളെ പുറത്താക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധികൊണ്ടാണ് പുറത്താക്കലെന്നാണ് കല്യാണ്‍ ഗ്രൂപ്പിന്റെ വാദം. രജിനി ദാസ്, അല്‍ഫോണ്‍സ ജോണ്‍സണ്‍, ബീന സോമന്‍, പ്രീതി മോള്‍ പി.യു, ദേവി രവി, മായാദേവി പി എന്നിവരെയാണ് പിരിച്ചുവിട്ടുത്. 137 ദിവസമായി വെയിലും മഴയും സഹിച്ച് കല്യാണ്‍ സാരീസിനു മുന്നിലെ സമരപ്പന്തലില്‍ നീതി തേടി കാത്തിരിക്കുകയാണ് ഈ തൊഴിലാളികള്‍. തൊഴില്‍ മന്ത്രി നേരിട്ടെത്തി ആവശ്യപ്പെട്ടിട്ടും ഇവരെ തിരിച്ചെടുക്കില്ലെന്ന നിലപാടില്‍ തന്നെയാണ് തൊഴിലുടമ. കല്യാണിന്റെ പരസ്യമൂല്യത്തോളം വിലയൊന്നും ഇവര്‍ക്കില്ലെന്ന ന്യായം കൊണ്ട് തന്നെ നാളിതുവരെ മുഖ്യധാരാ മാധ്യമങ്ങളും തിരിഞ്ഞു നോക്കിയിട്ടില്ല.

2017 ജനുവരിയിലാണ് ഇവര്‍ എഐടിയുസിക്ക് കീഴില്‍ രൂപീകരിച്ച ഷോപ്പ് എംപ്ലോയീസ് അസോസിയേഷന്‍ എന്ന സംഘടനയില്‍ ചേരുന്നത്. ഫെബ്രുവരിയില്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. ഇതേത്തുടര്‍ന്ന് മിനിമം വേതനം 10,500 ആക്കി വര്‍ധിപ്പിച്ചു. പക്ഷേ വേതന വര്‍ധനവ് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ ഈ ആറു പേരെയും പുറത്താക്കി മാര്‍ച്ച് 6ന് കമ്പനി ഉത്തരവിറക്കി. തൊഴില്‍ ചൂഷണത്തിനെതിരെ 2015-ല്‍ സമൂഹമാധ്യമങ്ങളുടെ പിന്തുണയോടെ നടന്ന ഇരിക്കല്‍ സമരത്തില്‍ പങ്കെടുത്തവരാണിവര്‍. ജനപിന്തുണ വര്‍ധിച്ചതോടെ സമരം ഒത്തുതീര്‍പ്പിലെത്തിച്ച് ഇവരെ തിരിച്ചെടുക്കാന്‍ കമ്പനി നിര്‍ബന്ധിതമായി. തിരിച്ചെടുത്തത് പക്ഷേ കല്യാണ്‍ സാരീസിലേക്കായിരുന്നില്ല. അതെക്കുറിച്ച് ഷോപ്പ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.ആര്‍ ഭൂപേശ് പറയുന്നത് കേള്‍ക്കൂ:

‘മിനിമം കൂലി, അവകാശങ്ങള്‍, യൂണിയന്‍ എന്നൊക്കെ പറഞ്ഞ് ഇനിയും തൊഴിലാളികളെ വഴിതെറ്റിക്കാതിരിക്കാന്‍ ചെമ്പൂക്കാവിലൊരു ഫ്ളാറ്റില്‍ ഒരു തട്ടിക്കൂട്ട് ഡിപ്പോ തുടങ്ങി ഈ ആറുപേരെയും അവിടെയാക്കി. അന്ന് തൊഴിലാളികളും ഉടമയും തമ്മിലൊരു വ്യവസ്ഥയും ഒപ്പു വച്ചു. ഏതെങ്കിലും കാരണവശാല്‍ ഡിപ്പോ നിര്‍ത്തുകയാണെങ്കില്‍ ഇവരെ തൃശ്ശൂരില്‍ തന്നെയുള്ള കല്യാണിന്റെ മറ്റ് സ്ഥാപനങ്ങളില്‍ നിയമിക്കുമെന്ന് വ്യവസ്ഥ അതിലുണ്ടായിരുന്നു. ആ വ്യവസ്ഥ ലംഘിച്ചാണ് ഇവരെ പുറത്താക്കിയത്. ഇത് ചൂണ്ടിക്കാട്ടി എഐടിയുസി ഈ മാര്‍ച്ചില്‍ തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി പരിഗണിച്ച കോടതി പുറത്താക്കിയ നടപടി സ്റ്റേ ചെയ്തു. എന്നാല്‍ എഗ്രിമെന്റിലെ ആദ്യ പേജിലുണ്ടായിരുന്ന വ്യവസ്ഥ തിരുത്തി കല്യണ്‍ ഉടമ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കി. ആദ്യ പേജില്‍ ഒപ്പ് ഇല്ലാത്തതും കമ്പനിക്ക് അനുകൂലമായി. ഡിവിഷന്‍ ബെഞ്ച് സ്റ്റേ നീക്കി ഉത്തരവിട്ടു. ഇതേത്തുടര്‍ന്നാണ് ഞങ്ങള്‍ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. അങ്ങനെ ഏപ്രില്‍ 17 മുതല്‍ ഞങ്ങള്‍ സമരത്തിലാണ്’.


തങ്ങള്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് പുറത്താക്കപ്പെട്ട തൊഴിലാളി രജനി, അഴിമുഖത്തോട് പറഞ്ഞതിങ്ങനെയാണ്- ‘എഎംടിയു (അസംഘടിത മേഖല തൊഴിലാളി യൂണിയന്‍) എന്ന സംഘടനയുടെ പേരിലാണ് രണ്ട് കൊല്ലം മുന്‍പ് ഞങ്ങള്‍ സമരം ചെയ്തത്. അത്രക്കും ബുദ്ധിമുട്ടായിരുന്നു. ഒന്ന് ഇരിക്കാന്‍ പോലും പറ്റിയിരുന്നില്ല. എല്ലാ പാര്‍ട്ടിക്കാരും ഇടപെട്ട് അന്ന് സമരം വിജയിപ്പിച്ചതുകൊണ്ടാണ് ഞങ്ങളെ തിരിച്ചു ജോലിയില്‍ കയറ്റിയത്. പക്ഷേ അത് ഈ ഷോറൂമിലേക്കായിരുന്നില്ല. ഞങ്ങള്‍ ആറുപേര്‍ക്ക് മാത്രമായി തൃശ്ശൂര്‍ ചെമ്പൂക്കാവിലൊരു ഡിപ്പോ. ഡിപ്പോയൊന്നും പറയാന്‍ പറ്റില്ല. ഒരു ഫ്ളാറ്റാണത്. ആ ഫ്ളാറ്റില്‍ കല്യാണ്‍ സാരീസിന്റെ സ്ഥാപനമാണെന്നൊന്നും തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലുള്ള ഒരു ഇരുട്ടുമുറി. അവിടെ ഞങ്ങളെ കൊണ്ടുപോയി ഇട്ടേക്കാര്‍ന്നു. അന്ന് ഞങ്ങളായിട്ട് ഒരു എഗ്രിമെന്റുണ്ടാക്കി. ഡിപ്പോ പൂട്ടുകയാണെങ്കി കല്യാണിന്റെ തൃശ്ശൂരിലുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ ഞങ്ങളെ കയറ്റാമെന്ന് അതില്‍ ഉണ്ടായിരുന്നു. ഞങ്ങക്ക് തന്ന എഗ്രിമെന്റില്‍ അതുണ്ട്. ഇപ്പൊ സ്വാമി (കല്യാണ്‍ സാരീസ് ഉടമ രാമചന്ദ്രന്‍) കോടതീല്‍ കൊടുത്ത എഗ്രിമെന്റില്‍ അതില്ല. അങ്ങനെ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടാണ് ഇപ്പോ പിരിച്ചു വിട്ടിട്ടുള്ളത്. ആ ഗോഡൗണില്‍ ഒരുപാട് ദുരിതം ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ഡിപ്പോയിലേക്ക് മാറ്റിയതിന്റെ കാരണമൊക്കെ ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ തിരിച്ചുകയറിയാല്‍ യൂണിയന്‍ പ്രവര്‍ത്തനം നടത്തും, ഞങ്ങടെ അവകാശങ്ങള്‍ ചോദിക്കും എന്ന് അവര്‍ക്കറിയാം. അതുകൊണ്ട് തന്നെയാണ് ഞങ്ങളെ ആ പട്ടിക്കൂടിന്റുള്ളിലാക്കിയത്.

അവിടെ ക്ലീന്‍ ചെയ്യാറായില്ല, കുടിക്കാന്‍ വെള്ളമില്ല, അവിടെ ഞങ്ങള് വരണുണ്ടോ, പോണുണ്ടോ എന്നൊന്നും നോക്കാന്‍ ആരുമില്ല, ആറുമണി നേരത്തൊക്കെ കറന്റുപോയാ വേറെ സംവിധാനമൊന്നുമില്ല. കൂറ്റാക്കൂരിരുട്ടാവും അവിടെ. മൂന്ന് ദിവസം വരെ വെള്ളം തരാതെ ഇരുത്തിട്ടുണ്ട് അവിടെ. ഇതൊക്കെ കാണിച്ച് ഒരുപാട് തവണ മാനേജ്മെന്റിന് പരാതി കൊടുത്തു. പക്ഷേ അവര്‍ ഒന്നും ചെയ്യാത്തതുകൊണ്ട് നിവൃത്തി ഇല്ലാണ്ടാണ് ലേബര്‍ ഓഫീസില് പരാതി കൊടുത്തത്. അന്ന് അന്വേഷിക്കാന്‍ വന്ന ലേബര്‍ ഓഫീസര്‍ ഞങ്ങള്‍ക്ക് വെള്ളം കൊടുക്കണം, കറന്റ് പോയാ സംവിധാനം ഉണ്ടാക്കണം എന്നൊക്കെ പറഞ്ഞു. പക്ഷേ ഈ ലേബര്‍ ഓഫീസര്‍ തിരിച്ചുപോയത് സ്വാമീടെ കാറിലാണ്. ആ ഡിപ്പോ നിങ്ങള് പോയി കണ്ടാലേ ഞങ്ങള് പറയണതെന്താന്ന് നിങ്ങള്‍ക്ക് മനസ്സിവുള്ളോ. ലേബര്‍ ഓഫീസര്‍ ചര്‍ച്ചക്ക് വിളിക്കുമ്പോ എഎംടിയു എന്നത് രജിസ്റ്റേഡ് സംഘടനയല്ലാന്ന് പറഞ്ഞിട്ട് ഇവര് ചര്‍ച്ചക്ക് വരില്ല. അന്ന് ഞങ്ങളെ സഹായിക്കാന്‍ വന്നത് എഐടിയുസിയാണ്. അങ്ങനെയാണ് ഈ വര്‍ഷം ജനുവരീല്‍ ഞങ്ങള്‍ എഐടിയുസി യൂണിയനില്‍ ചേര്‍ന്നത്. എഐടിയുസി യൂണിയനില്‍ ചേര്‍ന്നുവെന്നും സാലറി കൂട്ടണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരീല്‍ നോട്ടീസ് കൊടുത്തു. അതിന് ശേഷമാണ് സാലറി 10,500 ആക്കിയത്. പക്ഷേ സ്വാമി ഇവിടത്തെ തൊഴിലാളികളോട് പറഞ്ഞ് വച്ചിട്ടുള്ളത് സ്വാമീടെ മഹാമനസ്‌കത കൊണ്ടാണ് ശമ്പളം കൂട്ടിയതെന്നാണ്. ആ ശമ്പളം വങ്ങാന്‍ ഞങ്ങള്‍ക്ക് പറ്റീട്ടില്ല. ആ ലെറ്റര്‍ കൊടുത്ത മാസം തന്നെ ഞങ്ങളെ പുറത്താക്കി. ഞങ്ങള്‍ക്ക് ആറുപേര്‍ക്ക് തരാന്‍ മാത്രം സ്വാമീടെ കയ്യില് പൈസയില്ല. ഇവിടെ 1500 രൂപേടെ ഗിഫ്റ്റ് പാക്കേജ് കൊടുക്കാനും, പരസ്യം കൊടുക്കാനും, ഇത്രം നാളായിട്ടും ഞങ്ങടെ വാര്‍ത്ത മാധ്യമങ്ങളില് വരാതിരിക്കാന്‍ പത്രക്കാര്‍ക്ക് പൈസ കൊടുക്കാനും ഒക്കേ ഉണ്ട്. പക്ഷേ ഞങ്ങള്‍ക്ക് തരാന്‍ മാത്രം ഇല്ല.”


(ഡിപ്പോയിലെ ജീവനക്കാരുടെ പട്ടിക; സാമ്പത്തിക മാന്ദ്യം മൂലം ഡിപ്പോയിലെ ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന അറിയിപ്പ്; കല്യാണിലെ ജീവനക്കാര്‍ യൂണിയനില്‍ ചേര്‍ന്നതിന്റെ നോട്ടീസ്; 2015-ലെ കല്യാണിലെ സമരത്തെ തുടര്‍ന്നുള്ള ഒത്തുതീര്‍പ്പ് മെമ്മോറാണ്ടം)

ഞങ്ങള്‍ക്ക് ജോലി ചെയ്യാന്‍ ഒരു സ്ഥാപനം കൊടുത്തിട്ടുണ്ട്. ആ സ്ഥാപനം അത്ര പോര എന്ന് പറഞ്ഞാണ് ഞങ്ങള്‍ സമരത്തിന് ഇരിക്കണതെന്നാണ് ഇവിടത്തെ തൊഴിലാളികളെ സ്വാമി പറഞ്ഞ് ധരിപ്പിച്ചുട്ടുള്ളത്. ഇവിടുത്തെ തൊഴിലാളികള്‍ക്ക് ഞങ്ങളോട് ഇവിടെ വന്ന് മിണ്ടാന്‍ തന്നെ പേടിയാണ്. ഞങ്ങടൊപ്പം കൂടിയാല്‍ അവരേയും പുറത്താക്കൂന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി വച്ചേക്കാണ്. വീട്ടിലൊക്കെ ഒരുപാട് കഷ്ടപ്പാട് സഹിക്കണോരാണ് ഈ ഫീല്‍ഡില്‍ വരണത്. അവരെന്തായാലും ഒരു ജോലി പോണന്ന് ആഗ്രഹിക്കോ… ഇതിന് മുന്നിട്ടിറങ്ങിയ ഞങ്ങടെ അവസ്ഥ ഇതാണ്.. ഇതാണ് അവര്‍ക്കും വരണതെങ്കില്‍ ജീവിക്കണ്ടേന്ന് അവര് ചിന്തിക്കില്ലേ. അതുകൊണ്ടാണ് അവര് വരാത്തത്. അവരുടെ മാനസിക പിന്തുണ ഞങ്ങള്‍ക്കൊപ്പമുണ്ട്. അവര് ഞങ്ങളെ വിളിക്കാറുണ്ട്. ഈ 10,500 സാലറി കിട്ടണത് ഞങ്ങള് കാരണാന്നൊക്കെ അവര്‍ക്കറിയാം. തിരിച്ച് ജോലിക്ക് കയറണം. അത് തന്നെയാണ് ഞങ്ങടെ ആവശ്യം. കക്കാനും മോഷ്ടിക്കാനൊന്നും ഇതുവരെ ഞങ്ങള് പഠിച്ചിട്ടില്ല. ഈ കടേല് നിന്നിട്ട് അങ്ങനൊരു മോശപ്പേര് ഇതുവരേം ഉണ്ടാക്കീട്ടൂല്യ. മുന്നോട്ട് ജീവിക്കണെങ്കി ജോലി വേണം. അല്ലാണ്ട് സ്വാമീനെ തോല്‍പ്പിക്കാനൊന്നല്ല ഞങ്ങള് സമരം ചെയ്യണത്.

ചിലയാളുകള്‍ പറയണത് ഞങ്ങള്‍ക്ക് ഇവിടെ തന്നെ ജോലി വേണന്ന് എന്താ വാശി, വേറെ സ്ഥലത്തേക്ക് പൊക്കൂടേന്നാണ്… നിങ്ങടെ സ്വഭാവം ഇത്രയ്ക്ക് മോശായോണ്ടല്ലേ ഇവിടെ കയറ്റാത്തേന്നാണ്… അതുകൊണ്ടല്ല. അങ്ങനെ പറയണോരോട് ഞങ്ങള്‍ക്ക് പറയാള്ളത് ഇതാണ്. 5 വര്‍ഷത്തെ ഞങ്ങടെ വിയര്‍പ്പാണ് ഈ സ്ഥാപനം… 500 രൂപേടേ കസ്റ്റമറെ 5000 ആക്കാനും 5000 രൂപേടെ കസ്റ്റമറെ 500 ആക്കാനും ഞങ്ങളെക്കൊണ്ട് കഴിയും. ഞങ്ങടെ നാവിന്‍ തുമ്പത്താണ് ഇവരുടെ ഈ കടേലിരിക്കണ ഓരോ വസ്തൂം വിറ്റു പോണത്. ആ ഞങ്ങടെ വെയര്‍പ്പ് ഊറ്റി കുടിച്ചേനുശേഷം അവര്‍ക്ക് ആവശ്യലാണ്ടാവുമ്പോ പിടിച്ച് പുറത്താക്കണുണ്ടല്ലോ… ആ അവസ്ഥ ആര്‍ക്കും വരാണ്ടിരിക്കാനാണ് ഞങ്ങള് ഞങ്ങടെ ഭര്‍ത്താവിനേം കുട്ട്യോളേം കുടുംബത്തിനെയൊക്കെ ഇട്ടിട്ട് ഈ മഴേത്തും വെയിലത്തും ഇവടെ വന്നിരിക്കണത്…‘ പ്രതിഷേധവും വേദനയും അടക്കാനാവാതെയാണ് രജനി പറഞ്ഞു നിര്‍ത്തിയത്.

എഐടിയുസി ഒഴികെ മറ്റൊരു സംഘടനകളും ഇവര്‍ക്ക് പിന്തുണയുമായെത്തിയിട്ടില്ല. മിനിമം കൂലി ചോദിച്ചതിന്റെ പേരില്‍, യൂണിയന്‍ ഉണ്ടാക്കിയതിന്റെ പേരില്‍, ദരിദ്ര കുടുംബങ്ങളില്‍ നിന്നും വരുന്ന ഈ തൊഴിലാളികള്‍ പുറത്തിരിക്കുകയാണ്. കല്യാണിന്റെ പണപ്പകിട്ടിനു മുന്നില്‍ ഏറാന്‍ മൂളി നില്‍ക്കുന്ന മാധ്യമങ്ങളും സംഘടനകളും ഇവരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്. എഐടിയുസി സംസ്ഥാന സെക്രട്ടറി എ.എന്‍ രാജന്‍ സമരത്തെക്കുറിച്ച് പ്രതികരിച്ചത്- ‘പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് എഐടിയുസി സമരം നടത്തുന്നത്. എഐടിയുസി തൃശ്ശൂര്‍ ജില്ല കമ്മിറ്റി ഇപ്പോള്‍ സമരം ഏറ്റെടുത്തിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലൊന്നും തൊഴിലുടമ പങ്കെടുത്തിരുന്നില്ല. ഇപ്പോള്‍ അതില്‍ മാറ്റം വന്നിട്ടുണ്ട്. നിയമപരമായി ഈ സമരത്തില്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കുന്നതിന് ഞങ്ങള്‍ ഗവണ്‍മെന്റ് തലത്തില്‍ ഇടപെട്ട് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിനെ തുടര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച തൊഴില്‍ മന്ത്രി തന്നെ തൊഴിലുടമയെ തൃശ്ശൂര്‍ രാമനിലയത്തില്‍ വിളിച്ചു വരുത്തുകയും സംസാരിക്കുകയും ചെയ്തത്. ഗവണ്‍മെന്റ് ഇതിന്റെ ഭാഗമായി നടപടികള്‍ സ്വീകരിച്ചു വരികയാണെന്നാണ് പറയുന്നത്. എത്രയും വേഗം ആ നടപടികള്‍ മുന്നോട്ട് കൊണ്ടുപോയി ഇവരെ തിരിച്ചെടുക്കണം. അതുവരെ ശക്തമായ സമരവുമായി ഞങ്ങള്‍ മുന്നോട്ട് പോകും ‘

വിഷ്ണുദത്ത്

വിഷ്ണുദത്ത്

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍