UPDATES

വി എസ് സുനില്‍കുമാറിന് വേണ്ടാത്തയാള്‍, ഇപിക്ക് പ്രിയപ്പെട്ടവന്‍; കാംകൊ അഴിമതിയില്‍ ഇടപെട്ട് വ്യവസായ മന്ത്രിക്ക് വി എസ് അച്യുതാനന്ദന്റെ കത്ത്

വിജിലന്‍സ് അന്വേഷണം നേരിടുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്റെ(കാംകോം) മുന്‍ എംഡിയായിരുന്ന എന്‍ കെ മനോജിനെ കരകൗശല വികസന കോര്‍പ്പേറഷന്‍ എംഡിയാക്കിയിരിക്കുന്നത് ചോദ്യം ചെയ്താണ് വി എസ് കത്ത് നല്‍കിയിരിക്കുന്നത്

കോടികളുടെ അഴിമതിയാരോപണം നേരിടുന്നയാളെ സംരക്ഷിക്കരുതെന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്റെ കത്ത്. വിജിലന്‍സ് അന്വേഷണം നേരിടുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്റെ(കാംകോം) മുന്‍ എംഡിയായിരുന്ന എന്‍ കെ മനോജിനെ കരകൗശല വികസന കോര്‍പ്പേറഷന്‍ എംഡിയാക്കിയിരിക്കുന്നത് ചോദ്യം ചെയ്താണ് വി എസ് കത്ത് നല്‍കിയിരിക്കുന്നത്. കാംകോയുടെ മുന്‍ എംഡിക്കെതിരേയുള്ള വിജിലന്‍സ് അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും, അന്വേഷണം നിശ്ചിത കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്വം അന്വേഷണ ഏജന്‍സികള്‍ക്കാണെങ്കില്‍ പോലും ഇത്തരത്തില്‍ ആരോപണവിധേയനായ വ്യക്തിയെ കരകൗശല വികസന കോര്‍പ്പേറഷന്‍ പോലെ പ്രധാനപ്പെട്ടൊരു സ്ഥാപനത്തില്‍ നിയമിച്ചിരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്നുമാണ് കത്തില്‍ വിഎസ് ചൂണ്ടിക്കാണിക്കുന്നത്.

ഈ വിഷയത്തില്‍ സത്യസന്ധമായ അന്വേഷണ നടപടികള്‍ സ്വീകരിക്കണമെന്നും കത്തിലൂടെ വ്യവസായ മന്ത്രിയോട് വി എസ് ആവശ്യപ്പെടുന്നുണ്ട്. വി എസ്സിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ വ്യവസായ വകുപ്പ് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഫയല്‍ അയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്മേല്‍ ആഭ്യന്തര വകുപ്പില്‍ നിന്നും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം. അതേസമയം വിജിലന്‍സ് ക്ലിയറന്‍സ് കിട്ടിയ ഉദ്യോഗസ്ഥനെയാണ് എംഡിയായി നിയമിച്ചിരിക്കുന്നതെന്നും അഴിമതിയാരോപണത്തില്‍ ഇതുവരെ ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്നതുമാണ് വ്യവസായ വകുപ്പിന്റെ വാദം. കാംകോയില്‍ നടന്ന അഴിമതിയില്‍ തനിക്ക് പങ്കില്ലെന്നും കാംകോയിലെ നിലവിലെ രീതികള്‍ തുടരുക മാത്രമെ താന്‍ ചെയ്തിരുന്നുവുള്ളുവെന്നുമാണ് മനോജ് പറയുന്നത്.

2016 ലെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സി ആന്‍ഡി എജി) ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് 2010-20111 മുതല്‍ 2014-2015 വരെയുള്ള കാലയളവില്‍ കാംകോയില്‍ ആയിരം കോടിയുടെ അഴിമതിയും ക്രമക്കേടും നടന്നതായി കണ്ടെത്തിയത്. ട്രാക്റ്ററുകള്‍, ഉഴവ്, കൊയ്ത്ത് യന്ത്രങ്ങള്‍ എന്നിവ നിര്‍മിച്ചു വില്‍ക്കുന്ന, കൃഷി വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ് എറണാകുളം ജില്ലയിലെ അത്താണി ആസ്ഥാനമായ കാംകോ. തുടര്‍ച്ചയായി സ്റ്റോര്‍സ് പര്‍ച്ചേസ് മാനുവല്‍ ലംഘിച്ച് കാംകോയില്‍ വിവിധ ഉപകരണങ്ങളും മറ്റും വാങ്ങി വന്‍ ക്രമക്കേടുകള്‍ നടന്നെന്നാണ് സിഎജി കണ്ടെത്തിയത്. കൂടാതെ വിതരണക്കാര്‍ക്ക് കോടികളുടെ നേട്ടം ഉണ്ടാക്കാന്‍ വഴിവിട്ട് സഹായം ചെയ്തതായും കണ്ടെത്തിയിരുന്നു. വന്‍ ക്രമക്കേടിന്റെ മറ്റു തെളിവുകളും സിഎജി റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ മാനദണ്ഡം(സ്റ്റോര്‍സ് പര്‍ച്ചേസ് മാനുവല്‍) തിരുത്തി 18.34 കോടി രൂപയുടെ വഴിവിട്ട ലാഭം വിതരണക്കാര്‍ക്ക് നേടിക്കൊടുത്തു.

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന സാധനങ്ങള്‍ ഇവിടെ നിന്നും വാങ്ങാതെ, ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന സമതിയുടെ അനുവാദം ഇല്ലാതെ കേരളത്തിനു പുറത്തു നിന്നും 36.41 കോടി രൂപയ്ക്ക് വാങ്ങി. പര്‍ച്ചേസ് മാന്വല്‍ ലംഘിച്ച് നടത്തിയ 179.35 കോടിയുടെ പര്‍ച്ചേസിലൂടെ 25.4 കോടിയുടെ നഷ്ടം സര്‍ക്കാരിന് ഉണ്ടാക്കി. വിപണി വില നോക്കാതെ, ചില പ്രത്യേക വിതരണക്കാരില്‍ നിന്നും 15.31 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങി വിതരണക്കാര്‍ക്ക് 43.89 കോടിയുടെ വഴിവിട്ട ലാഭമുണ്ടാക്കി കൊടുക്കുന്ന വിധത്തില്‍ ഉയര്‍ന്ന നിരക്കില്‍ ഉപകരണങ്ങള്‍ വാങ്ങി. സാധനങ്ങളുടെ ആവശ്യമില്ലാത്ത ശേഖരണത്തിലൂടെ 25.42 കോടിയുടെ അവിഹിത നേട്ടം വിതരണക്കാര്‍ക്ക് ലഭ്യമാക്കി തുടങ്ങിയ ക്രമക്കേടുകളും അഴിമതിയുമാണ് സിഎജി കണ്ടെത്തിയത്. കമ്പനി സാധനങ്ങള്‍ വാങ്ങിയിരുന്ന 245 വിതരണക്കാരില്‍ 163 പേര്‍ക്ക് പ്രത്യേക ഉപകാരം ചെയ്യുന്നതിനുവേണ്ടി അവരുടെ ആവശ്യപ്രകാരം മനേജിംഗ് ഡയറക്ടര്‍ പതിവായി പര്‍ച്ചേസ് ഉത്തരവ് ഉയര്‍ന്ന വില ഉള്‍പ്പെടുത്തി ഭേദഗതി ചെയ്തു. സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശം നല്‍കേണ്ട കാംകോ ഡയറക്ടര്‍ ബോര്‍ഡ് പരാജയപ്പെട്ടു എന്നീ വ്യക്തപരമായ കണ്ടെത്തലുകളും സിഎജി റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. അഴിമതിയും ക്രമക്കേടും വിജിലന്‍സ് അന്വേഷിക്കണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ഉണ്ടായിരുന്നു. അഴിമതി നടത്തിയ പണം സര്‍ക്കാര്‍ തിരിച്ചു പിടിക്കണമെന്നും സിഎജി നിര്‍ദേശിച്ചിരുന്നു.

സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാംകോ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ അഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് സ്റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്തിന്റെ നേതൃത്വത്തില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും പൂജപ്പുര വിജിലന്‍സ് യൂണിറ്റ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഈ അന്വേഷണം നാലു വര്‍ഷമാകുമ്പോഴും പൂര്‍ത്തിയായിട്ടില്ല. മാത്രമല്ല, കുറ്റാരോപിതനായ വ്യക്തി മറ്റൊരു പൊതുമേഖല സ്ഥാപനത്തിന്റെ മേധാവി ആകുകയും ചെയ്തു. ഈ വിഷയങ്ങള്‍ അന്വേഷിക്കണമെന്നാണ് വി എസ് അച്യൂതാനന്ദന്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യവസായ വകുപ്പില്‍ നിന്നും പ്രോസിക്യൂഷന്‍ അനുമതി കിട്ടാന്‍ താമസം വരുന്നതാണ് വിജിലന്‍സ് അന്വേഷണത്തിന് കാലതമാസം വരുന്നതെന്നാണ് ആരോപണം. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടത്. കേന്ദ്രസര്‍ക്കാര്‍ നടത്തിയ നിയമഭേദഗതിയനുസരിച്ചാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് എഫ് ഐ ആര്‍ ഇടണമെങ്കില്‍ ബന്ധപ്പെട്ട വകുപ്പിന്റെ സംസ്ഥാന മേധാവിയുടെ അനുമതി വേണ്ടി വരുന്നത്. ആയിരം കോടിയുടെ അഴിമതിയാരോപണത്തില്‍ പങ്കുണ്ടെന്നു പറയുന്ന ഒരാള്‍ക്കെതിരേ ഇതുവരെ പ്രോസിക്യൂഷനുള്ള അനുമതി വ്യവസായ വകുപ്പില്‍ നിന്നും വിജിലന്‍സിന് കിട്ടിയിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ കുറ്റാരോപിതനായ അള്‍ക്കെതിരേ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്താന്‍ കഴിയാതെ വരികയാണ്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലാത്ത സാഹചര്യത്തിലാണ്, മനോജ് കുറ്റക്കാരനാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു കാണിച്ച് വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ നടപടി ധാര്‍മികതയ്ക്ക് നിരയ്ക്കാത്തതാണെന്നാണ് കേസിലെ പരാതിക്കാരന്‍ കൂടിയായ ജോയ് കൈതാരത്ത് പറയുന്നത്.

‘അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ഒരാള്‍ കുറ്റക്കാരനാണോ അല്ലയോ എന്നു കണ്ടെത്താന്‍ കഴിയൂ. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാതെ തന്നെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് ശരിയല്ല. ബന്ധപ്പെട്ട വകുപ്പില്‍ നിന്നും 30 ദിവസത്തിനകം പ്രോസിക്യൂഷന്‍ നടപടികള്‍ക്കുള്ള അനുമതി നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. നിശ്ചിത ദിവസത്തിനുള്ളില്‍ അനുമതി നല്‍കുന്നില്ലെങ്കില്‍, അനുമതി കിട്ടിയതായി കണക്കാക്കി മുന്നോട്ടുപോകാമെന്നും പറയുന്നു. എന്നാല്‍ വിജിലന്‍സ് ഈ മാര്‍ഗം സ്വീകരിച്ചിട്ടില്ല. മറിച്ച് പ്രോസിക്യൂഷന്‍ അനുമതി കിട്ടാത്തതുകൊണ്ട് അന്വേഷണവുമായി മുന്നോട്ടു പോകാന്‍ കഴിയുന്നില്ലെന്ന നിലപാട് സ്വീകരിക്കുകയാണ് ചെയ്യുന്നത്. വിജിലന്‍സിന് സ്വന്തം നിലയ്ക്ക് കേസുമായി മുന്നോട്ടുപോകാമെന്നിരിക്കെയാണ് വീഴ്ച്ച വരുത്തുന്നത്. സിഎജി റിപ്പോര്‍ട്ടില്‍ കാംകോ എംഡിയ്‌ക്കെതിരേ പരാമര്‍ശം ഉണ്ടായിട്ടും വിജിലന്‍സ് നിലപാടെടുത്തത് പ്രതി ആരാണെന്നു സിഎജി ചൂണ്ടിക്കാട്ടിയിട്ടില്ലെന്നായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ ഹൈക്കോടതി കേസിന്റെ പുരോഗതി വിജിലന്‍സിനോട് ചോദിച്ചപ്പോഴായിരുന്നു ഇത്തരമൊരു നിലപാട് അറിയിച്ചത്. 2012 മുതല്‍ 2015 വരെ കാംകോയില്‍ നടന്ന അഴിമതിയും ക്രമക്കേടുകളുമാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ കാലയളവില്‍ കാംകോ എംഡി മനോജ് ആയിരുന്നു. ക്രമക്കേടില്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് പങ്കുണ്ടെന്നു സിഎജി പറയുന്നുമുണ്ട്. എംഡി ഈ കാലയളവില്‍ ടെണ്ടര്‍ ഇല്ലാതെ 813 കോടിയുടെ മെറ്റീരിയല്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. എംഡിയുടെ പേര് പറയുന്നില്ലെന്നു മാത്രം. സിഎജി റിപ്പോര്‍ട്ടുകളില്‍ സാധാരണ സ്ഥാനം മാത്രമാണ് പറയുന്നത്, പേര് പറയാറില്ല. വിജിലന്‍സ് ഈ തത്വം മറച്ചുവച്ചാണ് മനോജിന്റെ പേര് സിഎജി റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടില്ലെന്ന വാദം ഉയര്‍ത്തുന്നത്. ഇത്തരം നിലപാടുകള്‍ പുറമെ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ പുറത്ത് കുറ്റാരോപിതനെ സംരക്ഷിക്കാനാണെന്നാണ് ജോയ് കൈതാരം പറയുന്നത്.

വ്യവസായ വകുപ്പും ഇടതു മുന്നണിയിലെ ചില ഉന്നതന്മാരും ചേര്‍ന്ന് അഴിമതിക്കാരനെ സംരക്ഷിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നാണ് ജോയ് കൈതാരത്തിന്റെ പരാതി. ‘മറ്റൊരു പൊതുമേഖല സ്ഥാപനത്തില്‍ ആയിരം കോടിയുടെ അഴിമതിയും ക്രമക്കേടും നടന്നതില്‍ പങ്കുണ്ടെന്നു സിഎജി കണ്ടെത്തിയ വ്യക്തിയെയാണ് വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനത്തിന്റെ എംഡിയാക്കിയിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഈ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ 2016 ഏപ്രില്‍ 25 ന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇട്ടിരുന്നതാണ്. ഇപ്പോള്‍ നാലുവര്‍ഷം ആകാന്‍ പോകുമ്പോഴും അന്വേഷണം എങ്ങുമെങ്ങും എത്തിയിട്ടില്ല. അഴിമതിക്കെതിരേ നില്‍ക്കും എന്നു ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ചെയ്തത് അഴിമതിക്കാരനായ ഒരാളെ പ്രധാനപ്പെട്ട ഒരു പൊതുമേഖല സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ആക്കിയെന്നതാണ്.

എം കെ മനോജിനെ കുറിച്ച് കൃഷി വകുപ്പ് മന്ത്രി പറഞ്ഞത്, ഇയാളെ എന്റെ വകുപ്പില്‍ വേണ്ട. ആക്ഷേപങ്ങള്‍ ഉണ്ട് എന്നായിരുന്നു. അങ്ങനെയുള്ളൊരാളെയാണ് വ്യവസായ വകുപ്പ് സംരക്ഷിക്കുന്നത്. റിയാബ്(പബ്ലിക് സെക്ടര്‍ റിസ്ട്രക്ചറിംഗ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ്) വഴി നടത്തിയ നിയമനങ്ങളുടെ ലിസ്റ്റ് കാന്‍സല്‍ ചെയ്തുകൊണ്ടാണ് മനോജ് അടക്കം നാലുപേരെ വ്യവസായ വകുപ്പ് നിയമിച്ചതും. ഇത് ചലഞ്ച് ചെയ്ത് ഹൈക്കോടതിയില്‍ പോയപ്പോള്‍ കോടതി പ്രോസിക്യൂഷന്‍ അനുമതി വാങ്ങിക്കാന്‍ പറഞ്ഞു. സര്‍ക്കാരിന് പ്രോസിക്യൂഷന്‍ അനുമതിക്കായി അപേക്ഷ കൊടുത്തിട്ട് എട്ടുമാസമായി. ഒരു നടപടിയും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഭരണപരിഷ്‌കാര ചെയര്‍മാനായ വി എസ് അച്യുതാനന്ദന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നതും അദ്ദേഹം വ്യവസായ വകുപ്പിന് കത്തെഴുതിയതും. മനോജിനെതിരേയുള്ള സിഎജി റിപ്പോര്‍ട്ട് ഗവര്‍ണറുടെ മുന്നില്‍ എത്തിയതുമാണ്. ഗവര്‍ണര്‍ അത് നിയമസഭ കമ്മിറ്റിക്ക് മുന്‍പാകെ വിട്ടു. എന്നാല്‍ നിയമസഭ കമ്മിറ്റി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. അതിനു പിന്നിലും രാഷ്ട്രീയ ഇടപെടലാണ്’; ജോയ് കൈതാരം പറയുന്നു.

കൃഷി മന്ത്രിക്ക് വേണ്ടാത്തയാള്‍ വ്യവസായ മന്ത്രിക്ക് പ്രിയങ്കരന്‍?

കാംകോയിലെ അഴിമതിയെ കുറിച്ച് സിഎജി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ എന്‍ കെ മനോജിനെ കൃഷി വകുപ്പിന്റെ തന്നെ കീഴിലുള്ള മറ്റൊരു പൊതുമേഖല സ്ഥാപനമായ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനിലേക്ക് മാറ്റിയിരുന്നു. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ മനോജിനെ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനില്‍ നിന്നും മാറ്റിയിരുന്നു (ഇവിടെയും ക്രമക്കേടുകള്‍ നടന്നെന്ന ധനകാര്യവിഭാഗത്തിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു). മനോജിനെതിരേയുള്ള അഴിമതിയാരോപണങ്ങള്‍ തന്നെയായിരുന്നു മന്ത്രിയുടെ തീരുമാനത്തിനു പിന്നില്‍. കാംകോയില്‍ നടന്ന ക്രമക്കേടുകലെ കുറിച്ച് സമഗ്രമായ വിജിലന്‍സ് അന്വേഷണത്തിനും മന്ത്രി ഉത്തരവ് ഇട്ടിരുന്നു.അവിടെ നിന്നാണ് വ്യവസായ വകുപ്പ് മനോജിനെ സ്വീകരിക്കുന്നതും പ്രധാനപ്പെട്ട സ്ഥാനവും നല്‍കുന്നതും. വ്യവസായ വകുപ്പ് മനോജിനെ ഏതുവിധേനയും സംരക്ഷിക്കാനാണ് തുടക്കം മുതല്‍ നോക്കുന്നതെന്നും ആക്ഷേപമുണ്ട്.

മനോജിനെതിരേ ഉള്ള ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വ്യവസായ പ്രിന്‍സിപ്പില്‍ സെക്രട്ടറി വ്യവസായ വാണിജ്യ ഡയറക്ടറോട് നിര്‍ദേശിച്ചിരുന്നതാണ്. അന്നത്തെ അന്വേഷണത്തില്‍ ഡയറക്ടര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ മനോജ് തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നിഷേധിച്ചാണ് സംസാരിച്ചത്. വ്യക്തിപരമായി തന്നെയും കരകൗശല വികസന കോര്‍പ്പറേഷനെയും അപകീര്‍ത്തിപ്പെടുത്തുകയാണ് പരാതിയുടെ പിന്നിലുള്ള ലക്ഷ്യമെന്നായിരുന്നു മനോജിന്റെ ആക്ഷേപം. മനോജിന്റെ വാദമാണ് വ്യവസായ വകുപ്പ് സ്വീകരിച്ചതെന്നാണ് ജോയ് കൈതാരം പറയുന്നത്. മനോജിനെതിരേ വിജിലന്‍സ് കേസ് ഉണ്ടെന്നകാര്യം കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ടെങ്കില്‍ പോലും ഒരു നടപടിക്കും സര്‍ക്കാരോ വകുപ്പോ തയ്യാറാകുന്നില്ലെന്നും ജോയ് കൈതാരം പറയുന്നു. വലിയൊരു അഴിമതിയില്‍ പങ്കാളിയായൊരാളെ സര്‍ക്കാര്‍ സംരക്ഷിക്കരുതെന്ന വി എസ് അചുതാനന്ദന്റെ ആവിശ്യത്തില്‍ വ്യവസായ വകുപ്പും മുഖ്യമന്ത്രിയും നടപടി സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നും ജോയ് കൈതാരം പറയുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി കരകൗശല കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്ത് അഴിമതിയാരോപണം നേരിടുന്ന ഒരാള്‍ തുടരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഏല്‍പ്പിക്കുമെന്ന വി എസ് അചുതാനന്ദന്റെ ആവശ്യത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും നടപടിയെടുക്കുന്നില്ലെങ്കില്‍ അധികാരത്തില്‍ എത്താന്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി കബളിപ്പിക്കുകയായിരുന്നു ഇടതു മുന്നണി സര്‍ക്കാര്‍ എന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറയുന്നു.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍