UPDATES

പി ജയരാജനെതിരെ പ്രചാരണം, വിശദീകരണവുമായി സിപിഎം, ബിജെപിയിലേക്കെന്ന പ്രചാരണത്തിനെതിരെ നടപടി

ബി.ജെ.പിയില്‍ ചേരുന്നുവെന്ന നെറികെട്ട നുണ പ്രചരിപ്പിക്കുന്നത് സംഘികളും മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളുമാണെന്നാണ് പി ജയരാജന്‍ പ്രതികരിച്ചത്.

പി ജയരാജന്‍ ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചരണം കല്ലുവെച്ച നുണയായെന്നും ബോധപൂര്‍വ്വമായി ഒരു കൂട്ടര്‍ നടത്തി വരുന്ന നുണ പ്രചരണത്തെ ജനങ്ങള്‍ തള്ളിക്കളയണമെന്നും പാര്‍ട്ടി പ്രവര്‍ത്തകന്‍മാര്‍ ജാഗ്രത പാലിക്കണമെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ്.

സിപിഐഎം കണ്ണൂര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയുടെ പൂര്‍ണ രൂപം

പി ജയരാജന്‍ ബി.ജെ.പിയില്‍ ചേരുമെന്ന സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന പ്രചരണം കല്ലുവെച്ച നുണയാണ്. വ്യാജവാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ബോധപൂര്‍വ്വമായി ഒരു കൂട്ടര്‍ നടത്തി വരുന്ന നുണ പ്രചരണത്തെ ജനങ്ങള്‍ തള്ളിക്കളയണമെന്നും പാര്‍ട്ടി പ്രവര്‍ത്തകന്‍മാര്‍ ജാഗ്രത പാലിക്കണമെന്നും സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. അച്ചടി,ദൃശ്യ,ശ്രാവ്യ മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമാണ് സാമൂഹ്യ മാധ്യമങ്ങള്‍. മാധ്യമ ഉടമകളും, വാര്‍ത്തകള്‍ രചിക്കുന്നവരും എല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്ന ജനങ്ങളാണ്. അതുകൊണ്ട് തന്നെ വ്യാജവാര്‍ത്തകള്‍ക്കെതിരെ കരുതലും ജാഗ്രതയും ഓരോരുത്തര്‍ക്കും ഉണ്ടാകണം.

പലപ്പോഴും കമ്മ്യൂണിസ്റ്റ് വിരുദ്ധ വാര്‍ത്തകള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിക്കാറുണ്ട്. സത്യം മനസ്സിലാക്കാതെ ലൈക്ക് ചെയ്യുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതും. പി ജയരാജന്‍ അമിത് ഷായെ കണ്ടുവെന്നും താമസിയാതെ ബി.ജെ.പിയില്‍ മെമ്പര്‍ഷിപ്പ് എടുക്കുമെന്നും മറ്റുമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. സംഘപരിവാര്‍ ക്രമിനലുകള്‍ വെട്ടിനുറുക്കിയ ജയരാജന്‍ ബി.ജെ.പിയില്‍ ചേരുമെന്ന പ്രചരണം ആരും വിശ്വസിക്കില്ല. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി പ്രതിഷ്ഠിക്കുന്നവരാണ് ആര്‍.എസ്.എസ്സുകാര്‍. ജനാധിപത്യത്തിനും, മതനിരപേക്ഷതയ്ക്കും, ഫെഡറലിസത്തിനും ഏതിരാണവര്‍. സ്വേച്ഛാധിപത്യമാണ് അവരുടെ മാര്‍ഗ്ഗം ഫാസിസ്റ്റ് സ്വഭാവമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. എന്തും ചെയ്യുകയും അത് ശരിയാണെന്ന് ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ നുണകള്‍ പടച്ചുവിടാന്‍ ഒരു മടിയും കാണിക്കാത്തവരാണ് സംഘപരിവാര്‍. അത്തരം ഒരു സംഘടനയിലേക്ക് സാമൂഹ്യമാറ്റത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു കമ്മ്യൂണിസ്റ്റ്കാരനും ചേരാന്‍ കഴിയില്ല.

തൃപുരയില്‍ സര്‍ക്കാരും സംഘപരിവാരും നടത്തുന്ന സി.പി.ഐ(എം) വേട്ടയെക്കുറിച്ച് നിവേദനം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണാന്‍ പോയപ്പോള്‍ സി.പി.ഐ(എം) രാജ്യസഭാംഗമായ ജര്‍ണദാസിനോട് ബി.ജെ.പിയില്‍ ചേരണമെന്നാവശ്യപ്പെട്ട അമിത്ഷായ്ക്ക് ചുട്ടമറുപടിയാണ് അവര്‍ നല്‍കിയത്. അവശേഷിക്കുന്ന ഒരു മാര്‍ക്‌സിസ്റ്റുകാരന്‍ പോലും നിങ്ങളുടെ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതുക തന്നെ ചെയ്യും. ഇതു തന്നെയാണ് വര്‍ഗ്ഗീയതയ്‌ക്കെതിരായി ഉറച്ച നിലപാടോടുകൂടി പൊരുതുന്ന ഏതൊരു കമ്മ്യൂണിസ്റ്റുകാരന്റെയും നിലപാട്.

പി ജയരാജനും അതില്‍ നിന്ന് വ്യത്യസ്തനല്ല. ഒരാളുടെ ഫേയ്‌സ്ബുക്ക് എക്കൗണ്ടിലാണ് പി ജയരാജന്‍ ബി.ജെ.പിയിലേക്ക് എന്ന പോസ്റ്റ് കണ്ടത്. വ്യജവാര്‍ത്തക്കെതിരെ പി ജയരാജന്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആ എക്കൗണ്ട് പോലും പിന്‍വലിച്ചിരിക്കുകയാണ്. പലരും ഈ വാര്‍ത്തയുടെ നിജസ്ഥിതി മനസ്സിലാക്കാതെ ഷെയര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് വസ്തുതയെന്തെന്ന് പാര്‍ട്ടി വ്യക്തമാക്കുന്നത്. സമാനരീതിയിലുള്ള വ്യാജവാര്‍ത്തകള്‍ ഏനിയും വന്നേക്കും. പാര്‍ട്ടി നേതാക്കള്‍ക്കെതിരായ ഇത്തരം വ്യാജവാര്‍ത്തകള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട ഒന്നാണ്. ഓരോ കമ്മ്യൂണിസ്റ്റുകാരനും നല്ല ജാഗ്രത പാലിക്കണം. നുണയന്‍മാരെ തിരിച്ചറിയണം. നുണ വാര്‍ത്തകള്‍ക്കെതിരെ സത്യം ജനങ്ങളിലെത്തിക്കാന്‍ ഓരോ ആളും സ്വയം പടവാളാകണമെന്നും സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.’

വിഷയത്തില്‍ പ്രതികരിച്ച് നേരത്തെ പി ജയരാജനും ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ബി.ജെ.പിയില്‍ ചേരുന്നുവെന്ന നെറികെട്ട നുണ പ്രചരിപ്പിക്കുന്നത് സംഘികളും മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളുമാണെന്നാണ് പി ജയരാജന്‍ കുറിച്ചത്.

പി ജയരാജന്റെ ഫെസ്ബുക്ക് പോസ്റ്റ്

എന്നെ സംബന്ധിച്ച ഒരു വ്യാജവാര്‍ത്ത ഇന്നലെ മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു.എന്നാല്‍ ആ സമയത്ത് അത് ഞാന്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ആര്‍എസ്എസ് ചാനലായ ജനം ടിവിയുടെ ലോഗോ വെച്ച പോസ്റ്ററുകളാണ് കാണുന്നത്. പ്രചരിപ്പിക്കുന്നതോ സംഘികളും മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും. ഇതോടെ ഈ വ്യാജവാര്‍ത്ത പ്രചാരണത്തിന് പിന്നില്‍ സംഘപരിപാരവും മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളും ആണെന്ന് വ്യക്തമായിരിക്കുകയാണ്. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

പിതൃശൂന്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നല്ല കഴിവുള്ളവരാണ് സംഘികള്‍.അച്ചടി പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന്റെ തലേ ദിവസം ഭീകരമായ കൊലപാതകങ്ങളും അക്രമണങ്ങളുമാണ് അവര്‍ നടത്താറുള്ളത്. റിപ്പബ്ലിക് ദിനത്തില്‍ സ:കെ വി സുധീഷിനെ വീട്ടില്‍ കയറി അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയതും 20 വര്ഷം മുന്‍പൊരു തിരുവോണ നാളില്‍ എന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.ഈ തിരുവോണ നാളില്‍ തന്നെയാണ് ബിജെപിയില്‍ ചേരുന്നുവെന്ന നെറികെട്ട നുണയും സംഘപരിവാരം പ്രചരിപ്പിക്കുന്നത്.

സംഘപരിവാര ശക്തികള്‍ക്കെതിരായി രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും സിപിഐഎം പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പോരാടിയ ആളാണ് ഞാന്‍.അത് ഇപ്പോളും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.അതിനാല്‍ തന്നെ ഈ വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ല.

 

Explainer: യുഎസ്, താലിബാൻ, സർക്കാർ, ഗോത്രനേതാക്കൾ, ഇടയിൽക്കുടുങ്ങിയ ജനത: ചർച്ചകളിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം നൽകുന്ന സൂചനകൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍