UPDATES

ദിവസക്കൂലി 150 രൂപ; സമരം പൊളിക്കാന്‍ കണ്ണൂരിലെ ആശുപത്രികളില്‍ നഴ്‌സിംഗ് വിദ്യാര്‍ഥികളെ വിന്യസിക്കുന്നു

സമരം നടക്കുന്ന ആശുപത്രി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

വേതനവര്‍ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ ആശുപത്രികളില്‍ നഴ്‌സിംഗ് വിദ്യാര്‍ഥികളെ വിന്യസിക്കാന്‍ കളക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദേശം നല്‍കി. ജില്ലയില്‍ കഴിഞ്ഞ 18 ദിവസമായി നടന്നു വരുന്ന നഴ്‌സുമാരുടെ സമരം നേരിടാന്‍ കര്‍ശന നടപടികളുമായിട്ടാണ് കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം രംഗത്ത് എത്തിയിരിക്കുന്നത്. സമരം നടക്കുന്ന ആശുപത്രി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പനി പടരുന്ന സാഹചര്യമാണ് ജില്ലാ ഭരണകൂടം അടിയന്തര ഇടപെടല്‍ നടത്താന്‍ കാരണമായി പറയുന്നത്.

തിങ്കളാഴ്ച മുതല്‍ കണ്ണൂരിലെ നഴ്‌സിംഗ് കോളേജുളിലെ അധ്യയനം അഞ്ച് ദിവസത്തേക്ക് നിര്‍ത്തണമെന്നും ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഒഴികെയുള്ള എല്ലാവരെയും സമരം നടക്കുന്ന ആശുപത്രികളില്‍ ജോലിക്കായി വിന്യസിക്കണമെന്നുമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. പത്തോളം ആശുപത്രികളിലാണ് സമരം നടക്കുന്നത്. എട്ട് നഴ്‌സിംഗ് കോളേജുകളിലെ പ്രിന്‍സിപ്പലുമാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി കഴിഞ്ഞു. ജോലിക്ക് വരാത്ത വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ആവശ്യമെങ്കില്‍ കോഴ്‌സില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്യണമെന്നും ഉത്തരവിലുണ്ട്.

കളക്ടറുടെ ഉത്തരവ്

സമരം നടത്തുന്ന ആശുപത്രികളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കോളേജില്‍ നിന്ന് പോകുമ്പോഴും വരുമ്പോഴും പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തുന്നുണ്ട്. ആശുപത്രി മാനേജ്‌മെന്റ് ദിവസം 150 രൂപ വിദ്യാര്‍ഥികള്‍ക്ക് പ്രതിഫലവും കൂടാതെ വാഹന സൗകര്യവും നല്‍കണം. അധ്യാപകരായിരിക്കണം വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കേണ്ടത്. അവര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കുകയും വേണം. നഴ്‌സുമാരുടെ സമരം ജില്ലയിലെ പൊതുജനാരോഗ്യസംവിധാനങ്ങളെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിക്കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവ് നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ ഐപിസി-സിആര്‍പിസി വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും നിര്‍ദേശമുണ്ട്.

കണ്ണൂര്‍ ജില്ലാ കളക്ടറുടെ നടപടിക്കെതിരെ രൂക്ഷ പ്രതികരണമായിരുന്ന നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ വൈസ് പ്രസിഡന്റ് സിബി മുകേഷ്, അഴിമുഖത്തിനോട് നടത്തിയത്. സമരത്തെ തകര്‍ക്കാര്‍ സര്‍ക്കാര്‍, മാനേജ്‌മെന്റുകള്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്നും സമാധാനപരമായി പോകാന്‍ ആഗ്രഹിക്കുന്ന സമരത്തെ പ്രകോപിപ്പിക്കുന്നതാണ് ഈ നടപടിയെന്നുമാണ് സിബി മുകേഷ് പറയുന്നത്. ‘പഠിക്കുന്ന വിദ്യാര്‍ഥികളെ രോഗികളെ പരിചരിക്കാന്‍ നിയോഗിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ശരിയായ പരിശീലനം ലഭിക്കാത്ത ഈ കുട്ടികളെയും കൊണ്ട് നടത്താന്‍ പോകുന്ന നടപടികള്‍ രോഗികളുടെ ജീവന്‍ വെച്ചാണ് നടത്തുന്നത്. കോടതിയിലും, യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിലും, നേഴ്‌സിംഗ് കൗണ്‍സിലും പരാതി നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. പഠിക്കുന്ന നേഴ്‌സിംഗ് കുട്ടികളെ ജോലി ചെയ്യിപ്പിക്കരുതെന്ന് കേരള നേഴ്‌സിംഗ് കൗണ്‍സിലും ഇന്ത്യന്‍ നേഴ്‌സിംഗ് കൗണ്‍സിലും എടുത്ത് പറഞ്ഞിട്ടുള്ള കാര്യമാണ്.

അതുമാത്രമല്ല, ഈ ആശുപത്രി മാനേജ്‌മെന്റുകളെല്ലാം പഠിച്ച് കഴിഞ്ഞു വരുന്ന ഒരു നേഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റ് ധാരിയോട് പറയുന്നത്, ഒരു കൊല്ലം പരിശീലന കാലയളവാണെന്നും നിങ്ങള്‍ക്ക് നേഴ്‌സിംഗ് സ്‌കില്‍ ഉണ്ടാവണമെങ്കില്‍ പരിശീലനം വേണമെന്നുമൊക്കെയാണ്. അതേ മാനേജ്‌മെന്റാണ് ഇപ്പോള്‍ കോഴ്‌സ് പൂര്‍ത്തായാക്കാത്ത വിദ്യാര്‍ഥികളെ ജോലിക്ക് നിര്‍ത്താന്‍ പോകുന്നത്. പിന്നെ വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും ജോലിക്കെത്തണമെന്ന് പറയാന്‍ എന്താണ് അധികാരം? ദിവസം നൂറ്റമ്പത് രൂപ നല്‍കുമെന്നും ഉത്തരവ് അനുസരിക്കാത്ത കുട്ടികളെ കോഴ്‌സില്‍ നിന്ന് പിരിച്ചുവിടുമെന്നുമൊക്കെ ഭീഷണിപ്പെടുത്തിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. തീര്‍ച്ചയായും ഇത് ഞങ്ങള്‍ അനുവദിക്കില്ല. വിദ്യാര്‍ഥികളെ നിര്‍ബന്ധിപ്പിച്ച് ജോലി ചെയ്യിക്കാന്‍ കളക്ടര്‍ക്ക് അധികാരം ഒന്നുമില്ല. സമരം മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെയാണ് തീരുമാനം. ഇത് ഒരു ഇരട്ടത്താപ്പ് നയമാണ്. മാനേജ്‌മെന്റുകളുമായി ഒത്തുകളിച്ച് സമരത്തെ പൊളിക്കാനാണ് നീക്കമെങ്കില്‍, അത് ഞങ്ങള്‍ അനുവദിക്കില്ല.‘ സിബി മുകേഷ് പറഞ്ഞു.

വിദ്യാര്‍ഥികള്‍ പോകേണ്ട ആശുപത്രികളുടെ പട്ടിക

കായിലി, അശോക, ധനലക്ഷ്മി, ആശീര്‍വാദ്, കിംസ്റ്റ്, സ്‌പെഷ്യാലിറ്റി, പയ്യന്നൂരിലെ സബ, അനാമിക, തളിപ്പറമ്പിലെ ലൂര്‍ദ് എന്നിങ്ങനെ ഒമ്പത് ആശുപത്രികളിലാണ് കണ്ണൂരില്‍ സമരം നടക്കുന്നത്. ഈ ആശുപത്രികളില്‍ വിദ്യാര്‍ഥികളെ ജോലിക്ക് നിര്‍ത്തി സമരത്തെ ഇല്ലാതാക്കാനാണ് ശ്രമമെങ്കില്‍ ചര്‍ച്ചക്ക് കാത്ത് നില്‍ക്കാതെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നാണ് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷായും പറയുന്നത്.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍