UPDATES

മക്കളെ പഠിപ്പിക്കാന്‍ വൃക്ക വില്‍ക്കാനൊരുങ്ങിയ ആഗ്രയിലെ ഒരമ്മയ്ക്ക് കണ്ണൂരിലെ സ്‌കൂള്‍കുട്ടികള്‍ തുണയായ കഥ

രാജ്യത്തിനാകെ മാതൃകയാക്കാവുന്ന ഇടപെടല്‍ നടത്തി തളിപ്പറമ്പ് എം.എല്‍.യും സ്‌കൂള്‍ വിദ്യാര്‍ഥികളും

കണ്ണൂരില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ആഗ്രയിലേക്ക് 2243 കിലോമീറ്റര്‍ ദൂരമുണ്ട്. എന്നാല്‍ ഈ ദൂരത്തെ സ്‌നേഹം കൊണ്ട് മറികടന്നിരിക്കുകയാണ് തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ എല്‍.പി, യു.പി ക്ലാസുകളില്‍ പഠിക്കുന്ന കൊച്ചുകുട്ടികള്‍. ക്ലാസിലെ നാലുചുവരുകള്‍ക്കുള്ളിലെ പഠനത്തിനപ്പുറത്തുള്ള പരസ്പര സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാഠം ഇവര്‍ ലോകത്തിനു കാണിച്ചുകൊടുക്കുന്നു. തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യുവിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ തുടക്കമിട്ട കാരുണ്യനിധി അതിന്റെ ആദ്യ തണലേകിയത് കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള ആഗ്രയില്‍ സ്വന്തം മക്കളുടെ പഠനത്തിനായി വൃക്ക വില്‍ക്കാനൊരുങ്ങിയ ആരതി ശര്‍മ്മയ്ക്കും കുടുംബത്തിനുമാണ്. രണ്ടു ലക്ഷത്തിലധികം രൂപയാണ് തളിപ്പറമ്പിലെ കുട്ടികള്‍ ആരതി ശര്‍മ്മയ്ക്കും കുടുംബത്തിനും കൈമാറിയത്.

മക്കളെ പഠിപ്പിക്കാന്‍ വൃക്ക വില്‍ക്കാനൊരുങ്ങിയ അമ്മ
ഉത്തര്‍പ്രദേശ് ആഗ്രയിലെ ആരതി ശര്‍മ്മ എന്ന യുവതിക്ക് നാലു മക്കളാണുള്ളത്. അവര്‍ ഒന്നിലും നാലിലും ആറിലും എട്ടിലും പഠിക്കുന്നു. ഭര്‍ത്താവ് തുണി വ്യവസായിരുന്നു. എന്നാല്‍ കറന്‍സി അസാധുവാക്കിയതോടെ ഭര്‍ത്താവിന്റെ തുണി വ്യവസായം നഷ്ടത്തിലാകുകയും ആ കുടുംബത്തിനു മുന്നില്‍ ജീവിതം ചോദ്യചിഹ്നമായി മാറുകയും ചെയ്തു. ആഗ്രയിലെ രാംബാഗ് സ്‌കൂളിലെ വിദ്യാര്‍ഥികളായ നാലുപേരുടെയും പഠനം കൃത്യമായി ഫീസടക്കാത്തു കാരണം മുടങ്ങി. മക്കളുടെ പഠനത്തിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ഒരുപാടു പേരുടെ മുന്നില്‍ ആരതി കൈനീട്ടിയെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ല. ഫീസടക്കാത്തു കാരണം സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ സ്‌കൂളില്‍ നിന്നു പുറത്താക്കി. സ്‌കൂളില്‍ പോകാനാവാതെ മക്കള്‍ തന്റെ ചുറ്റിലുമിരുന്നു കരഞ്ഞപ്പോള്‍ സങ്കടം സഹിക്കാനാവാതെ ആരതി ശര്‍മ്മ ഒരു തീരുമാനമെടുത്തു. തന്റെ ഒരു വൃക്ക ആവശ്യക്കാര്‍ക്ക് കൊടുത്ത് കിട്ടുന്ന കാശുകൊണ്ട് മക്കളെ പഠിപ്പിക്കുക. വൃക്ക വാങ്ങാനെത്തിയ ആളോട് ആരതി ശര്‍മ്മ ഈ കഥയെല്ലാം പറഞ്ഞു. പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഇത് വാര്‍ത്തയായി. തുടര്‍ന്ന് എ.എന്‍.ഐ വാര്‍ത്ത ഏജന്‍സി ആരതി ശര്‍മ്മയുമായി അഭിമുഖം നടത്തിയപ്പോള്‍ ആരതി തുറന്നു പറഞ്ഞു; വൃക്ക വില്‍ക്കുന്നത് തന്റെ മക്കളെ പഠിപ്പിക്കാനാണെന്ന്.

തളിപ്പറമ്പിലെ കുട്ടികള്‍ എടുത്ത തീരുമാനം
മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്തചാനലില്‍ ഈ വാര്‍ത്ത സംപ്രേക്ഷണം ചെയ്തപ്പോഴാണ് തളിപ്പറമ്പ് എം.എല്‍.എയായ ജെയിംസ് മാത്യു സംഭവമറിഞ്ഞത്. ഒട്ടും വൈകാതെ എം.എല്‍. എ വാര്‍ത്ത സംപ്രേക്ഷണം ചെയ്ത ചാനലിനെ ബന്ധപ്പെടുകയും വാര്‍ത്ത സിഡിയിലാക്കി വാങ്ങുകയും ചെയ്തു. തന്റെ മണ്ഡലത്തിലെ 116 സ്‌കൂളിലെ കുട്ടികളുടെ മുന്നില്‍ എം.എല്‍.എ ഈ വാര്‍ത്ത പ്രദര്‍ശിപ്പിച്ചു. ആ നിമിഷം തൊട്ട് ആരതി ശര്‍മ്മയും കുടുംബവും തളിപ്പറമ്പിലെ കുട്ടികളുടെ അയല്‍വീട്ടുകാരായി മാറുകയായിരുന്നു. ജൂണ്‍ 5-ന് കണ്ണൂര്‍ എഞ്ചിനീയറിങ് കോളേജില്‍ തന്റെ മണ്ഡലത്തിലെ കൊച്ചുകൂട്ടുകാരോടൊപ്പം ഒത്തുകൂടിയ എം.എല്‍.എ ആരതി ശര്‍മ്മയുടെ നാലു മക്കളുടെ വിദ്യഭ്യാസം നമുക്ക് ഏറ്റെടുത്തുകൂടെ എന്നു കുട്ടികളോട് ചോദിച്ചു. ഒറ്റസ്വരത്തില്‍ ഉറച്ച ശബ്ദത്തില്‍ കുട്ടികള്‍ ഉത്തരം നല്‍കി; ‘നമ്മള്‍ ഏറ്റെടുക്കും’.

കേരളത്തിലേക്ക് വന്നാല്‍ നാലുകുട്ടികളുടെയും എല്ലാ വിദ്യാഭ്യാസ ചെലവുകളും തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ കൊച്ചൂകൂട്ടുകാര്‍ വഹിക്കാന്‍ തയ്യാറാണെന്ന വിവരം ഉടന്‍ തന്നെ അധികൃതര്‍ ഫോണ്‍ വഴി ആരതി ശര്‍മ്മയെ അറിയിച്ചു. എന്നാല്‍ മക്കളെ വിട്ടുനില്‍ക്കാന്‍ ആരതി ശര്‍മ്മ എന്ന അമ്മയ്ക്കും അമ്മയെ വിട്ട് മറ്റൊരിടത്തു താമസിക്കാന്‍ ആ മക്കള്‍ക്കും കഴിയുമായിരുന്നില്ല. ഇത് മനസിലാക്കിയ എംഎല്‍എയും കൊച്ചുകുട്ടികളും എത്രയും പെട്ടെന്ന് തങ്ങള്‍ക്കാവുന്ന പണം സമാഹരിച്ച് ആഗ്രയിലെത്തിക്കാം എന്ന തീരുമാനമെടുത്തു. ജൂണ്‍ 15 ന് രാവിലെ മണ്ഡലത്തിലെ 116 സ്‌കൂളുകളില്‍ കാരുണ്യപ്പെട്ടി സ്ഥാപിച്ചു. കൃത്യം 24 മണിക്കൂറുകള്‍ക്കകം ഒരു ലക്ഷത്തിലേറെ രൂപ ആ പെട്ടികളില്‍ നിറഞ്ഞു. 16 ാം തീയ്യതി തളിപ്പറമ്പില്‍ നടന്ന ചടങ്ങില്‍ മണ്ഡലത്തിലെ പഞ്ചായത്ത്, നഗരസഭാ അധികാരികള്‍ തങ്ങളുടെ മേഖലകളിലെ സ്‌കൂളുകളില്‍ നിന്നു ശേഖരിച്ച കാരുണ്യനിധി എം.എല്‍.എയ്ക്ക് കൈമാറി. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ബാലതാരം നിരഞ്ജന തന്റെ സ്വര്‍ണ കമ്മല്‍ ഊരി നല്‍കി കാരുണ്യനിധിയുടെ ഭാഗമായി.

‘മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ ദൗത്യത്തിന്റെ ഭാഗമായാണ് ഞാനി കാരുണ്യനിധിയെയും കാണുന്നത്. ആരതി ശര്‍മ്മയുടെയും നാലു മക്കളുടെയും പ്രശ്‌നങ്ങള്‍ ഞാന്‍ കുട്ടികളോട് പറഞ്ഞപ്പോള്‍ അവരത് ഏറ്റെടുക്കുകയായിരുന്നു. മണ്ഡലത്തിലെ ഓരോ കുട്ടിയും തന്നാല്‍ ആകുന്നവിധം പദ്ധതിയുടെ ഭാഗമായി. 116 വിദ്യാലയങ്ങളില്‍ ഇനി കാരുണ്യപ്പെട്ടി എന്നും ഉണ്ടാകും. പഠിക്കാന്‍ വിഷമമനുഭവിക്കുന്ന സഹപാഠികള്‍ക്ക് കൈത്താങ്ങായി ഈ പെട്ടികള്‍ എപ്പോഴും നിറഞ്ഞു കവിയുമെന്നനിക്കുറപ്പുണ്ട്. ആരതി ശര്‍മ്മയും കുടുംബത്തിനും രാംബാഗിലെ സ്‌കൂളില്‍ ഇനി എന്തെങ്കിലും ബുദ്ധിമുട്ടു നേരിട്ടാല്‍ കേരളത്തിലേക്ക് വരും എന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെ അവര്‍ വന്നാല്‍ എന്റെ മണ്ഡലത്തിലെ കുട്ടികള്‍ അവരുടെ വിദ്യഭ്യാസ ചെലവുകള്‍ വഹിക്കുമെന്നുറപ്പ് ഞാന്‍ നല്‍കിയിട്ടുണ്ട്.’ ജെയിംസ് മാത്യു എംഎല്‍എ പറയുന്നു.

ജൂണ്‍ 23 ന് ആഗ്രയിലെ കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ആരതി ശര്‍മ്മയുടെ നാലു മക്കള്‍ക്കുള്ള പഠനസഹായമായി തളിപ്പറമ്പിലെ കുട്ടികളുടെ കാരുണനിധി വഴി സമാഹരിച്ച 2,05000 രൂപ അധ്യാപകരായ വി.വി രവീന്ദ്രനും എം.വി ജനാര്‍ദ്ദനും നേരിട്ടെത്തി കൈമാറി.

‘എന്റെ മക്കളുടെ പഠനം മുടങ്ങിയപ്പോള്‍ എന്റെ നാട്ടിലെ പലരോടും ഞാന്‍ സഹായം അഭ്യര്‍ഥിച്ചു. ആരും സഹായിച്ചില്ല. എന്നാല്‍ കേരളത്തിലെ കുട്ടികള്‍ നല്‍കിയ ഈ സഹായത്തിനുള്ള നന്ദി എങ്ങനെ പറയണം എന്നെനിക്കറിയില്ല. എല്ലാ കുട്ടികള്‍ക്കും ഒരായിരം നന്ദി ‘- ആരതി ശര്‍മ്മ പറയുന്നു.

ചടങ്ങില്‍ വെച്ച് അധ്യാപകര്‍ ഇവരെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ജെയിംസ് മാത്യു എംഎല്‍എയെ ഫോണ്‍ വഴി ചടങ്ങിനിടെ ബന്ധപ്പെട്ട ആരതി ശര്‍മ്മ കേരളം സന്ദര്‍ശിക്കാനെത്തുമെന്ന ഉറപ്പു നല്‍കി. ഏതിരുട്ടിലും കൂടെ ഞങ്ങളുണ്ടാകുമെന്നുറപ്പു നല്‍കിയാണ് അധ്യാപകര്‍ തിരിച്ച് കേരളത്തിലേക്ക് വണ്ടി കയറിയത്.

തളിപ്പറമ്പ് മണ്ഡലത്തിലെ കുട്ടികള്‍ ഒരു വലിയ സംസ്‌ക്കാരമാണ് ലോകത്തെ പഠിപ്പിച്ചതെന്ന് തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാകുളം മുഹമ്മദ് പറയുന്നു. മുമ്പ് കാഞ്ഞിരങ്ങാട് യു.പി. സ്‌കൂള്‍ ജനകീയ സമിതിക്ക് വിട്ടുനല്‍കി സ്‌കൂള്‍ മാനേജര്‍ മാതൃകയായതും ഇതേ മണ്ഡലത്തിലാണ്. അന്ന് ഒരു കുട്ടി തനിക്ക് സംസ്ഥാനതലത്തില്‍ ലഭിച്ച സ്വര്‍ണപ്പതക്കം സ്‌കൂള്‍ നവീകരണത്തിന് നല്‍കിയത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. തളിപ്പറമ്പ് മണ്ഡലം കേരളത്തെ നന്മയുടെ പാഠം പഠിപ്പിക്കുകയാണ്.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍