UPDATES

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇല്ലാത്ത ഏക പഞ്ചായത്ത്; കാന്തല്ലൂരിലെ ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശങ്ങളില്ലേ?

എല്ലാ പഞ്ചായത്തുകളിലും ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നതാണ് സര്‍ക്കാര്‍ പോളിസി

വിദ്യാഭ്യാസ കേരളത്തിന്റെ ഭാഗമാകാന്‍ ആദിവാസി കുട്ടികള്‍ക്ക് അവകാശമില്ലേ? ആദിവാസി ഭൂരിപക്ഷ പ്രദേശമായ കാന്തല്ലൂര്‍ പഞ്ചായത്ത്, കേരളത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇല്ലാത്ത ഏക പഞ്ചായത്തായി മാറുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ചോദ്യം. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നത് സര്‍ക്കാര്‍ പോളിസി ആയിരിക്കുമ്പോള്‍ തന്നെയാണ് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ പഞ്ചായത്തില്‍ ഇതുവരെയായിട്ടും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇല്ലാത്തത്. ഇതുമൂലം ഇവിടെയുള്ള ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം വഴിമുട്ടുകയാണ്.

സര്‍ക്കാരിന്റെ മുന്നില്‍ പലതവണയായി എത്തിയ വിഷയമായിട്ടും ഇന്നേവരെ ഇതിനൊരു പരിഹാരം കണ്ടിട്ടില്ല. മാറി മാറി വന്ന സര്‍ക്കാരുകളെല്ലാം തന്നെ കാന്തല്ലൂരിന്റെ വിദ്യാഭ്യാസപ്രശ്നം അവഗണിച്ചു കളയുകയാണ്. വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാണെന്നു പറയുന്നൊരു സംസ്ഥാനത്താണ് ആദിവാസി മേഖലയിലെ ഈ അവഗണന തുടരുന്നത്.

കാന്തല്ലര്‍ പഞ്ചായത്തില്‍ പൊതുവിദ്യാലയം എന്നു പറയാന്‍ ആകെയുള്ളത് ഒരു എല്‍ പി സ്‌കൂള്‍ മാത്രമാണ്. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ടു സ്ഥാപിതമായ ചാമ്പക്കാട് ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂള്‍ ഒഴിച്ചാല്‍ മറ്റൊരു സര്‍ക്കാര്‍ സ്‌കൂളും ഈ പഞ്ചായത്തില്‍ ഇല്ല. എയ്ഡഡ് മേഖലയില്‍ നാലു സ്‌കൂളുകളുണ്ട്. അതിലൊന്നാണ് ആകെയിവിടെയുള്ള ഹൈസ്‌കൂള്‍. മധുര ആസ്ഥാനമായ തമിഴ് മിഷണറിമാരുടെ കീഴിലുള്ള സേക്രട്ട് ഹേര്‍ട്ട് ഹൈസ്‌കൂള്‍. ബാക്കിയുള്ള മൂന്നു സ്‌കൂളുകള്‍ സെന്റ് പയസ് യുപി സ്‌കൂള്‍, പയസ് നഗര്‍; എ.എല്‍.പി സ്‌കൂള്‍, കാന്തല്ലൂര്‍; മൗണ്ട് കാര്‍മല്‍ എല്‍ പി സ്‌കൂള്‍, പരുമല എന്നിവയാണ്.

ആദിവാസി മേഖലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഭരണകൂടം എത്രമാത്രം ആത്മാര്‍ത്ഥ കാണിക്കുന്നുണ്ടെന്ന ചോദ്യമാണ് കാന്തല്ലൂര്‍ ഉയര്‍ത്തുന്നത്.

പത്താം ക്ലാസ് കഴിഞ്ഞാല്‍ ഹയര്‍ സെക്കന്‍ഡറിക്ക് പോകാന്‍ കുട്ടികള്‍ ബുദ്ധിമുട്ടുകയാണ് ഇവിടെ. മിക്ക കുട്ടികളും പത്താം ക്ലാസ് കൊണ്ട് പഠനം നിര്‍ത്തുന്നത് പ്ലസ് ടുവിന് പോകാന്‍ സ്‌കൂള്‍ ഇല്ലാത്തതുകൊണ്ടാണ്. പഠിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ അടിമാലി, വാഗുവാര, കോവില്‍ക്കടവ്, ദേവികുളം എന്നിവടങ്ങളില്‍ പോയാണ് പഠിക്കുന്നത്. രാവിലെ ഏഴു മണിക്കു പോയാല്‍ വൈകിട്ട് ഏഴ് – ഏഴര മണിയാകും കുട്ടികള്‍ തിരിച്ചു വരാന്‍. ഏറ്റവും കുഞ്ഞ ദൂരം തന്നെ 26 കിലോമീറ്ററോളം സഞ്ചരിക്കണം. ഇത്രയും ദൂരം ദിവസവും യാത്ര ചെയ്ത് കുട്ടികള്‍ തിരിച്ചെത്തുന്നത് തീര്‍ത്തും ക്ഷീണിച്ചായിരിക്കും. വീട്ടില്‍ വന്നു കഴിഞ്ഞ് പഠിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരിക്കും കുട്ടികള്‍. അതിരാവിലെ എഴുന്നേറ്റാല്‍ മാത്രമെ കൃത്യസമയത്ത് ക്ലാസില്‍ എത്താന്‍ കഴിയൂ. പിന്നെ ദിവസവും വേണ്ടി വരുന്ന യാത്ര ചെലവ്. ഇത്രയൊക്കെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് കാന്തല്ലൂരിലെ ഒരോ കുട്ടിയും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നേടുന്നത്. അതല്ലെങ്കില്‍ ഹോസ്റ്റലില്‍ നിന്നും പഠിക്കണം. മിക്ക മാതാപിതാക്കള്‍ക്കും അതിനുള്ള സാമ്പത്തിക സൗകര്യം ഉണ്ടായിരിക്കില്ല. എങ്കില്‍ പോലും തന്റെ കുട്ടികള്‍ പഠിക്കണമെന്ന ആഗ്രഹത്താല്‍ കടം വാങ്ങിയാണെങ്കിലും കുട്ടികളെ പഠിപ്പിക്കാനും മാതാപിതാക്കള്‍ ശ്രമിക്കാറുണ്ട്. ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ മൂലം പഠിത്തം ഉപേക്ഷിക്കുന്നവരുടെ എണ്ണവും കാന്തല്ലൂരില്‍ കൂടുതലാണ്. ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളാണ് പഠനം ഉപേക്ഷിക്കുന്നവരില്‍ കൂടുതലും. കാന്തല്ലൂരില്‍ മുതുവാന്‍ സമുദായത്തില്‍പ്പെട്ടവരും ഹില്‍ പുലയ വിഭാഗത്തില്‍പ്പെട്ടവരുമാണ് ഭൂരിഭാഗം. ഇവിടെ സര്‍ക്കാര്‍ തലത്തില്‍ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വരികയാണെങ്കില്‍ ഈ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ പിന്നാക്ക അവസ്ഥയ്ക്ക് വളരെ മാറ്റം വരും. എന്നാല്‍ കാലങ്ങളായുള്ള ഈ ആവശ്യത്തിന് ഇതുവരെ അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല. വിദ്യാഭ്യാസ രംഗത്തെ ഈ പിന്നാക്കാവസ്ഥ സമൂഹികമായ മുന്നേറ്റത്തിനും അനാചരങ്ങള്‍ക്കെതിരേയുള്ള പ്രതിരോധത്തിലും കാന്തല്ലൂരിനെ വളരെ പിന്നിലാക്കുന്നുണ്ടെന്നു പഞ്ചായത്തും സമ്മതിക്കുന്ന കാര്യമാണ്.

വിദ്യാഭ്യാസകാര്യത്തില്‍ വിമുഖത കാണിച്ചിരുന്ന ഒരു ജനവിഭാഗമാണ് കാന്തല്ലൂരില്‍ ഉണ്ടായിരുന്നതെങ്കിലും മിഷണറിമാറുടെ പ്രവര്‍ത്തനങ്ങളും പുറത്തു നിന്നുള്ളവരുടെ കുടിയേറ്റവും കാന്തല്ലൂരിന്റെ മൊത്തം സാമൂഹ്യജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നതുപോലെ വിദ്യാഭ്യാസ രംഗത്തും പുതിയ ഉണര്‍വ് കൊണ്ടു വന്നു. തങ്ങളുടെ കുട്ടികളെ പഠിപ്പിക്കണമെന്ന ആഗ്രഹം ആദിവാസി മാതാപിതാക്കളിലും ഉണ്ടായി. അപ്പോഴും തടസം വിദ്യാലയങ്ങളുടെ അഭാവമായിരുന്നു. മിഷണറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകള്‍ വന്നെങ്കിലും സര്‍ക്കാര്‍ തലത്തില്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ കാന്തല്ലൂരില്‍ ആവശ്യമായ രീതിയില്‍ നടന്നില്ല. ഇന്നും അതേ സാഹചര്യമാണ്. 1979-ല്‍ മാത്രമാണ് ഇവിടെയൊരു ഹൈസ്‌കൂള്‍ സ്ഥാപിതമായത്. അതിനു മുമ്പ് ഒരു ഹൈസ്‌കൂള്‍ ഉണ്ടായിരുന്നുവെങ്കിലും കുട്ടികള്‍ ഇല്ലാതിരുന്നതു മൂലം 1965 ല്‍ അതിന്റെ പ്രവര്‍ത്തനം നിലച്ചു. ആദിവാസികളെ വിദ്യാഭ്യാസപരമായി ഉയര്‍ത്തിക്കൊണ്ടു വരാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നതാണ് 14 കൊല്ലത്തോളം മറ്റൊരു ഹൈ സ്‌കൂള്‍ ഇവിടെ ഉണ്ടാകാതിരുന്നതിനു കാരണം. രണ്ടാമത് ആരംഭിച്ചതാകട്ടെ സ്വകാര്യമേഖലയിലും. അതുമാത്രമാണ് ഇന്നും ഇവിടെയുള്ളത്. വിദ്യാഭ്യാസരംഗത്ത് ആ സമയത്ത് കേരളത്തില്‍ മറ്റിടങ്ങളിലെല്ലാം മുന്നേറ്റം നടക്കുകയും ചെയ്തു.

നിലവില്‍, ഉള്ള സ്‌കൂളുകളില്‍ എത്താന്‍ പല ഊരുകളിലെയും കുട്ടികള്‍ക്ക് ആറു മുതല്‍ എട്ടു കിലോമീറ്റര്‍ വരെ നടന്നു വരേണ്ട സാഹചര്യമാണ് ഇപ്പോഴുമുള്ളത്. ചില ഊരുകളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്താന്‍ 12 കിലോമീറ്റര്‍ വരെ സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഈ കാരണത്താല്‍ തന്നെ സ്‌കൂളുകളില്‍ പോകാന്‍ താത്പര്യപ്പെടാത്ത കുട്ടികളുമുണ്ട് കാന്തല്ലൂരില്‍. സ്‌കൂളുകളില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് മറ്റിടങ്ങളെ അപേക്ഷിച്ച് ഇവിടെ കൂടുതലാകുന്നതിന്റെ കാരണങ്ങളിലൊന്നിതാണ്.

സാക്ഷരതപ്രസ്ഥാനത്തിന്റെ നിര്‍ജ്ജീവത്വം ബാധിച്ച പഞ്ചായത്തായിരുന്നതിനാല്‍ മുന്‍തലമുറയില്‍ മുക്കാല്‍ ശതമാനവും നിരക്ഷരരാണ് കാന്തല്ലൂരില്‍. സമാന്തര വിദ്യാഭ്യാസ രംഗത്തും ഉപരി വിദ്യാഭ്യാസ രംഗത്തും അനൗപചാരിക വിദ്യാഭ്യാസ രംഗത്തും മതിയായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടക്കുന്നില്ലെന്നത് കാന്തല്ലൂരിന്റെ സാമൂഹിക വളര്‍ച്ചയ്ക്ക് തടസമാവുകയാണ്. കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ കിട്ടുന്നതിലും വലിയ അപര്യാപ്തത ഇവിടെ നിലനില്‍ക്കുന്നുണ്ട്. സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കുട്ടികളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നുണ്ട്. കേരളത്തിലെ മറ്റ് പഞ്ചായത്തുകളില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളുകളില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ വിദ്യാഭ്യാസമാണ് കുട്ടികള്‍ക്ക് കിട്ടുന്നതെങ്കിലും വിവരസാങ്കേതിക വിദ്യയുടെ യാതൊരു പ്രയോജനവും കാന്തല്ലൂരിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമില്ല. ലൈബ്രറി, ലാബ്, പഠനോപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, പ്രൊജക്ടറുകള്‍, ബ്ലാക് ബോര്‍ഡുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ കുട്ടികള്‍ക്കില്ല. അതുപോലെ, മാതൃസംഗമങ്ങള്‍, പിടിഎകള്‍ എന്നിവയും ഇവിടുത്തെ സ്‌കൂളുകളില്‍ സജീവമല്ല. നഴ്‌സറി, അംഗന്‍വാടികള്‍ എന്നിവയും കാന്തല്ലൂരിലെ മിക്ക വാര്‍ഡുകളിലും ഇപ്പോഴുമില്ല.

കുട്ടികള്‍ കുറവാണെന്നതാണ് കാന്തല്ലൂരിനോടുള്ള അവഗണനയുടെ ഭരണകൂട ന്യായീകരണം. മറ്റൊന്ന് ഇവിടെ ഹയര്‍ സെക്കന്‍ഡറി അപ്‌ഗ്രേഡ് ചെയ്യാന്‍ ഒരു സ്‌കൂള്‍ ഇല്ലെന്നതും. എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്‌കൂള്‍ പ്ലസ് ടു ആയി അപ് ഗ്രേഡ് ചെയ്യണമെങ്കില്‍ പുതിയ കെട്ടിടങ്ങള്‍, മറ്റ് ഭൗതിക സാഹചര്യങ്ങള്‍, അധ്യാപകര്‍ എന്നിവ വേണം. എന്നാല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ താത്പര്യം കാണിക്കാതിരിക്കുന്നതും തിരിച്ചടിയാകുന്നത് കാന്തല്ലൂരിലെ കുട്ടികള്‍ക്കാണ്. സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കാന്തല്ലൂരിലെ വിഷയം പലതവണ കൊണ്ടുവന്നതാണെന്നു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ അനുകൂലമായ തീരുമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ഇവിടെ ഇല്ലാത്തതിനാല്‍, അത് അപ് ഗ്രേഡ് ചെയ്ത് ഹയര്‍ സെക്കന്‍ഡറി ആക്കാനുള്ള സാധ്യത ഇല്ലാതാകുന്നു. പുതിയൊരു സ്‌കൂള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ താത്പര്യപ്പെടുന്നുമില്ല. വലിയ സാമ്പത്തിക ചെലവ് വരുമെന്നാണ് പറയുന്നത്. കുട്ടികള്‍ കുറവായൊരു സ്ഥലമാണെന്നതും ഇതിനൊപ്പം പറയുന്നു. പല തവണയായി കാന്തല്ലൂര്‍ പഞ്ചായത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വേണമെന്ന് കാണിച്ച് അപേക്ഷ നല്‍കിയിട്ടും സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കാതിരിക്കുന്നതിന്റെ കാരണവും ഇതാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇനിയിവിടെ ആകെ ചെയ്യാന്‍ കഴിയുന്ന കാര്യം എയ്ഡഡ് മേഖലയിലുള്ള സേക്രട്ട് ഹേര്‍ട്ട് ഹൈസ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്ത് ഹയര്‍ സെക്കന്‍ഡറി ആക്കുകയെന്നതാണ്. മധുരയില്‍ പ്രൊവിന്‍ഷ്യല്‍ ഉള്ള മിഷണറിമാരുടെ കീഴിലാണ് ഈ സ്‌കൂള്‍. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. കുട്ടികള്‍ അവിടെ കുറഞ്ഞു വരികയാണ്. അവരോട് സ്‌കൂള്‍ അപ് ഗ്രേഡ് ചെയ്തു ഹയര്‍ സെക്കന്‍ഡറി ആക്കുന്നതിന് അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും അതിനുള്ള താത്പര്യം കാണിക്കുന്നില്ല. പുതിയ കെട്ടിടങ്ങളും കൂടുതല്‍ ഭൗതിക സാഹചര്യങ്ങളും പുതിയ അധ്യപകരുമൊക്കെ വന്നെങ്കില്‍ മാത്രമാണ് ഹയര്‍ സെക്കന്‍ഡറി അനുവദിക്കപ്പെടുകയുമുള്ളൂ. ഇക്കാര്യത്തിലൊന്നും നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ കാന്തല്ലൂര്‍ ഹയര്‍ സെക്കന്‍ഡി ഇല്ലാത്ത പഞ്ചായത്തായി തുടരുമെന്നാണ് സര്‍വശിക്ഷ കേന്ദ്രം ജില്ല പ്രൊജക്ട് ഓഫിസര്‍ ജോര്‍ജ് ഇഗ്നേഷ്യസ് പറയുന്നത്.

നിലവില്‍ ഉപരിപഠനം ആഗ്രഹിക്കുന്ന കാന്തല്ലൂരിലെ വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് കൂടുതലും ആശ്രയിക്കുന്നത് മറയൂര്‍ പഞ്ചായത്തിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്. എന്നാല്‍ ഇവിടെയും മറ്റൊരു പ്രശ്‌നമുണ്ട്. സയന്‍സ്, കൊമേഴ്‌സ് ബാച്ചുകള്‍ മാത്രമാണ് ഈ സ്‌കൂളില്‍ ഉള്ളത്. ഈ രണ്ട് വിഷയങ്ങളും പഠിക്കാന്‍ ആഗ്രഹിക്കാത്തവരാണ് വിദ്യാര്‍ത്ഥികളില്‍ ഏറെയും. പ്ലസ് ടുവിന് ചേരുന്ന കുട്ടികള്‍ തന്നെ, അവര്‍ക്ക് താത്പര്യമില്ലാത്ത വിഷയങ്ങളാണ് പഠിക്കുന്നതെന്നതിനാല്‍ വിജയശതമാനത്തില്‍ കുറവ് വരുന്നുണ്ട്. കൊമേഴ്‌സും സയന്‍സും വേണ്ടായെന്ന കാരണത്താല്‍ പ്ലസ് ടുവിന് ചേരിതിരിക്കുന്നവരുമുണ്ട്.

“കാന്തല്ലൂരിലെയും മറയൂരിലെയും കുട്ടികള്‍ക്ക് വേണ്ടിയെന്നോണമാണ് ഇപ്പോള്‍ മറയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവിടെ കൊമേഴ്‌സ്, സയന്‍സ് ബാച്ചുകള്‍ മാത്രമാണ് ഉള്ളതെന്നത് കുട്ടികളെ പിന്നോട്ടടിപ്പിക്കുന്നുണ്ട്. ഒരു ഹ്യുമാനിറ്റീസ് ബാച്ച് കൂടി മറയൂര്‍ സ്‌കൂളില്‍ വന്നാല്‍ വന്നാല്‍ രണ്ട് പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് വലിയ തോതില്‍ പരിഹാരം കാണാന്‍ കഴിയും. ചിന്നക്കനാല്‍, ദേവികുളം സ്‌കൂളുകളില്‍ ഹ്യുമാനിറ്റീസ് ബാച്ചില്‍ കുട്ടികളില്ലാത്ത അവസ്ഥയുണ്ട്. ആ ബാച്ചുകള്‍ മറയൂരിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ ഇത്തരത്തില്‍ ബാച്ചുകള്‍ മാറ്റി നല്‍കാം. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഇക്കാര്യം കാണിച്ച് അപേക്ഷ നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ മറയൂര്‍ സ്‌കൂളില്‍ ആവശ്യമായ കെട്ടിടങ്ങളില്ലെന്ന കാരണത്താല്‍ അക്കാര്യത്തില്‍ തീരുമാനം ഉണ്ടാകാന്‍ താമസം വന്നിരുന്നു. ഇപ്പോള്‍ കെട്ടിടം പണിയാന്‍ തുക അനുവദിച്ചിട്ടുണ്ട്. കെട്ടിടം പണി പൂര്‍ത്തിയായാല്‍ ഹ്യൂമാനിറ്റീസ് ബാച്ച് തുടങ്ങാമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാല്‍ കാന്തല്ലൂരില്‍ നിന്നും ഇവിടെ കൊണ്ടു വന്ന് കുട്ടികളെ പഠിപ്പിക്കാം. മറയൂരില്‍ ഹോസ്റ്റല്‍ സൗകര്യവും ഉണ്ട്. അടിമാലിയില്‍ ഹയര്‍ സെക്കന്‍ഡറിക്കു വേണ്ടി മാത്രം എസ്എസ്‌കെ ഹോസ്റ്റല്‍ ആരംഭിക്കുന്നുമുണ്ട്. ഇപ്പോള്‍ സ്‌റ്റെപ് എന്ന പദ്ധതി നടപ്പിലാക്കി ജില്ലയിലെ മുഴുവന്‍ ആദിവാസി കുട്ടികളെയും പ്ലസ് വണ്ണിന് അപേക്ഷിപ്പിച്ചിട്ടുണ്ട്. എവിടെയെങ്കിലും പ്ലസ് വണ്ണിന് ചേര്‍ത്ത് അവരെ പഠിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അമ്പത്, അറുപത് സീറ്റുകളുള്ള ഹ്യുമാനീറ്റീസ് ബാച്ച് മറയൂരില്‍ ലഭിച്ചാല്‍ കാന്തല്ലൂരിലെ മുഴുവന്‍ കുട്ടികളെയും അവിടെ ചേര്‍ത്ത് പഠിപ്പിക്കാന്‍ കഴിയും. ആ വഴിയില്ലാതെ ഇപ്പോള്‍ കാന്തല്ലൂരിലെ പ്രതിസന്ധിക്ക് മറ്റ് മാര്‍ഗങ്ങളില്ല”; ജോര്‍ജ് ഇഗ്നേഷ്യസ് വ്യക്തമാക്കുന്നു.

വിദ്യാഭ്യാസം അവകാശമാണെന്നും അതിനുവേണ്ടി എല്ലാ സാഹചര്യങ്ങളും ഒരുക്കി കൊടുക്കുകയാണ് സര്‍ക്കാരെന്നും പറയുമ്പോള്‍ തന്നെയാണ് കാന്തല്ലൂരിലെ കുട്ടികള്‍ പത്താം ക്ലാസ് കഴിഞ്ഞുള്ള ഉപരി പഠനത്തിന് ഇത്തരത്തില്‍ ബുദ്ധിമുട്ടുന്നത്. ഒരു ആദിവാസി വിദ്യാര്‍ത്ഥി ഉയര്‍ന്ന വിദ്യാഭ്യാസം നേടി ഏതെങ്കിലും തരത്തില്‍ ശ്രദ്ധ നേടുമ്പോള്‍, അവനോ/അവളോ അവിടെ വരെ എത്താന്‍ എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടെന്നത് മനസിലാക്കാന്‍ കാന്തല്ലൂരിലെ സാഹചര്യങ്ങള്‍ അറിഞ്ഞാല്‍ മതി. ഈ പഞ്ചായത്തില്‍ നിന്നും ബിരുദാനന്തബിരുദവും എഞ്ചിനീയറിംഗുമൊക്കെ പഠിക്കുന്നവര്‍ ഉണ്ട്. അവര്‍ക്കെല്ലാം പറയാന്‍ ഇത്തരം ബുദ്ധിമുട്ടുകളുടെ കഥകളുണ്ട്. അവരുടെ മാതാപിതാക്കള്‍ക്കുമുണ്ട്. സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും അതുകൂടി കേള്‍ക്കേണ്ടതുമുണ്ട്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍