കാന്തപുരം എ.പി അബുബക്കര്‍ മുസ്ല്യാര്‍ മുടിപ്പള്ളി നിര്‍മാണം നിര്‍ത്തി വച്ചോ ഇല്ലയോ? ചേരി തിരിഞ്ഞ് കേരള മുസ്ലീം സമൂഹം
പ്രവാചകന്റെ തിരുകേശവും അതു സ്ഥാപിക്കാനായി വിഭാവനം ചെയ്ത ആരാധനാലയം ഷഹ്‌രെ മുബാറക്കും വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളാകുന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാരുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് മര്‍ക്കസിനു കീഴില്‍ ഷ്ഹരെ മുബാറക് എന്ന മുടിപ്പള്ളിക്ക് ശിലാസ്ഥാപനം നടത്തിയത് 2012-ലാണ്. വിശ്വാസികളില്‍ നിന്നും അല്ലാതെയുമായി നാല്‍പതു കോടി രൂപയോളം പള്ളിയുടെ പേരില്‍ പിരിച്ചെടുക്കപ്പെട്ടെങ്കിലും, വലിയ പ്രഖ്യാപനങ്ങളോടെ ആരംഭിച്ച പള്ളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്നോ, പദ്ധതി ഉപേക്ഷിച്ചോ എന്നു പോലും വെളിപ്പെടുത്താത്ത അവസ്ഥയാണിപ്പോള്‍.
പ്രവാചകന്റെ മുടിയും അതു മുക്കിയ വെള്ളവും ആത്മീയവിപണിയിലിറക്കുന്നതു വഴി നടക്കുന്ന വിശ്വാസചൂഷണത്തേക്കാളുപരി, ഷഹ്‌രെ മുബാറക്ക് കാരണമുണ്ടായത് വിശ്വാസികള്‍ക്കിടയിലെ ഭിന്നിപ്പാണ്. സുന്നി ഐക്യമെന്നത് രാഷ്ട്രീയവും സാമൂഹികമായുമുള്ള ആവശ്യമായി മാറിക്കൊണ്ടിരിക്കുമ്പോള്‍, അതിനു കനത്ത വിഘാതം സൃഷ്ടിക്കുന്നതാണ് ഷഹ്‌രെ മുബാറക്ക് അഥവാ മുടിപ്പള്ളി എന്ന കാര്യത്തില്‍ വിശ്വാസികള്‍ക്കും രാഷ്ട്രീയ നിരീക്ഷകര്‍ക്കും സംശയമില്ല.
അഹമ്മദ് ഖസ്രജി എന്ന വിദേശ രാജകുടുംബാംഗത്തില്‍ നിന്നും തനിക്കു ലഭിച്ചത് എന്ന പേരിലാണ് കാന്തപുരം പ്രവാചക കേശം വിശ്വാസികള്‍ക്കിടയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇതു സന്ദര്‍ശിക്കാന്‍ വിശ്വാസികള്‍ എത്തിച്ചേരണമെന്നും ഇതു സ്ഥാപിക്കാനായി ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ പള്ളി പണിയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. വിശ്വാസികളുടെ കുത്തൊഴുക്കുണ്ടാക്കുന്ന ഒരു വലിയ തീര്‍ത്ഥാടന കേന്ദ്രമൊരുക്കുക എന്ന ഉദ്ദേശത്തോടെയുള്ള നീക്കം പക്ഷേ സുന്നി വിഭാഗത്തിനിടയില്‍ത്തന്നെയുള്ള വിഭാഗീയത ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്.
“എല്ലാ സാംസ്‌കാരിക സംഘടനകളും ഒരേ പോലെ വിമര്‍ശനമുന്നയിച്ചപ്പോള്‍ മുടിപ്പള്ളി എന്ന പദ്ധതി അവര്‍ മരവിപ്പിച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. പിന്നെ അതേക്കുറിച്ച് ഒന്നും കേട്ടിട്ടില്ല. പണ്ട് പ്രഖ്യാപിച്ചതു പോലെ വലിയ ആഘോഷമായി നിര്‍മാണം നടത്തുക എന്ന പദ്ധതി ഏതായാലും അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. പിന്‍വാതിലിലൂടെ ഏതെങ്കിലും തരത്തില്‍ അവര്‍ ആ പദ്ധതി തുടരുന്നുണ്ടോ എന്നതിനെക്കുറിച്ച് വലിയ ധാരണയില്ല. പണപ്പിരിവ് നടത്തി പള്ളിയുണ്ടാക്കുന്ന ഘട്ടമെത്തിയപ്പോഴാണ് വിമര്‍ശനം വന്നതെന്ന് തോന്നുന്നു. സുന്നികള്‍ക്കിടയില്‍ തന്നെ എതിര്‍പ്പുണ്ടായി”, നിരീക്ഷകനും വിമര്‍ശകനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറയുന്നതിങ്ങനെയാണ്.
പ്രവാചകനെ നിന്ദിക്കലും പ്രവാചകനോട് നുണ പറയലുമായാണ് ഇ.കെ. സുന്നി വിഭാഗം കാന്തപുരത്തിന്റെ പ്രസ്താവനകളെ കണ്ടത്. മുടിപ്പള്ളി എന്നത് വലിയൊരു തട്ടിപ്പായിരുന്നെന്നും പണപ്പിരിവു നടന്നതോടെ പള്ളി പണിയാനുള്ള നീക്കം ഉപേക്ഷിക്കപ്പെട്ടെന്നും അവര്‍ വിശ്വസിക്കുന്നു.
സമസ്ത കേരള ജമിയത്തുല്‍ ഉലമയുടെ മുശവ്വറ അംഗം ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി പറയുന്നതിങ്ങനെ: “പള്ളിയില്ല എന്ന കാര്യം തീര്‍ച്ചയാണ്. അതില്‍ സംശയമുണ്ടാകേണ്ട കാര്യമൊന്നുമില്ല. പള്ളിപണിയുമെന്ന് അവകാശപ്പെട്ട് തറക്കല്ലിട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. സുന്നി ഐക്യത്തിന് ഇത് വിഘാതമാണെന്നത് തീര്‍ച്ചയാണ്. പ്രവാചകനോട് കളവു പറഞ്ഞു എന്നതാണ് വിഷയം. പ്രവാചകന്റെ മുടിയാണെന്നു പറഞ്ഞു കൊണ്ടുവന്ന മുടിക്കഷ്ണങ്ങള്‍ ബോംബേയിലെ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയതാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകന്റെ തിരുകേശം ലോകത്തിന്റെ പല ഭാഗങ്ങളില്‍ സൂക്ഷിച്ചുവയ്ക്കപ്പെടുന്നുണ്ട്. അതിന് അതിന്റേതായ ശൃംഖല വേണം. ആര്‍ക്ക് ആരില്‍ നിന്നും കിട്ടി എന്നതിനു തെളിവു വേണം. ഈ ശൃംഖല ഏതാണെന്നാണ് ഞങ്ങള്‍ വര്‍ഷങ്ങളായി ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇന്നേവരെ അതിനുത്തരം തരാന്‍ അയാള്‍ക്കായിട്ടില്ല. പ്രവാചകന്റെ മുടി തന്റെ കൈയിലുണ്ടെന്ന് താന്‍ പറഞ്ഞാല്‍ അതിനു മറ്റു തെളിവു വേണ്ടെന്നാണ് അയാളുടെ വാദം. അങ്ങനെയാണെങ്കില്‍ എവിടുന്നെങ്കിലും മുടി കൊണ്ടുവരലും, അതു വെള്ളത്തില്‍ മുക്കി വിതരണം ചെയ്യലും, അതിന്റെ പേരില്‍ പള്ളി പണിയാന്‍ പിരിവു നടത്തലുമൊക്കെ ആര്‍ക്കു വേണമെങ്കിലും ചെയ്യാമല്ലോ.
ബഹുഭൂരിഭാഗം മുസ്ലിങ്ങളും ഇതംഗീകരിക്കാത്തതും അതുകൊണ്ടാണ്. കാന്തപുരത്തിനൊപ്പമുള്ള മന:സാക്ഷിയുള്ള ചിലരും ഇതിനെതിരായുണ്ട്. അദ്ദേഹത്തിനൊപ്പം നില്‍ക്കേണ്ടത് അവര്‍ക്കു ചില തരത്തില്‍ അനിവാര്യതയായതുകൊണ്ട് അവരിതില്‍ മൗനം പാലിക്കുന്നു എന്നതാണ് വസ്തുത. ഇക്കാരണം കൊണ്ട് മര്‍ക്കസില്‍ നിന്നും പിരിഞ്ഞു പോന്നവരുമുണ്ട്. ‘എന്റെ കൈയില്‍ ഇങ്ങിനെ ഒരു മുടിയുണ്ട്, ആ മുടിക്ക് ഒരു ശൃംഖല നിര്‍മിക്കണം’ എന്ന് അദ്ദേഹം യുവപണ്ഡിതനായ ഒരു ജീവനക്കാരനോട് ആവശ്യപ്പെട്ടിരുന്നു. മന:സാക്ഷി അനുവദിക്കാത്തതിനാല്‍ ആ വ്യക്തി അവിടെനിന്നും പിരിഞ്ഞുപോരുകയാണുണ്ടായത്. 2010-ലും 14-ലുമൊക്കെയാണ് ഇതു സംഭവിക്കുന്നത്”
പ്രവാചക കേശം എന്ന ആശയത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും, കാന്തപുരത്തിന്റെ പക്കലുള്ള മുടിക്ക് വിശ്വാസ്യതയില്ലാത്തതിനാലാണ് എതിര്‍ക്കുന്നതെന്ന് സമസ്ത പറയുമ്പോഴും, ‘തിരുകേശ’ത്തെ ബോഡി വേസ്റ്റ് എന്നു വിളിച്ചതിന് വധഭീഷണികള്‍ വരെ നേരിടേണ്ടി വന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്ദുള്ളയ്ക്കു മുന്നോട്ടു വയ്ക്കാനുള്ളത് മറ്റു ചില വാദങ്ങളാണ്. പ്രവാചകന്റെ മുടി എന്ന ആശയത്തെ അംഗീകരിക്കാത്ത വിശ്വാസികള്‍ക്ക് അതിനു തക്കതായ കാരണങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു.
“പ്രവാചകനെ പിന്‍പറ്റുക എന്നു പറയുമ്പോള്‍ അതിനര്‍ത്ഥം പ്രവാചകന്റെ ശരീര വിസര്‍ജ്യങ്ങള്‍ പിന്‍പറ്റുക എന്നോ സൂക്ഷിക്കുക എന്നോ അല്ല. പ്രവാചകന്‍ തന്നെ അതു വിശദീകരിക്കുന്നുണ്ട്. പ്രവാചകനെ പിന്‍പറ്റുക എന്നാല്‍, പ്രവാചകന്റെ മാതൃകയെ മുറുകെപ്പിടിക്കുക എന്നതാണ്. ‘വിശുദ്ധ ഖുര്‍ആനും എന്റെ ചര്യയും പിന്തുടരാനാണ് ആവശ്യപ്പെടുന്നതെ’ന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. ഇനി അങ്ങനെ സങ്കല്‍പിച്ചാല്‍പ്പോലും, പ്രവാചകന്റേതാണ് ഈ വസ്തു എന്നതിന് ചരിത്രപരമായി യാതൊരു രേഖയുമില്ല. ജമ്മു-കാശ്മീരിലെ പള്ളിയില്‍ ഈ മുടിയുടെ അംശം ഉണ്ടെന്നു പറയുന്നു. അവിടെപ്പോലും ഇതിനെക്കുറിച്ചുള്ള സനദുകള്‍ക്ക് വ്യക്തതയില്ല. പ്രവാചകനില്‍ നിന്നും ആരുടെ പക്കലെത്തി, അവിടെ നിന്നും ആര്‍ക്കു കിട്ടി എന്നിങ്ങനെ പറഞ്ഞു പോരുന്ന തുടര്‍ച്ച രേഖപ്പെടുത്തുന്നവയാണ് സനദുകള്‍. അതു പോലും ഇടയ്ക്കു വച്ച് മുറിഞ്ഞുപോയ അവസ്ഥയിലാണ്.
പ്രവാചകന്റെ വചനങ്ങളെന്ന് സ്ഥിരീകരിക്കപ്പെട്ടവയെല്ലാം അദ്ദേഹത്തിന്റെ കാലം കഴിഞ്ഞ് 250 വര്‍ഷത്തിനകം ഗ്രന്ഥരൂപത്തിലായിക്കഴിഞ്ഞിട്ടുണ്ട്. നൂറു ശതമാനം സത്യസന്ധമെന്നുറപ്പുള്ള, ഒന്നിലധികമാളുകള്‍ കേട്ടിട്ടുള്ള വചനങ്ങളാണ് അത്തരത്തില്‍ ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്. ഇത്തരത്തിലൊരു ശരീരാവശിഷ്ടം സൂക്ഷിച്ചതിനെക്കുറിച്ചോ കൈമാറിയതിനെക്കുറിച്ചോ അവയിലൊന്നും യാതൊരു തെളിവുമില്ല. പ്രവാചകന്‍ ജനിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തയിടങ്ങളിലൊന്നും ഈ മുടി സൂക്ഷിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് അനുയായികളും അതു സൂക്ഷിച്ചുവെച്ചതായി അറിവില്ല. ഇവര്‍ക്ക് ഈ മുടിയിഴകള്‍ കൊടുത്തു എന്നുപറയുന്ന അഹമ്മദ് ഖസ്രജി അതേക്കുറിച്ചെഴുതിയ പുസ്തകത്തില്‍പ്പോലും ഇക്കാര്യത്തിന് വിശദീകരണമില്ല എന്നതാണ് സത്യം”- ഒ. അബ്ദുള്ള പറയുന്നു.
വിശ്വാസികള്‍ക്കിടയില്‍ പല കാരണങ്ങള്‍ കൊണ്ടും ഇത്രവലിയ ഭിന്നിപ്പുകളുണ്ടായിട്ടും, പള്ളി പണിയാനുള്ള പണപ്പിരിവും മറ്റുമായി കാന്തപുരം മുന്നോട്ടു പോയതിനു പിന്നില്‍ മറ്റു പല കാരണങ്ങളാണുള്ളതെന്നും ഒ. അബ്ദുള്ള വിശദീകരിക്കുന്നുണ്ട്. വലിയ പദ്ധതികളും കണക്കുകൂട്ടലുകളുമായി മുന്നോട്ടു വന്നിട്ടും, വിശ്വാസി സമൂഹത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പള്ളിയെക്കുറിച്ച് മൗനം പാലിക്കുകയാണെന്നും, ഇത്രയധികം വാണിജ്യ സാധ്യതകളുള്ള പദ്ധതി ഒരിക്കലും ഉപേക്ഷിക്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.
“ബോബെയില്‍ നിന്നും ഇയാള്‍ ഈ മുടി വാങ്ങിയത് കണ്ടവരുമുണ്ട്, അവരത് വിളിച്ചു പറയുന്നുമുണ്ട്. ഇതൊരു തട്ടിപ്പാണ്. കാന്തപുരം അബൂബക്കര്‍ മുസല്യാര്‍ മനസ്സില്‍ക്കാണുന്നത്, അദ്ദേഹം നിര്യാതനായിക്കഴിഞ്ഞാല്‍ ഈ പള്ളി ഒരു വലിയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റണമെന്നാണ്. അതിനു വേണ്ടിയാണ് നാല്പതു കോടി രൂപ ചെലവിട്ട് ഈ പദ്ധതിക്കു തുടക്കം കുറിച്ചത്. പള്ളിയുടെ ചിത്രങ്ങള്‍ മലബാറിലെ ഓരോ കവലകളിലും പതിച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ അവരതിനെ തള്ളിപ്പറയുന്നു. പള്ളിയുണ്ടാക്കാമെന്ന് ആരു പറഞ്ഞു, ഞങ്ങളത് ഏറ്റിട്ടില്ലല്ലോ എന്നുള്ള വാദങ്ങളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നുണ്ട്. നോളജ് സിറ്റിയോടു ചേര്‍ന്ന് ഒരു വലിയ പള്ളിയുണ്ടാക്കുകയും, ആ പള്ളിയോടു ചേര്‍ന്ന് കേശം എന്ന് അവര്‍ പറയുന്ന വസ്തു സൂക്ഷിക്കുകയും ചെയ്താല്‍, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായി അതു മാറ്റിയെടുക്കാനാകുമെന്നാണ് അവരുടെ ലക്ഷ്യം. അതിലൂടെ വലിയൊരു വരുമാനമാണ് അവര്‍ പ്രതീക്ഷിക്കുന്നത്.
ഇത് മതത്തിന്റെ കാതലിനു വിരുദ്ധമായിക്കൊണ്ട് വ്യക്ത്യാരാധന, വ്യക്തിപൂജ എന്നിവയിലേക്കാണ് നീങ്ങുന്നത്. ഇസ്ലാം കഠിനമായി നിരോധിക്കുന്ന സംഗതിയാണത്. തന്നെ ബഹുമാനിക്കരുത് എന്നു പറഞ്ഞ പ്രവാചകനാണ് നമുക്കുള്ളത്. അദ്ദേഹം ഒരു മനുഷ്യന്‍ മാത്രമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ് പറയുന്നത്. പ്രവാചകന്‍ സാധാരണ മനുഷ്യനാണെന്നൊക്കെ പറഞ്ഞാല്‍ ഇവര്‍ക്കു ദേഷ്യം പിടിക്കും. പക്ഷേ, ദേഷ്യം പിടിച്ചിട്ട് കാര്യമില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നതാണിത്. എല്ലാ അര്‍ത്ഥത്തിലും ഇവര്‍ നടത്തുന്നത് ആത്മീയചൂഷണമാണ്. പക്ഷേ സര്‍ക്കാരോ രാഷ്ട്രീയപ്പാര്‍ട്ടികളോ ഇവര്‍ക്കെതിരെ ഒന്നും പറയില്ല. കാരണം അവര്‍ക്കു വലുത് വോട്ടു ബാങ്കാണ്. ഇയാളുടേയും അനുയായികളുടേയും വോട്ടുകള്‍ പാഴാക്കാന്‍ അവര്‍ക്കു താത്പര്യം കാണില്ലല്ലോ. അതുകൊണ്ട് ഇവിടുത്തെ യുക്തിവാദികള്‍ പോലും ഇതിനെതിരെ രംഗത്തു വരാന്‍ പോകുന്നില്ല. അവര്‍ക്കെല്ലാം അവരുടേതായ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. ഈ വക കാര്യങ്ങളെല്ലാം സമ്പുഷ്ടമായി ഇവിടെ വളരാനാണ് സാധ്യത”- അബ്ദുള്ള പറയുന്നു.
ബോഡി വേസ്റ്റ് എന്ന പദമുപയോഗിച്ച് പ്രവാചകന്റെ മുടിയെക്കുറിച്ചെഴുതിയതിന്റെ പേരില്‍ വധഭീഷണികള്‍ നേരിട്ടിട്ടുണ്ട് അബ്ദുള്ളയ്ക്ക്. മുടിപ്പള്ളിക്കെതിരായി ആദ്യമുയര്‍ന്ന ശബ്ദങ്ങളിലൊന്നെന്ന നിലയ്ക്ക് പലയിടങ്ങളില്‍ നിന്നും താക്കീതുകളും ഉണ്ടായിട്ടുണ്ട്. ഒരേ സമയത്ത് പലയിടങ്ങളില്‍ നിന്നും ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയും വീടിനു മുന്നിലൂടെ പ്രകടനങ്ങള്‍ നടത്തിയുമാണ് അദ്ദേഹത്തെ നേരിടാന്‍ അവര്‍ ശ്രമിച്ചത്. എന്നാല്‍, ബോഡി വേസ്റ്റ് എന്നതിലൂടെ ഒരു തരത്തിലുള്ള അപമാനവും താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും, മറിച്ച് വാസ്തവം മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു: “മനുഷ്യശരീരത്തിലെ വിസര്‍ജ്യങ്ങള്‍, അതു മുടിയാവട്ടെ, മൂത്രമോ മലമോ ആവട്ടെ, എല്ലാം വേസ്റ്റ് തന്നെ. പ്രവാചകന്റെ മൂത്രം കുടിച്ചതായി പറയുന്ന ഹദീസുകള്‍ പോലുമുണ്ട്. പരസ്യമായി അത്തരത്തിലുള്ള കാര്യങ്ങള്‍ പറയുന്നതിലെ അറപ്പു കാരണം മുടിയില്‍ ഒതുക്കുന്നു എന്നേയുള്ളൂ.”
“വിശ്വാസികള്‍ക്കുള്ളില്‍ത്തന്നെ വലിയ തോതില്‍ ചേരിതിരിവുണ്ട്. സുന്നികള്‍ക്കിടയില്‍ത്തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാണ്. ഇ.കെ. വിഭാഗം സുന്നികള്‍ക്ക് തിരുകേശത്തിനോട് ആദരവും ബഹുമാനവുമാണ്. പക്ഷേ, കാന്തപുരത്തിന്റെ പക്കലുള്ളത് പ്രവാചകന്റെ കേശമാണോ അല്ലയോ എന്നതാണ് അവരുടെ തര്‍ക്കം. ഇതേ മുടി അവര്‍ക്കാണ് കിട്ടിയിരുന്നതെങ്കില്‍ അവരും അതേ ആശയക്കാരായേനെ. മുജാഹിദ് പ്രസ്ഥാനം, ജമാഅത്തെ ഇസ്ലാമി എന്നിങ്ങനെ അത്യാവശ്യം വിദ്യാഭ്യാസവും വിവരവുമുള്ളവരെല്ലാം ഇതിനെതിരാണ്.
പള്ളി അവര്‍ പണിയും എന്നുറപ്പാണ്. നോളജ് സിറ്റിയില്‍ത്തന്നെ അതു വരും. ഭരണകൂടത്തിന്റെ ഒത്താശയുമുണ്ട്. പണത്തിനൊന്നും ഒരു ക്ഷാമവും വരാന്‍ പോകുന്നില്ല. അടുത്ത് ഇവരുടെ മുടിവെള്ള വിതരണവുമുണ്ടായിരുന്നല്ലോ. എന്റെ വീടിനടുത്തുള്ള വളരെ പാവപ്പെട്ട ഒരു സ്ത്രീ നാലായിരത്തഞ്ഞൂറു രൂപയ്ക്കാണ് മുടിവെള്ളം വാങ്ങിവച്ചിരിക്കുന്നത്. കാന്തപുരത്തിന്റെ സ്ഥാപനത്തില്‍ത്തന്നെ ജോലി നോക്കുന്ന ഒരു വ്യക്തി ഇതു വാങ്ങി വീട്ടില്‍ വച്ചിരുന്നു. അയാളുടെ ഭാര്യയ്ക്ക് കഠിനമായ അസുഖം വന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടു പോകേണ്ട, മുടിവെള്ളം കൊടുത്തിട്ടുണ്ട് എന്നു പറഞ്ഞ വീട്ടുകാരോട് അയാള്‍ ചോദിച്ചത് ‘നിങ്ങള്‍ക്കറിഞ്ഞൂകൂടേ അതുകൊണ്ടൊന്നും കാര്യമില്ലെന്ന്’ എന്നായിരുന്നു. അയാള്‍ക്കു തന്നെ അക്കാര്യത്തില്‍ ബോധ്യമുണ്ട്. വിശ്വാസമില്ലെങ്കിലും കാന്തപുരത്തെ തൃപ്തിപ്പെടുത്താന്‍ വാങ്ങിച്ചുവയ്ക്കുകയാണ്.”
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിക്കപ്പെട്ട മുടിപ്പള്ളിയോട് സര്‍ക്കാര്‍ ആദ്യമെടുത്ത നയം വ്യത്യസ്തമായിരുന്നെങ്കിലും, പള്ളി കേരളത്തിലെ സുന്നി ഐക്യത്തിനു വിഘാതമാകുമെന്നു കണ്ട് പ്രത്യക്ഷത്തിലുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ കണക്കിലെടുത്താണ് കാന്തപുരത്തിന്റെ സംഘം മുടിപ്പള്ളി നിര്‍മാണ കാര്യം നിര്‍ത്തിവയ്ക്കുകയോ രഹസ്യമാക്കുകയോ ചെയ്തതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍, പള്ളിയുടെ നിലവിലെ സ്ഥിതി വിശദീകരിക്കുകയോ, പള്ളിക്കായി പിരിച്ച തുക എവിടെ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയോ ഉണ്ടായിട്ടില്ല.
തങ്ങള്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങളുയരുമ്പോഴും, സുന്നി സംഘടനകളുടെ അഭിപ്രായസംഘട്ടനത്തിന് വേദിയൊരുങ്ങുമ്പോഴും, പള്ളിയുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞപ്പോള്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മര്‍ക്കസ് അധികൃതര്‍ വിസമ്മതിച്ചു. പള്ളിയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ മുറ പോലെ നടന്നോളുമെന്നും, തങ്ങളുടെ വാക്കുകള്‍ പല തരത്തില്‍ വളച്ചൊടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും മാത്രം പറഞ്ഞ് മറ്റു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടെന്ന പൊതു നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കാന്തപുരത്തെ നിലയ്ക്കുനിര്‍ത്താന്‍ കഴിയില്ലേ? ഈ ചോദ്യം നിങ്ങളോടാണ് സ്ത്രീകളെ!
‘അഗ്നിവേശിനെയും കാന്തപുരത്തെയും ആക്രമിക്കുന്നത് ഒരേതരം പ്രത്യയശാസ്ത്രങ്ങൾ’
ലീഗിലെ പരിഷ്കാരങ്ങള്‍ സമസ്തയ്ക്ക് അത്ര പിടിക്കുന്നില്ല; ഇളകുമോ ലീഗിന്റെ രാഷ്ട്രീയ അടിത്തറ?