UPDATES

“വിശ്വാസികളുടെ ശക്തി പിണറായി കാണാനിരിക്കുന്നതേയുള്ളൂ”; രണ്ടാം ഘട്ട പ്രതിഷേധ ഒരുക്കങ്ങളുമായി ശബരിമല കര്‍മസമിതി

സന്നിധാനത്ത് രക്തം വീഴ്ത്താനൊക്കെ പദ്ധതിയിട്ടിരുന്നവരൊന്നും ഞങ്ങളുടെ കൂടെയുള്ളവരല്ല

ശബരിമല സന്നിധാനത്ത് പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരപരമായി അനുവദിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ച് ശബരിമല കര്‍മസമിതി. സുപ്രീം കോടതി ഉത്തരവ് ക്ഷേത്രാചരങ്ങള്‍ക്ക് എതിരാണെന്നും ഇങ്ങനെയൊരു ഉത്തരവിന്റെ പുറക് പിടിച്ച് ‘നിരീശ്വരവാദികളുടെ സര്‍ക്കാര്‍’ ഹിന്ദുമത വിശ്വാസത്തെ തകര്‍ക്കുകയാണെന്നും അതനുവദിക്കില്ലെന്നുമാണ് ശബരിമല കര്‍മസമിതി നേതാക്കള്‍ വ്യക്തമാക്കുന്നത്. തുലാം മാസ പൂജകള്‍ക്കായി ആറു ദിവസം ശബരിമല നട തുറന്നിരുന്നപ്പോള്‍ കോടതി വിധിയുടെ മറവില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളെയും അവിശ്വാസികളെയും കയറ്റാന്‍ നോക്കി പരാജയപ്പെട്ടതുപോലെ മണ്ഡലകാലത്തും ആചാരം ലംഘിച്ച് ഒരൊറ്റ സ്ത്രീക്കും സന്നിധാനത്ത് എത്താന്‍ സാധിക്കാതെ തിരികെ പോകേണ്ടി വരുമെന്നും നേതാക്കള്‍ ഉറപ്പിച്ചു പറയുന്നു.

ഈ പ്രതിഷേധം ഭക്തരുടേത്; വന്നതിന്റെ ഇരട്ടി ഇനിയെത്തും

സുപ്രീം കോടതി വിധി വന്നശേഷം കേരളത്തിലെ വിവിധ തെരുവുകളില്‍ കണ്ടതും ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതും ഇനി കാണാന്‍ പോകുന്നതും അയ്യപ്പഭക്തരുടെയും ഹിന്ദുമതാനുയായികളുടെയും പ്രതിഷേധം തന്നെയാണെന്നാണ് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല, ശബരിമല അയ്യപ്പ സേവ സമാജം പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് തുടങ്ങിയവര്‍ പറയുന്നത്. തികച്ചും സമാധാനപരമായി നടന്ന പ്രതിഷേധം ഗൂഢാലോചനകള്‍ നടത്തി പോലീസിനെയും പാര്‍ട്ടിക്കാരെയും അവരുടെ യുവജനസംഘടനയേയും ഉപയോഗിച്ച് പൊളിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ഇവര്‍ പറയുന്നു.

ഞങ്ങള്‍ നടത്തിയ സമരത്തില്‍ അനാവശ്യമായൊരു മുദ്രാവാക്യം പോലും ഉയര്‍ന്നില്ല, ഒരു തുള്ളി രക്തംപോലും ആരുടെയും പൊടിഞ്ഞില്ല. പോലീസ് പ്രകോപനത്തിനായി പലതും ശ്രമിച്ചു. പിന്നീടാണവര്‍ നിലയ്ക്കല്‍ അക്രമം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത് 24 മണിക്കൂര്‍ അധികം ആരെയും ശബരിമലയില്‍ നില്‍ക്കാന്‍ അനുവദിക്കില്ലെന്നാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണത്. വിശ്വാസികളെ എങ്ങനെ ഉന്മൂലനം ചെയ്യാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പക്ഷേ, അതില്‍ അവര്‍ വിജയിക്കില്ല. മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ട്, അല്ലെങ്കില്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് പേടിച്ച് ശബരിമലയിലേക്ക് വിശ്വാസികള്‍ ഇനിയെത്തില്ലെന്ന ധാരണയൊന്നും ആര്‍ക്കും വേണ്ട. കണ്ടതിന്റെ ഇരട്ടിപ്പേര്‍ വരും”; കര്‍മ സമിതി നേതാക്കള്‍ പറയുന്നു.

ഗൃഹസമ്പര്‍ക്കവും ഒപ്പ് ശേഖരണവും

ഓരോ വിശ്വാസിയേയും സുപ്രിം കോടതി വിധിയിലെ അപകടവും ക്ഷേത്രാചരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെയും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കപ്പെടേണ്ടതിന്റെയും ആവശ്യകയും നേരില്‍ കണ്ട് വിശദീകരിക്കാനാണ് കര്‍മസമിതി തീരുമാനം എന്നും നേതാക്കള്‍ പറയുന്നു. “ഇതനുസരിച്ച് പഞ്ചായത്ത് തലങ്ങളില്‍ കര്‍മസമിതികള്‍ രൂപീകരിക്കുകയും ഓരോ നേതൃത്വങ്ങളെ ഏല്‍പ്പിക്കുകയും ചെയ്യും. ഗൃഹസമ്പര്‍ക്കമാണ് ഇതില്‍ പ്രധാനം. ഓരോ ഹിന്ദുമത വിശ്വാസിയുടെയും വീടുകളില്‍ പോകും. ഓരോ വ്യക്തിയോടും സംസാരിക്കും. അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കും. ഒപ്പു ശേഖരണം നടത്തും. സ്ത്രീക്കും പുരുഷനും പ്രത്യേകമായിട്ടായിരിക്കും ഒപ്പ് ശേഖരണം നടത്തുക. ഈ വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച് എല്ലാ ഭക്തരേയും മതവിശ്വാസികളേയും ഈ പോരാട്ടത്തിന് ഒപ്പം നിര്‍ത്തും”; നേതാക്കള്‍ പറയുന്നു.

സമുദായ സംഘടന നേതാക്കള്‍ ഒപ്പം നില്‍ക്കും

പ്രാരംഭത്തില്‍  ഈ വിഷയത്തില്‍ എല്ലാ സമുദായ സംഘടന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്താന്‍ കഴിയാതെ പോയത് വീഴ്ച്ചയായി കര്‍മസമിതി നേതാക്കള്‍ സമ്മതിക്കുന്നു. എന്നാല്‍ ആ വീഴ്ച്ച ഇപ്പോള്‍ പരിഹരിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ സമുദായ സംഘടന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. നവംബര്‍ ഒന്നിന് കോട്ടയത്ത് വച്ച് വിപുലമായ രീതിയില്‍ എല്ലാ സമുദായ സംഘടനാ നേതാക്കളെയും വിളിച്ചു ചേര്‍ത്ത് ഒരു നേതൃത്വസമ്മേളനം നടത്തും. ഇവരുടെകൂടി ഉത്തരവാദിത്വത്തോടെയായിരിക്കും ഇനി സമരം മുന്നോട്ടു പോകുന്നതെന്നും കര്‍മസമിതി നേതാക്കള്‍ പറയുന്നു.

തുടക്കത്തില്‍ ചില പാളിച്ചകള്‍ സംഭവിച്ചു

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധ സമരങ്ങളുടെ ആരംഭത്തില്‍ ചില പാളിച്ചകള്‍ സംഭവിച്ചതായി നേതാക്കള്‍ പറയുന്നു. താഴേത്തട്ടിലേക്ക് ഇറങ്ങി വിശ്വാസികളെ കാണാനും എല്ലാക്കാര്യങ്ങളും അവര്‍ക്ക് ബോധ്യപ്പെടുത്താനാകാതെ പോയതും അത്തരത്തിലൊരു വീഴ്ചയായിട്ടാണ് നേതാക്കള്‍ പറയുന്നത്. “സെപ്തംബര്‍ 28-നാണ് സുപ്രീം കോടതി വിധി വരുന്നത്. അതിനു പിന്നാലെ തന്നെ ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറക്കുകയും ചെയ്തു. വളരെ കുറച്ച് സമയം മാത്രമാണ് ഇതിനിടയില്‍ കിട്ടിയത്. എല്ലാവരുമായി കൂടിയാലോചിക്കാനും ചര്‍ച്ചകള്‍ നടത്താനും വേണ്ട സമയം കിട്ടിയില്ല. ഉള്ള സമയത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമോ ആപത്‌രക്ഷ എന്ന നിലയില്‍ അതൊക്കെ ചെയ്തു. സമുദായ നേതാക്കളുമായൊന്നും ചര്‍ച്ച നടത്താന്‍ കഴിഞ്ഞില്ല. അങ്ങനെയൊരു നേതൃത്വത്തിന്റെ അഭാവം തുടക്കത്തില്‍ അനുഭവപ്പെട്ടിരുന്നു. എങ്കില്‍ കൂടിയും സാധാരണക്കാരായ വിശ്വാസികള്‍, ജീവിതത്തില്‍ ഇതുവരെ ഒരു ജാഥയ്ക്കു പോലും പങ്കെടുക്കാത്തവര്‍ പോലും അയ്യപ്പനുവേണ്ടി റോഡില്‍ ഇറങ്ങി. കിലോമീറ്ററുകള്‍ വെയിലും മഴയും വകവയ്ക്കാതെ നടന്നു. നാമജപങ്ങളും കണ്ണീരുമായാണ് അമ്മമാരും സഹോദരിമാരും വിശ്വാസസംരക്ഷണത്തിന് വേണ്ടി മുന്നിട്ടിറങ്ങിയത്. ആരും അവരെ വിളിച്ചിറക്കിയതല്ല, സ്വയം ഇറങ്ങിവന്നവരാണ്. ആ വിശ്വാസിക്കൂട്ടം നല്‍കുന്ന ഉറപ്പാണ് ഈ സമരം മുന്നോട്ടുകൊണ്ടുപോകാന്‍ ശക്തിയാകുന്നത്”; ശശികല പറയുന്നു.

ജാതിധ്രുവീകരണം വേണ്ട; ഹിന്ദുക്കള്‍ ഒറ്റക്കെട്ടാണ്

ശബരിമലയ്ക്ക് വേണ്ടി മുന്നിട്ടിറങ്ങിയിരിക്കുന്നവരെ ജാതീയമായി ധ്രുവീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും ശ്രമിക്കുന്നതെന്നാണ് ശബരിമല കര്‍മ സമിതി പറയുന്നത്. “അതവര്‍ക്കേ തിരിച്ചടിയാവുകയുള്ളൂ. ഇത് സവര്‍ണരുടെ സമരമാണ്, അവര്‍ണരെ കൂടെക്കൂട്ടില്ലെന്നൊക്കെ മുഖ്യമന്ത്രി വിളിച്ചു പറയുന്നത് ഹിന്ദുക്കളെ തമ്മില്‍ തല്ലിക്കാനാണെ”ന്നും ഇവര്‍ ആരോപിക്കുന്നു. “ദളിത് ആക്ടിവിസ്റ്റ് എന്ന പേരില്‍ മഞ്ജു എന്ന സ്ത്രീ ശബരിമലയില്‍ വരാന്‍ നോക്കി. അവരെ തടഞ്ഞത് നായരോ നമ്പൂതിരിയോ അല്ല, ഞങ്ങളുടെ പട്ടികജാതി, പട്ടിക വര്‍ഗത്തില്‍പ്പെട്ട സഹോദരിമാരും അമ്മമാരും തന്നെയാണ്. ഞങ്ങള്‍ തടയാം, അപ്പോള്‍ പിന്നെ ആരും പറയിലല്ലോ ഇത് ചെയ്തത് നായരും നമ്പൂതിരിയുമാണെന്ന്, എന്നായിരുന്നു ആ സഹോദരിമാരും അമ്മമാരും പറഞ്ഞത്. ഞങ്ങള്‍ക്കുള്ളിലെ ഈ ഐക്യം പിണറായി വിജയന് താമസിയാതെ മനസിലാകും. ഒരു സമുദായ സംഘടനയും ഈ പ്രതിഷേധ സമരത്തില്‍ നിന്നും പിന്‍വലിഞ്ഞുപോകില്ല. സമുദായ നേതാക്കന്മാര്‍ പറയുന്നത് അംഗങ്ങള്‍ അനുസരിക്കുമായിരിക്കും, എല്ലാം അങ്ങനെയാവണമെന്നുമില്ല. ഇത് വിശ്വാസത്തിന്റെ കാര്യമാണ്. എസ്എന്‍ഡിപി യോഗമോ കെപിഎംഎസ്സോ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കില്ലെന്ന ആഗ്രഹവുമൊന്നും ആര്‍ക്കും വേണ്ട. നടേശന്‍ ചേട്ടനേയും പ്രീതി ചേച്ചിയും ഞങ്ങള്‍ നേരില്‍ കണ്ട് സംസാരിച്ചതാണ്. ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കപ്പെടരുതെന്നും അവ സംരക്ഷിക്കപ്പെടണമെന്നുമാണവര്‍ പറഞ്ഞത്. ഓരോ ഹിന്ദുമത വിശ്വാസിയുടേയും ആഗ്രഹം അത് തന്നെയാണ്. ശബരിമലയില്‍ പ്രതിഷേധിക്കാന്‍ വന്നവര്‍ ഭക്തരല്ലെന്നാണ് പിണറായി പറയുന്നത്. പിണറായിയുടെ കണ്ണില്‍ രഹ്ന ഫാത്തിമയെ പോലുള്ളവരായിരിക്കും ഭക്തര്‍! അയ്യപ്പനു വേണ്ടി രംഗത്തു വന്ന ഒന്നരക്കോടിയോളം ജനങ്ങള്‍ ഭക്തരല്ല! പിണറായിയും കമ്യൂണിസ്റ്റുകാരുമൊക്കെ യഥാര്‍ത്ഥ ഭക്തരേയും അവരുടെ വിശ്വാസത്തിന്റെ കരുത്തും തിരിച്ചറിയാന്‍ അധികം സമയം വേണ്ടി വരില്ല”; ശശികലയുടെ വാക്കുകള്‍.

ആര്‍എസ്എസ് അടക്കും എല്ലാവരും ഒപ്പമുണ്ട്

സുപ്രീം കോടതി വിധിയെ തുടക്കത്തില്‍ സ്വാഗതം ചെയ്യുന്ന നിലപാട് സ്വീകരിച്ച ആര്‍എസ്എസ് സംസ്ഥാന ഘടകം ഇപ്പോള്‍ വിശ്വാസ സംരക്ഷണത്തിന് തങ്ങള്‍ക്കൊപ്പം ഉണ്ടെന്നാണ് ശബരിമല കര്‍മ സമിതി അവകാശപ്പെടുന്നത്. “തുടക്കത്തില്‍ ആര്‍എസ്എസ് സ്വീകരിച്ച നിലപാട് തെറ്റായതു തന്നെയാണ്. പക്ഷേ ഇപ്പോള്‍ അവരത് തിരുത്തി. വിശ്വാസികളുടെ ശക്തിയും വികാരവും അവര്‍ മനസിലാക്കി. സെപ്തംബര്‍ 28-ന് വിധി വന്നപ്പോള്‍, അതിനെതിരെ പ്രതികരിക്കുമെന്ന് കരുതിയ സംഘം വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു. സംഘം സംസ്ഥാന കാര്യവാഹകിന്റെ പ്രസ്താവന വിശ്വാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉണ്ടാക്കി. സംഘം വിധിയെ സ്വാഗതം ചെയ്തത് സാധാരണ വിശ്വാസികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. എന്നും എപ്പോഴും ഹിന്ദുക്കള്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന് പ്രതീക്ഷിച്ചിരുന്ന സംഘത്തിന്റെ ഈ നീക്കം അവര്‍ക്ക് തിക്താനുഭവമായി. നേതൃത്വം ഇല്ലാതെ തന്നെ വിശ്വാസികള്‍ കോടതി വിധിക്കെതിരേ പ്രതികരിക്കാന്‍ ഇറങ്ങുകയും ചെയ്തു. സെപ്തംബര്‍ 28, 29 തീയതികളില്‍ ഡല്‍ഹിയില്‍ നടന്ന ശബരിമല അയ്യപ്പ സേവ സമാജത്തിന്റെ (എസ്എഎസ്എസ്) നാഷണല്‍ എക്‌സിക്യൂട്ടിവില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും ഞങ്ങള്‍ ഒമ്പത് പേര്‍ പോയിരുന്നു. അവിടെയിരുന്നാണ് ഞങ്ങള്‍ ഈ വിധി അറിയുന്നതും കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം വിധിയെ സ്വാഗതം ചെയ്തത് കാണുന്നതും. ഇക്കാര്യം സംഘത്തിന്റെ ദേശീയ നേതാക്കളെ അറിയിച്ചു. അതിനുശേഷമാണ് കേരളത്തിലെ സംഘ് നേതാക്കള്‍ നിലപാട് മാറുന്നത്. സംഘത്തിന്റെ ആദ്യനിലപാടാണ് ഇപ്പോഴും മാധ്യമങ്ങളും സിപിഎമ്മും പ്രചാരണത്തിന് ഉപോഗിക്കുന്നത്. അത് സംഘത്തിന് സംഭവിച്ച വീഴ്ച്ചയാണ്. ഞങ്ങള്‍ ഡല്‍ഹിയില്‍ നിന്നും തിരികെ എത്തുന്നത് 30-നാണ്. 28-ന് വിധി വന്നശേഷം ഒക്ടോബര്‍ നാല് വരെ കാര്യമായൊരു നേതൃത്വം വിശ്വാസികള്‍ക്ക് ഉണ്ടായില്ല. എല്ലാവര്‍ക്കും ഒരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍ അയ്യപ്പസേവ സമിതിയുടെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും ഇടപെടലുകള്‍ നടക്കുകയും ഈ വിധിയിലെ കുഴപ്പങ്ങള്‍ വ്യക്തമാക്കി കൊടുക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ മാറി. തുടക്കത്തില്‍ സംഭവിച്ച ഇത്തരം ചില കുഴപ്പങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇപ്പോള്‍ എല്ലാവരും എകകണ്ഠമായാണ് മുന്നോട്ടു പോകുന്നത്”; അയ്യപ്പ സേവ സമാജം പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് പറയുന്നു.

സുപ്രിം കോടതിയില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടാകും

നവംബര്‍ 13-ന് സുപ്രീം കോടതിയില്‍ നിന്നും ഭക്തര്‍ക്ക് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് സ്വാമി അയ്യപ്പദാസ് പറയുന്നത്. അഞ്ചംഗ ഭരണഘടന ബഞ്ചിന്റെ വിധി പുനഃപരിശോധന ഹര്‍ജികള്‍ പരിശോധിക്കുന്ന സമയത്ത് എഴംഗ ബഞ്ച് ആയിരിക്കും കേള്‍ക്കുകയെന്നും അവരത് തിരുത്തുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും സ്വാമി പറയുന്നു. അതുകൊണ്ട് മണ്ഡല കാലത്ത് ശബരിമലയില്‍ ഒരാചാരലംഘനവും നടക്കില്ലെന്നും അവിശ്വാസികള്‍ പരാജയപ്പെടുമെന്നും സ്വാമി അയ്യപ്പദാസ് പറയുന്നു. “എന്നാല്‍ നവംബര്‍ നാലിന് നട തുറക്കുന്നുണ്ട്. അഞ്ചിന് അടയ്ക്കും. ഈ ഇരുപത്തിനാല് മണിക്കൂര്‍ ഭക്തരെ സംബന്ധിച്ച് നിര്‍ണായകമാണ്. ആ സമയത്ത് അനിഷ്ടമായ എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയുണ്ട്. പക്ഷേ, പ്രതികൂലമായി ഒന്നും സംഭവിക്കില്ലെന്ന വിശ്വാസവും ഉണ്ട്”, സ്വാമി അയ്യപ്പദാസ് പറയുന്നു.

പ്രതിഷേധം പമ്പ വരെ മാത്രം

സുപ്രീം കോടതിയില്‍ നിന്നും അനുകൂലമായ ഉത്തരവ് വരുന്നില്ലെങ്കില്‍ തുലാമാസ പൂജകളുടെ സമയത്ത് നടത്തിയതുപോലെ സമാധാനപരമായി, നാമജപ മന്ത്രങ്ങള്‍ ചൊല്ലിയും പ്രാര്‍ത്ഥിച്ചും അയ്യപ്പ സ്വാമിക്കുവേണ്ടി വിശ്വാസികള്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുമെന്നാണ് ശബരിമല കര്‍മസമിതി പറയുന്നത്. ഒരുവിധത്തിലുള്ള അക്രമങ്ങളിലേക്കും പോകില്ലെന്നും ഇതിനു മുമ്പും തങ്ങള്‍ ചെയ്തത് അതു തന്നെയാണെന്നും കര്‍മസമിതി പറയുന്നു. “മുമ്പത്തേക്കാള്‍ ഇരട്ടിയിലധികം വിശ്വാസികള്‍ പ്രതിഷേധത്തിന് എത്തും. കര്‍മസമിതിയുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും സ്വാഗതം. ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. രാഷ്ട്രീയമുള്ളവരോ പാര്‍ട്ടി പ്രതിനിധികളോ സമാധാനപരമായ ഈ പ്രതിഷേധത്തിനൊപ്പം ചേര്‍ന്നാല്‍ സ്വീകരിക്കും. പമ്പയില്‍ വരെ മാത്രമായിരിക്കും നാമജപ പ്രതിഷേധം ഉണ്ടായിരിക്കുകയുള്ളൂ. കരിമലയിലോ നീലിമലയിലോ സന്നിധാനത്തോ ഒരുതരത്തിലുമുള്ള പ്രതിഷേധങ്ങളും സംഘടിപ്പിക്കില്ല. ശബരിമലയുടെ പവിത്ര തകര്‍ക്കുന്നവിധം ഒരും നടപടിയും ഉണ്ടാകില്ല, അതിന് ആരെയും അനുവദിക്കുകയുമില്ല. സന്നിധാനത്തേക്ക് ഒരുകാരണവശാലും പ്രതിഷേധങ്ങള്‍ അനുവദിക്കില്ല. മുമ്പ് അതിന് ശ്രമിച്ചവരെ തിരിച്ചയക്കുകയാണ് ഉണ്ടായിട്ടുള്ളതും”; കര്‍മ സമിതി നേതാക്കള്‍ പറയുന്നു.

കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ആരെയും അനുവദിക്കില്ല

“ചില വ്യക്തികളുടെ പ്രവര്‍ത്തികള്‍ വിശ്വാസികള്‍ക്ക് മൊത്തത്തില്‍ ദോഷകരമായി ബാധിച്ചിട്ടുണ്ട്. സന്നിധാനത്ത് രക്തം വീഴ്ത്താനൊക്കെ പദ്ധതിയിട്ടിരുന്നെങ്കില്‍ അവരൊന്നും ഞങ്ങളുടെ കൂടെയുള്ളവരല്ല. ഇത്തരക്കാരില്‍ നിന്നും ഇതിനു മുമ്പും ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ ഒന്നരക്കോടിയോളം ജനങ്ങള്‍ ശബരിമലയ്ക്ക് വേണ്ടി തെരുവില്‍ ഇറങ്ങിയതും ഭീഷണികള്‍ മുഴക്കിയൊന്നുമല്ല, നാമം ജപിച്ചാണ്. ആരും നേതൃത്വം കൊടുത്തിട്ടുമല്ലായിരുന്നു അവര്‍ ഇറങ്ങിയത്. എന്നാല്‍ ഈ വിശ്വാസികളുടെ കൂടെയുള്ളവരില്‍ ചിലര്‍ക്ക് ഗൂഢോദേശ്യങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ ഇതിന്റെ നേതൃത്വം സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. സമരം കൊണ്ട് പേരെടുക്കാനാണ് അവര്‍ ശ്രമിച്ചത്. അതാരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാം. പേരെടുത്ത് പറയുന്നില്ല. ഞങ്ങള്‍ക്ക് അവരോട് വ്യക്തിപരമായി യാതൊരു വിദ്വേഷവുമില്ല. പക്ഷേ, അവരുടെ പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ കഴിയില്ല. പന്തളം കൊട്ടാരത്തെ മുന്‍നിര്‍ത്തി കളിച്ചു. പക്ഷേ, അവരുടെ കൈകളില്‍ നിന്നും നേതൃത്വം നഷ്ടപ്പെട്ടു. നേതൃത്വത്തില്‍ അവരുടെ പങ്കും വളരെ കുറവായിരുന്നു. അതിന്റെയൊക്കെ ബാക്കിയായാണ് സന്നിധാനത്ത് നമ്മള്‍ കണ്ടത്. കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതൊക്കെ കണ്ടതാണല്ലോ. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ആരെയും ഇനി അനുവദിക്കില്ല. ഇത് യഥാര്‍ത്ഥവിശ്വാസികളുടെ പോരാട്ടമാണ്. ആ പോരാട്ടം വിജയിക്കുക തന്നെ ചെയ്യും”, ശശികലയും സ്വാമി അയ്യപ്പദാസും കര്‍മസമിതിയുടെ നിലപാടുകള്‍ ഇങ്ങനെ വ്യക്തമാക്കി.

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

രാഹുൽ ഈശ്വറിന്റെ പ്ലാൻ ബി; ക്ഷേത്ര ധ്വംസകരാകാൻ മടിയില്ലാത്തവരുടെ ഉളുപ്പില്ലായ്മ

എന്താണ് രാഹുൽ ഈശ്വറിന്റെ ‘പ്ലാൻ സി’? പൊലീസ് അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു

ടിജി മോഹന്‍ദാസും രാഹുല്‍ ഈശ്വറും ‘പുനര്‍നിര്‍മ്മിക്കു’ന്ന കേരളം

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍