UPDATES

ട്രെന്‍ഡിങ്ങ്

കരുണ എസ്റ്റേറ്റ്: യുഡിഎഫിന്റെ കടുംവെട്ട് തിരുമാനത്തിന് എല്‍ഡിഎഫ് സര്‍ക്കാറിന്റെ തിരുത്ത് വരുമ്പോള്‍

തങ്ങള്‍ക്കു ഭൂമിയില്‍ അവകാശമില്ലെന്ന വിചിത്രമായ കണ്ടെത്തല്‍ നടത്തിയ വനം വകുപ്പ് ഉപസമിതിയുടെ തീരുമാനമായിരുന്നു 919 ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തിയുടെ കൈയിലെത്താനിടയാക്കിയത്

Avatar

പി സന്ദീപ്

ഒടുവില്‍ ആ കടുംവെട്ട് തീരുമാനത്തിന് ഇടതു സര്‍ക്കാര്‍ തടയിട്ടിരിക്കുന്നു. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലുള്ള കരുണ എസ്റ്റേറ്റിന്റെ 919 ഏക്കര്‍ ഭൂമിയുടെ കരം സ്വീകരിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് എടുത്ത തീരുമാനമാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം റദ്ദാക്കിയത്. കരുണ എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിടെയാണ് 2016 മാര്‍ച്ചില്‍ വിവാദ എസ്‌റ്റേറ്റിന്റെ കരം സ്വീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് 2016 ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ എടുത്ത വിവാദ മന്ത്രിസഭാതീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ അധികാരത്തിലെത്തിയ ഉടന്‍ തന്നെ ഇടതു സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കാക്കാത്ത സാഹചര്യത്തില്‍ കരുണാ പ്ലാന്റേഷന്‍സിന്റെ (ഇപ്പോള്‍ പോബ്‌സ് എസ്‌റ്റേറ്റ്) നികുതി സ്വീകരിച്ചത് ഗുരുതരമായ വീഴ്ചയാണെന്നു മന്ത്രിസഭാ ഉപസമിതി കണ്ടെത്തി. തോട്ടം ഉടമകളെ സഹായിക്കാനാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഉപസമിതിയുടെ പരിശോധനയില്‍ കണ്ടെത്തി. സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് അന്നത്തെ തീരുമാനം റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്.

സര്‍ക്കാര്‍ ഭൂമി സ്വകാര്യ എസ്റ്റേറ്റ് മുതലാളിക്കു പതിച്ചു നല്‍കാനുള്ള തീരുമാനത്തിനെതിരേ ഇപ്പോഴത്തെ മന്ത്രി എകെ ബാലന്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കരം സ്വീകരിക്കുന്നതില്‍ യാതൊരു അപാകതയുമില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വാദിച്ചിരുന്നത്.

കാലങ്ങളായി വിവാദങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നി റഞ്ഞുനില്‍ക്കുന്നതാണ് കരുണാ എസ്റ്റേറ്റ്. മാറിമാറി വരുന്ന സര്‍ക്കാരുകളുടെ പിടിപ്പുകേടുമൂലം സര്‍ക്കാരിനു ഭൂമി കൈവിട്ടുപോകുന്ന അവസ്ഥയുണ്ടാകുമ്പോഴാണ് കരുണ എസ്‌റ്റേറ്റ് വാര്‍ത്തകളില്‍ നിറയുന്നതും. പലപ്പോഴും താഴേത്തട്ടിലുള്ള റവന്യൂ ഉദ്യോഗസ്ഥരെ ബലിയാടാക്കി ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീക്കാരും കരുണ വിഷയത്തില്‍ രക്ഷപെടുന്നതും പതിവാണ്.

2014-ല്‍ കരുണാ എസ്‌റ്റേറ്റിന്റെ ഭൂമി പോക്കുവരവ് നടത്താന്‍ അക്കാലത്ത് നെന്മാറ ഡിഎഫ്ഒ ആയിരുന്ന രാജു ഫ്രാന്‍സിസ് അനുമതി നല്‍കിയത് വന്‍ വിവാദമായിരുന്നു. സംഭവം വാര്‍ത്തകളില്‍ നിറഞ്ഞതോടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പോക്കുവരവിനുള്ള അനുമതി റദ്ദാക്കുകയും ഡിഎഫ്ഒ ആയിരുന്ന രാജു ഫ്രാന്‍സിസിനെ സ്ഥലം മാറ്റുകയും ചെയ്തു. ഇതിനിടെ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി മേരിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം കരുണാ എസ്റ്റേറ്റ് കൈവശംവയ്ക്കുന്ന ഭൂമിയെക്കുറിച്ചു വിശദമായ പഠനം നടത്തി സര്‍ക്കാരിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നു. കരുണ എസ്റ്റേറ്റ് ഉള്‍പ്പെടുന്ന മുഴുവന്‍ ഭൂമിയും സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നായിരുന്നു റിപ്പോര്‍ട്ടില്‍ സംഘം വ്യക്തമാക്കിയത്. എന്നാല്‍ ഇതിനെതിരേ കരുണ എസ്‌റ്റേറ്റിന്റെ ഇപ്പോഴത്തെ ഉടമകളായ പോബ്‌സ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. ഈ കേസ് തീര്‍പ്പാകുന്നതിനു മുമ്പാണ് മതിയായ കാരണങ്ങളൊന്നും തന്നെ ചൂണ്ടിക്കാട്ടാനില്ലാത്ത സാഹചര്യത്തില്‍ കരമടയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കരുണാ പ്ലാന്റേഷന് അനുമതി നല്‍കിയത്. ഈ തീരുമാനത്തിനാണ് ഇന്നലെ മന്ത്രിസഭാ യോഗം തടയിട്ടിരിക്കുന്നത്.

കരുണ എസ്റ്റേറ്റ്: പടിയിറങ്ങും മുന്‍പ് ഉമ്മന്‍ ചാണ്ടിയുടെ ചില കാരുണ്യ പ്രവര്‍ത്തികള്‍

1899-ല്‍ വെങ്ങുനാട് കോവിലകം ബ്രിട്ടീഷുകാര്‍ക്ക് കൃഷിക്കായി പാട്ടത്തിനു നല്‍കിയ ഭൂമിയാണ് ഒടുവില്‍ പോബ്‌സ് ഗ്രൂപ്പിന്റെ അധീനതയിലായത്. 1971-ലെ വെസ്റ്റിംഗ് അസൈന്‍മെന്റ് ആക്ട് പ്രകാരം വനംവകുപ്പ്, കോവിലകത്തിന്റെ 5800 ഏക്കറിലധികം ഭൂമി ഏറ്റെടുത്തിരുന്നു. ഇതില്‍ കരുണാ പ്ലാന്റേഷനും (ഇപ്പോള്‍ പോബ്‌സ്) ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഫോറസ്റ്റ് ട്രിബ്യൂണലിലും ഹൈക്കോടതിയിലും നല്‍കിയ ഹര്‍ജികളില്‍ കരുണയ്ക്ക് അനുകൂലമായി വിധിവന്നതോടെ 1993-ല്‍ വനം വകുപ്പിന് കരുണ എസ്റ്റേറ്റിന്റെ ഭൂമി പോബ്‌സ് ഗ്രൂപ്പിനു തന്നെ വിട്ടുകൊടുക്കേണ്ടി വന്നു. ഒരു കേസില്‍ കോടതി വിധി പ്രസ്താവിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അപ്പീല്‍ നല്‍കണമെന്നിരിക്കെ ഇതെല്ലാം കാറ്റില്‍പ്പറത്തി പത്തു വര്‍ഷത്തിനു ശേഷമാണ് കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതത്. അപ്പീല്‍ നല്‍കിയതിലെ കാലതാമസം ചൂണ്ടിക്കാട്ടി കോടതി അപ്പോള്‍ തന്നെ ഹര്‍ജി തള്ളി. 2009-ല്‍ സുപ്രീം കോടതി പുന:പരിശോധനാ ഹര്‍ജിയും തള്ളിയതോടെ കരുണ എസ്‌റ്റേറ്റിന്റെ കണ്ണായ ഭൂമി പോബ്‌സിന്റെ സ്വന്തമായി.

പിന്നീട് അഡ്വക്കേറ്റ് ജനറല്‍ 2011-ല്‍ കരുണ കേസില്‍ അപ്പീല്‍ നല്‍കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോയെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരിനു വീണ്ടും കത്തു നല്‍കിയതോടെയാണ് കാലങ്ങളായി വിസ്മൃതിയില്‍ ആണ്ടു കിടന്നിരുന്ന കരുണ എസ്‌റ്റേറ്റ് വിഷയം വീണ്ടും പൊതുസമൂഹത്തിനു മുന്നിലെത്തിയത്. അഡ്വക്കേറ്റ് ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്നു നെന്മാറ ഡിഎഫ്ഒ ആയിരുന്ന പി ധനേഷ്‌കുമാറാണ് നെല്ലിയാമ്പതി മേഖലയിലെ പാട്ട ഭൂമികളുമായി ബന്ധപ്പെട്ട ഗുതുതര ക്രമക്കേടുകളെക്കുറിച്ചു വിശദമായ പഠനം നടത്തി സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കിത്. റിപ്പോര്‍ട്ടിന്റെ ബലത്തില്‍ സര്‍ക്കാര്‍ ഡെപ്യൂട്ടി കളക്ടറും അഡീഷണല്‍ പിസിസിഎഫും ഡിഎഫ്ഒയും അടങ്ങിയ എട്ടംഗ കമ്മിറ്റിയെ കരുണ വിഷയത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ചു.

ഈ കമ്മിറ്റി തയാറാക്കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ കരുണ എസ്‌റ്റേറ്റിന്റെ സ്ഥലങ്ങള്‍ വെങ്ങിനാടു കോവിലകം പാട്ടത്തിനാണ് നല്‍കിയതെന്നും അവകാശ തര്‍ക്കം നിലനില്‍ക്കെ പാട്ടം പുതുക്കിയതിന്റെ പിന്നിലുള്ള നിജസ്ഥിതി പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നു വനംവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ കരുണ എസ്‌റ്റേറ്റിന്റെ ഭൂമിയില്‍ തങ്ങള്‍ക്ക് അവകാശമില്ലെന്നും ഇതു വനഭൂമിയല്ലെന്നും റവന്യൂ ഭൂമിയാണോയെന്ന് റവന്യൂ വകുപ്പിനു പരിശോധിക്കാമെന്നും ചൂണ്ടിക്കാട്ടി അന്തിമ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഇതിനു ശേഷം റവന്യൂവകുപ്പ് നടത്തിയ പരിശോധനയിലും ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നും പോബ്‌സ് ഗ്രൂപ്പിന് അവകാശമില്ലെന്നും കണ്ടെത്തിയിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നേ തല്ലിയൊടുങ്ങുമോ കോണ്‍ഗ്രസ്സ്?

കരുണയുമായി ബന്ധപ്പെട്ട ഭൂമിയിലെ നിയമപരമായ ക്രമക്കേടുകള്‍ കണ്ടെത്താനാണ് നേരത്തേ സര്‍ക്കാര്‍ വനംവകുപ്പിലെ ഒരു ഉപസമിതിയെ നിയോഗിച്ചത്. എന്നാല്‍ ഉപസമിതിയാകട്ടെ ഭൂമിയില്‍ വനംവകുപ്പിന് അവകാശമില്ലെന്ന വിചിത്രമായ കണ്ടെത്തലാണ് നടത്തിയതെന്നാണ് വനംവകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 10-05-1971-ല്‍ വനംവകുപ്പ് വെസ്റ്റു ചെയ്ത ഭൂമി 1993-ല്‍ തിരികെ വിട്ടുകൊടുക്കുമ്പോള്‍ വിട്ടുകൊടുത്ത ആളിന് രജിസട്രേഡ് ആയ പട്ടയം ഉണ്ടായിരുന്നോയെന്നു പരിശോധിച്ചിട്ടില്ല. ഇതോടൊപ്പം വെസ്റ്റിംഗ് അസൈന്‍മെന്റ് ആക്ട് പ്രകാരം ഒരു ഭൂമി ഏറ്റെടുത്തശേഷം വിട്ടുകൊടുക്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണമായിരുന്നു. വനംവകുപ്പ് സെക്ഷന്‍ 3(1) പ്രകാരം ഏറ്റെടുത്ത ഭൂമി വിട്ടുകൊടുക്കേണ്ടത് സെക്ഷന്‍ 3(2)ല്‍ നടത്തുന്നത് വ്യക്തിഗത കൃഷിയായിരിക്കണം. ഇതിന് ഉടമസ്ഥന് രജിസ്‌ട്രേഡ് ആയ ആധാരം വേണമെന്നു നിര്‍ബന്ധമില്ല. എന്നാല്‍ ഭൂമി നല്‍കിയ ആളിനു രജിസ്ട്രേഡായ ആധാരം ഉണ്ടായിരിക്കുകയും വേണം. സെക്ഷന്‍ 3(3) പ്രകാരം ഭൂമി വിട്ടുകൊടുക്കുമ്പോഴാകട്ടെ രജിസ്ട്രേഡായ ആധാരം ഉണ്ടായിരിക്കുകയും വേണം. എന്നാല്‍ പ്രസ്തുത ഭൂമിയില്‍ കൃഷി ഉണ്ടായിരിക്കണമെന്നു നിര്‍ബന്ധമില്ല. മറ്റൊരു ശ്രദ്ധേയമായ കാര്യം പ്രസ്തുത ഭൂമി കേരള ഭൂപരിഷ്‌കരണ നിയമം പറയുന്ന പരിധിക്കകത്താണ് (15 ഏക്കറില്‍ കൂടുതല്‍ സ്വകാര്യ വ്യക്തി കൈവശംവയ്ക്കരുത്) ഇതെന്ന് ഉടമ വനം ട്രിബ്യൂണലിനെ ബോധ്യപ്പെടുത്തുകയും വേണം. എന്നാല്‍ ഈ പരിശോധനകളൊന്നും നടത്താതെയാണ് 1993ല്‍ ഭൂമി തിടുക്കത്തില്‍ വിട്ടുകൊടുത്തത്.

ഇതോടൊപ്പം പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം 1964-ല്‍ ലീസ് തീര്‍ന്ന ഭൂമി കോവിലകത്തെ കുടുംബ വ്യവഹാരത്തെ തുടര്‍ന്ന് റിസീവര്‍ ഭരണത്തിലായിരുന്നു. എന്നാല്‍ റിസീവര്‍ ഭരണത്തിലിരിക്കുമ്പോഴാണ് കോടതിയെ അറിയിക്കാതെ ലീസ് പുതുക്കിയതും പിന്നീട് വെസ്റ്റിംഗ് ആന്‍ഡ് അസൈന്‍മെന്റ് ആക്ട് പ്രകാരം ഏറ്റെടുത്ത കേസ് തീരുന്നതിനു മുമ്പു ഭൂമി വില്‍ക്കുന്നതും. ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെ തങ്ങള്‍ക്കു ഭൂമിയില്‍ അവകാശമില്ലെന്ന വിചിത്രമായ കണ്ടെത്തല്‍ വനം വകുപ്പ് ഉപസമിതി നടത്തിയതാണ് 919 ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തിയുടെ കൈയിലെത്താനിടയാക്കിയത്.

Avatar

പി സന്ദീപ്

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍