UPDATES

ട്രെന്‍ഡിങ്ങ്

കരുണ, കണ്ണൂര്‍; സ്വാശ്രയ കച്ചവടത്തിന് ചൂട്ടുപിടിക്കാന്‍ ശ്രമിച്ചതെന്തിനെന്ന് സര്‍ക്കാര്‍ ജനങ്ങളോടു വിശദീകരിക്കണം

മെറിറ്റുള്ള കുട്ടികള്‍ക്കുവേണ്ടി എന്ന വാദം ഇനി പറയേണ്ട

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം ക്രമപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കേരള നിയമസഭ ഇന്നലെ ഏകകണ്ഠമായി പാസാക്കിയിരുന്നു. രണ്ടു മെഡിക്കല്‍ കോളേജുകളിലേയും പ്രവേശനം റദ്ദാക്കിയ സുപ്രിം കോടതി ഉത്തരവ് മറികടക്കാനായിരുന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. എന്നാല്‍ ഈ ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യുകയും പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളേയും പുറത്താക്കണമെന്നും അറിയിച്ചിരിക്കുകയാണ് സുപ്രിം കോടതി. സ്വകാര്യ മാനേജ്‌മെന്റുകളെ സഹായിക്കാനായി സര്‍ക്കാര്‍ നടത്തിയ നീക്കത്തിന് കിട്ടിയ തിരിച്ചടിയാണ് ഇന്നത്തെ കോടതി ഉത്തരവ് എന്ന് ഈ വിഷയത്തില്‍ തുടക്കം മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണം നടത്തിയിരുന്ന മാധ്യമപ്രവര്‍ത്തകനായ കെ ജെ ജേക്കബ് അഴിമുഖത്തോട് പറഞ്ഞു. കെ ജെ ജേക്കബിന്റെ വാക്കുകളിലൂടെ;

പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന് സുപ്രിം കോടതി പറയുമ്പോഴും, 180 ഓളം വിദ്യാര്‍ഥികളില്‍ കുറച്ചു പേര്‍ നിയപ്രകാരം മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ചവരാണ്. സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സില്‍ കോംപീറ്റന്റ് അഥോറിറ്റിയെ നിയമിക്കണമെന്ന ഒരു വകുപ്പുണ്ടായിരുന്നു. ഈ കോംപീറ്റന്റ് അഥോററ്റി പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളില്‍ 44 പേര്‍ക്ക് അഡ്മിഷന് അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് തള്ളി കളഞ്ഞിട്ടാണ് എല്ലാവരെയും സഹായിക്കുന്ന ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. അതായത് മെറിറ്റില്‍ പ്രവേശനം ലഭിച്ച കുട്ടികള്‍ക്ക് വേണ്ടിയിട്ടല്ല സര്‍ക്കാര്‍ നിന്നതെന്നു വേണം മനസിലാക്കാന്‍. സര്‍ക്കാരിന്റെ ഉദ്ദേശം തെറ്റുചെയ്യാതെ ശിക്ഷിക്കപ്പെട്ട മെറിറ്റുള്ള കുട്ടികളെ രക്ഷപ്പെടുത്തുക ആയിരുന്നു എങ്കില്‍ ആദ്യത്തെ 44 കുട്ടികളാലെ കുട്ടികളുടെ ലിസ്റ്റ് അംഗീകരിച്ചാല്‍ മതിയായിരുന്നു. മെറിറ്റില്ലാതെ ചട്ടവിരുദ്ധമായി അഡ്മിഷന്‍ നേടിയിട്ടുള്ള കുട്ടികള്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്തതുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു പ്രതിസന്ധിയില്‍ അകപ്പെട്ടത്. ഈ വിഷയത്തില്‍ ഇനി സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യം, കുട്ടികള്‍ക്ക് അടുത്ത വര്‍ഷം എവിടെയെങ്കിലും അഡ്മിഷന്‍ നല്‍കാന്‍ ഈ മാനേജ്‌മെന്റിനോട് പറയുക എന്നതാണ്. മറ്റുള്ള ഒരു കാര്യവും കോടതി അംഗീകരിക്കില്ലെന്നത് ഉറപ്പാണ്. അതായത് ചട്ടവിരുദ്ധമായി ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാത്ത എല്ലാവരും പുറത്തു പോയേ പറ്റൂ. ഈ വിഷയത്തില്‍ മെറിറ്റ് ഉള്ള കുട്ടികള്‍ക്ക് അടുത്ത വര്‍ഷം അഡ്മിഷന്‍ കൊടുക്കാമെന്ന് മാനേജ്‌മെന്റിനോട് പറയാം. അല്ലാതെ മറ്റൊരു നിയമനിര്‍മ്മാണത്തിലേക്ക് പോയാല്‍ സുപ്രീംകോടതി അനുവദിക്കുമെന്നു തോന്നുന്നില്ല. ഇതിന് സര്‍ക്കാര്‍ തുനിഞ്ഞാല്‍  കൂടുതല്‍ അബദ്ധത്തിലേക്ക് ചെന്നെത്തും.

ഇത്തരത്തില്‍ നിയമവിരുദ്ധമായ കാര്യം ചെയ്യാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയപ്പോള്‍ പ്രതിപക്ഷം ഉള്‍പ്പെടെ പ്രതികരിക്കാതിരുന്നത് കേരള സംസ്ഥാനത്തിന് തന്നെ അപമാനമാണ്. പ്രതിപക്ഷമില്ല, ഭരണപക്ഷമില്ല, മാധ്യമങ്ങളറിഞ്ഞില്ല; ഇത് ചോദ്യം ചെയ്യാന്‍ മെഡിക്കല്‍ കൗണ്‍സിലും സുപ്രീംകോടതിയും വേണ്ടി വന്നു. നിയമസഭയില്‍ വി.ടി ബല്‍റാം മാത്രമാണ് ഇത് സ്വകാര്യ മാനേജ്‌മെന്റിനെ സഹായിക്കാനുള്ള നീക്കമാണെന്ന് പറഞ്ഞ് അല്‍പമെങ്കിലും എതിര്‍ത്തത്. അല്‍പമെങ്കിലും അഭിമാനിക്കാനുള്ള വക അതുമാത്രമാണ്.

ഇടതുപക്ഷം കഴിഞ്ഞ മുപ്പതു വര്‍ഷമായി നിരന്തരമായി എതിര്‍ത്തുകൊണ്ടിരുന്ന സ്വാശ്രയ കച്ചവടത്തിന് ചൂട്ടുപിടിയ്ക്കാന്‍ ഇടതുപക്ഷത്തിന് ലഭിച്ച ജനവിധിയും നിയമവും നിയമനിര്‍മ്മാണ സംവിധാനവും എന്തുകൊണ്ട് ദുരുപയോഗിച്ചു എന്നതിന് പിണറായി വിജയനും കെ കെ ശൈലജയും നാട്ടുകാരോട് വിശദീകരിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍