ശബരിമലയേക്കാള്‍ കന്നഡ സംസാരിക്കുന്ന കേരളത്തിലെ ന്യൂനപക്ഷത്തോട് നീതി പുലര്‍ത്തുക എന്നതായിരിക്കാം മഞ്ചേശ്വരത്ത് ഇനി വരാനിക്കുന്ന തെരഞ്ഞെടുപ്പിന്റെ തുറുപ്പുചീട്ട്.
‘എന്‍താ ഉണ്ടു? ഊട്ടമാടിത്തിയാ?’ മഞ്ചേശ്വരത്തുകാരുടെ കുശലാന്വേഷണം ഇങ്ങനെയാണ്. കേള്‍ക്കുന്നയാള്‍ മലയാളിയാണെന്നു തിരിച്ചറിഞ്ഞെങ്കില്‍ മാത്രമേ എന്തുണ്ട്, ഭക്ഷണം കഴിച്ചോ എന്ന് അവര്‍ മൊഴിമാറ്റി ചോദിക്കുകയുള്ളൂ. കേരളത്തിന്റെ വടക്കേയറ്റത്തെ അതിര്‍ത്തി ഗ്രാമമായ മഞ്ചേശ്വരത്തെ, നമ്മുടെ പൊതു നിര്‍വചനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്ന പ്രത്യേകതകളില്‍ ആദ്യത്തേതാണിത്. ജില്ലാ ആസ്ഥാനമായ കാസര്‍കോട്ടേക്ക് 30 കിലോമീറ്ററാണ് മഞ്ചേശ്വരത്തു നിന്നുള്ള ദൂരം. തൊട്ടടുത്തുള്ള നഗരമായ മംഗലാപുരത്തേക്കാള്‍ അകലെയാണത്. കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് ഇടയില്ലാത്ത വിധം കന്നഡ സംസ്‌കാരം ഒരു രാഷ്ട്രീയം കൂടിയായി മാറുന്ന ഈ ചെറു നിയമസഭാ മണ്ഡലത്തിലേക്കാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കാന്‍ പോകുന്നത്.
സിറ്റിംഗ് എംഎല്‍എ. പി.ബി അബ്ദു റസാഖിന്റെ വിയോഗത്തോടെ വീണ്ടും ചര്‍ച്ചകളിലേക്കു വന്ന മഞ്ചേശ്വരത്ത് ഇനിയൊരു ഉപതെരഞ്ഞെടുപ്പുണ്ടാകുകയാണെങ്കില്‍, അങ്ങേയറ്റം പ്രധാനമായ ഒന്നായി അതു മാറുമെന്നതില്‍ തര്‍ക്കമില്ല. 2016-ലെ തെരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് പിന്മാറാന്‍ ഒരുക്കമല്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചതോടെ, ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും അനിശ്ചിതത്വവും ബലപ്പെടുകയാണ്. കേവലം 89 വോട്ടിനു മാത്രം 2016-ല്‍ സീറ്റു നഷ്ടപ്പെട്ട ബിജെപിയുടെ മടങ്ങിവരാനുള്ള ശ്രമം, ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിക്ക് ആത്മവിശ്വാസം പകരുന്ന വിജയം നല്‍കാതിരിക്കാനും ‘റദ്ദുച്ച’ എന്ന അബ്ദുറസാഖിന്റെ പാരമ്പര്യം സംരക്ഷിക്കാനുമുള്ള യുഡിഎഫിന്റെ പ്രയത്നം, ഒപ്പം സി.എച്ച് കുഞ്ഞമ്പുവിനു ശേഷം കൈവിട്ട സീറ്റ് ഇത്തവണ തിരിച്ചു പിടിക്കാനുള്ള ഇടതു പക്ഷത്തിന്റെ വ്യഗ്രത; ഇതെല്ലാം ചേര്‍ന്ന മഞ്ചേശ്വരത്തിന്റെ വിധി നിര്‍ണയം കേരളത്തിന് അത്രമേല്‍ നിര്‍ണായകമാണ്.
യുഡിഎഫും ബിജെപിയും ബലാബലം നില്‍ക്കുന്ന മഞ്ചേശ്വരത്തെ തെരഞ്ഞൈടുപ്പുകളില്‍ സിപിഐയുടെയും സിപിഎമ്മിന്റേയും ഇടപെടലുകള്‍ക്കും കൃത്യമായ സ്ഥാനമുണ്ട്. സപ്തഭാഷാ സംഗമഭൂമിയെന്ന് സ്വന്തം നാടിനെ വിശേഷിപ്പിക്കുന്ന മഞ്ചേശ്വരത്തുകാര്‍ക്ക് മുഖ്യധാരാ കേരളത്തില്‍ നിന്നും തങ്ങളെ മാറ്റിനിര്‍ത്തുന്ന ഭാഷാപരമായ പ്രത്യേകതകളെക്കുറിച്ച് വളരെ വ്യക്തമായ ബോധ്യമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. കന്നഡ ഭാഷ സംസാരിക്കുന്ന ബ്രാഹ്മണസമൂഹവും, തുളുവും മലയാളവും സംസാരിക്കുന്ന ഈഴവ-മുസ്ലിം ജനതയും, ഒപ്പം ബ്യാരി മാതൃഭാഷയായുള്ളവരും മഞ്ചേശ്വരത്തുണ്ട്. ഉര്‍ദുവും കൊങ്കണിയും ഹിന്ദിയും സംസാരിക്കുന്നവരും, മറാത്തി സംസാരിക്കുന്ന ട്രൈബുകളില്‍പ്പെട്ടവര്‍ പോലും ഇവിടെയുണ്ട്. മലയാളം സംസാരിക്കാന്‍ നിര്‍ബന്ധിതരാകുമ്പോഴെല്ലാം, തങ്ങള്‍ക്ക് വശമില്ലാത്ത ഭാഷ കൈകാര്യം ചെയ്യുന്നതിന്റെ അങ്കലാപ്പും ബുദ്ധിമുട്ടും ഇവര്‍ക്കുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
കന്നഡ ഭാഷാ ന്യൂനപക്ഷവും മഞ്ചേശ്വരത്തെ രാഷ്ട്രീയവും
ഭാഷാ ന്യൂനപക്ഷത്തില്‍പ്പെട്ടവര്‍ ഇത്രയേറെയുള്ള മഞ്ചേശ്വരത്ത് തദ്ദേശീയനായ ഒരു ജനപ്രതിനിധിയുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് പ്രാദേശിക രാഷ്ട്രീയനേതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും പൊതുവായി പറയാനുണ്ടായിരുന്നത്. “1982-87 കാലത്ത് എംഎല്‍എയായിരുന്ന ഡോ. സുബ്ബറാവുവിനു ശേഷം മഞ്ചേശ്വരത്ത് ഇവിടത്തുകാരനായ ഒരു ജനപ്രതിനിധിയുണ്ടായിട്ടില്ല. കാസര്‍കോട്ടുകാരനായ ഒരാളല്ല, മറിച്ച് തങ്ങളുടെ പ്രശ്നങ്ങളറിയുന്ന തങ്ങളിലൊരുവനാണ് ഇനി ഇവിടെ ജയിച്ചുവരേണ്ടതെന്ന് എല്ലാവര്‍ക്കും അഭിപ്രായമുണ്ട്. നിലവിലെ അവസ്ഥ കണക്കിലെടുത്താല്‍, യുഡിഎഫ് അടക്കം എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ലോക്കലായിട്ടുള്ള ആളെ മത്സരിപ്പിക്കാനാണ് സാധ്യത”, പ്രദേശത്തെ മുസ്ലിം ലീഗിന്റെ ശക്തരായ നേതാക്കളിലൊരാള്‍ പേരു പരാമര്‍ശിക്കരുതെന്ന മുഖവുരയോടെ പറഞ്ഞതിങ്ങനെയാണ്.
കന്നഡിഗര്‍ക്ക് കന്നഡിഗരോടുള്ള പ്രത്യേക സ്നേഹത്തെക്കുറിച്ചും, മലയാളികളുടെ പൊതുവായ സംസ്‌കാരത്തില്‍ നിന്നുമുള്ള അവരുടെ ഭിന്നിതകളെക്കുറിച്ചും ബോധ്യപ്പെടുത്തിത്തരാനാണ് അദ്ദേഹം ശ്രമിച്ചത്. “നിലവില്‍ ഇവിടെ ചാര്‍ജ്ജെടുത്ത് എത്തുന്ന കന്നഡിഗയായ ഒരു പൊലീസുദ്യോഗസ്ഥനോട് നമ്മള്‍ എന്തെങ്കിലും ആവശ്യം പറയാന്‍ പോകുമ്പോള്‍ മലയാളത്തിലാണ് സംസാരിക്കുന്നതെന്നു വയ്ക്കുക. തീര്‍ച്ചയായും അദ്ദേഹം അല്പം വിട്ടു നിന്നും അങ്ങേയറ്റം ഔദ്യോഗികമായും മാത്രമേ നമ്മോടു സംസാരിക്കുകയുള്ളൂ. ഇതേ കാര്യം ഞാന്‍ കന്നഡയിലാണ് പറയുന്നതെങ്കിലോ, അദ്ദേഹം തീര്‍ച്ചയായും എന്റെ സുഹൃത്തായി മാറിക്കഴിഞ്ഞിരിക്കും. ഇതേ സ്നേഹവും അടുപ്പവുമാണ് തദ്ദേശീയനായ ഒരു സ്ഥാനാര്‍ത്ഥിയോട് മഞ്ചേശ്വരംകാര്‍ കാണിക്കുക”.
ഇക്കാര്യം കൃത്യമായി തിരിച്ചറിഞ്ഞിട്ടായിരിക്കണം, ബിജെപിയുടെ പ്രധാന കാര്‍ഡുകളിലൊന്ന് കന്നഡ ഭാഷാ ന്യൂനപക്ഷം തന്നെയാണ്. മാറി മാറി വന്ന സര്‍ക്കാരുകളൊന്നും മഞ്ചേശ്വരത്തെ കന്നഡിഗരുടെ പ്രത്യേക അവകാശങ്ങളൊന്നും കണക്കിലെടുത്തിട്ടില്ലെന്നും, കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാകണമെങ്കില്‍ കന്നഡിഗര്‍ക്കായി ബിജെപി തന്നെ അധികാരത്തിലെത്തണമെന്നും പ്രാദേശിക നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്. സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധിത വിഷയമാക്കുന്നതിനെതിരെയും പി.എസ്.സി കന്നഡിഗ സംവരണത്തിലെ തിരിമറികള്‍ക്കെതിരെയും ശക്തമായ സമരങ്ങളാണ് അടുത്ത കാലത്ത് ‘കന്നഡ പോരാട്ട സമിതി’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയില്‍ത്തന്നെ നടന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ കാസര്‍കോടിനെ മലയാളിവത്ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തങ്ങളെ അവഗണിക്കുകയാണെന്ന പരാതി പോലുമുണ്ട് പോരാട്ട സമിതിയുടെ പ്രവര്‍ത്തകര്‍ക്ക്.
“ചന്ദ്രഗിരിപ്പുഴയുടെ വടക്കുഭാഗം യഥാര്‍ത്ഥത്തില്‍ കന്നഡ സംസാരിക്കുന്നവരുടെ ദേശമാണ്. നീലേശ്വരം മുതലിങ്ങോട്ട് മുഴുവനായും കന്നഡ ഭാഷാ ന്യൂനപക്ഷത്തിന്റെ സാന്നിധ്യമുള്ളയിടങ്ങളായിരുന്നു. മുഴുവന്‍ കന്നഡ മീഡിയം സ്‌കൂളുകളുണ്ടായിരുന്ന നീലേശ്വരത്ത് ഇന്നു ചെന്നു നോക്കൂ, എല്ലാവരും മലയാളം സംസാരിക്കുന്നവരാണ്. മലയാളിവത്ക്കരണം കയറിക്കയറി വരികയാണ്. അത് ഇവിടെയും അധികം വൈകാതെയെത്തും”, കന്നഡ ഭാഷാ ന്യൂനപക്ഷ സംഘടനകളുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ ഡോ. രാമചന്ദ്ര ബനാരെ പറയുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോള്‍ കര്‍ണാടകയോടൊപ്പം ചേരാനാണ് ഭൂരിഭാഗവും താത്പര്യപ്പെട്ടതെന്നും, മഹാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്തേ നടപ്പാക്കുന്നില്ല എന്നുമാണ് അദ്ദേഹത്തിന് ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നത്.
കന്നഡ പോരാട്ട സമിതിയുടെ പ്രവര്‍ത്തകനായ ബി.വി കാക്കില്ലയ്യയ്ക്ക് പറയാനുണ്ടായിരുന്നത് കന്നഡ മഹാകവി ഗോവിന്ദ പൈയുടെ സ്മാരകത്തെ പാടേ അവഗണിക്കുന്ന കേരള സര്‍ക്കാരിനെക്കുറിച്ചാണ്. കര്‍ണാടക സര്‍ക്കാര്‍ ഇടപെട്ട് ഫണ്ടു മുടക്കിയതിനാല്‍ മാത്രമാണ് കവിക്ക് മഞ്ചേശ്വരത്ത് സ്മാരകമൊരുങ്ങിയതെന്നും, കേരള സര്‍ക്കാര്‍ നല്‍കേണ്ട തത്തുല്യമായ തുക ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മാറി മാറി വരുന്ന സര്‍ക്കാരുകളില്‍ തങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറയുന്നത് ഇവര്‍ മാത്രമല്ല. മഞ്ചേശ്വരത്തെ കൊച്ചു ടൗണില്‍ കച്ചവടം നടത്തുന്നവരും, ബസ്സു യാത്രക്കിടെ പരിചയപ്പെട്ട സ്ത്രീകളുമെല്ലാം പങ്കുവച്ചത് കന്നഡ സംസാരിക്കുന്ന ഇവിടുത്തെ ജനവിഭാഗത്തോടുള്ള കേരള സര്‍ക്കാരിന്റെ തൃപ്തികരമല്ലാത്ത സമീപനത്തെക്കുറിച്ചുള്ള പരാതികളാണ്.
ഇത്തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന ഒരു പൊതുവികാരത്തെയാണ് ബിജെപി ഇത്തവണ തുറുപ്പുചീട്ടാക്കിയിരിക്കുന്നത്. കന്നഡിഗരുടെ പ്രശ്നങ്ങള്‍ തങ്ങളോളം തിരിച്ചറിയുന്നവര്‍ ഇവിടെ വേറെയില്ലെന്നും, കന്നഡ സംസാരിക്കുന്ന വലിയൊരു വിഭാഗത്തിന്റെ വോട്ടും തങ്ങള്‍ക്കു ലഭിക്കുമെന്ന് ബിജെപി നേതാക്കള്‍ ഉറപ്പിച്ചു തന്നെ പറയുന്നുണ്ട്. കന്നഡ ഭാഷാ ന്യൂനപക്ഷത്തില്‍പ്പെടുന്നവരുടെ വോട്ടുകള്‍ ഏകോപിപ്പിച്ച് തങ്ങള്‍ക്കനുകൂലമാക്കാന്‍ സാധിക്കുമെന്ന വലിയ ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിക്കുന്നു. ഇന്നേവരെ ജയിച്ചു പോയ ജനപ്രതിനിധികള്‍ തങ്ങള്‍ക്കായി ഒന്നും ചെയ്തില്ലെന്നു പറയുമ്പോഴും, രാഷ്ട്രീയമായ താത്പര്യങ്ങളോടെയല്ല കന്നഡ ഭാഷാ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോരാട്ട സമിതിയുടെ നേതാക്കളടക്കം ആവര്‍ത്തിക്കുന്നുണ്ട്. അതേസമയം, പോരാട്ട സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് തങ്ങളാണെന്ന അവകാശവാദം ബിജെപിക്കുണ്ട് താനും. ഇതിന് അവര്‍ ചൂണ്ടിക്കാട്ടുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന് ലഭിച്ച വോട്ടിന്റെ കണക്കാണ്. കപ്പിനും ചുണ്ടിനുമിടയില്‍ വിജയം നഷ്ടപ്പെട്ട സുരേന്ദ്രനെ പിന്തുണച്ചവരില്‍ ബഹുഭൂരിപക്ഷവും ഭാഷാ ന്യൂനക്ഷങ്ങളായിരുന്നു. ഇവരില്‍ തന്നെ മുന്നോക്കസമുദായാംഗങ്ങളില്‍ സുരേന്ദ്രന് തള്ളിക്കളയാന്‍ കഴിയാത്ത വിധമുള്ള സ്ഥാനവുമുണ്ട്. സുരേന്ദ്രന്‍ തന്നെ തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നാല്‍ അത് ഇക്കുറിയും തങ്ങള്‍ക്ക് ഗുണകരമാവുമെന്ന പ്രതീക്ഷയാണ് ബിജെപി പ്രവര്‍ത്തകര്‍ പങ്കുവച്ചത്.
“കന്നഡ ഭാഷാ ന്യൂനപക്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ നടത്തുന്ന പോരാട്ടങ്ങളിലും സമരങ്ങളിലുമെല്ലാം ഞങ്ങളുടെ സാന്നിധ്യമുറപ്പിക്കാന്‍ മനഃപൂര്‍വം തന്നെ ശ്രമിക്കാറുണ്ട്. ബിജെപി ഹൈജാക്ക് ചെയ്യാതിരിക്കാന്‍ വേണ്ടിത്തന്നെ. അത്തരം സമരങ്ങളില്‍ മറ്റെല്ലാ പാര്‍ട്ടികളില്‍ നിന്നുള്ള പ്രതിനിധികളും ഇടിച്ചുകയറുക തന്നെ ചെയ്യും. എല്ലാ പാര്‍ട്ടികളിലും, മതവിഭാഗങ്ങളിലും കന്നഡിഗരുണ്ട്. അവരുടെ പ്രശ്നങ്ങള്‍ ഒരു പാര്‍ട്ടി മാത്രം ഏറ്റെടുക്കേണ്ടതില്ല” മുസ്ലിം ലീഗ് പ്രാദേശിക പ്രവര്‍ത്തകരിലൊരാള്‍ പറയുന്നു.
മഞ്ചേശ്വരത്തുകാര്‍ക്ക് കന്നഡ, സ്‌കൂളുകളില്‍ അഭ്യസിക്കുന്ന അച്ചടിഭാഷ മാത്രമാണെന്നും, തുളു അടക്കമുള്ള മറ്റു ഭാഷകളാണ് തങ്ങളുടെ മാതൃഭാഷയെന്നും വാദിക്കുന്നവരുണ്ട്. കന്നഡയെ മുന്‍നിര്‍ത്തി രാഷ്ട്രീയനേട്ടങ്ങള്‍ ലക്ഷ്യമിടുന്നവരാണ് തീവ്രവൈകാരികത ഉണര്‍ത്തിവിടുന്നതെന്നും ഇടതുപക്ഷ നേതാക്കള്‍ അഭിപ്രായപ്പെടുന്നു. മലയാളം എഴുതാനും വായിക്കാനുമറിയാത്ത മഞ്ചേശ്വരംകാര്‍ കന്നഡ ദിനപത്രങ്ങളെയാണ് ആശ്രയിക്കാറ്. കന്നഡ പത്രങ്ങളും നിലവില്‍ ബിജെപിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മറ്റൊരു പ്രധാന ആരോപണം.
കര്‍ണാടകയുമായാണ് മഞ്ചേശ്വരം ഭൂരിഭാഗം അതിര്‍ത്തികളും പങ്കിടുന്നത്. കര്‍ണാടക രാഷ്ട്രീയത്തിന്റെ സ്വാധീനം അതുകൊണ്ടുതന്നെ ഇവിടെ വളരെ വലുതാണെന്ന് മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകരടക്കം സമ്മതിക്കുന്നുണ്ട്. ബിജെപിയുടെ ഉറച്ച വിജയപ്രതീക്ഷയെക്കുറിച്ച് മഞ്ചേശ്വരത്തെ മുതിര്‍ന്ന സിപിഐ പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞിതിങ്ങനെയാണ്: “കര്‍ണാടകയിലെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും മഞ്ചേശ്വരത്തെ ബിജെപി നേതാക്കള്‍ക്ക് വലിയ സഹായമെത്തുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലൊക്കെ വന്ന ഫണ്ടിനു കൈയും കണക്കുമില്ല. മഞ്ചേശ്വരത്തോടു ചേര്‍ന്നു കിടക്കുന്നയിടങ്ങളിലെ ബിജെപി നേതാക്കള്‍ ഇവിടെയെത്തി നേരിട്ടും അല്ലാതെയും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കും. ഉന്നതങ്ങളില്‍ നിന്നും വലിയ സഹായങ്ങള്‍ അവര്‍ക്കു ലഭിക്കുന്നുണ്ടെന്നാണ് അറിവ്.”
ശബരിമലയിലൂടെ ഒളിച്ചുകടത്തുന്ന വര്‍ഗ്ഗീയത
ഹിന്ദു-മുസ്ലിം ജനസംഖ്യ ഏകദേശം തുല്യമായുള്ള മഞ്ചേശ്വരം നിയമസഭാമണ്ഡലത്തില്‍ വര്‍ഗ്ഗീയമായ ധ്രുവീകരണം സൃഷ്ടിക്കാന്‍ ബോധപൂര്‍വം തന്നെ നടക്കുന്ന നീക്കങ്ങളും വളരെ ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. മുന്‍പുണ്ടായിട്ടുള്ള മുസ്ലീം ലീഗ് എംഎല്‍എമാരെല്ലാം തന്നെ ഹിന്ദു ഭൂരിപക്ഷ മേഖലകള്‍ക്കു ഗുണകരമായ നടപടികള്‍ ഒന്നും തന്നെ കൈക്കൊണ്ടിട്ടല്ല, മറിച്ച് മുസ്ലിം ജനസംഖ്യ കൂടുതലുള്ള ഇടങ്ങളിലാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതെന്നുമുള്ള നിശിതമായ വിമര്‍ശനമാണ് ബിജെപി പ്രാദേശിക നേതൃത്വം സംസാരത്തിനിടെ മുന്നോട്ടുവച്ചത്. “മുന്‍ എംഎല്‍എമാരെല്ലാം ചെയ്തതിട്ടുള്ളത് അങ്ങനെയാണ്. ഹിന്ദുമതവിശ്വാസികള്‍ കൂടുതലുള്ള പഞ്ചായത്താണ് ഉപ്പള. മംഗല്‍പാടി ഉപ്പള പ്രദേശത്തെല്ലാം മുസ്ലിം ജനസംഖ്യയാണ് കൂടുതല്‍. മഞ്ചേശ്വരം താലൂക്ക് സ്ഥാപിക്കപ്പെട്ടപ്പോള്‍ അതിന്റെ ആസ്ഥാനം മഞ്ചേശ്വരം പഞ്ചായത്തിലല്ല, മറിച്ച് ഉപ്പളയിലാണ് കൊണ്ടുവന്നത്. മതപരമായ താത്പര്യം കാണിക്കുന്നതിന്റെ ഒരുദാഹരണം മാത്രമാണിത്. കന്നഡിഗനായ ഒരു പ്രാദേശിക നേതാവിനെ എല്ലാ പാര്‍ട്ടികളും മത്സരിപ്പിച്ചാല്‍ പോലും, ‘തങ്ങളിലൊരുവന്‍’ ജയിക്കട്ടെ എന്നു വിചാരിക്കുന്ന മുസ്ലിം ജനത ഇവിടെയുണ്ട്”. ഒന്നോ രണ്ടോ മണിക്കൂര്‍ നീണ്ട സംസാരത്തിനിടെ ഇത്ര പ്രകടമായ വര്‍ഗ്ഗീയത സംസാരിക്കുന്ന ഒരു വിഭാഗം ഇത്ര കാലത്തെ പ്രവര്‍ത്തനത്തിനിടെ ഈ ചെറിയ പ്രദേശത്ത് എത്രമാത്രം ചേരിതിരിവുണ്ടാക്കിയിരിക്കുമെന്ന ഞെട്ടലോടെയാണ് അവിടെനിന്നുമിറങ്ങിയത്.
തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാന കാര്‍ഡായ വര്‍ഗ്ഗീയധ്രുവീകരണം പുറത്തെടുക്കുന്ന ബിജെപിക്ക് ഇത്തവണ പുതിയൊരു ആയുധം കയ്യില്‍ കിട്ടിയിരിക്കുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തും വര്‍ഗീയ ചേരുവകളോടെ അവതരിപ്പിക്കുന്ന ശബരിമല തന്നെയാണ് മഞ്ചേശ്വരത്തും ബിജെപിയുടെ പ്രധാന ആയുധമായി മാറുന്നത്. ശബരിമല വിഷയത്തില്‍ മഞ്ചേശ്വരത്തെ വിശ്വാസി സമൂഹം അസ്വസ്ഥരാണെന്നും നാമജപഘോഷയാത്രകള്‍ നടക്കുന്നുണ്ടെന്നും ബിജെപി നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. മലബാര്‍ മേഖലയില്‍ പ്രതിഷേധ സമരം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാസര്‍കോഡും വലിയതോതില്‍ നാമജപ സംഗമങ്ങള്‍ നടന്നു. ഇതില്‍ ബഹുജന പങ്കാളിത്തം ഉണ്ടായിരുന്നതായി ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വിഷയമല്ല, മറിച്ച് വിശ്വാസിയുടെ അവകാശത്തിന്റെ പ്രശ്നമാണ് ശബരിമലയിലെന്നും, ഈ നടപടിയില്‍ മഞ്ചേശ്വരത്തെ സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ക്ക് അമര്‍ഷമുണ്ടെന്നുമുള്ള സ്ഥിരം വാദമുഖങ്ങള്‍ അവര്‍ക്കു മുന്നോട്ടുവയ്ക്കാനുണ്ടായിരുന്നു. എന്നാല്‍, കാസര്‍കോട്ടെ മറ്റു പ്രദേശങ്ങളില്‍ കണ്ട ചെറിയ ‘സേവ് ശബരിമല’ പോസ്റ്ററുകള്‍ പോലും മഞ്ചേശ്വരത്ത് കാണാതിരുന്നതിന്റെ കൗതുകത്തിലാണ് മാര്‍ക്കറ്റില്‍ കട നടത്തുന്ന ചിലരോട് സംസാരിക്കാന്‍ ശ്രമിച്ചത്.
“ഇത്ര പ്രശ്നമാക്കാന്‍ എന്താണുള്ളത്”, “വിശ്വാസമുള്ളവര്‍ പോകില്ലല്ലോ”, “ആരും നിര്‍ബന്ധിക്കുന്നില്ലല്ലോ” എന്നിവയടക്കം വിഷയത്തില്‍ പ്രത്യേക താല്‍പര്യമില്ലാത്തതുപോലെ തോന്നിപ്പിക്കുന്ന മറുപടികളാണ് കന്നഡ കലര്‍ന്ന മലയാളത്തില്‍ ലഭിച്ചത്. മഞ്ചേശ്വരത്തെ സാധാരണക്കാരായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം, ശബരിമല അവരെ ബാധിക്കുന്ന വിഷയമല്ല. അതില്‍ പ്രത്യേക അഭിപ്രായമുണ്ടാകേണ്ട കാര്യം പോലുമുണ്ടെന്ന് തോന്നാത്തവിധം നിസ്സംഗരാണ് മിക്കവരും. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ നടന്ന നാമജപഘോഷയാത്രയെക്കുറിച്ച് അവരെല്ലാമറിഞ്ഞിട്ടുണ്ട്. ഇതു തന്നെയാണ് മഞ്ചേശ്വരത്തു നടക്കുന്നതിന്റെ രത്നച്ചുരുക്കം. ശബരിമലവിഷയം വൈകാരികമായി എടുക്കാത്ത ഒരു സമൂഹത്തില്‍, അതിനെക്കുറിച്ച് നിരന്തരമായ ഒരു വ്യവഹാരം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നതെന്നാണ് നാട്ടുകാരുടെ സംസാരത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. “നാട്ടുമ്പുറത്തൊന്നും ഇതൊരു വിഷയമേ ആയിട്ടില്ല. പക്ഷേ, ഇതു പ്രശ്നമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി… ക്ലച്ച് പിടിക്കുന്നില്ല എന്നതു വേറെ കാര്യം” സി.പി.ഐ.എം നേതാക്കളും പറയുന്നു. എന്നാല്‍ ശബരിമല വിഷയത്തെ, സംസ്ഥാനമൊട്ടാകെ ഒന്ന് നിലയുറപ്പിക്കാനുള്ള അവസരമായി കണക്കാക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ക്ക് ഇനി ഒരു തിരഞ്ഞെടുപ്പുണ്ടായാല്‍ ഇറക്കാനുള്ള പ്രധാന തുറപ്പുചീട്ടും അത് തന്നെയായിരിക്കും. പ്രത്യേകിച്ചും ബിജെപിക്ക് വ്യക്തമായ നിലയില്‍ പ്രാതിനിധ്യമുള്ള മഞ്ചേശ്വരത്ത് ഇത് അഭിമാനസംരക്ഷണത്തിനുള്ള പോരാട്ടം കൂടിയാവും. എന്നാല്‍ ശബരിമല വിഷയം മറ്റിടങ്ങളിലെപ്പോലെ അത്രകണ്ട് ഏറ്റിട്ടില്ലാത്ത മഞ്ചേശ്വരത്തെ പിടിക്കാന്‍ ഈ തന്ത്രം മതിയാകാതെ വരുമോ എന്ന സംശയം ബിജെപി നേതാക്കളിലുമുണ്ട്.
സംഘപരിവാറിനെതിരെ
ജയം ഉറപ്പിക്കാനാകും എന്ന വിശ്വാസമാണ് ബിജെപിക്കെങ്കില്‍, ഇനിയൊരു ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കാന്‍ പോകുന്നതെന്നാണ് യുഡിഎഫിന്റെ പക്ഷം. ജയം ഒരിക്കലും അനായാസമാകില്ല എന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. പ്രാദേശിക സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തും, മതേതര വോട്ടുകള്‍ ഏകോപിപ്പിച്ചും സംഘപരിവാറിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് നിലവില്‍ പഞ്ചായത്ത് ഭരിക്കുന്ന രാഷ്ട്രീയ കക്ഷി. പി.ബി അബ്ദുറസാഖ് എന്ന ജനസമ്മതനായ എംഎല്‍എയുടെ വ്യക്തിപ്രഭാവത്തിന് പകരം വയ്ക്കാനാകുന്ന ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകില്ലെന്ന് സമ്മതിക്കുമ്പോള്‍ത്തന്നെ, അദ്ദേഹത്തിന്റെ പാരമ്പര്യം സൂക്ഷിക്കാനാകും എന്ന പ്രതീക്ഷയും മുസ്ലിം ലീഗ് മുന്നോട്ടുവയ്ക്കുന്നു.
“ബിജെപിക്ക് വിജയപ്രതീക്ഷ ഉണ്ടാക്കിക്കൊടുത്തത് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 89 വോട്ട് വ്യത്യാസമാണെന്ന തിരിച്ചറിവുണ്ട്. പക്ഷേ, തദ്ദേശീയനും മതേതര രാഷ്ട്രീയം സംസാരിക്കുന്നതുമായ ഒരാളെ നിര്‍ത്തിയാല്‍ അവരെ ചെറുക്കാനാകും. വര്‍ഗ്ഗീയ ശക്തികള്‍ എതിരില്‍ വരുമ്പോള്‍ ഞങ്ങളുടെ വശത്ത് ഐക്യമുണ്ടാകുമെന്നത് ഒരു നല്ല ലക്ഷണമാണ്. എ.പി-ഇ.കെ വിഭാഗങ്ങള്‍ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാനുള്ള സാധ്യതയാണ് ഇത് സ്വാഭാവികമായുമുണ്ടാക്കുന്നത്”, ലീഗ് നേതാക്കള്‍ പറയുന്നതിങ്ങനെ. എപി, ഇകെ സുന്നി വീഭാഗങ്ങള്‍ തമ്മില്‍ വിഘടിച്ച് നില്‍ക്കുന്നതാണ് ലീഗിന് തലവേദനയാവുന്നത്. എ പി വിഭാഗക്കാരെ അനുനയിപ്പിച്ച് പൂര്‍ണ സഹകരണം ഉറപ്പ് വരുത്താന്‍ ഇതേവരെ നേതൃത്വത്തിനായിട്ടില്ല. എന്നാല്‍ സംഘപരിവാറിനെതിരെയുള്ള പോരാട്ടത്തില്‍ ഐക്യം സാധ്യമാവുമെന്ന പ്രതീക്ഷയാണ്എ പി വിഭാഗം പ്രവര്‍ത്തകര്‍ പങ്കുവച്ചത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നേതൃത്വത്തില്‍ നിന്നും ഉണ്ടാകുന്ന നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുമെന്നായിരുന്നു എസ്എസ്എഫ് പ്രവര്‍ത്തകരുടെ പ്രതികരണം. “സംഘപരിവാറിനെതിരെ പോരാടാന്‍ പക്ഷേ, സുന്നി വിഭാഗങ്ങള്‍ ഒന്നിക്കുക തന്നെ ചെയ്യും. അക്കാര്യത്തില്‍ സംശയമൊന്നും വേണ്ട”, മഞ്ചേശ്വരത്തെ വര്‍ഗ്ഗീയമായി രണ്ടു തട്ടുകളിലാക്കാനുള്ള ശ്രമത്തെ പ്രായോഗികമായിത്തന്നെ നേരിടേണ്ടതുണ്ടെന്നാണ് നേതാക്കളുടെ പക്ഷം.
നിലവില്‍ കോടതിയില്‍ നടക്കുന്ന കേസ് പിന്‍വലിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കെ. സുരേന്ദ്രനും ബിജെപി നേതൃത്വവും മടിക്കുന്നത് വിജയസാധ്യത കുറവായതിനാലാണെന്ന് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ നേതാവും യുഡിഎഫ് ചെയര്‍മാനുമായ എം.സി കമറുദ്ദീന്‍ പറയുന്നു. 110-ഓളം കള്ളവോട്ടുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീണതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ബിജെപി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, ഈ വാദം പാടേ നിരാകരിക്കുകയാണ് കമറുദ്ദീന്‍. “കള്ളവോട്ടു വീണതിന് തെളിവുണ്ടെങ്കില്‍ കോടതി കേസ് തുടരണോ എന്ന് ചോദിക്കില്ലല്ലോ. വെറും പൊള്ളയായ വാദം മാത്രമാണത്. ഇപ്പോള്‍ വിജയസാധ്യത ഇല്ലാത്തതുകൊണ്ടുമാത്രമാണ് കേസ് ഇങ്ങനെ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത്. പാര്‍ലമെന്റു തെരഞ്ഞെടുപ്പിനു മുന്‍പായി മഞ്ചേശ്വരത്ത് പരാജയപ്പെട്ടാല്‍ അത് ബിജെപിക്ക് വല്ലാതെ ക്ഷീണം ചെയ്യും എന്നതു കൊണ്ടാണ്. പക്ഷേ, ഏതു സമയത്തും തെരഞ്ഞെടുപ്പ് നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്.”
എന്നാല്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കള്‍ പ്രതികരിച്ചത് മറ്റൊരു തരത്തിലാണ്. കഴിഞ്ഞ തവണ ബിജെപിക്ക് പ്രതീക്ഷിച്ചതിലധികം വോട്ടു കിട്ടിയത് മുസ്ലീം ലീഗിന്റെ ജാഗ്രതക്കുറവാണെന്നും, ഇത്തവണ അതാവര്‍ത്തിക്കാതെ നോക്കിയാല്‍ ബിജെപിക്ക് മഞ്ചേശ്വരത്ത് യാതൊരു സാധ്യതയില്ലെന്നും സിപിഐയുടെ മുതിര്‍ന്ന നേതാവ് പറയുന്നു: “കഴിഞ്ഞ തവണ അബ്ദുള്‍റസാഖ് എന്ന വ്യക്തിയുടെ ഒറ്റയ്ക്കുള്ള പരിശ്രമമാണ് മഞ്ചേശ്വരത്ത് വിജയം കണ്ടത്. പതിനായിരം വോട്ടുകള്‍ക്ക് ബിജെപിയെ തറപറ്റിക്കാമായിരുന്നയിടത്താണ് വെറും എണ്‍പത്തിയൊന്‍പതു വോട്ടിന്റെ ഭൂരിപക്ഷമെന്നോര്‍ക്കണം. പാര്‍ട്ടി ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കാതിരുന്നതിന്റെ ഫലമാണ്. ഇത്തവണ അതുണ്ടാകില്ലെന്ന് അവര്‍ക്ക് ഉറപ്പുവരുത്താന്‍ സാധിച്ചാല്‍ മതി. എ.പി-ഇ കെ സുന്നി വിഭാഗങ്ങളെ ഒന്നിച്ചു നിര്‍ത്താനും അവര്‍ക്കു പറ്റിയിട്ടില്ല. കഴിഞ്ഞ തവണ അവരുടെ പാര്‍ട്ടിക്കകത്തെ അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ഭിന്നിച്ച എസ്.എസ്.പിയുടെ വോട്ടുകള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കു കിട്ടിയിട്ടുണ്ട്. ഇത്തവണ അവര്‍ക്കിടയില്‍ ഐക്യമുണ്ടാക്കുക എന്നത് അവരുടെ ബാധ്യതയാണ്. ചെര്‍ക്കളത്തിനെതിരെ പാര്‍ട്ടിയ്ക്കകത്ത് അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍ ആ സാധ്യത മുതലെടുത്ത് ബിജെപി ജയിക്കാതിരിക്കാന്‍ 2006-ല്‍ കുഞ്ഞമ്പുവിനെ വിജയിപ്പിച്ച വോട്ടര്‍മാരാണ് മഞ്ചേശ്വരത്തുള്ളത്. നിങ്ങള്‍ എഴുതിവച്ചോ, ഇവിടെ ബിജെപി ജയിക്കില്ല.”
കാസര്‍കോട്ടെ ഗ്രാമങ്ങളെയെല്ലാം ആര്‍എസ്എസ് ശക്തികേന്ദ്രങ്ങളായിക്കാണുന്ന പ്രവണത തെറ്റാണെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്നുണ്ട്. പുത്തിഗെ, വോര്‍ക്കാടി, പൈവെളിഗെ, മീഞ്ച തുടങ്ങിയ പഞ്ചായത്തുകളില്‍ തങ്ങള്‍ക്കാണ് മേല്‍ക്കൈയെന്നും ബിജെപിയുടെ വിജയപ്രതീക്ഷ വെറുതെയാണെന്നും സിപിഎം പ്രാദേശിക നേതാവ് ജയാനന്ദ പറയുന്നു. ഇടതുപക്ഷത്തിന് ജയം കാണാനാകും എന്ന ഉറച്ച വിശ്വാസമാണ് ജയാനന്ദയ്ക്കുള്ളത്.
ബിജെപിയടക്കം എല്ലാ മുന്നണികളും പ്രാദേശിക നേതാവിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സാധ്യതയാണ് നിലവില്‍ മഞ്ചേശ്വരത്തുള്ളത്. മറ്റു വഴികളില്ലെങ്കില്‍ മാത്രമാകും കെ.സുരേന്ദ്രനെ ഇത്തവണ സമീപിക്കുക എന്ന ബിജെപി പ്രാദേശിക നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. കേരളം മുഴുവന്‍ ചൂടുപിടിച്ച് ചര്‍ച്ച ചെയ്യുന്ന ശബരിമലയേക്കാള്‍ കന്നഡ സംസാരിക്കുന്ന കേരളത്തിലെ ന്യൂനപക്ഷത്തോട് നീതി പുലര്‍ത്തുക എന്നതായിരിക്കാം മഞ്ചേശ്വരത്ത് ഇനി വരാനിക്കുന്ന തെരഞ്ഞെടുപ്പിന്റെ തുറുപ്പുചീട്ട്.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലേക്ക്? ശബരിമല കെ സുരേന്ദ്രനെ നിയമസഭയിലെത്തിക്കുമോ?
കാസര്‍ഗോഡ് കന്നഡ നാടാണ്; മലയാളം വേണ്ടേ വേണ്ട; മാതൃഭാഷയ്ക്കായി കന്നഡിഗര്‍ സമരം ചെയ്യുമ്പോള്‍