കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാളിതുവരെ നടന്നിട്ടുള്ള വിദ്യാര്‍ത്ഥിവിരുദ്ധ നയപ്രഖ്യാപനങ്ങളുടെ ചരിത്രം മുന്നിലുള്ളപ്പോള്‍, വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്ര നിഷ്‌കളങ്കമാണ് പുതിയ സര്‍ക്കുലര്‍ എന്നു കരുതാനും വയ്യ.
“അപ്രസക്തമായ വിഷയങ്ങളിലുള്ള ഗവേഷണങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി, പിഎച്ച്ഡി കോഴ്‌സുകളില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഗവേഷകര്‍ പഠനം നടത്തുന്ന വിഷയങ്ങളെല്ലാം ദേശീയ താത്പര്യത്തിനൊപ്പം നില്‍ക്കുന്നവയാണെന്ന് ഉറപ്പു വരുത്തണം, വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള വിഷയത്തില്‍ ഗവേഷണം നടത്താനുള്ള സാധ്യതയ്ക്കു പകരം, വകുപ്പു തലവന്മാര്‍ പ്രൊഫസര്‍മാര്‍ക്കൊപ്പം യോഗം ചേര്‍ന്ന്, അതാതു വകുപ്പുകളില്‍ ഗവേഷണം നടത്താവുന്ന ദേശീയ താത്പര്യമുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഒരു പട്ടിക തയ്യാറാക്കുകയും, വിദ്യാര്‍ത്ഥികള്‍ ഈ പട്ടികയില്‍ നിന്നും വിഷയങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്ന വ്യവസ്ഥ വരണം”, കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ മാര്‍ച്ച് മൂന്നിന് പുറത്തിറക്കിയ ഒരു സര്‍ക്കുലറാണിത്.
ഗവേഷകര്‍ ഇനി മുതല്‍ ‘ദേശീയ താത്പര്യ’പ്രകാരമുള്ള വിഷയങ്ങളില്‍ മാത്രം പഠനങ്ങള്‍ നടത്തിയാല്‍ മതിയാകുമെന്ന് കൃത്യമായി പ്രതിപാദിക്കുന്ന സര്‍ക്കുലര്‍, കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ വിവാദങ്ങള്‍ക്കു വഴി വച്ചിരിക്കുകയാണ്. കേന്ദ്ര സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ ഒളിച്ചു കടത്തുന്ന കാവിവത്ക്കരണത്തിന്റെ ഉദാഹരണങ്ങള്‍ പല തവണയായി പലയിടത്തും വെളിപ്പെട്ടിട്ടുള്ളതാണ്. കേരള കേന്ദ്ര സര്‍വകലാശാലയില്‍ത്തന്നെ ഇതിനു മുന്‍പും ദേശീയതയും സംഘപരിവാര്‍ ആശയപ്രചരണവുമായി ബന്ധപ്പട്ട പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാജ്യത്തെ യുവജനങ്ങളെ വരുതിയിലെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി സര്‍വകലാശാലകളില്‍ നടക്കുന്ന തീവ്രവലത് ആശയപ്രചരണങ്ങളുടെ പുതിയ രൂപമാണ് കേന്ദ്ര സര്‍വകലാശാലയില്‍ പുറത്തിറക്കിയിട്ടുള്ള സര്‍ക്കുലര്‍.
കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയില്‍ വച്ചു ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലെടുത്ത തീരുമാനങ്ങളിലൊന്നാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവേഷണം ചെയ്യേണ്ട വിഷയം തെരഞ്ഞെടുക്കാനുള്ള അവകാശം വിദ്യാര്‍ത്ഥിക്ക് നിഷേധിക്കുന്നതോടെ, ഗവേഷകരുടെ അക്കാദമിക ജീവിതത്തിലേക്കു തന്നെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കടന്നുകയറ്റമായാണ് ആദ്യം മുതല്‍ക്കേ ഈ പരാമര്‍ശം വിലയിരുത്തപ്പെട്ടത്. ഡിസംബറില്‍ എടുത്ത തീരുമാനമാണെങ്കിലും, കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജി. ഗോപകുമാറാണ് ഇത് നടപ്പില്‍ വരുത്തുന്ന ആദ്യത്തെയാള്‍. മറ്റു സര്‍വകലാശാലകളിലൊന്നും ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതായി അറിവില്ല. ‘ദേശീയ താല്‍പര്യപ്രകാരമുള്ള’ വിഷയങ്ങളെന്നാല്‍ എത്തരത്തിലുള്ളവയാണെന്ന് സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും, അഡ്മിനിസ്‌ട്രേഷന്‍ വിരല്‍ ചൂണ്ടുന്നതെങ്ങോട്ടാണെന്ന് വ്യക്തമായ ധാരണ തങ്ങള്‍ക്കുണ്ടെന്നാണ് ഗവേഷക വിദ്യാര്‍ത്ഥികളുടെ പക്ഷം. തുടര്‍ച്ചയായി ഇത്തരം കടന്നുകയറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍വകലാശാല ക്യാംപസ്സില്‍ ഈ സര്‍ക്കുലര്‍ കൂടി നിലവില്‍ വന്നാല്‍, പഠനത്തിനു വെളിയിലുള്ള ചര്‍ച്ചകളെല്ലാം പാടേ ഇല്ലാതെയാകുമെന്നതിലും സംശയമില്ല.
സാമൂഹ്യ, ശാസ്ത്ര വിഷയങ്ങളില്‍ പഠനം നടത്തുന്ന ഗവേഷകരെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് പുതിയ സര്‍ക്കുലറെന്നാണ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികളുടെ പക്ഷം. അംബേദ്കര്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ് പോലുള്ള വിഷയങ്ങളില്‍ ഗവേഷണം ചെയ്യുന്നവര്‍, പഠനത്തിനു പുറത്തേക്ക് അത്തരം ചര്‍ച്ചകള്‍ വ്യാപിപ്പിക്കുന്നത് സ്വാഭാവികമാണ്. സജീവമായ ചര്‍ച്ചകളും പ്രതിരോധങ്ങളുമില്ലാതെ ഇത്തരം വിഷയങ്ങളില്‍ ഗവേഷണം സാധ്യമല്ലതാനും. ഇത്തരം ചര്‍ച്ചകള്‍ ക്യാംപസ്സില്‍ സജീവമാകുന്നതോടെ പല പ്രശ്‌നങ്ങള്‍ക്കെതിരെയും പ്രതികരിക്കാന്‍ ആളുണ്ടാകുകയും ചെയ്യും. പഠന വിഷയത്തെ ഗൗരവമായി എതിര്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍, പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ കര്‍ഫ്യൂ ഉണ്ടാകുന്നതിനെതിരെയും ക്യാംപസ്സിനകത്തെ ജാതീയതയ്‌ക്കെതിരയുമെല്ലാം ശബ്ദമുയര്‍ത്തും. ഇത്തരം എതിര്‍ ശബ്ദങ്ങളെ പ്രതിരോധിക്കാനാണ് പുതിയ സര്‍ക്കുലറുകള്‍ കൊണ്ടുവരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു വിദ്യാര്‍ത്ഥി പറയുന്നതിങ്ങനെ: “അക്കാദമിക വൃത്തങ്ങള്‍ക്കു പുറത്തും ഇത്തരം ചര്‍ച്ചകള്‍ ക്യാംപസ്സില്‍ ഉയരുന്നുണ്ട്. ഭാവിയില്‍ അവരുടെ ചെലവില്‍ ഇനിയാരും അക്കാദമിക്‌സിന്റെ പേരില്‍ അത്തരം ചര്‍ച്ചകളുടെ ഭാഗമാകേണ്ട എന്നൊരു ചിന്തയാണ് ഇത്തരം നീക്കങ്ങളുടെ പിറകില്‍ എന്നു തോന്നുന്നു. അംബേദ്കര്‍ സ്റ്റഡി സര്‍ക്കിളുകളും മറ്റും ക്യാംപസ്സില്‍ വളരെ സജീവമാണ്. അതില്‍ പങ്കെടുക്കുന്നവരില്‍ പലരും സോഷ്യല്‍ സയന്‍സസില്‍ പിജിയും പിഎച്ച്ഡിയുമെല്ലാം ചെയ്യുന്നവരാണ്. അവര്‍ ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളവരാണ്. അവര്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകതന്നെ ചെയ്യും. അക്കാദമിക്‌സിനെത്തന്നെ നിയന്ത്രിക്കുകയാണെങ്കില്‍ ഇനി ഇത്തരം പഠനങ്ങള്‍ പോലും ക്യാംപസ്സിലില്ലാത്ത അവസ്ഥ വരും. ഈ ചര്‍ച്ചകള്‍ നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായിട്ടുള്ള പരിപാടി തന്നെയാണിത്.”
നിശ്ശബ്ദമായി ഗവേഷണം നടത്തി തിരികെ മടങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തു നിന്നും യാതൊരു പ്രശ്‌നവും നേരിടേണ്ടിവരുന്നില്ല. എന്നാല്‍, ഗവേഷണത്തിലുപരിയായി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയും, ക്യാംപസ്സിനകത്തുണ്ടാകുന്ന ആശയപരമായ അധിനിവേശ ശ്രമങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുകയും ചെയ്താല്‍, അതു വലിയ പാതകമാണുതാനും. എന്നാല്‍, താന്‍ ചെയ്യുന്ന തീസീസ് കൊണ്ട് മറ്റാര്‍ക്കും പ്രയോജനമില്ലെങ്കില്‍ അതിലെന്തു കാര്യം എന്നാണ് വിദ്യാര്‍ത്ഥികളുടെ ചോദ്യം. “നിങ്ങള്‍ റിസര്‍ച്ച് റൂമില്‍ നിന്നും പുറത്തിറങ്ങുന്നില്ലെങ്കില്‍, ഒരു പ്രശ്‌നവും നേരിടേണ്ടിവരുന്നില്ല. പിഎച്ച്ഡിയില്‍ മാത്രമൊതുങ്ങുന്ന താത്പര്യമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അഡ്മിനിസ്‌ട്രേഷന്‍ തൃപ്തരാണ്. നിങ്ങള്‍ക്ക് ഗവേഷണം മാത്രം ചെയ്താല്‍പ്പോരേ എന്നാണ് യൂണിവേഴ്‌സിറ്റിയും ചോദിക്കുന്നത്.”
ഗവേഷകരുടെ അക്കാദമിക തെരഞ്ഞെടുപ്പുകള്‍ക്ക് കൂച്ചുവിലങ്ങിടുന്ന ഇത്തരമൊരു സര്‍ക്കുലര്‍ ഇത്രയേറെ ധൃതിപിടിച്ച് നടപ്പിലാക്കിയത് വിസിയുടെ കാലാവധി തീരാനായതിന്റെ പശ്ചാത്തലത്തിലാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അഭിപ്രായമുണ്ട്. കാലാവധി തീര്‍ത്തു പോകുന്നതിനു മുന്‍പ്, സര്‍വകലാശാലയെ പൂര്‍ണമായും നിയന്ത്രണവിധേയമാക്കുന്ന നിയമങ്ങള്‍ വ്യവസ്ഥ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം. റിസര്‍ച്ച് ഏരിയ അതാത് പഠനവകുപ്പുകള്‍ തെരഞ്ഞെടുക്കുമെന്നല്ല, മറിച്ച് റിസര്‍ച്ച് ടോപ്പിക്കുകള്‍ തന്നെ പഠനവകുപ്പുകള്‍ തെരഞ്ഞെടുക്കുന്ന അവസ്ഥയാണ് വരാന്‍ പോകുന്നതെന്നതിനാല്‍, സര്‍വകലാശാലയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമുണ്ട്.
എന്നാല്‍, ‘നാഷണല്‍’ എന്ന വാക്കു കേട്ടാല്‍ വിറളി പിടിക്കുന്ന ഒരു വിഭാഗമാളുകളാണ് സര്‍ക്കുലറിന്റേ പേരില്‍ വിവാദമുണ്ടാക്കുന്നതെന്നും, യഥാര്‍ത്ഥത്തില്‍ നല്ല ഉദ്ദേശത്തോടെയാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നതുമെന്നാണ് അഡ്മിനിസ്‌ട്രേഷന്റെ വാദം. സാമൂഹ്യശാസ്ത്ര വിഷയങ്ങള്‍ക്കാണ് സര്‍ക്കുലര്‍ കൂച്ചുവിലങ്ങിടാന്‍ പോകുന്നതെന്ന ധാരണ തെറ്റാണെന്നും, മറിച്ച് സയന്‍സ് വിഷയങ്ങളെ മുന്നില്‍ക്കണ്ടാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നതെന്നും, അഡ്മിനിസ്‌ട്രേഷന്‍ വക്താവായ ഡോ. ജി. രാജീവ് പറയുന്നു. “ആവശ്യമില്ലാത്ത വിവാദമാണ് ഇതെല്ലാം. പ്രധാനമായും സയന്‍സ് മേഖലകളെ ഉദ്ദേശിച്ചാണിത് പുറത്തിറക്കിയത്. പ്രധാനമായും ഇപ്പോള്‍ വരുന്ന എല്ലാ പ്രബന്ധങ്ങളും ഔട്ട്ഡേറ്റഡായ വിഷയങ്ങളാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലുമെല്ലാം ചെയ്തിട്ടുള്ള അതേ വിഷയങ്ങളാണ് ഇപ്പോഴും റിസര്‍ച്ചായും പ്രോജക്ടായും ഇവിടെ ചെയ്യുന്നത്. അതു മാറാന്‍ വേണ്ടിയാണ് ഈ നീക്കം. ഉദാഹരണത്തിന്, കാര്‍ഷിക മേഖലയിലെ ഗവേഷണങ്ങള്‍ കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനപ്പെടണം. ഒരാള്‍ ഒരു പ്രോജക്ട് ചെയ്താല്‍ അതിന്റെ ഫലം നേരിട്ട് പൊതുജനത്തിലെത്തണം, രാജ്യത്തിന് പ്രയോജനപ്പെടണം. ഡിഫന്‍സ് സ്റ്റഡീസുമായി ബന്ധപ്പെട്ടൊക്കെ നല്ല പ്രബന്ധങ്ങള്‍ വിദേശ സര്‍വകലാശാലകളില്‍ നിന്നും പുറത്തു വരുമ്പോള്‍, നമ്മളിപ്പോഴും പത്തും ഇരുപതും വര്‍ഷം പുറകിലാണുള്ളത്. ഹ്യൂമാനിറ്റീസിലായാലും, നേരത്തേ പലരും ചെയ്തിട്ടുള്ള വിഷയങ്ങള്‍ തന്നെയാണ് തിരിച്ചും മറിച്ചും ഇപ്പോഴും ആളുകള്‍ ചെയ്യുന്നത്. രാജ്യത്തിന്റെ പുരോഗതിക്ക് സഹായമാകുന്ന വിഷയങ്ങള്‍ തിരിച്ചറിയാനുള്ള നീക്കം വകുപ്പുമേധാവികളുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നേ സര്‍ക്കുലറിലുള്ളൂ. നാഷണല്‍ പ്രയോറിറ്റി എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. നാഷനല്‍ എന്ന വാക്കു കേള്‍ക്കുമ്പോഴേക്കും ആളുകള്‍ തെറ്റിദ്ധരിക്കപ്പെടുകയാണ്. ഇതിനെക്കുറിച്ചുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ വകുപ്പു മേധാവികള്‍ക്ക് കൊടുത്തിട്ടുള്ളതാണ്.”
അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തു നിന്നും ഇത്തരമൊരു വിശദീകരണം ലഭിക്കുന്നുണ്ടെങ്കിലും, എന്താണ് ‘ദേശീയ താത്പര്യ’മെന്നോ, അതു നിശ്ചയിക്കാനുള്ള മാനദണ്ഡമെന്തായിരിക്കുമെന്നോ, ഗവേഷകര്‍ക്ക് വിഷയം തെരഞ്ഞെടുക്കാനുള്ള അവകാശം പൂര്‍ണമായും നഷ്ടപ്പെടുമോയെന്നുമുള്ള കാര്യങ്ങളില്‍ ഒട്ടും വ്യക്തതയില്ല. ഇത്തരം വിഷയങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരണം ലഭിച്ചിട്ടുമില്ല. സയന്‍സ് വിദ്യാര്‍ത്ഥികളെ മാത്രമുദ്ദേശിച്ച് എന്ന് സര്‍ക്കുലറില്‍ പരാമര്‍ശമില്ലാത്തതിനാല്‍ സ്വാഭാവികമായും സാമൂഹ്യശാസ്ത്ര ഗവേഷകര്‍ക്ക് ഇതിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടതായും വരും. കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാളിതുവരെ നടന്നിട്ടുള്ള വിദ്യാര്‍ത്ഥിവിരുദ്ധ നയപ്രഖ്യാപനങ്ങളുടെ ചരിത്രം മുന്നിലുള്ളപ്പോള്‍, വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്ര നിഷ്‌കളങ്കമാണ് പുതിയ സര്‍ക്കുലര്‍ എന്നു കരുതാനും വയ്യ. അന്നപൂര്‍ണയുടെ ഹോസ്റ്റല്‍ സമരം മുതലിങ്ങോട്ട്, വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടികള്‍ മാത്രം കൈക്കൊണ്ടിട്ടുള്ള ഒരു സംഘമാളുകളാണ് കേന്ദ്ര സര്‍വകലാശാലയുടെ തലപ്പത്തുള്ളത്. ജി നാഗരാജു എന്ന ഗവേഷണ വിദ്യാര്‍ത്ഥിയെ ജനല്‍ച്ചില്ലു പൊട്ടിച്ച കുറ്റത്തിന് ബലമായി പൊലീസിനെക്കൊണ്ട് അറസ്റ്റു ചെയ്യിപ്പിച്ചതും, ഈ വിഷയത്തില്‍ അഡ്മിനിസ്‌ട്രേഷനെതിരായി സമൂഹമാധ്യമങ്ങളില്‍ കുറിപ്പെഴുതിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയായ അഖിലിനെയും അധ്യാപകനായ പ്രസാദ് പന്ന്യനെയും നടപടികള്‍ക്ക് വിധേയരാക്കിയതും ഇതേ സര്‍വകലാശാല അധികൃതര്‍ തന്നെയാണ്. എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്ര സര്‍വകലാശാലയുടെ ഇത്തരം നീക്കങ്ങളുമായി ചേര്‍ത്തു വായിക്കേണ്ടതാണ് പുതിയ ദേശീയതാത്പര്യ സര്‍ക്കുലറും.
സംഘപരിവാര്‍ ബന്ധമുള്ള പല സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരും സര്‍വകലാശാലയുടെ തലപ്പത്തിരിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. വിദ്യാര്‍ത്ഥികള്‍ എന്തു പഠിക്കണമെന്നും, എങ്ങനെ പെരുമാറണമെന്നും നിശ്ചയിക്കുന്ന നടപടി ഇവിടെ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും, വിദ്യാര്‍ത്ഥികളെയും പഠനവകുപ്പുകളെയും പ്രത്യേകം പട്ടികപ്പെടുത്തി ഓഡിറ്റ് ചെയ്യുന്നത് തീര്‍ത്തും സാധാരണമായി നടന്നു പോന്നിരുന്നതാണെന്നും ഗവേഷകര്‍ പറയുന്നു- “സര്‍ക്കുലര്‍ വിഷയത്തിലും അധികം എതിര്‍ശബ്ദങ്ങള്‍ ഉയരാനുള്ള സാധ്യത കാണുന്നില്ല. കാരണം, വ്യക്തിപരമായി ആളുകളെ ലക്ഷ്യം വച്ചുകൊണ്ടുള്ള നീക്കങ്ങളാണ് അവിടെ നടക്കുന്നത്. എതിര്‍ത്തു സംസാരിക്കുന്ന ഒരാളുടെ പേരു കിട്ടിക്കഴിഞ്ഞാല്‍ പിന്നെ എന്തു പ്രശ്‌നമുണ്ടായാലും അയാളെ വിളിപ്പിക്കുക, അയാളുടെ സൂപ്പര്‍വൈസറോട് സംസാരിക്കുക എന്നിങ്ങനെയുള്ള പരിപാടികളാണ്. പൊതുമണ്ഡലത്തില്‍ എവിടെയെങ്കിലും അയാള്‍ പിന്നീട് പ്രത്യക്ഷപ്പെടുന്നുണ്ടോ, അയാള്‍ക്കൊപ്പം മറ്റുള്ളവര്‍ കൂടിയിട്ടുണ്ടോ, അയാള്‍ ആരോടെല്ലാം സംസാരിക്കുന്നു എന്നെല്ലാം നിരീക്ഷിക്കും. ചില പഠനവകുപ്പുകളെയും ഇങ്ങനെ പട്ടികപ്പെടുത്തിവച്ചിട്ടുണ്ട്. എല്ലാം സാമൂഹ്യശാസ്ത്ര വകുപ്പുകളാണ്. അവിടങ്ങളില്‍ എന്തെങ്കിലും ഇവന്റുകള്‍ നടന്നാല്‍പ്പോലും അഡ്മിനിസ്‌ട്രേഷന് താല്പര്യമില്ലാത്തതെന്തെങ്കിലുമുണ്ടോ എന്നു ചുഴിഞ്ഞു നോക്കും. പുറമേയ്ക്ക് അറിയില്ലെങ്കിലും പല ഡിപ്പാര്‍ട്ട്‌മെന്റുകളും നേരിടുന്ന പ്രശ്‌നമാണിത്. പ്രതികരിക്കേണ്ട അധ്യാപകര്‍ക്കു പോലും അതിനു സാധിക്കുന്നില്ല. ഇന്‍ക്രിമെന്റ് പോലും തടഞ്ഞുവച്ചുകളയും.”