UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

എം ബി സന്തോഷ്

ന്യൂസ് അപ്ഡേറ്റ്സ്

എടുത്തു തീര്‍ക്കാത്ത ചിത്രംപോലെ നമ്മെ വിട്ടുപോയ എസ്.എസ്.റാം

നാല്പത്തേഴാം വയസ്സിലാണ് എസ്.എസ്.റാം നമ്മെ വിട്ടുപിരിഞ്ഞത്.’കേരളകൗമുദി’ ഫോട്ടോ എഡിറ്റര്‍. അതിനുമുമ്പ് എന്‍.ശങ്കരന്‍കുട്ടിയും എന്‍.എല്‍.ബാലകൃഷ്ണനും ഉള്‍പ്പെടെ പ്രശസ്തരായ ന്യൂസ്‌ഫോട്ടോഗ്രാഫര്‍മാര്‍ ‘കേരളകൗമുദി’യില്‍ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് ഒരാളെ ഫോട്ടോ എഡിറ്റര്‍ എന്ന തസ്തികയില്‍ നിയമിക്കുന്നത്. ‘ഇന്ത്യന്‍ എക്‌സ്പ്രസി’ല്‍ തുടങ്ങി ‘കേരളകൗമുദി’യിലെ രണ്ടുപതിറ്റാണ്ടിലേറെ നീണ്ട ധന്യമായ കര്‍മ്മകാണ്ഡത്തിന് സ്ഥാപനം നല്‍കിയ ഈ അംഗീകാരം ഒരുമാസം മുമ്പാണ് റാമിനെ തേടിയെത്തിയത്.ഫോട്ടോഗ്രഫിയില്‍ റാം സ്വന്തം സ്ഥാനം രേഖപ്പെടുത്തി വരുന്നതിനിടയിലായിരുന്നു വിധി കറുത്ത ചിരി ചിരിച്ചത്.

‘കേരളകൗമുദി’യില്‍ രണ്ടുപതിറ്റാണ്ടുമുമ്പ് ‘മംഗള’ത്തില്‍നിന്ന് സ്റ്റാഫ് റിപ്പോര്‍ട്ടറായി എത്തുമ്പോള്‍ ആഗ്രഹിച്ചിടത്ത് എത്തിയതിന്റെ ആവേശവും സംതൃപ്തിയുമുണ്ടായിരുന്നു. ആദ്യ അസൈന്‍മെന്റ് അന്നത്തെ തിരുവനന്തപുരം ബ്യൂറോചീഫ് ബി.സി.ജോജോ നല്‍കിയത് കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ഫോട്ടോപ്രദര്‍ശനം റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ്. പേരൂര്‍ക്കട മഹാരാജാ സ്റ്റുഡിയോ ഉടമ രാജന്റെ (ഇപ്പോഴത്തെ മഹാരാജാ രാജന്‍) ഫോട്ടോ പ്രദര്‍ശനം. ഉദ്ഘാടനം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ. ഫോട്ടോയും വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്‍.ശങ്കരന്‍കുട്ടി ചീഫ്‌ഫോട്ടോഗ്രാഫര്‍. റാം പുതിയതായെത്തിയ ആള്‍. റാമിനെയാണ് ശങ്കരന്‍കുട്ടി അണ്ണന്‍ ആ ഫോട്ടോ എടുക്കാന്‍ ചുമതലപ്പെടുത്തിയത്. അങ്ങനെ അന്നത്തെ കനകക്കുന്ന് യാത്ര ഞങ്ങള്‍ ഒരുമിച്ച് റാമിന്റെ ബൈക്കില്‍.

അത് ആദ്യ അസൈന്‍മെന്റ് മാത്രമല്ല, ‘കേരളകൗമുദി’യിലെ എന്റെ ആദ്യ ബൈലൈന്‍ സ്റ്റോറിയുടെ പിറവിക്കും കാരണമായി. ആദ്യദിവസംതന്നെ ശ്രദ്ധിക്കപ്പെടുന്ന വാര്‍ത്ത പേരു സഹിതം ഒന്നാം പേജില്‍ വരുന്നതിന് അന്ന് റാമിന്റെ സഹായം വലിയ പങ്ക് വഹിച്ചു. ആ ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം നടക്കുമ്പോള്‍ മറ്റ് മാദ്ധ്യമപ്രവര്‍ത്തകരുമുണ്ടായിരുന്നു. ഉദ്ഘാടനപ്രസംഗത്തില്‍ പഴയകാല നന്‍മയെ പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തന്റെ പഴയൊരു കാറിന് അതുണ്ടാക്കിയ കമ്പനി എത്ര രൂപ വേണമെങ്കിലും തരാമെന്ന് പറഞ്ഞ കാര്യവും സാന്ദര്‍ഭികമായി പരാമര്‍ശിച്ചു. അതില്‍ വലിയൊരു വാര്‍ത്ത ഒളിഞ്ഞുകിടക്കുന്നതായി തോന്നി.

കനകക്കുന്ന് കൊട്ടാരത്തിലെ വാര്‍ത്ത ഓഫീസില്‍ വന്ന ഉടന്‍ എഴുതി നല്‍കി. അതിനുശേഷം കവടിയാര്‍ കൊട്ടാരത്തില്‍ വിളിച്ച് കാറിന്റെ കാര്യം അന്വേഷിച്ചു. ‘അതൊന്നും ഞങ്ങള്‍ക്കറിയില്ല, തമ്പുരാനേ അറിയാവൂ’ എന്ന് പാലസ് സെക്രട്ടറിയുടെ മറുപടി. പട്ടം കൊട്ടാരത്തില്‍ വിളിച്ച് ഉത്രാടം തിരുനാളിന്റെ പ്രൈവറ്റ് സെക്രട്ടറിയോട് ചോദിച്ചപ്പോഴും മറുപടിയില്‍ മാറ്റമില്ല. തമ്പുരാനെ കാണാന്‍ അനുവാദം ചോദിച്ചപ്പോള്‍ രേഖാമൂലം എഴുതി അപേക്ഷിക്കാന്‍ നിര്‍ദ്ദേശം കിട്ടി. ഉത്രാടം തിരുനാള്‍ ഫോണില്‍ വരികയുമില്ല. കല്ലുപിളര്‍ത്താറില്ലെങ്കിലും കല്പനകള്‍ക്ക് കാര്‍ക്കശ്യമുള്ള നാളുകളാണ്. അവിടെ, ‘മണിസ്വാമിയുടെ മകന്‍’ റാം ഇടപെടുന്നു.

മണിസ്വാമിയെന്നാല്‍ ഡോ.എസ്.എസ്. മണി. ആരോഗ്യവകുപ്പില്‍ സിവില്‍ സര്‍ജനായിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍നിന്നാണ് വിരമിച്ചത്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കണ്‍സള്‍ട്ടന്റുമായിരുന്നു. ‘പാവങ്ങളുടെ ഡോക്ടര്‍’ എന്ന വിശേഷണം ലഭിച്ചിരുന്ന അദ്ദേഹം വീട്ടില്‍ വരുന്നവരെ പണം നോക്കിയേ അല്ല ചികിത്സിച്ചത്. പാവങ്ങളാണെങ്കില്‍ കുറിപ്പടി മാത്രമല്ല സാമ്പിളായി കിട്ടിയിരുന്ന മരുന്നും കൈമാറാന്‍ മടിച്ചിരുന്നില്ല. രാജകുടുംബാംഗങ്ങളുടെ ചികിത്സാകാര്യങ്ങളില്‍ അവര്‍ക്ക് വിശ്വാസം മണിസ്വാമിയെ ആയിരുന്നു. അതുകൊണ്ട് ‘പാലസ് ഡോക്ടര്‍’ എന്നും അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് രാജകുടുംബാംഗങ്ങളുമായി ഉറ്റബന്ധമായിരുന്നു.

മണിസ്വാമിയുടെ മകന്‍ ഇടപെട്ടതോടെ മൂന്നുമണിക്ക് പട്ടം കൊട്ടാരത്തില്‍ എത്താന്‍ അനുമതി കിട്ടി. റാമും ഞാനും അവിടെ എത്തി. ആദ്യം പ്രൈവറ്റ് സെക്രട്ടറിയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. പിന്നീട് സാക്ഷാല്‍ ഉത്രാടം തിരുനാള്‍തന്നെ കാര്യങ്ങള്‍ വ്യക്തമാക്കി. ബെന്‍സ് കമ്പനി നിര്‍മ്മിച്ച കാറിന് കോടികള്‍ നല്‍കാന്‍ കമ്പനി തയ്യാറായി. കാരണം അത്രയും പഴയ ഉപയോഗയോഗ്യമായ കാര്‍ ലോകത്തൊരിടത്തുമില്ല. പക്ഷെ, അതിനെ വിട്ടുകൊടുക്കാന്‍ ഉത്രാടം തിരുനാള്‍ തയ്യാറായില്ല. അതോടെ, ബെന്‍സ് കമ്പനി കീര്‍ത്തിമുദ്രകള്‍ നല്‍കി. അതും കാറില്‍ പതിപ്പിച്ചു. പ്രത്യേക ഷെഡില്‍ രാജകീയമായിത്തന്നെ കിടന്നിരുന്ന ബെന്‍സ് കാട്ടിത്തന്നു. കാറും ഉടമയും കൂടിയുള്ള ചിത്രത്തിനായി ശ്രമിച്ചെങ്കിലും ഉത്രാടംതിരുനാള്‍ വഴങ്ങിയില്ല.പകരം കാറിന്റെ പടമെടുക്കാന്‍ അനുവദിച്ചു. ‘രാജവാഹനത്തിന് കോടികളുടെ ഓഫര്‍’ എന്ന തലക്കെട്ടില്‍ ആ വാര്‍ത്ത ചിത്രം സഹിതം ‘കേരളകൗമുദി’യുടെ പിറ്റേന്നത്തെ ഒന്നാം പേജില്‍ ആഘോഷപൂര്‍വ്വം വന്നപ്പോള്‍ അത് റാമുമായുള്ള ഹൃദ്യബന്ധത്തിന്റെ തുടക്കമായിരുന്നു.

മറ്റൊരു അവസരം ഓര്‍മ്മ വരുന്നു – ചാരക്കേസ് വിഷയത്തില്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത് രാത്രിയാണ്. അത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കവേ അപ്രതീക്ഷിതമായി ഒരാളെ മുന്നില്‍ കിട്ടുന്നു – കെ.കുഞ്ഞുരാമ മാരാര്‍. കരുണാകരന്റെ സഹോദരന്‍. അദ്ദേഹം അന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസിലുണ്ട്. മാദ്ധ്യമപ്രവര്‍ത്തകര്‍ കണ്ടെങ്കിലും അവരാരും ശ്രദ്ധിച്ചില്ല. അവരുടെ കണ്‍വെട്ടത്തുനിന്ന് പിറ്റേ ദിവസത്തെ പത്രത്തിന് ഒരു എക്‌സ്‌ക്ലൂസീവ് വാര്‍ത്ത ഒന്നാം പേജിലേക്ക് – ‘രാത്രി രാജി ഞാന്‍ പറഞ്ഞിട്ട്!’ രാത്രി രാജിവച്ചാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും ഉന്നതസ്ഥാനം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞതും വാര്‍ത്തയിലുണ്ടായിരുന്നു. അങ്ങനെതന്നെ സംഭവിച്ചത് പില്‍ക്കാല ചരിത്രം. ഞാന്‍ കുഞ്ഞുരാമമാരാരുമായി സംസാരിക്കുന്നതുകണ്ട് മറ്റാരുടെയും ശ്രദ്ധയില്‍ പെടാതെ അദ്ദേഹത്തെ പകര്‍ത്തുന്ന റാം ഇന്നും എന്റെ മനസ്സിലുണ്ട്.

വി.എസ്. അച്യുതാനന്ദന്റെ എണ്‍പതാം പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തെ സമഗ്രമായി അവതരിപ്പിക്കുന്ന അഭിമുഖം നടത്താന്‍ തീരുമാനിച്ചു. ഞാനും റാമുമായിരുന്നു അവിടെയും കൂട്ടാളികള്‍. പഴയ മര്‍ദ്ദനങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ പെട്ടെന്ന് വി.എസ് കാലുയര്‍ത്തി പൊലീസ് ബയണറ്റ് കുത്തിയിറക്കിയതിന്റെ പാട് കാണിച്ചുതന്നത് റാം പകര്‍ത്തി. അത് അച്ചടിച്ചു വരാത്തതില്‍ റാമിന് ഖേദമുണ്ടായിരുന്നു. എന്നാല്‍, വി.എസ്സിന്റെ മുഴുവന്‍ കുടുംബാംഗങ്ങളെയും ഒരുമിച്ച് വി.എസ്സിനൊപ്പം ക്യാമറക്ക് മുന്നിലെത്തിച്ച് പകര്‍ത്തി ആദ്യമായി പ്രസിദ്ധീകരിച്ചത് റാമായിരുന്നു.ആ ഫോട്ടോ വി.എസ്സിന്റെ വീട്ടുകാര്‍ക്കും ഏറെ ഇഷ്ടപ്പെട്ടു. അതേതുടര്‍ന്ന് അതിന്റെ പ്രിന്റ് റാംതന്നെ അച്ചടിച്ചു കൊണ്ടുവന്നത് ഞങ്ങളിരുവരുംകൂടിയാണ് കന്റോണ്‍മെന്റ് ഹൗസില്‍ പോയി കൈമാറിയത്.

പൊതുവേ നാണംകുണുങ്ങിയായിരുന്നു റാം. ആരുമായും അധികം സംസാരിക്കില്ല. അടുപ്പം നിശ്ശബ്ദമായ ‘കമ്മ്യൂണിക്കേഷന്‍’ ആയിരുന്നു. പരേതനായ സംവിധായകന്‍ ജി.അരവിന്ദന്‍ സുഹൃത്തുക്കളുമായി നിശ്ശബ്ദതയിലൂടെ സംവദിച്ചിരുന്നു എന്നു പലരും എഴുതിയിരുന്നല്ലോ. അപ്പോഴെല്ലാം എന്റെ മനസ്സില്‍ വന്നിരുന്നത് ‘മൂകമായി’ വാചാലനാവുന്ന റാം എന്ന ചങ്ങാതിയായിരുന്നു!

തിരുവനന്തപുരം ബ്യൂറോ ചീഫിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ ഉറച്ച പിന്തുണ നല്‍കിയവരിലൊരാള്‍ റാമായിരുന്നു. എനിക്ക് മുമ്പും പിമ്പും ബ്യൂറോചീഫായിരുന്നവരോടും റാം അങ്ങനെതന്നെയാണ് ഇടപെട്ടത്. ഒരു ഫോട്ടോ വേണമെന്ന് നിര്‍ദ്ദേശിച്ചാല്‍ പിന്നെ അതിനെക്കുറിച്ച് ആലോചിക്കുകയേ വേണ്ട. അത് കൃത്യമായി കിട്ടിയിരിക്കും. സ്പോര്‍ട്‌സായാലും സംഗീതമായാലും പരിസ്ഥിതിയായാലും ചരമഫോട്ടോ ആയാലും ഒന്നിലും വീഴ്ച വരുത്തില്ല. മനുഷ്യന്‍ എന്ന നിലയില്‍ ചില പോരായ്മകള്‍ ഉണ്ടായിട്ടുണ്ട്. അത് തിരിച്ചറിഞ്ഞ് ആദ്യം പറയുന്നതും റാം തന്നെയായിരിക്കും.

ആദ്യകാലങ്ങളില്‍ ഫോട്ടോഗ്രഫി അവാര്‍ഡുകള്‍ക്ക് റാം എന്‍ട്രി അയക്കില്ലായിരുന്നു. പ്രസ് ക്ലബ്ബിന്റെയും സര്‍ക്കാരിന്റെയും അവാര്‍ഡുകള്‍ക്ക് എന്‍ട്രി അയക്കണമെന്ന് നിര്‍ബന്ധിച്ച് അയപ്പിച്ചിട്ടുണ്ട്. അതില്‍ ഒന്നുരണ്ടുതവണയെങ്കിലും റാമിന്റെ അര്‍ഹതപ്പെട്ട ഫോട്ടോകള്‍ തിരസ്കരിക്കപ്പെട്ടതില്‍ സങ്കടം തോന്നുകയും ചെയ്തു.പക്ഷെ, അതൊന്നും ഒരിക്കലും റാമിനെ ബാധിച്ചതേ ഇല്ലായിരുന്നു.

നല്ല പടങ്ങള്‍ കിട്ടുമ്പോള്‍ അഭിനന്ദിക്കുമായിരുന്നു. ലജ്ജ കലര്‍ന്ന ഒരു ചിരിയായിരിക്കും അപ്പോള്‍ റാമിന്റെ പ്രതികരണം. ഏറ്റവും ഒടുവില്‍ റാമിനെ അഭിനന്ദിച്ചത് ഹൈദ്രാബാദിലെ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് എടുത്ത ചിത്രം കണ്ടാണ്. സി.പി.എമ്മിന്റെ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ പോളിറ്റ്ബ്യൂറോ അംഗങ്ങളോടൊപ്പം നിന്ന് എടുത്ത ചിത്രമായിരുന്നു അത്. എല്ലാ ഫോട്ടോഗ്രാഫര്‍മാര്‍ക്കും കിട്ടിയ ചിത്രം. പക്ഷെ, അങ്ങേ അറ്റത്തുനിന്ന പിണറായി വിജയനും ഇങ്ങേ അറ്റത്തുനിന്ന വി.എസ്. അച്യുതാനന്ദനും ക്യാമറയെ മറന്ന് പരസ്പരം നോക്കിയ നിമിഷം കണ്‍തുറന്ന് ഒപ്പിയെടുത്തത് റാമിന്റെ ക്യാമറ മാത്രമായിരുന്നു .പിറ്റേന്നത്തെ ‘കേരളകൗമുദി’യിലെ ഏറ്റവും മികച്ച രാഷ്ട്രീയ വാര്‍ത്ത ആ ചിത്രമായിരുന്നു!

സൗമ്യതയുടെ പുഞ്ചിരിയായിരുന്നു റാമിന്റെ പ്രത്യേകത.ഹൃദയത്തിന്റെ ആഴത്തില്‍നിന്ന് വരുന്നതായിരുന്നു അത്. ആരോടും റാം ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. തിരിച്ച്, റാമിനോടും അരും കോപത്തോടെ സംസാരിക്കുന്നത് കേള്‍ക്കേണ്ടി വന്നിട്ടേയില്ല. കാലുഷ്യമില്ലാത്ത നന്മയായിരുന്നു റാം.

ഉത്രാടത്തിന്റെന്ന് ഉച്ചക്ക് കേസരി സ്മാരകത്തിനു മുന്നില്‍ വച്ചാണ് റാമിനെ ഒടുവില്‍ കണ്ടത്. ലിഫ്റ്റിന് കാത്തുനില്‍ക്കുകയായിരുന്നു. ലിഫ്റ്റ് വരാത്തതിനാല്‍ പടിക്കെട്ട് കയറേണ്ടി വന്നു. ‘മുട്ടുവേദനയുണ്ട്.പിടിക്കണം’ – റാം പറഞ്ഞു.

നേരത്തെ, കിഡ്നി സ്റ്റോണിന്റെ ശല്യമുണ്ടായിരുന്നതിനാല്‍ അതെങ്ങാനുമാണോ എന്ന് ഞാന്‍ ആരാഞ്ഞു. ഇരുപതുകൊല്ലംമുമ്പ് അതിന്റെ വേദന സഹിക്കാനാവാതെ കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ വരേണ്ട അവസ്ഥയുമുണ്ടായി. അന്ന് വിമാനയാത്ര വളരെ അപൂര്‍വ്വമായിരുന്നു.

അതൊന്നുമല്ലെന്നു പറഞ്ഞു കേസരിയിലേക്ക് എന്റെ കൈപിടിച്ച് പടി കയറി വന്ന റാം തിരികെ ലിഫ്റ്റുണ്ടായിട്ടും തിരിച്ചിറങ്ങാന്‍ പ്രയാസമില്ലെന്നു പറഞ്ഞ് നടന്നിറങ്ങുകയായിരുന്നു. അന്നവിടെനിന്ന് ബൈക്കില്‍ കയറി പോയ റാമിനെ രാത്രിയോടെ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. പിറ്റേന്ന്, അഞ്ചര മണിക്കൂര്‍ നീണ്ട അടിയന്തര ശസ്ത്രക്രിയ… പിന്നത്തെ വാര്‍ത്തകള്‍ റാം ജീവിതത്തിലേക്ക് വരുന്നു എന്ന പ്രതീക്ഷയാണ് നല്‍കിയത്. സെപ്തംബര്‍ മൂന്നിന് വന്ന വാര്‍ത്ത ഉറ്റവര്‍ക്കൊന്നും താങ്ങാന്‍ പറ്റുന്നതായിരുന്നില്ല.ഒരു ക്ളിക് അകലത്തില്‍ റാം ഇപ്പോഴും ഇല്ലേ…?

മുമ്പൊരിക്കല്‍ ശ്രീകൃഷ്ണാഷ്ടമിക്ക് റാം എടുത്തു നല്‍കിയ മനോഹരമായ ചിത്രത്തിലേതുപോലെ, പാദമുദ്രകള്‍ ശേഷിപ്പിച്ച് റാം തിരിച്ചുപോയി. കൃഷ്ണാഷ്ടമിക്ക് രണ്ടുനാള്‍ മുമ്പ് റാം ജീവിതത്തില്‍നിന്ന് ചിരിച്ചുകൊണ്ട് മരണത്തിലേക്ക് പോയിരിക്കുന്നു, എടുത്തുതീരാത്ത ഫോട്ടോ പോലെ, എഴുതിത്തീരാത്ത കവിത പോലെ…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍