UPDATES

ട്രെന്‍ഡിങ്ങ്

പിഴവല്ല, ഇത് കുറ്റകൃത്യം: കവിയൂര്‍ കേസില്‍ സിബിഐ ചെയ്തത്‌

തെളിവില്ലാതെ നാരായണന്‍ നമ്പൂതിരി അനഘയെ പീഡിപ്പിച്ചെന്ന് ആവര്‍ത്തിച്ച് ആരോപിച്ച സിബിഐ ഗുരുതര കുറ്റകൃത്യമാണ് ചെയ്തത്‌

കവിയൂര്‍ കേസില്‍ ഇതുവരെയും മുന്നോട്ട് വെക്കാത്ത നിലപാടാണ് ഇന്നലെ സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് റിപ്പോര്‍ട്ടിലും കവിയൂര്‍ കേസില്‍ അച്ഛന്‍ മകളെ പീഡിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച അതേ സിബിഐ അച്ഛന്‍ മകളെ പീഡിപ്പിച്ചുവെന്നതിന് വ്യക്തമായ തെളിവുകളില്ലെന്നും കേസില്‍ ആരോപിതരായ വിഐപികളെക്കുറിച്ച് ഉറപ്പില്ലെന്നുമുള്ള റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു. ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്താല്‍ മൂന്ന് തവണ തുടരന്വേഷണം പ്രഖ്യാപിച്ച കേസിലാണ് ഈ നിരീക്ഷണം ഉണ്ടായിരിക്കുന്നത്. നാരായണന്‍ നമ്പൂതിരിയും കുടുംബവും ഇന്ന് ജീവിച്ചിരുന്നെങ്കില്‍ മാനനഷ്ടക്കേസിന് സിബിഐ കോടതി കയറിയിറങ്ങേണ്ട ഗതി വരുമായിരുന്നു. വ്യക്തമായ തെളിവുകളോ സാക്ഷികളോ ഇല്ലാതെ കഴിഞ്ഞ 14 വര്‍ഷമായി അച്ഛന്‍ മകളെ പീഡിപ്പിച്ചുവെന്ന് ആവര്‍ത്തിക്കുകയായിരുന്നു അവര്‍ ചെയ്തത്. ഒരുപക്ഷേ നാരായണന്‍ നമ്പൂതിരി ജീവിച്ചിരുന്നെങ്കില്‍ ഈ 14 വര്‍ഷവും തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള പരിശ്രമങ്ങളിലായിരുന്നിരിക്കാം അദ്ദേഹം.
രാജ്യത്തെ ഉന്നതമായ അന്വേഷണ ഏജന്‍സിയുടെ ഭാഗത്ത് നിന്നാണ് ഇത്തരം നിരുത്തരാവാദിത്വപരമായ വീഴ്ചകള്‍ ഉണ്ടാകുന്നതെന്നത് ശ്രദ്ധിക്കേണ്ടത്. ഒന്നിലേറെ തവണ ശാസ്ത്രീയമായ തെളിവുകള്‍ ആവശ്യപ്പെട്ടു കൊണ്ട് കോടതി റിപ്പോര്‍ട്ടുകള്‍ തള്ളുകയും നാലാം തവണ മാത്രം പിതാവ് പീഡിപ്പിച്ചതിന് തെളിവുകളില്ലെന്ന ബോധം വരുന്നതുമെങ്ങനെയാണ്? അത്രയേറെ നിഷ്‌ക്രിയരായ ഉത്തരവാദിത്വമില്ലാത്ത ഒരു ഏജന്‍സിയാണോ സിബിഐ എന്നതാണ് ഇവിടെയുണ്ടാകുന്ന ചോദ്യം.

2004 സെപ്തംബര്‍ 28ന് കവിയൂര്‍ ക്ഷേത്രത്തിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ക്ഷേത്രപൂജാരി നാരായണന്‍ നമ്പൂതിരിയെയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷം ഗൃഹനാഥനായ നാരായണന്‍ നമ്പൂതിരി തൂങ്ങിമരിച്ച നിലയിലാണ് ശരീരങ്ങള്‍ കണ്ടെത്തിയത്. ഭാര്യ ശോഭന, മക്കളായ അനഘ(15), അഖില(7), അക്ഷയ്(5) എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ അനഘ പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയതോടെയാണ് കേസില്‍ അന്വേഷണങ്ങള്‍ ശക്തിപ്പെട്ടത്.

കിളിരൂര്‍ കേസിലെ ലതാ നായര്‍ അനഘയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ലതാ നായരിലേക്ക് അന്വേഷണങ്ങള്‍ നീണ്ടു. നാരായണന്‍ നമ്പൂതിരിയുടെ മകളെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാക്ക് നല്‍കി ലത നായര്‍ പലര്‍ക്കും അനഘയെ കാഴ്ച വെച്ചിരുന്നുവെന്നായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്. കേസില്‍ വിഐപികളുടെ പങ്കിനെക്കുറിച്ചും ചില ആരോപണങ്ങള്‍ ഉണ്ടായിരുന്നു. സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി, മുന്‍ മന്ത്രി എം.എ ബേബിയുടെ മകന്‍ അശോക്, കോട്ടയം പൊലീസ് സൂപ്രണ്ടായിരുന്ന ഗോപിനാഥ്, ചലച്ചിത്ര നിര്‍മാതാവ് സജി നന്ത്യാട്ട്, മുന്‍മന്ത്രി പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍, ക്രൈം വാരിക എഡിറ്റര്‍ നന്ദകുമാര്‍ എന്നിവരെല്ലാം കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു അന്ന് ഉയര്‍ന്നിരുന്ന ആരോപണം. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കാനുള്ള പരിശോധനകള്‍ നടക്കുകയോ തെളിവുകള്‍ ശേഖരിക്കപ്പെടുകയോ ചെയ്തില്ല. അതിനിടയില്‍ കേസില്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും, അനഘയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നല്‍കി രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തുള്ളവരും ഉന്നത പൊലീസുദ്യോഗസ്ഥരും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും കാണിച്ച് ശ്രീലേഖ എന്ന പെണ്‍കുട്ടി ഹൈക്കോടതി ജഡ്ജിയായിരുന്ന ആര്‍. ബസന്തിന് കത്തയച്ചു. എന്നാല്‍ കേസന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു കാണിച്ച് അയച്ച കത്തിനെക്കുറിച്ച് അന്വേഷണം നടന്നില്ല. എന്തുകൊണ്ട് കത്തിനെക്കുറിച്ച് അന്വേഷണമുണ്ടായില്ലയെന്ന് കോടതി അന്വേഷണ സംഘത്തോട് ആരാഞ്ഞിരുന്നു.

പിന്നീടാണ് അനഘ അനവധി തവണ പീഡനങ്ങള്‍ക്കിരയായിരുന്നുവെന്നും, അനഘയുടെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി തന്നെയാണ് കുട്ടിയെ ഉപദ്രവിച്ചതെന്നും സി.ബി.ഐ സംഘത്തിന്റെ കണ്ടെത്തല്‍ ഉണ്ടായത്. എന്നാല്‍ ഇതിന് ശാസ്ത്രീയ തെളിവുകളൊന്നും സിബിഐയുടെ പക്കല്‍ ഉണ്ടായിരുന്നില്ല. സിബിഐയുടെ ഈ കണ്ടെത്തല്‍ തെറ്റാണെന്നും അതിനാല്‍ തന്നെ ഇത് ഒഴിവാക്കണമെന്നും ഇത്തരം കണ്ടെത്തല്‍ കുടുംബത്തിന് മാനഹാനി ഉണ്ടാക്കുന്നതാണെന്നും കാണിച്ച്‌ അനഘയുടെ ഇളയച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അക്കാലത്ത് തന്നെ ഹര്‍ജി നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഹര്‍ജി ഭാഗികമായി അംഗീകരിച്ചു കൊണ്ട് കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അതേസമയം ക്രൈം നന്ദകുമാറും സിപിഐഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും എംഎബേബിയും നല്കിയിരുന്ന ഹര്‍ജികള്‍ കോടതി തള്ളുകയും ചെയ്തിരുന്നു.

അനഘ കൊല്ലപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായെന്നതായിരുന്നു കവിയൂര്‍ കേസില്‍ സിബിഐ ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട്. തുടര്‍ന്ന് സമര്‍പ്പിച്ച രണ്ട് റിപ്പോര്‍ട്ടുകളിലും ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് തൊട്ട് ഇവര്‍ വീടിന് പുറത്ത് പോയിട്ടില്ലെന്നും ആരും വീട്ടിലേക്ക് വന്നിട്ടില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടി. അതിനാല്‍ നാരായണന്‍ നമ്പൂതിരിയാണ് മകളെ പീഡിപ്പിച്ചതെന്ന കണ്ടെത്തലില്‍ സിബിഐ എത്തുകയായിരുന്നു. ശാസ്ത്രീയമായ തെളിവുകളുടെ പിന്‍ബലമില്ലാത്ത ഈ രണ്ട് റിപ്പോര്‍ട്ടുകളും കോടതി തള്ളുകയും തുടരന്വേഷണത്തിന് വിധിക്കുകയുമായിരുന്നു.

എന്നാല്‍ ഇന്നലെ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുന്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് വ്യക്തമാക്കിയിരുന്നത്. മകളെ അച്ഛന്‍ പീഡിപ്പിച്ചതായി വ്യക്തമായ തെളിവില്ലെന്നാണ് സിബിഐ ഇപ്പോള്‍ പറയുന്നത്. ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റെന്തെങ്കിലും ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നതിന് തെളിവുകളൊന്നുമില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം 30തിന് സിബിഐ റിപ്പോര്‍ട്ട് കോടതി പരിഗണിക്കും.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍