UPDATES

പോസിറ്റീവ് സ്റ്റോറീസ്

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പാഠപുസ്തകങ്ങള്‍ വേനലവധിക്ക് മുന്നേ സ്കൂളുകളില്‍; ഭരണത്തിന്റെ 1000 ദിനങ്ങള്‍ ആഘോഷിക്കുന്ന സര്‍ക്കാരിന് പൊന്‍തൂവല്‍

വരുന്ന അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പ്രതിസന്ധിയിലാണെന്നും വൈകുമെന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ ഊഹങ്ങള്‍ മാത്രമെന്ന് വിദ്യാഭ്യാസ വകുപ്പ്

പാര്‍വതി

പാര്‍വതി

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പാഠപുസ്തകങ്ങള്‍ വേനലവധിക്ക് മുന്‍പേ വിതരണം ചെയ്തു വിദ്യാഭ്യാസ വകുപ്പ്. ഏപ്രില്‍ 15നകം എല്ലാ സ്കൂളുകളിലും പുസ്തകം എത്തിക്കും. എറണാകുളം എസ് ആർ വി സ്കൂളിൽ കേരള ബുക്ക്സ് ആൻഡ് പുബ്ലിക്കേഷൻ സൊസൈറ്റി സിഎം ഡി ഡോക്ടർ കെ. കാർത്തിക്ക് കുട്ടികൾക്ക് പുസ്തകം നൽകി ഫെബ്രുവരി 14നാണ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചത്.

വരുന്ന അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പ്രതിസന്ധിയിലാണെന്നും വൈകുമെന്നുമുള്ള മാധ്യമ വാര്‍ത്തകളെ തള്ളിക്കളഞ്ഞുകൊണ്ട് പാഠപുസ്തക വിതരണം ആരംഭിക്കാന്‍ കഴിഞ്ഞത് 1000 ദിവസം ആഘോഷിക്കാന്‍ ഒരുങ്ങുന്ന ഇടതുപക്ഷ സര്‍ക്കാരിന് നേട്ടമാണ്. സർക്കാർ അച്ചടി കടലാസിന് പൈസ നൽകുന്നില്ലെന്നും വൻകുടിശ്ശിക മൂലം പുസ്തക അച്ചടി പൂർണ്ണമായി മുടങ്ങാനിടയുണ്ടെന്നും കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ കുട്ടികൾ പുസ്തകമില്ലാതെ പഠിക്കേണ്ടി വരുമെന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ വസ്തുതകൾ അറിയാതെയുള്ള ഊഹങ്ങൾ എന്ന് പറഞ്ഞു നിഷേധിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ലോകസഭ തിരഞ്ഞെടുപ്പ് അടുത്തതിനാൽ പുസ്തകം അച്ചടിക്കാത്തത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും അതിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും കാണിച്ച് പുസ്തകങ്ങളുടെ അച്ചടി ചുമതലയുള്ള കേരള ബുക്ക്സ് ആൻഡ് പുബ്ലിക്കേഷൻ സൊസൈറ്റി (കെബിപിഎസ്) സർക്കാരിന് കത്ത് നൽകിയെന്നാണ് വർത്തയിലുള്ളത്. സർക്കാർ സ്ഥാപനങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന കേവല ധാരണ പോലുമില്ലാതെയുള്ള വാര്‍ത്ത എഴുത്താണ് ഇതെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആരോപിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുതലുള്ള പേപ്പർ വാങ്ങിയ ഇനത്തിലെ കുടിശ്ശിക ഈ സർക്കാരാണ് അടച്ചുവരുന്നത്. ആദ്യഘട്ടത്തിലെ 23 കോടിയോളം രൂപയിൽ 10 കോടി രൂപ മാത്രമേ സർക്കാർ അടച്ചിട്ടുള്ളൂ എന്നത് വസ്തുതയാണ്. 13 കോടി രൂപ കുടിശ്ശിക ഉണ്ടെന്നറിയിക്കാൻ സ്വാഭാവികമായും കെബിപിഎസ് കത്തയച്ചിട്ടുമുണ്ട്. സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് അങ്ങനെയാണ്. 13 കോടി രൂപ ഉടന്‍ തന്നെ കൊടുക്കും. മൂന്നു ഘട്ടമായി അച്ചടി പൂർത്തീകരിക്കുമ്പോൾ ഘട്ടം ഘട്ടമായാണ് പൈസ കൊടുക്കുന്നത്. കെബിപിഎസിന് ഉത്തരവാദിത്തമില്ല, സർക്കാർ പ്രതിരോധത്തിലാകും എന്ന് പറയുന്നത് ഭാവന മാത്രമാണ്. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അഴിമുഖത്തോടെ വ്യക്തമാക്കി.

യഥാർത്ഥ വസ്തുതകൾ വിവരിച്ചുകൊണ്ട് ഫെബ്രുവരി 13നു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്;

“അടുത്ത അധ്യയന വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും വൈകുമെന്ന് ചില മാധ്യമങ്ങൾ പ്രവചനം നടത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. യഥാർത്ഥ വസ്തുതകൾ എന്താണെന്നുകൂടി അറിയുവാൻ ശ്രമിക്കുന്നത് ഉചിതമായിരിക്കും. സംസ്ഥാനത്തെ 12964 സർക്കാർ/എയ്ഡഡ് സ്കൂളുകളും 1090 അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളും ഓൺലൈൻ വഴി ആവശ്യമായ പാഠപുസ്തകങ്ങൾക്ക് ഇൻറൻറ് നൽകിയിട്ടുണ്ട്. ഒന്നാം വാല്യമായി 288 ഉം രണ്ടാം വാല്യമായി 186 ഉം മൂന്നാം വാല്യമായി 66 ടൈറ്റിലുകളുമാണ് അച്ചടിക്കേണ്ടത്. ആകെ എണ്ണം 3256 3500. ഇവ അച്ചടിച്ച് വിതരണം ചെയ്യാനുള്ള ഉത്തരവ് നൽകിക്കഴിഞ്ഞു. 2 മുതൽ 9 വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങൾ വാർഷിക പരീക്ഷ തീരുന്ന മുറയ്ക്കും, 10-ാം ക്ലാസിലേക്കുള്ള പാഠപുസതകങ്ങൾ 9-ാം ക്ലാസിലെ വാർഷിക പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന മുറയ്ക്കും വിതരണം ചെയ്യാനാണ്, മുൻ വർഷത്തെപ്പോലെ ഈ വർഷവും, ലക്ഷ്യമിട്ടിരിക്കുന്നത്. നിശ്ചിത സമയത്ത് തന്നെ 3292 സ്കൂൾ സൊസൈറ്റികൾ വഴി പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിക്കഴിഞ്ഞു.”

പാഠപുസ്തക വിതരണം നടന്നതായി അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു.

“ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു. പാഠപുസ്തക വിതരണത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം എറണാകുളത്ത് നടന്നു. ഇതോടെ തുടർച്ചയായ രണ്ടാം വർഷവും വേനലവധിക്കു മുമ്പ് അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ കുട്ടികളുടെ കയ്യിൽ എത്തുകയാണ്.

മൂന്നു ഭാഗങ്ങളായാണ് പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നത്. ഒന്നാമതായി 3.25 കോടി പാഠപുസ്തകങ്ങൾക്കുള്ള അച്ചടി ഓർഡറാണ് കെ ബി പി എസിന് നൽകിയിരിക്കുന്നത്. ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ പാഠപുസ്തക അച്ചടി പൂർത്തിയായി. 6 മുതൽ 10 വരെ പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുന്നു.

പാഠപുസ്തകങ്ങളെല്ലാം ഏപ്രിൽ 15നകം എല്ലാ സ്കൂളുകളിലും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പാഠപുസ്തകങ്ങൾ വിതരണ കേന്ദ്രങ്ങളിൽ നിന്നും സ്കൂൾ സൈറ്റുകളിലേക്ക് കെബിപിഎസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് എത്തിക്കുക.”

3.25 കോടി പുസ്തകങ്ങൾ ആവശ്യമുള്ള ആദ്യഘട്ടത്തിൽ 1.49 കോടി പുസ‌്തകങ്ങൾ വിതരണത്തിനെത്തി. ആറു മുതൽ 10 വരെ ക്ലാസുകളിലെ പുസ‌്തകങ്ങളുടെ അച്ചടി 20 ദിവസത്തിനുള്ളിൽ പൂർത്തിയാകും. ഒന്‍പതാം ക്ലാസ്സിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചാലുടൻ തന്നെ പാഠപുസ്തകം കുട്ടികളുടെ കയ്യില്‍ എത്തും. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സർക്കാരിന് കത്തയച്ചതിനെക്കുറിച്ച് അറിവില്ല എന്നാണ് കെബിപിഎസ് ഉദ്യോഗസ്ഥന്‍ അഴിമുഖത്തോട് പ്രതികരിച്ചത്.

പാര്‍വതി

പാര്‍വതി

അഴിമുഖം സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍