UPDATES

കെ.സി വേണുഗോപാലെന്ന രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനെ തളയ്ക്കാന്‍ ആരിഫിന് അരൂരിലെ ഭൂരിപക്ഷം മതിയാകുമോ?

പ്രഗത്ഭരുടെ കാലിടറിയിട്ടുള്ള മണ്ഡലത്തില്‍ കെ സി വേണുഗോപാലിന് ഇക്കുറി കാലിടറുമോ? ആരിഫിനെ സ്ഥാനാര്‍ഥിയാക്കാനുള്ള എല്‍ഡിഎഫ് തീരുമാനം ഇതിനുള്ള സാധ്യതയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത്.

കെ.സി വേണുഗോപാലും എ.എം ആരിഫും നേര്‍ക്കുനേര്‍; ആലപ്പുഴയുടെ തിരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. ഇരുവരും മത്സരത്തിനെത്തുമ്പോള്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നത് ഗ്ലാമര്‍ മത്സരം. ഇടത് ശക്തി കേന്ദ്രമായ ആലപ്പുഴ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതിനൊപ്പം നില്‍ക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഇത് മാറിമറിയുകയും ചെയ്തിരുന്ന കാഴ്ചയാണ് കഴിഞ്ഞ കാലങ്ങളില്‍ കണ്ടത്. പ്രഗത്ഭരുടെ കാലിടറിയിട്ടുള്ള മണ്ഡലത്തില്‍ കെ സി വേണുഗോപാലിന് ഇക്കുറി കാലിടറുമോ? ആരിഫിനെ സ്ഥാനാര്‍ഥിയാക്കാനുള്ള എല്‍ഡിഎഫ് തീരുമാനം ഇതിനുള്ള സാധ്യതയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത്.

രാഷ്ട്രീയത്തിലാണെങ്കിലും പൊതുഇടപെടലുകളിലാണെങ്കിലും ഏതാണ്ട് സമാന പ്രവര്‍ത്തനശൈലി പുലര്‍ത്തുന്നവരാണ് കെ സി വേണുഗോപാലും എ എം ആരിഫും. ജനങ്ങളുടെ ഇടയില്‍ ഏതാണ്ട് തുല്യമായ സ്വീകാര്യതയാണ് ഇരുവര്‍ക്കുമുള്ളത്. എന്നാല്‍ സാമുദായിക വോട്ടുകള്‍ ഗതി നിര്‍ണ്ണയിക്കുന്ന മണ്ഡലത്തില്‍ ആര് വാഴും, ആര് വീഴും എന്നതാണ് ചോദ്യം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സി ബി ചന്ദ്രബാബുവിനെ മത്സരിപ്പിച്ചത് കെ സി വേണുഗോപാലിന് ഈസി വാക്ക് ഓവര്‍ നല്‍കാനുള്ള ഒത്തുകളിയായി വിമര്‍ശനമുയര്‍ന്നിരുന്നു. എ എം ആരിഫിനെ കെ സിക്കെതിരെ ഇറക്കണമെന്ന ആവശ്യം അന്ന് ശക്തമായിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന സമയമായതിനാല്‍ ശക്തനായ സ്ഥാനാര്‍ഥിയെ കെ സിയ്‌ക്കെതിരെ ഇറക്കിയാല്‍ വിജയം സുനിശ്ചിതമാണെന്ന് നേതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ചില മുതിര്‍ന്ന നേതാക്കള്‍ ആരിഫിന്റെ പേര് വെട്ടി. പകരം സി ബി ചന്ദ്രബാബുവിനെ കളത്തിലിറക്കി. ദുര്‍ബല സ്ഥാനാര്‍ഥിയായാണ് ചന്ദ്രബാബുവിനെ തുടക്കം മുതല്‍ കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ചന്ദ്രബാബുവിനോടുള്ള മത്സരം കെ സി വേണുഗോപാലിനെ വെള്ളം കുടിപ്പിച്ചു. ഇരുപതിനായിരത്തില്‍ താഴെ വോട്ടുകള്‍ക്ക് മാത്രമായി കെ സി വേണുഗോപാലിന്റെ വിജയം ഒതുങ്ങി.

എന്നാല്‍, ഡല്‍ഹി രാഷ്ട്രീയത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നേടിയ ഞെട്ടിക്കുന്ന വളര്‍ച്ചയുമായാണ് യുഡിഎഫ് സ്ഥാനാര്‍ഥി പട്ടികയില്‍ ഒന്നാമതുള്ള കെ.സി വേണുഗോപാല്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ സജീവമാകുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ വക്താവായി നിന്ന് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കെ.സി വേണുഗോപാല്‍ അവിടെയും പിന്നാലെ മധ്യപ്രദേശ്‌, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ നേടിയ കോണ്‍ഗ്രസിന്റെ വിജയത്തോടെ സംഘടനാ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി നിയമിതനായി. കോണ്‍ഗ്രസിന്റെ പരമോന്നത സഭയായ പ്രവര്‍ത്തക സമിതിയിലെ കോര്‍ കമ്മിറ്റിയിലും അംഗമാണ് കെ.സി.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാബിനറ്റ് റാങ്കോടെ മന്ത്രിയാവാനുള്ള പ്രഥമപട്ടികയില്‍ തന്നെ കെ.സി ഇടം നേടുകയും ചെയ്തിട്ടുണ്ട്. ഈയൊരു സാധ്യത വോട്ടര്‍മാര്‍ക്കിടയില്‍ ഉയര്‍ത്തിക്കാട്ടി കെ.സിയെ വിജയിപ്പിക്കാനാവുമെന്ന പ്രതീക്ഷ തന്നെയാണ് നിലവില്‍ യുഡിഎഫ് കേന്ദ്രത്തിലുള്ളത്. കെ സിക്കായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഒരു മാസം മുമ്പ് തന്നെ തുടങ്ങിക്കഴിഞ്ഞു. തുടര്‍ച്ചയായി മൂന്ന് തവണ ആലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ വിജയിച്ചിട്ടുള്ള കെ.സി പിന്നീട് രണ്ട് തവണ ലോക്സഭയിലും വിജയിച്ചു. മന്‍മോഹന്‍ സിങ്ങിന്റെ രണ്ടാം യുപിഎ സര്‍ക്കാരില്‍ ഊര്‍ജ്ജ സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുള്ള കെ.സി സോളാര്‍ വിഷയത്തില്‍ ആരോപണ വിധേയനായതോടെ കടുത്ത മത്സരം തന്നെയാണ് കഴിഞ്ഞ തവണ നേരിട്ടത്. കെ.എസ് മനോജിനെതിരെ അമ്പതിനായിരത്തിലധികം വോട്ടുകള്‍ നേടി വിജയിച്ച കെ.സി കേന്ദ്രമന്ത്രി പദത്തിലെ തിളക്കത്തോടെ മത്സരിച്ചപ്പോള്‍ ഭൂരിപക്ഷത്തില്‍ മുപ്പതിനായിരം വോട്ടുകളുടെ കുറവുണ്ടാവാന്‍ സോളാര്‍ വിവാദം പ്രധാന കാരണമായതായാണ് വിലയിരുത്തപ്പെട്ടത്.

എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ കെസിക്ക് വളര്‍ച്ചയുണ്ടായിട്ടുണ്ടെങ്കിലും അതിന്റെ പ്രതിഫലനം മണ്ഡലത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് അഭിപ്രായപ്പെടുന്നവര്‍ ഏറെയാണ്. അതാണ് കെ സിക്ക് മുന്നില്‍ പ്രധാന വെല്ലുവിളിയായി നില്‍ക്കുന്നതും. മണ്ഡലത്തില്‍ കെ സി പരാജയമാണെന്ന തരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ തന്നെ കാമ്പയിന്‍ തുടങ്ങുകയും ചെയ്തു. മൂന്നാമതും ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍ ഉയര്‍ത്തിക്കാട്ടാന്‍ പാകത്തിന് വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ ഇല്ല എന്നതാണ് കെ സി നേരിടുന്ന പ്രധാന ആരോപണം. എന്നാല്‍ സോളാര്‍ വിവാദങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് രാഷ്ട്രീയ വളര്‍ച്ച കൈവരിച്ച കെ സിയെ ഇത്തവണയും വിജയിപ്പിക്കാനാവുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് ക്യാമ്പിലുള്ളവര്‍ക്ക്. അതേസമയം കെ സി യുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് തന്നെ അമര്‍ഷമുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഈ എതിര്‍പ്പ് വില്ലനാവുമോ എന്നും കെ സി അനുകൂലികള്‍ ഭയക്കുന്നു.

എന്നാല്‍ കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ ഇറക്കി വിജയം ഉറപ്പിക്കാനാണ് എല്‍ഡിഎഫ് നീക്കം. ക്ലീന്‍ ഇമേജുമായാണ് എ എം ആരിഫിന്റെ രംഗപ്രവേശം. അരൂര്‍ എംഎല്‍എയായ ആരിഫിന് മണ്ഡലത്തിലും പുറത്തും നല്ല ഇമേജ് ആണുള്ളത്. എംഎല്‍എയായിരിക്കെ മണ്ഡലത്തിനായി ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ച് തന്നെയായിരിക്കും ആരിഫിനായുള്ള കാമ്പയിന്‍ തുടങ്ങുകയെന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യം മുതല്‍ ആരിഫിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. കെ സി സ്വന്തം അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന ന്യൂനപക്ഷ സമുദായ വോട്ടുകള്‍ പിടിക്കാന്‍ ആരിഫിന് കഴിയുമെന്ന പ്രതീക്ഷയാണ് പാര്‍ട്ടിക്കുള്ളത്. കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്നത്. ഇതില്‍ കരുനാഗപ്പള്ളി, കായംകുളം, അമ്പലപ്പുഴ, ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളില്‍ ആരിഫിന് വ്യക്തമായ ഭൂരിപക്ഷം നേടാനാവുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. ഒന്നര ലക്ഷത്തോളം വരുന്ന മുസ്ലിം സമുദായ വോട്ടുകള്‍ കെ സി യില്‍ നിന്ന് ആരിഫിലേക്കെത്തിക്കാന്‍ കഴിയുമെന്ന അടിയുറച്ച വിശ്വാസം നേതാക്കള്‍ക്കുമുണ്ട്. ലത്തീന്‍ കത്തോലിക്കാ വോട്ടുകള്‍ ഏറെയുള്ള ആലപ്പുഴ മണ്ഡലം കെ സിയ്‌ക്കൊപ്പം നിന്നാലും മറ്റിടങ്ങളില്‍ ആരിഫിന് അനുകൂല തരംഗമുണ്ടാക്കാനാവുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. എന്നാല്‍ ഹിന്ദു സവര്‍ണ വോട്ടുകള്‍ കെ സിയുടെ കുത്തകയാണ്. ഇതില്‍ ഇത്തവണയും കാര്യമായ മാറ്റങ്ങള്‍ വരാനിടയില്ല എന്നാണ് വിലയിരുത്തല്‍. ശബരിമല യുവതീ പ്രവേശന വിഷയത്തോടെ എന്‍എസ്എസ് നിലപാട് കടുപ്പിച്ചതിനാല്‍ അതും കെ സിയ്ക്ക് ഇരട്ടി ഗുണമാവും. എന്നാല്‍ താമര ചിഹ്നത്തില്‍ ബിജെപി സ്ഥാനാര്‍ഥി തന്നെ ആലപ്പുഴയില്‍ മത്സരിച്ചാല്‍ അത് ഏറ്റവുമധികം ദോഷം ചെയ്യുക കെ സി വേണുഗോപാലിനായിരിക്കും.

നിയമസഭ തെരഞ്ഞെടുപ്പില്‍ അരൂരില്‍ 38,519 വോട്ടിന്റെ ഭൂരിപക്ഷമാണ് ആരിഫ്‌ നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. സി.ആര്‍ ജയപ്രകാശ് 46,201 വോട്ടുകളും ബിഡിജെഎസ് സ്ഥാനാര്‍ഥി അനിയപ്പന്‍ 27753 വോട്ടുകളും നേടിയപ്പോള്‍ 84,720 വോട്ടുകളാണ് ആരിഫിനു ലഭിച്ചത്. അതായത്, കെ സി കഴിഞ്ഞ തവണ വിജയിച്ചത് 19,407 വോട്ടിനാണെങ്കില്‍ ആരിഫിന് അരൂരില്‍ മാത്രം ലഭിച്ച 38,519 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. ഏഴു നിയമസഭ മണ്ഡലങ്ങളില്‍ ഹരിപ്പാട് ഒഴിച്ച് ആറെണ്ണത്തിലും ഇടതുപക്ഷമാണ് വിജയിച്ചതും. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വലംകൈ എന്ന വമ്പന്‍ ഇമേജ് കെ സിയെ തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്തായാലും കെ സിയും ആരിഫും ഏറ്റുമുട്ടുമ്പോള്‍ ഇരുവരുടേയും ഗ്ലാമര്‍ രാഷ്ട്രീയ കളികള്‍ തന്നെയാവും തിരഞ്ഞെടുപ്പിലും കാണാനാവുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍