UPDATES

ട്രെന്‍ഡിങ്ങ്

കീഴാറ്റൂരില്‍ സിപിഎം ‘നാടുകാവലി’ന്; വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി ബിജെപിയും

24-ന് സിപിഎം മാര്‍ച്ച്, 25-ന് വയല്‍ക്കിളികളുടെയും ബിജെപിയും മാര്‍ച്ച്

‘വയല്‍ക്കിളി’കളെ പ്രതിരോധിക്കാന്‍ സിപിഎമ്മിന്റെ ‘നാടുകാവല്‍’. മാര്‍ച്ച് 25ന് വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ ബഹുജന പ്രകടനം നടത്താനിരിക്കെയാണ് സിപിഎമ്മിന്റെ പുതിയ തന്ത്രം. ‘പുറത്തുനിന്നുള്ളവര്‍’ എത്തി കീഴാറ്റൂരിനെ സംഘര്‍ഷ ഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് കീഴാറ്റൂര്‍ ജനകീയ സംരക്ഷണ സമിതി എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിക്കാനും നാടിന് ‘കാവല്‍ നില്‍ക്കാനു’മാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സിപിഎമ്മും വയല്‍ക്കിളികളും തമ്മിലുള്ള തുറന്ന പോരിനാണ് കീഴാറ്റൂര്‍ സാക്ഷ്യം വഹിക്കുക എന്നാണ് പൊതുവെ വിലയിരുത്തല്‍. എന്നാല്‍ തങ്ങള്‍ ഇതിനെ കോമഡി സമരമായിട്ടേ കാണുന്നുള്ളൂ എന്നാണ് വയല്‍ക്കിളി നേതാവ് സുരേഷ്‌ കീഴാറ്റൂര്‍ പ്രതികരിച്ചത്. 25-ന് കീഴാറ്റൂരില്‍ നിന്ന് കണ്ണൂരേക്ക് മാര്‍ച്ച് നടത്തുമെന്ന് ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ വയലുകളിലൂടെ റോഡ് നിര്‍മ്മാണം നടത്തുന്നതിനെതിരെയാണ് ‘വയല്‍ക്കിളി’കള്‍ സമരം ചെയ്യുന്നത്. ഒന്നര വര്‍ഷമായി തുടര്‍ന്നുവരുന്ന സമരവും പ്രതിരോധങ്ങളും പലപ്പോഴും സിപിഎമ്മിനും സര്‍ക്കാരിനും തലവേദനയായിരുന്നു. കഴിഞ്ഞയാഴ്ച ബൈപ്പാസിനായി സ്ഥലമേറ്റെടുക്കല്‍ ജോലികള്‍ക്കായി റവന്യൂ ഉദ്യോഗസ്ഥര്‍ കീഴാറ്റൂരിലെത്തിയതോടെ സമരത്തിന് പുതിയമാനങ്ങള്‍ കൈവന്നു. മണ്ണെണ്ണയും പെട്രോളും ശരീരമാസകലം ഒഴിച്ച് ആത്മഹത്യാസമരം നടത്തിയ വയല്‍ക്കിളികളുടെ സമരം കേരളത്തിലെ ജനങ്ങളെയാകെ ഞെട്ടിച്ചു. തുടര്‍ന്ന് സമരപ്പന്തല്‍ കത്തിച്ചതിന് പിന്നില്‍ സിപിഎം ആണെന്ന ആരോപണവും ശക്തമായിരുന്നു. എന്നാല്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ സമരക്കാരെ തള്ളിപ്പറയുകയും സമരം ചെയ്യുന്നവര്‍ വയല്‍ക്കിളികളല്ല, വയല്‍ക്കഴുകന്‍മാരാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. സമരം അനാവശ്യമാണെന്നും കീഴാറ്റൂരിലൂടെ തന്നെ റോഡ് നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും ഉറച്ച നിലപാടെടുത്തു. ഇതോടെ വയല്‍ക്കിളികളെ പ്രതിരോധിക്കാന്‍ പ്രത്യക്ഷ സമരങ്ങളുമായി രംഗത്തിറങ്ങാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

മാര്‍ച്ച് 24ന് കീഴാറ്റൂരിലെ ജനങ്ങളെ സംഘടിപ്പിച്ച് തളിപ്പറമ്പിലേക്ക് മാര്‍ച്ച് നടത്താനാണ് സിപിഎം തീരുമാനം. കീഴാറ്റൂര്‍ ജനകീയ സംരക്ഷണ സമിതി എന്ന കൂട്ടായ്മയ്ക്ക് തളിപ്പറമ്പില്‍ ചേരുന്ന യോഗത്തില്‍ രൂപം നല്‍കും. പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ ഏത് രീതിയിലാവണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും കീഴാറ്റൂരിലെ ജനങ്ങളുടെ സ്വാസ്ഥ്യം കെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരുതരത്തിലും അനുവദിക്കില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി പി. മുകുന്ദന്‍ പറഞ്ഞു. സിപിഎമ്മിന്റെ സമാന്തരസമരം എന്ന് ഇതിനെ വ്യാഖ്യാനിക്കുകയും വേണ്ട എന്നാണ് മുകുന്ദന്റെ നിലപാട്. “ഇത് ബദല്‍ സമരം ഒന്നുമല്ല. ബദല്‍ ആണെങ്കില്‍ അത് എന്നേ ആവാമായിരുന്നു. ഇപ്പോള്‍ വിഷയം കീഴാറ്റൂരിന് പുറത്തുള്ളവര്‍ സമരക്കാര്‍ക്കൊപ്പം ചേര്‍ന്ന് ഇവിടേക്കെത്തുന്നു എന്നതാണ്. ഈ നാടിന്റെ സ്വസ്ഥത തന്നെയാണ് ഞങ്ങള്‍ക്ക് വലുത്. കീഴാറ്റൂരിന്റെ സ്വാസ്ഥ്യം കെടുത്തുന്നതിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സിപിഎം നേതൃത്വം നല്‍കുക. കീഴാറ്റൂര്‍ ജനകീയ സംരക്ഷണ സമിതി അതിനായി രൂപീകരിക്കുന്നതാണ്. ഇവിടെ ഇപ്പോള്‍ അളവ് പൂര്‍ത്തിയാക്കി സര്‍വേക്കല്ലുകള്‍ പാകിയിട്ടുണ്ട്. ഇനി ഇവര്‍ അനുവദിച്ചാലും ഇല്ലെങ്കിലും, ഭൂമി വിട്ടുനല്‍കിയാലും ഇല്ലെങ്കിലും റോഡ് വരും. പക്ഷെ പുറത്തുനിന്ന് വരുന്നവരെ ഉള്‍പ്പെടുത്തി സമരം ചെയ്യാന്‍ അനുവദിക്കില്ല. അവര്‍ മാര്‍ച്ച് നടത്തുന്നത് 25നാണ്. ഞങ്ങള്‍ അതിന് മുമ്പ് 24-ന് തളിപ്പറമ്പിലേക്ക് മാര്‍ച്ച് നടത്തും. അവിടെ വച്ച് ജനകീയ സംരക്ഷണ സമിതിയും പ്രവര്‍ത്തനമാരംഭിക്കും. റോഡ് നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനല്‍കിയ അമ്പത്തിയാറ് ഭൂവുടമകളും കീഴാറ്റൂരിലെ ജനങ്ങളും ഞങ്ങള്‍ക്കൊപ്പം കീഴാറ്റൂരില്‍ നിന്ന് തളിപ്പറമ്പിലേക്കുള്ള പ്രകടനത്തില്‍ പങ്കെടുക്കും. ഇതില്‍ കീഴാറ്റൂരിലുള്ളവര്‍ മാത്രമേയുണ്ടാവൂ. ഇവിടെയുള്ളവര്‍ക്ക് സമാധാന ജീവിതം ഉണ്ടാവണം. അതിനായി നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും പാര്‍ട്ടിനേതാക്കളും പങ്കെടുക്കും. 25ന് പുറത്തുനിന്നെത്തുന്നവരും അവരുടെ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. സംഘര്‍ഷത്തിനൊന്നും പോകില്ലെങ്കിലും ഞങ്ങള്‍ അടുത്തുള്ള കേന്ദ്രങ്ങളില്‍ തന്നെയുണ്ടാവും“, മുകുന്ദന്‍ പറഞ്ഞു.

കീഴാറ്റൂരിലെ അസ്വസ്ഥതകള്‍; എന്താണ് യാഥാര്‍ത്ഥ്യം?

25ന് വയല്‍ക്കിളികള്‍ തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് നടത്തുന്ന പ്രകടനത്തില്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരുമടക്കം രണ്ടായിരം പേര്‍ പങ്കെടുക്കുമെന്നാണ് സമരക്കാര്‍ കണക്കാക്കുന്നത്. സുരേഷ് കീഴാറ്റൂരിന്റെ പ്രതികരണം ഇങ്ങനെ: “നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ വക്താക്കളായാണ് സിപിഎം നിലനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കീഴാറ്റൂരില്‍ കണ്ടതും അത് തന്നെയാണ്. ഈ കാര്യത്തില്‍ പാര്‍ട്ടി ഒറ്റപ്പെട്ടിരിക്കുന്നു. അതിനെ മറികടക്കാനായാണ് ഇത്തരം കോമഡി സമരങ്ങളുമായി അവര്‍ വരുന്നത്. വയല്‍ നികത്താന്‍ കരാര്‍ കൊടുത്തിട്ട് അതിനുവേണ്ടി സമരം ചെയ്യുക എന്ന് പറഞ്ഞാല്‍ അതിലും വലിയ കോമഡിയുണ്ടോ?”

ഇതിനിടെ വയല്‍ക്കിളി സമരത്തിന് പിന്തുണയറിയിച്ച് ബിജെപിയും രംഗത്തെത്തി. മുമ്പ് തന്നെ ബിജെപി സമരത്തിന് പിന്തുണയറിയിച്ചിരുന്നെങ്കിലും ഇന്നലെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പിന്തുണ തുറന്ന് പ്രഖ്യാപിക്കുകയും 25ന് വയല്‍ക്കിളികള്‍ നടത്തുന്ന പ്രകടനത്തില്‍ പങ്കുചേരുമെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ സമരക്കാരുടെ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് സിപിഎം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പരിസ്ഥിതി സംരക്ഷണം എന്ന ബിജെപി നയത്തിന്റെ ഭാഗമായാണ് കീഴാറ്റൂരിലെ വയല്‍ക്കിളികളെ പിന്തുണക്കുന്നതെന്നും ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സത്യപ്രകാശ് പറയുന്നു: “കീഴാറ്റൂരിലെ പാരിസ്ഥിതിക പ്രശ്‌നം തന്നെയാണ് ഏറ്റവും വലുത്. റോഡ് വരുന്നതോടെ അവിടുത്തെ കൃഷി മേഖല തന്നെ ഉന്‍മൂലനം ചെയ്യപ്പെടും. ബിജെപിക്ക് വ്യക്തമായ കാര്‍ഷിക നയവും പാരിസ്ഥിതിക നയവുമുണ്ട്. വികസനത്തെക്കുറിച്ചും കാഴ്ചപ്പാടുണ്ട്. അതിനനുസരിച്ചാണ് ഇവിടെ ഇടപെടുന്നത്. വേട്ടക്കാരനോടൊപ്പം ഓടുകയും ഇരയോടൊപ്പം ഇരിക്കുകയും ചെയ്യുന്ന സമീപനം എന്തായാലും ബിജെപിക്കില്ല. മഹാരാഷ്ട്രയില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിട്ട്, കീഴാറ്റൂരിലെ വയല്‍ക്കിളികളെ തള്ളിപ്പറയുക എന്ന സിപിഎമ്മിന്റെ സമീപനം എന്തായാലും ബിജെപി സ്വീകരിക്കില്ല. പാര്‍ട്ടിഗ്രാമമായ കീഴാറ്റൂരില്‍ സിപിഎം എടുക്കുന്ന നിലപാട് എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സിപിഎം ജില്ലാ നേതൃത്വവും ഭൂമാഫിയയും വന്‍കിടക്കാരും ഉള്‍പ്പെട്ട ഒത്തുകളിയുടെ ഭാഗമാണ് ഈ ധാര്‍ഷ്ട്യം. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രിയേയും ഗതാഗത മന്ത്രിയേയും കാണുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് ജില്ലാ ഘടകം ഇതില്‍ നിന്ന് പിന്നോട്ടില്ല”.

സിപിഎം സ്വയം കുഴി തോണ്ടിക്കോളൂ; പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നന്ദിഗ്രാമാക്കാന്‍ കുമ്മനം അരികിലുണ്ട്

തങ്ങളെ പിന്തുണക്കുന്നവര്‍ ആരായാലും, അത് ബിജെപി ആയാലും അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് സമരനേതാവ് മനോഹരന്‍ പ്രതികരിച്ചു: “ഒരു ജനകീയ സമരമാവുമ്പോള്‍ പലരും അതിന് പിന്തുണയറിയിക്കും. ഞങ്ങള്‍ക്ക് പിന്തുണയറിയിച്ച് ബിജെപിയെത്തിയാലും മറ്റ് ആരെത്തിയാലും ഞങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കും. ഇത് ഒരു ജനാധിപത്യ രാഷ്ട്രമായതിനാല്‍ കീഴാറ്റൂരിലുള്ളവര്‍ മാത്രമേ ഇവിടെ വരാന്‍ പാടുള്ളൂ എന്ന് ആര്‍ക്കും പറയാനാവില്ല. ഇപ്പോള്‍ പുറത്തു നിന്ന് സമരത്തിനാളെത്തുമെന്ന് പറഞ്ഞാണ് അവരുടെ പുതിയ നീക്കം. മാര്‍ച്ച് നടത്തിയാല്‍ അവരത് നടത്തിയിട്ട് പോവും. അല്ലാതെ അത് ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നമേയല്ല. ബിജെപി അവരുടെ കൂടെയുണ്ട്, അല്ലെങ്കില്‍ മറ്റാരെങ്കിലും അവരുടെ കൂടെയുണ്ടെന്ന് പറഞ്ഞ് കീഴാറ്റൂരില്‍ മറ്റാരും പ്രവേശിക്കരുതെന്ന് പറയുന്നത് ഒരു പുതിയ നയമാണ്. ആരെങ്കിലും പാര്‍ട്ടിഗ്രാമത്തില്‍ പ്രവേശിച്ചാല്‍ അത് തടയുമെന്നായിരിക്കും. പക്ഷെ ഈ തീരുമാനത്തിന് വലിയ വിലകൊടുക്കേണ്ടി വരുമെന്ന് അവര്‍ക്ക് പിന്നീട് മനസ്സിലായിക്കോളും”.

കേന്ദ്രസര്‍ക്കാരില്‍ ഇടപെടല്‍ നടത്തി ബൈപ്പാസ് അലൈമന്റ് മാറ്റാനായാല്‍ അത് ബിജെപിക്ക് പാര്‍ട്ടി ഗ്രാമത്തിലേക്കുള്ള വാതില്‍ തുറക്കുക കൂടിയാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഇത് കീഴാറ്റൂരിന്റെ ജാനുക്കിളി; നമ്പ്രാടത്ത് ജാനകി; അരിവാള്‍ പിടിച്ചു തഴമ്പിച്ച സ്ത്രീ

കീഴാറ്റൂര്‍ സമരക്കാര്‍ സിപിഎം വിരുദ്ധരുടെ ഏജന്റുമാര്‍-മന്ത്രി ജി സുധാകരന്‍ സംസാരിക്കുന്നു

കീഴാറ്റൂരിലേക്ക് പരിസ്ഥിതി പ്രവര്‍ത്തകരെ അടുപ്പിക്കില്ല: സിപിഎം ചെക്ക് പോസ്റ്റ് സ്ഥാപിച്ചെന്ന് വയല്‍ക്കിളികള്‍

ലോംഗ് മാര്‍ച്ചില്‍ നിന്നുള്ള ഊര്‍ജ്ജം ധാര്‍ഷ്ട്യമാവരുത്; കീഴാറ്റൂരില്‍ നിന്നും സിപിഎം പഠിക്കേണ്ടത്

ഇന്നാണ് നന്ദിഗ്രാം വെടിവയ്പ്പിന്റെ വാര്‍ഷികം, മാര്‍ക്‌സിന്റെ ചരമദിനവും: വയല്‍ക്കിളികള്‍ ജീവന്മരണ പോരാട്ടത്തിലേക്ക്‌

ഇടത് ഭരണക്കാലത്ത് വയലില്‍ ബൂട്ടിട്ട കാലുകള്‍ എത്തിയെങ്കില്‍ ഭരണം പരാജയമാണ്; വയല്‍ക്കിളികള്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍