UPDATES

ഇത് കീഴാറ്റൂരിന്റെ ജാനുക്കിളി; നമ്പ്രാടത്ത് ജാനകി; അരിവാള്‍ പിടിച്ചു തഴമ്പിച്ച സ്ത്രീ

ബൈപാസ് പദ്ധതിക്കു വേണ്ടി സ്ഥലമേറ്റെടുക്കുന്നതിനെതിരെ വയല്‍ക്കിളികളുടെ സമരത്തിന്റെ മുന്‍നിരയിലുള്ള ആളാണ്‌ നമ്പ്രാടത്ത് ജാനകി

കീഴാറ്റൂര്‍ വയല്‍ ആത്മഹത്യാ സമരത്തിന് സാക്ഷിയായതിന്റെ തൊട്ടടുത്ത ദിവസം. വയലില്‍ പലയിടങ്ങളിലായി കൂനകൂട്ടിയ കറ്റകള്‍ അടുക്കിവെച്ച് തലച്ചുമടായി കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് നമ്പ്രാടത്ത് ജാനകി. ജാനു ഏച്ച്യേ… ചാനല്കാറ് വിളിക്ക് ന്ന്… നല്ല ഉടുപ്പെല്ലാം ഇട്ടൂടേര്‌ന്നോ… അടുത്ത വീട്ടിലെ ചേച്ചിയുടെ ചോദ്യത്തിന്, ഞാന്‍ കര്‍ഷക തൊഴിലാളിയാന്ന്… ഇതാന്ന് എന്റെ വേഷം എന്നായിരുന്നു ജാനകിയുടെ മറുപടി. കഴിഞ്ഞ ദിവസം നടന്ന പൊലീസ് അറസ്റ്റോ, ആത്മഹത്യാഭീഷണിയോ ഒന്നും ഈ എഴുപത് പിന്നിട്ട സ്ത്രീയെ ബാധിച്ചിട്ടേ ഇല്ല. ഒരു മുണ്ടും ഷര്‍ട്ടും തലയില്‍ ഒരു ചുവന്ന തൊപ്പിയുമായിരുന്നു അവരുടെ വേഷം. പ്രായാധിക്യം അത്രകണ്ട് ബാധിച്ചിട്ടില്ലാത്ത, മണ്ണിന്റെ മണമറിഞ്ഞ, അരിവാള്‍ പിടിച്ച് തഴമ്പിച്ച സ്ത്രീ… അതാണ് അവര്‍.

“എന്റെ പന്ത്രണ്ടാമത്തെ വയസ് മുതല്‍ പിടിച്ചിട്ട് ഈട തൊഴിലാളിയായിറ്റിണ്ട്. അച്ഛനും, അമ്മയും കര്‍ഷകത്തൊഴിലാളികളേനും. ഈ വയലിലൂട ഓടി നടന്ന്, ഈ തോട്ടിലും, കുളത്തിലുമെല്ലാം കളിച്ചുനടന്ന ബാല്യകാലം. ഞാനെന്റെ മക്കളെ പോറ്റിയതും അങ്ങനെയെന്നെ. ഈ വയലിന്റെ ഓരത്താന്ന് എന്റെ വീട്. ജനിച്ച് വീണ കാലം മുതല്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഞങ്ങളുടെ വയല് പോക്വാന്ന് പറഞ്ഞാ നെഞ്ചിങ്ങനെ… പൊട്ട്ന്ന്… ഈ കീഴാറ്റൂരില്‍ നിന്നാണ് വരള്‍ച്ച കൂടുമ്പോള്‍ തളിപ്പറമ്പ് നഗരത്തിലേക്ക് വെള്ളം എത്തിക്കുന്നത്. കഴിഞ്ഞ തലമുറ ഈ വയല് നനമ്മക്ക് തന്നിന്. അതെനി നമ്മളെ മക്കളെ ഏല്‍പ്പിക്കാനാകണം. കുടിവളളത്തിനായി ഈ നാട്ടിലെ ജനങ്ങള്‍ക്കാര്‍ക്കും ഒരുകാലത്തും ഏതെങ്കിലുമൊരു പൈപ്പ് ലൈന്‍ വെള്ളത്തെ ആശ്രയിക്കേണ്ട ഗതിവരരുത്. അതിന് വേണ്ടി മരണം വരെയും സമരം ചെയ്യും. ഇവിടെ സ്ഥലം അളന്നിനല്ലേ ഉള്ളൂ… എനി എന്ത് തന്നെ ആയാലും ഇത് വഴി, ഈ വയല് നശിപ്പിക്കുന്ന ഒരു റോഡ് നമ്മക്ക് വേണ്ട. അതിന് വെരാന്‍ സമ്മതിക്കൂല നമ്മള് വയല്‍ക്കിളികള്”, ജാനകിയുടെ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യം തെളിഞ്ഞുകാണാം.

“കഴിഞ്ഞ ആറാം തീയ്യതി അളവിന് വെച്ചതേനും. തൃച്ചംബരം അമ്പലത്തില്‍ ഉത്സവം ആയോണ്ട്, അയന് എടങ്ങാറാകാണ്ടിരിക്കാന്‍ അത് മാറ്റിവെച്ചു. ഉത്സവം കഴിഞ്ഞ് മാര്‍ച്ച് 20ാം തീയ്യതി സ്ഥലം അളക്കും എന്ന് പിന്നെ പറഞ്ഞിന്. ഇരുപതിന് അളക്കല്‍ ദിവസത്തിന് വേണ്ടി ഞങ്ങള് കാത്തിരുന്ന്. അതിനിടെയാന്ന് ചൊവ്വാഴ്ച രാത്രി 10.30ന് ഞങ്ങക്ക് വിവരം കിട്ടിയത്, ബുധനാഴ്ച സ്ഥലം അളക്കുമെന്ന്. ആ സമയത്ത് സമരപ്പന്തലിലും മറ്റും പൊലീസുകാരെത്തി. വിവരം കിട്ടിയതോണ്ട് ഞങ്ങളാരും അങ്ങോട്ട് പോയില്ല. പിറ്റേന്ന് രാവിലെ നമ്മളെല്ലാം സമരത്തിന് വേണ്ടി ഒരുങ്ങി. പല ദിക്കിലും വൈക്കോലും പുല്ലും കൂട്ടി കത്തിച്ചിറ്റ് മണ്ണെണ്ണയും എടുത്തിട്ട് ഞാന്‍, സുരേശന്‍, മനോഹരന്‍ ഞങ്ങ ആത്മഹത്യ ചെയ്യാന്‍ പോയതാന്ന്. ആത്മഹത്യ ചെയ്യും എന്ന് തന്നെയായിരുന്നു. എടക്ക് മനോഹരന്‍ കത്തിക്കാന്‍ നിന്നപ്പെ, ഞാന്‍ കൈ പിടിച്ച്. ആയിറ്റില്ല… ഇത് എന്താവുംന്ന് നോക്കാം നമ്മക്ക്ന്ന് പറഞ്ഞ്. ഞാന്‍ എന്നരം ആത്മഹത്യയ്ക്ക് നോക്കീറ്റില്ല. പക്ഷേ ഞാനൊന്ന് നോക്കി, പത്രക്കാരെല്ലം കാണണം എന്ന് ഉള്ളോണ്ട്… കുറേ നേരം അകന്ന് നിന്ന പോലീസ് ഞാന്‍ തീകൊടുത്താന്‍ നോക്കിയപ്പൊ എന്റെ കയ്യീന്ന് മണ്ണെണ്ണക്കുപ്പീം ലാമ്പും തട്ടിപ്പറച്ച്. അറസ്റ്റ് ചെയ്ത് കൊണ്ട് പോകുമ്പം ഞാന്‍ ആട്ന്ന് നിന്നട്ക്ക്ന്ന് അനങ്ങീല. പൊലീസ് എന്നെ എട്ത്തിറ്റാന്ന് കൊണ്ടോയിന്. അവരെന്നെ ഉപദ്രവിച്ചില്ല. എല്ലാരെയും 9.30ഓടെ സ്‌റ്റേഷനില്‍ നിന്നും പുറത്തു വിട്ടു”- നമ്പ്രാടത്ത് ജാനകി തുടരുന്നു.

“കഴിഞ്ഞ ദിവസം വയലിന്ന് മൂരുമ്പം (കൊയ്ത്ത്) സിപിഎമ്മിന്റെ മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.പി പ്രകാശന്‍ എന്നോട് പറഞ്ഞ്, നീ കുമ്മനം രാജശേഖരന് കഞ്ഞിവെക്കാനല്ലേ പോകുന്ന്… ഈ വയലിന്ന് മൂര്‍ന്നറ്റ്..ന്ന് (കൊയ്തിട്ട്). അങ്ങനെ കഞ്ഞിവെച്ച് കൊടുത്താല് അടുത്ത ദിവസം എന്റെ വധശിക്ഷ നടപ്പാക്കുമെന്ന് അവന്‍ കല്‍പ്പിച്ചു. അങ്ങനെ കുറേ ചീത്ത പറയുകയും അടിക്കാനും തല്ലാനും വന്നപ്പോള്‍ സമരപ്പന്തലില്‍ ആളുകളുണ്ടായിരുന്നു. ഒച്ചകേട്ടിട്ട് അവരെല്ലം വന്നു. എന്റെ കൂടെ ഇണ്ടായ രണ്ട് പെണ്ണിങ്ങള് സാക്ഷിയും പറഞ്ഞു.

ഇടത് ഭരണക്കാലത്ത് വയലില്‍ ബൂട്ടിട്ട കാലുകള്‍ എത്തിയെങ്കില്‍ ഭരണം പരാജയമാണ്; വയല്‍ക്കിളികള്‍

സമരത്തിന് ഐക്യദാര്‍ഢ്യം പറഞ്ഞ് പലരും എത്തിത്തുടങ്ങിയതോടെ ഞങ്ങളെ മാവോയിസ്റ്റ് എന്ന് പറയാന്‍ തുടങ്ങി. അത് സിപിഎമ്മുകാര്‍ തന്നെയാണ് പറഞ്ഞ് പരത്തിയത്. പിന്ന ഒരു അഞ്ചെട്ട് പ്രാവശ്യം ചാനലുകളില്‍ മാറി മാറി ഞാന്‍ ഇതിനപ്പറ്റി പറഞ്ഞരം ആ വിളി നിന്നിന്. ഞങ്ങളെ അറസ്റ്റ് ചെയ്ത സമയം നോക്കീറ്റ് അവര് നമ്മളെ സമരപ്പന്തല് കത്തിച്ചു. നമ്മളെ കൂടെ എന്തിനും ഏതിനും ഉണ്ടായിരുന്ന നാട്ടുകാറ് ഇപ്പം ബയ്യോട്ടാന്ന്. അവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. കര്‍ഷക തൊഴിലാളികളുടെ ജാഥയ്ക്കും മാര്‍ച്ചിനും പരിപാടികള്‍ക്കും എല്ലം പാര്‍ട്ടിക്കാറ് വിളിക്കലിണ്ട്. പക്ഷേങ്കില് ഞാനങ്ങനെത്ത പരിപാടിക്കൊന്നും പോകലില്ലേനും, ഇനി ഒരിക്കലും പോകൂലാ”– ജാനകി പറയുന്നു.

വയല്ന്ന് പറഞ്ഞാ ജാനകിയേച്ചിക്ക് അമ്മയോ അച്ഛനോ മക്കളോ പോലെയാണ്. അതുകൊണ്ടാണ് ഈ വിഷയം ചര്‍ച്ച ചെയ്ത് തുടങ്ങിയപ്പോള്‍ മുതല്‍ അവര്‍ സജീവ സാന്നിധ്യമായി, സമരത്തിന്റെ കേന്ദ്രബിന്ദുവായി കൂടെ നില്‍ക്കുന്നതെന്ന് സമരത്തിനു നേതൃത്വം കൊടുക്കുന്നവരില്‍ ഒരാളായ സുരേഷ് കീഴാറ്റൂര്‍ പറയുന്നു.

കീഴാറ്റൂര്‍ സമരക്കാര്‍ സിപിഎം വിരുദ്ധരുടെ ഏജന്റുമാര്‍-മന്ത്രി ജി സുധാകരന്‍ സംസാരിക്കുന്നു

വയലുകള്‍ കവര്‍ന്നെടുക്കാന്‍ സര്‍ക്കാരും മറ്റും കോപ്പുകൂട്ടുമ്പോള്‍ പ്രതിരോധിക്കാന്‍ ചിറകുകള്‍ സജ്ജമാക്കുകയാണ് വയല്‍ക്കിളികള്‍. വലിയ പ്രതിരോധങ്ങള്‍ക്ക് കേരള സമൂഹം ഇനിയും സാക്ഷികളാകുമെന്നതാണ് ജാനകിയെപ്പോലുള്ളവരുടെ വാക്കുകള്‍ തെളിയിക്കുന്നത്.

സിപിഎം സ്വയം കുഴി തോണ്ടിക്കോളൂ; പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നന്ദിഗ്രാമാക്കാന്‍ കുമ്മനം അരികിലുണ്ട്

ലോംഗ് മാര്‍ച്ചില്‍ നിന്നുള്ള ഊര്‍ജ്ജം ധാര്‍ഷ്ട്യമാവരുത്; കീഴാറ്റൂരില്‍ നിന്നും സിപിഎം പഠിക്കേണ്ടത്

വയല്‍ നികത്തിയുള്ള ബൈപാസ് നിര്‍മ്മാണം; കണ്ണൂര്‍ കീഴാറ്റൂരില്‍ സിപിഎം ഭീഷണിക്ക് വഴങ്ങാതെ വയൽക്കിളികള്‍ വീണ്ടും സമരത്തിന്

ടി പി ക്ക്‌ പിന്നാലെ വയല്‍കിളികളും; സിപിഎമ്മില്‍ കുലംകുത്തികള്‍ പെരുകുന്നു

ഇന്നാണ് നന്ദിഗ്രാം വെടിവയ്പ്പിന്റെ വാര്‍ഷികം, മാര്‍ക്‌സിന്റെ ചരമദിനവും: വയല്‍ക്കിളികള്‍ ജീവന്മരണ പോരാട്ടത്തിലേക്ക്‌

കീഴാറ്റൂരിലേക്ക് പരിസ്ഥിതി പ്രവര്‍ത്തകരെ അടുപ്പിക്കില്ല: സിപിഎം ചെക്ക് പോസ്റ്റ് സ്ഥാപിച്ചെന്ന് വയല്‍ക്കിളികള്‍

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍