UPDATES

കീഴാറ്റൂരില്‍ ഭൂമി ‘പിടിച്ചെടുക്കാ’നുറച്ച് വയല്‍ക്കിളികള്‍; വിജയിക്കില്ലെന്ന് സിപിഎം

അവസാനം വരെയും സമരം തുടരുമെന്ന് ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും, കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ഒരു യാഥാര്‍ത്ഥ്യമായി ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ ചൂണ്ടിക്കാട്ടുന്നു

ശ്രീഷ്മ

ശ്രീഷ്മ

കീഴാറ്റൂരില്‍ ബൈപ്പാസിനായി സ്ഥലമേറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനത്തിനു മറുപടിയായി സമരനടപടികള്‍ കടുപ്പിക്കാനുള്ള നീക്കത്തിലുറച്ച് വയല്‍ക്കിളികള്‍. ബൈപ്പാസിന്റെ അലൈന്‍മെന്റില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന ബിജെപിയുടെ വാഗ്ദാനത്തിനു കടകവിരുദ്ധമായി, കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഭൂമിയുടെ ഉടമസ്ഥന്‍മാര്‍ക്ക് രേഖകള്‍ ഹാജരാക്കാനും ഹിയറിങ്ങിനെത്താനുമുള്ള തീയതികളടക്കം നിര്‍ദ്ദേശിക്കുന്നതായിരുന്നു വിജ്ഞാപനം. എന്നാല്‍, സമരപരിപാടികളുമായി സര്‍ക്കാരിനെതിരെ മുന്നോട്ടു നീങ്ങാന്‍ തന്നെയാണ് വയല്‍ക്കിളികളുടെ തീരുമാനം.

വിജ്ഞാപനത്തെക്കുറിച്ചും തുടര്‍നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ചേര്‍ന്ന ഐക്യദാര്‍ഢ്യസമിതിയുടെ യോഗത്തിലാണ് സമരപരിപാടികള്‍ കടുപ്പിക്കാന്‍ തീരുമാനമുണ്ടായത്. ‘പാരിസ്ഥിതിക കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരില്‍ ഡിസംബര്‍ മുപ്പതിനാണ് സമരനടപടി ആസൂത്രണം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി പ്രതീകാത്മകമായി പിടിച്ചെടുക്കുക എന്ന സമരമുറയില്‍, ദേശീയ തലത്തിലുള്ള നേതാക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്താന്‍ ശ്രമിക്കുന്നതായി വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ പറയുന്നു. മേധാ പട്കര്‍, സ്വാമി അഗ്നിവേശ്, അരുന്ധതി റോയ് തുടങ്ങിയവരെ സമരത്തിന്റെ ഭാഗമായി കീഴാറ്റൂരിലെത്തിക്കാനും ശ്രമമുണ്ട്. സമരത്തിനു മുന്നോടിയായി ഡിസംബര്‍ ഒന്‍പതിനു വിളിച്ചു ചേര്‍ക്കുന്ന കണ്‍വെന്‍ഷനില്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ പ്രധാന പരിസ്ഥിതി പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കും. ‘പ്രളയാനന്തര കേരളത്തില്‍ ഒരു തുണ്ടു നെല്‍വയലോ തണ്ണീര്‍ത്തടമോ വിട്ടുതരാനാവില്ല’ എന്ന മുദ്രാവാക്യമാണ് വയല്‍ക്കിളികള്‍ തുടര്‍സമരങ്ങളുടെ ഭാഗമായി മുന്നോട്ടു വയ്ക്കുന്നത്.

“സമരപരിപാടികളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് യോഗത്തില്‍ എടുത്ത തീരുമാനം. ഈ ഡിസംബര്‍ മുപ്പതിന് വയലിലിറങ്ങി വയല്‍ പ്രതീകാത്മകമായി പിടിച്ചെടുത്ത് സമരം നടത്തും. വയല്‍ വിട്ടു കൊടുക്കില്ലെന്നു തന്നെ ഞങ്ങള്‍ പ്രഖ്യാപിക്കും. സമരസമിതിക്കാര്‍ മാത്രമല്ല, ഇതില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കുന്ന എല്ലാവരേയും ചേര്‍ത്തു നിര്‍ത്തിയുള്ള സമരമായിരിക്കും ഡിസംബറിലേത്. തുടര്‍ന്നും പല സമരങ്ങള്‍ നടത്തും. അതിലൊന്നു മാത്രമാകും പിടിച്ചെടുക്കല്‍ സമരം. കേന്ദ്ര സര്‍ക്കാരിനു വേണമെങ്കില്‍ ഇനിയും ഡീനോട്ടിഫൈ ചെയ്യാവുന്നതേയുള്ളൂ. അതിനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ എടുക്കണം.

കീഴാറ്റൂരില്‍ ഈ ബൈപാസ് പദ്ധതി കൊണ്ടുവന്നത് സംസ്ഥാന സര്‍ക്കാരാണ്. സ്ഥലമേറ്റെടുത്തു കൊടുക്കുന്നതിന്റെ എല്ലാ ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാരിനാണ്. വിജ്ഞാപനം ഇറക്കുക എന്നതു മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം. ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോടും ശക്തമായി ഏറ്റുമുട്ടുക തന്നെ ചെയ്യും. കേരളത്തില്‍ ഇനി വരാന്‍ പോകുന്നതിതാണ്. എല്ലാ വയലുകളും നികത്തപ്പെടും. കീഴാറ്റൂര്‍ മാതൃകയില്‍ ഉണ്ടാകുന്ന എല്ലാ സമരങ്ങള്‍ക്കും ഇത് ഊര്‍ജ്ജമാകട്ടെ. ഇനി വരാന്‍ പോകുന്ന സര്‍ക്കാരുകളും കാണട്ടെ”, സമരത്തില്‍ സജീവമായ മനോഹരന്‍ പറയുന്നു.

വയല്‍ സംരക്ഷിക്കാനായി അവസാനം വരെയും സമരം തുടരുമെന്ന് ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും, കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ഒരു യാഥാര്‍ത്ഥ്യമായി ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന് സുരേഷ് കീഴാറ്റൂര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പിടിച്ചെടുക്കല്‍ സമരത്തിനു നേരിടേണ്ടി വന്നേക്കാവുന്ന പ്രതിബന്ധങ്ങളെക്കുറിച്ച് സുരേഷ് പറയുന്നതിങ്ങനെ: “കേന്ദ്ര സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു എന്നതാണ് വാസ്തവം. കൃഷിക്കാരന്‍ രേഖ സമര്‍പ്പിച്ചാലുമില്ലെങ്കിലും, ഈ അന്തിമ വിജ്ഞാപനത്തോടു കൂടി ഇതൊരു യാഥാര്‍ത്ഥ്യമായി നമ്മുടെ മുന്‍പിലെത്തിക്കഴിഞ്ഞു. ഇനിയെന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍, കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കുക എന്നതു മാത്രമാണ്. ഈ ഘട്ടത്തില്‍ അവരത് ചെയ്യില്ല എന്നുമുറപ്പാണ്. കീഴാറ്റൂര്‍ പോലൊരു സമരത്തില്‍ സമരക്കാര്‍ പറയുന്നിടത്തേക്ക് കാര്യങ്ങളെത്തിച്ചു കഴിഞ്ഞാല്‍ അത് അവര്‍ക്കു വലിയ ക്ഷീണം ചെയ്യും. റോഡിനപ്പുറത്തേക്ക് വലിയ കോര്‍പ്പറേറ്റു താല്‍പര്യമാണ് ഈ വിഷയത്തിലുള്ളതെന്നറിയാമല്ലോ. ഇവിടെ അയഞ്ഞാല്‍, കേരളത്തില്‍ പല സ്ഥലങ്ങളിലായി നടക്കുന്ന സമാനമായ സമരങ്ങളെ അതു ശക്തിപ്പെടുത്തും എന്നവര്‍ക്കറിയാം.

എങ്കിലും, കീഴടങ്ങാന്‍ ഞങ്ങള്‍ തയ്യാറല്ല. പ്രളയം പോലും ഇവരെ ഒന്നും പഠിപ്പിച്ചില്ലല്ലോ എന്നാണ്. എതിര്‍പ്പുമായിത്തന്നെ മുന്നോട്ടു നീങ്ങാനാണ് തീരുമാനം. നമ്മള്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും, മറ്റു സമരങ്ങള്‍ക്കു കരുത്തു പകരാന്‍ കഴിയുമെന്നു തന്നെയാണ് വിശ്വാസം. ബിജെപിയില്‍ ചേര്‍ന്നു എന്നൊക്കെയാണ് മറ്റാരോപണങ്ങള്‍. ഈ സമരത്തിനു ശേഷം ആരും ബിജെപിയായിട്ടൊന്നുമില്ല. പാരിസ്ഥിതിക സമരത്തില്‍ സിപിഎം മുന്‍പു കാണിച്ചിട്ടുള്ളതും ഇതൊക്കെത്തന്നെയായിരുന്നു. അതിനപ്പുറത്തേക്കൊന്നും ഞങ്ങളും പോയിട്ടില്ല. ഇവര്‍ രണ്ടു കൂട്ടരും ഒരു നയത്തിന്റെ വക്താക്കളായി മാറി എന്നുള്ളതാണ് പ്രശ്‌നം”

അതേസമയം, മുന്‍പെടുത്ത നിലപാടില്‍ നിന്നും ഒരടി പിന്നോട്ടുമാറുന്നില്ലെന്നും, വയല്‍ക്കിളി സമരം കാലക്രമേണ പരാജയപ്പെടുമെന്നും തന്നെയാണ് സിപിഎമ്മിന്റെ പക്ഷം. പരിസ്ഥിതിവാദം കൊണ്ടു മാത്രം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന മാറ്റങ്ങള്‍ കൊണ്ടുവരാനാകില്ലെന്നും, വികസനത്തിന്റെ പക്ഷത്തു നിലകൊള്ളുമെന്നും വയല്‍ക്കിളികളുടെ പുതിയ സമരപ്രഖ്യാപനത്തോടു പ്രതികരിച്ചുകൊണ്ട് സിപിഎം ഏരിയ സെക്രട്ടറി മുകുന്ദന്‍ പറയുന്നു: “സിപിഎമ്മിന്റെ നിലപാട് വളരെ വ്യക്തമാണ്. നാട്ടില്‍ ഹൈവേ വികസിക്കണമെങ്കില്‍ അതിന്റെ ഭാഗമായി പലയിടങ്ങളില്‍ ബൈപാസ് ആവശ്യമായി വരും. കുറച്ചു വയലെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടെന്നത് സത്യമാണ്. പരിസ്ഥിതി സംരക്ഷിക്കണമെന്ന വാദത്തോടും എതിര്‍പ്പില്ല. പക്ഷേ പരിസ്ഥിതിയെ മാത്രം നോക്കിയിരുന്നാല്‍ വികസനം നടക്കുമോ? സ്വാഭാവികമായും അതിനോടു നമ്മള്‍ കീഴ്‌പ്പെടണം. ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് ഒരു നിലപാടേയുള്ളൂ. എന്തു വിലകൊടുക്കേണ്ടിവന്നാലും ആദ്യം മുതല്‍ അവസാനം വരെ വികസനത്തിനായി പാര്‍ട്ടി മുന്‍പന്തിയില്‍ത്തന്നെ ഉണ്ടാകും.

കര്‍ഷകത്തൊഴിലാളി യൂണിയനും കര്‍ഷക സംഘവുമെല്ലാം ഏറ്റെടുത്തു നടത്തിയിട്ടുള്ള ഒരുപാട് പ്രക്ഷോഭങ്ങളുണ്ട്. ഒരുപാട് അപഖ്യാതിയും ഞങ്ങള്‍ കേട്ടതാണ്, വെട്ടിനിരത്തല്‍ സമരം എന്നെല്ലാം. വി.എസ് അച്യുതാനന്ദനെപ്പറ്റി പറഞ്ഞിട്ടുള്ള ആക്ഷേപങ്ങളൊക്കെയുണ്ട്, തെങ്ങിന്‍ തൈയും റബ്ബര്‍ തൈയും ഞങ്ങള്‍ കുഴിച്ചെറിഞ്ഞിട്ടുണ്ട്. ഇതുതന്നെയാണ് ഞങ്ങള്‍ ഇപ്പോഴും തുടരുന്നത്. പാര്‍ട്ടിയുടെ അതിശക്തമായ നിലപാടിന്റെ ഭാഗമായാണ് ഇപ്പോഴീ കാണുന്ന നെല്‍വയലെല്ലാം സംരക്ഷിച്ചു നിര്‍ത്താന്‍ സാധിച്ചിരിക്കുന്നത്. അതില്‍ വയല്‍ക്കിളിയുടെ അഭിപ്രായമൊന്നും ഞങ്ങള്‍ക്കാവശ്യമില്ല. കേവലം പരിസ്ഥിതി വാദവുമായിരുന്നാല്‍ നാട്ടില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാകില്ല.

ഭൂമി പിടിച്ചെടുക്കുമെന്നെല്ലാം ഇവര്‍ പറയുന്നുണ്ട്. സര്‍ക്കാരിന്റെ സ്ഥലം പിടിച്ചെടുക്കാന്‍ ആര്‍ക്കാണ് അധികാരം? അങ്ങനെയാണെങ്കില്‍ നിയമവ്യവസ്ഥ തകരില്ലേ? ഇതൊന്നും വിജയിക്കാന്‍ പോകുന്നില്ല. ജനങ്ങള്‍ അംഗീകരിക്കുന്ന സമരങ്ങള്‍ ഏറ്റെടുക്കണം. അതല്ലാതെ ഒരുകൂട്ടമാളുകള്‍ക്ക് മനസ്സില്‍ തോന്നുന്ന യാന്ത്രിക സമരമൊന്നും വിജയിക്കാന്‍ പോകുന്നില്ല. അതു തന്നെയല്ലേ ശബരിമലയിലെ സംഘപരിവാര്‍ സമരം പിന്‍വലിച്ചതില്‍ നിന്നും മനസ്സിലാക്കേണ്ടത്. സമരം നടത്താന്‍ വയല്‍ക്കിളികള്‍ക്ക് അവകാശമുണ്ട്, അതവര്‍ നടത്തട്ടെ, വിജയിക്കില്ലെന്നു മാത്രം.”

സമരപരിപാടികളുമായി മുന്നോട്ടു പോകുമ്പോഴും, തങ്ങളുടെ സമരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെത്തന്നെയാണെന്ന് ഉറപ്പിച്ചു പറയുന്നുണ്ട് വയല്‍ക്കിളികള്‍. കൃഷി ഭൂമി സംരക്ഷിക്കാനുള്ള നടപടി കൈക്കൊള്ളുന്നതുവരെ പുതിയ സമരനടപടികള്‍ ആവിഷ്‌കരിച്ചുകൊണ്ടേയിരിക്കുമെന്ന് മനോഹരന്‍ പറയുന്നു: “ഒരു വീട്ടില്‍ പത്തു കാറുണ്ടാക്കിക്കൊടുക്കാനല്ല, പത്തു പേര്‍ക്ക് അന്നം കൊടുക്കാനുള്ള വയലുകള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ ഇനിയൊരു പ്രളയം വന്നാല്‍ അനുഭവിക്കേണ്ടി വരും. പ്രളയകാലത്ത് ഈ വഴിക്ക് കാറോ മറ്റോ വന്നോ? ഏതെങ്കിലും ജനങ്ങള്‍ക്ക് പ്രളയകാലത്ത് ജാതിയോ മതമോ ഉണ്ടായോ? അന്നെല്ലാവരും മുകളിലേക്കു നോക്കി അന്നത്തിനും വെള്ളത്തിനുമായി കൈകൂപ്പുകയല്ലേ ചെയ്തത്? കീഴാറ്റൂരില്‍ ഇനി വരാന്‍ പോകുന്ന സമരങ്ങളുടെ തുടക്കം ഇങ്ങനെയുള്ള സര്‍ക്കാരുകളുടെ അന്ത്യത്തിന്റെ തുടക്കമായിരിക്കും. ഭാവി തലമുറ ഞങ്ങളുടെ സമരത്തെ സ്വാഗതം ചെയ്യും. കോര്‍പ്പറേറ്റു വികസനത്തിനു വേണ്ടി ഇന്നു വാദിക്കുന്നവര്‍ തന്നെ നാളെ അതിനെ തള്ളിപ്പറയുന്ന കാലം വരും.

ഡല്‍ഹിയിലേക്ക് കര്‍ഷകമാര്‍ച്ച് നടക്കുന്ന സമയമാണല്ലോ. ഇതല്ലേ ഇവരുടെ ഇരട്ടത്താപ്പ്. സാധാരണ ജനങ്ങളെ കബളിപ്പിക്കാനുള്ള പരിപാടിയാണിത്. അവരെക്കൊണ്ട് തുള്ളിക്കുക, എന്നിട്ട് അതിന്റെ ലാഭ വിഹിതം കൈപ്പറ്റുക. ഇടതുപക്ഷം ആത്മാര്‍ത്ഥതയോടെ നടത്തുന്ന സമരമൊന്നുമല്ല അത്. കര്‍ഷകരെ നടത്തിച്ച് കാലു പൊള്ളിക്കും, നാളെ പാര്‍ട്ടിക്കാര്‍ തന്നെ ഇതു കോംപ്രമൈസ് ചെയ്യും. കര്‍ഷകര്‍ വെയിലു കൊണ്ടു നടക്കുന്നതേ ഉണ്ടാവുകയുള്ളൂ.”

കീഴാറ്റൂരില്‍ തെളിഞ്ഞത് തഞ്ചത്തിൽ കൂടി ഒരു ജനതയെ ചതിച്ച ബി ജെ പിയുടെ തനിനിറം

കീഴാറ്റൂര്‍ ബൈപ്പാസ് വയലിലൂടെ തന്നെ; കേന്ദ്രം നടപടികളുമായി മുന്നോട്ട്‌

കീഴാറ്റൂരിലെ അസ്വസ്ഥതകള്‍; എന്താണ് യാഥാര്‍ത്ഥ്യം?

ഒരു റോഡും എട്ടേക്കര്‍ വയലും എന്ന കണ്ണുപൊത്തിക്കളിയല്ല കീഴാറ്റൂര്‍

കീഴാറ്റൂര്‍; ബദലുകളുണ്ട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിന്റെ പൂര്‍ണ്ണരൂപം

സുരേഷ് ഗോപിയെ ഒളിച്ചുകടത്തിയ കീഴാറ്റൂരിലെ ട്രോജന്‍ ജനത

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍