UPDATES

എതിര്‍പ്പുകള്‍ക്കെതിരെ ഗുണ്ടാനിയമം: പിണറായി ഇല്ലാതാക്കുന്നത് കേരളം മുന്നോട്ട് വയ്ക്കേണ്ട മാതൃക: ആക്റ്റിവിസ്റ്റുകള്‍

സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ ഗുണ്ടാ നിയമം പ്രയോഗിക്കുമെന്ന പ്രസ്താവനയില്‍ അതിശയോക്തിയില്ല എന്നാണ് പിണറായിയുടെ വികസന നയങ്ങളെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന കാര്യം

വികസനപ്രവര്‍ത്തനങ്ങള്‍ക്കെതിരെ രംഗത്തു വരുന്ന ആക്ടിവിസ്റ്റുകള്‍ക്കെതിരെ ഗുണ്ട നിയമം പ്രയോഗിക്കണമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരിക്കുന്നത്. ന്യൂസ് 18 സംഘടിപ്പിച്ച റൈസിംഗ് കേരള പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ‘വ്യവസായം തുടങ്ങാന്‍ പോകുമ്പോഴേക്കും ചില കൂട്ടര്‍ വരും. ചിലപ്പോള്‍ വിജിലന്‍സിന് പരാതി നല്‍കും. അല്ലെങ്കില്‍ കോടതിയില്‍ പരാതി നല്‍കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. ഇങ്ങനെയുള്ളവരെയെല്ലാം ശരിയായ ഗുണ്ടാ നിയമമുപയോഗിച്ച് കൈകാര്യം ചെയ്യണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇവരു കുറച്ച് മാന്യരായ ഗുണ്ടകളാണെന്ന് മാത്രമേയുള്ളൂ.’ എന്നായിരുന്നു ആ വാക്കുകള്‍.

ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്ന, വമ്പന്‍ മൂലധന നിക്ഷേപങ്ങളുള്ള ‘വികസന പ്രവര്‍ത്തനങ്ങള്‍’ക്ക് എതിര് നില്‍ക്കുന്നവര്‍ക്കെതിരെ ഗുണ്ടനിയമം പ്രയോഗിക്കുക, അടിച്ചമര്‍ത്തുക തുടങ്ങിയവയൊന്നും ആദ്യമായല്ല രാജ്യത്ത് സംഭവിക്കുന്നത് എന്നതാണ്. കേരളവും ആ വഴിയിലേക്ക് എത്തുന്നു എന്നു മാത്രം. കേരളത്തിന്റെ അതിര്‍ത്തി സംസ്ഥാനമായ തമിഴ്‌നാട് ഏറെ നാളായി നടപ്പാക്കുന്ന ഒന്നാണ് പിണറായി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 17 മുന്നേറ്റത്തിന്റെ നേതാവ് തിരുമുരുഗന്‍ ഗാന്ധിയെ ഇക്കഴിഞ്ഞ മേയില്‍ ഗുണ്ട നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ശ്രീലങ്കയിലെ ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ട തമിഴ് വംശജരുടെ അനുസ്മരണം ചെന്നൈയിലെ മറീന ബീച്ചില്‍ നടത്തിയപ്പോഴാണ് ഇദ്ദേഹത്തെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തത്. കതിരമംഗലത്ത് ഒഎന്‍ജിസി പ്ലാന്റിനെതിരായ സമരത്തില്‍ പങ്കെടുത്ത മീതെയ്ന്‍ വിരുദ്ധ സമര നേതാവ് ടി ജയരാമനെയും ഇതേരീതിയിലാണ് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുവശല്‍ ഹൈഡ്രോകാര്‍ബന്‍ പദ്ധതിക്കെതിരെ സമരം ചെയ്ത പെരിയാര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥി വളര്‍മതിയെയും ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ തമിഴ് ദേശീയ പെരിയകം പ്രവര്‍ത്തകനും അണ്ണാമല സര്‍വകലാശാലയില്‍ ഗവേഷകനുമായ കുബേരനെയും അറസ്റ്റ് ചെയ്തതും സമാനമായ ഗുണ്ട നിയമ പ്രകാരമായിരുന്നു. കതിരമംഗലം ഒഎന്‍ജിസി പദ്ധതിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് വിദ്യാര്‍ത്ഥികളെ പ്രകോപിതരാക്കിയെന്നതാണ് കുബേരനെതിരായ കേസില്‍ ചൂണ്ടിക്കാണിക്കുന്നത്. 2015ല്‍ സര്‍ക്കാര്‍ വിരുദ്ധ ഗാനം ആലപിച്ചെന്ന് ആരോപിച്ച് തമിഴ് നാടന്‍ പാട്ട് ഗായകന്‍ കോവനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പിണറായി ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത് ഇപ്പോഴാണെങ്കിലും മുമ്പ് പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവര്‍ത്തികളിലും ഇത്തരത്തിലുള്ള സാമൂഹിക ഇടപെടലുകള്‍ എന്തോ ഒരു വലിയ തെറ്റാണെന്ന തരത്തിലെ സമീപനങ്ങളുണ്ടായിട്ടുണ്ട്. കൊച്ചി മെട്രോയുടെ ഉദ്ഘാടന വേളയില്‍ പിണറായി പറഞ്ഞ വാക്കുകള്‍ അതിന് രണ്ട് ദിവസം മുമ്പ് പുതുവൈപ്പിനിലെ ഒഎന്‍ജിസി പദ്ധതിക്കെതിരെ സമരം ചെയ്തവരെ തല്ലിച്ചതച്ച പോലീസിനെ ന്യായീകരിക്കുന്നതായിരുന്നു. വികസനത്തിന് എതിര് നില്‍ക്കുന്നവരെ അംഗീകരിക്കാനാകില്ലെന്നും അത്തരം ജനകീയ മുന്നേറ്റങ്ങളെ ചെറുത്തു തോല്‍പ്പിക്കും എന്നാണ് അന്നും പറഞ്ഞത്. അതേസമയം പിണറായിയില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടെന്നാണ് കേരളീയം മാസികയുടെ പത്രാധിപരും പാരിസ്ഥിതി പ്രവര്‍ത്തകനുമായ എസ്. ശരത് പറയുന്നത്. വിഴിഞ്ഞം പദ്ധതിയുടെ കരാറില്‍ അദാനി ഗ്രൂപ്പ് ഒപ്പുവച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്താണെങ്കിലും ഗൗതം അദാനി എകെജി സെന്ററില്‍ എത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ചത് ശരത് ഇവിടെ ചൂണ്ടിക്കാട്ടുന്നു. അടുത്ത സര്‍ക്കാര്‍ എല്‍ഡിഎഫിന്റേതായിരിക്കുമെന്ന ബോധ്യത്തിലാണ് അത്തരമൊരു സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേരളീയത്തിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു. ആദിവാസികള്‍ നടത്തിയ നില്‍പ്പ് സമരത്തെ അനുകൂലിച്ച് എഴുതിയ കേരളീയത്തിന്റെ ലക്കങ്ങളാണ് അന്ന് പോലീസ് പിടിച്ചെടുത്തത്.

വിഴിഞ്ഞം കരാറില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തട്ടിപ്പ് നടത്തിയെന്ന ഗുരുതരമായ ആരോപണം ഉണ്ടായിട്ടും അതിനെ ഒരു വിഷയമായി ഉയര്‍ത്തിക്കാട്ടാന്‍ സിപിഎമ്മിന് സാധിക്കാതെ പോകുന്നത് അദാനിയുമായി അവരുടെ കൈകള്‍ കോര്‍ത്തിരിക്കുന്നതിനാലാണ്. ഗൗതം അദാനിയെ കോടിയേരി പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്നത് വളരെ ഗുരുതരമായ പ്രശ്‌നം തന്നെയാണെന്നും ശരത് കൂട്ടിച്ചേര്‍ക്കുന്നു. സിപിഎം ഒരു സര്‍ക്കാരായി മാറിയപ്പോഴും ഈ നിലപാടില്‍ നിന്നും മാറാന്‍ സാധിക്കാത്തത് മുതലാളിമാരുമായുള്ള കൈകോര്‍ക്കല്‍ കൊണ്ടു തന്നെയാണ്. അധികാരത്തില്‍ വന്ന കാലം തൊട്ട് പലപ്പോഴും പിണറായി ഈ നിലപാട് ആവര്‍ത്തിക്കുന്നുണ്ട്. പുതുവൈപ്പിനിലേത് പൊതുമേഖല സ്ഥാപനമാണെങ്കിലും പാചക വാതകം പൈപ്പ്‌ലൈനിലൂടെ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ ഒപ്പുവച്ചിട്ടുണ്ട്. അതിനാല്‍ തന്നെ പുതുവൈപ്പിനിലെ പദ്ധതിയുടെ ഗുണഭോക്താക്കള്‍ അദാനി ഗ്രൂപ്പ് തന്നെയാണ്. പുതുവൈപ്പിനിലെ സമരക്കാരോടും പിണറായി പറഞ്ഞത് വികസന വിരോധം അംഗീകരിക്കില്ലെന്ന് തന്നെയാണ്. സമരക്കാര്‍ ശക്തമായ നിലപാടെടുത്തതിനാല്‍ മാത്രമാണ് പദ്ധതിയില്‍ നിന്നും സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വന്നത്. സമരത്തോടുള്ള പിണറായിയുടെ സമീപനത്തിന് ഏറ്റവും നല്ല ഉദാഹരണം ഇപ്പോള്‍ തൃശൂര്‍ റൂറല്‍ എസ്പിയായ യതീഷ് ചന്ദ്ര തന്നെയാണ്. സമരക്കാരെ അടിച്ചൊതുക്കിയ യതീഷ് ചന്ദ്രയ്‌ക്കെതിരെ യാതൊരു നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നതും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്.

ഗുണ്ടാ നിയമം പ്രയോഗിച്ചില്ലെങ്കിലും ഗുണ്ടകളെപ്പോലെ തന്നെയാണ് അന്ന് പോലീസ് സമരക്കാരെ നേരിട്ടത്. യതീഷ് ചന്ദ്ര സര്‍ക്കാരിന്റെ ഗുണ്ടയായാണ് ഇവിടെ പ്രവര്‍ത്തിച്ചത്. ഒന്നര വര്‍ഷമായി പിണറായി പലപ്പോഴും നടത്തിയ അഭിപ്രായ പ്രകടനങ്ങളില്‍ സമരങ്ങള്‍ക്കെതിരായ സര്‍ക്കാരിന്റെ നയമെന്താണെന്ന് വ്യക്തമാണ്. എന്നാല്‍ ജനങ്ങളുടെ സമരങ്ങളാണ് പലപ്പോഴും സര്‍ക്കാരിനെ പിന്നോട്ട് വലിക്കുന്നതെന്നതും മറന്നുകൂട. കണ്ടല്‍ പാര്‍ക്കിനെതിരെ സമരം ചെയ്ത ഹരിയുടെയും ആഷയുടെയും വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയതും ഈ സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ പിന്നീട് ഈ പദ്ധതിയില്‍ നിന്നും സര്‍ക്കാരിന് പിന്‍മാറേണ്ടി വന്നു. കേരളത്തിലാണ് സിപിഎമ്മിന് പലതും ചെയ്യാന്‍ അനുകൂലമായ സാഹചര്യമുള്ളത്. എന്നാല്‍ ഇവിടെ പോലും അവര്‍ ഇത്തരമൊരു നിലപാടെടുക്കുന്നത് ദയനീയമാണ്- ശരത് പറയുന്നു.

തങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള സര്‍ക്കാരിന്റെയും പോലീസിന്റെയും ജാഗ്രതയാണ് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി ചൂണ്ടിക്കാട്ടുന്നത്. പെമ്പിളൈ ഒരുമൈ ഇപ്പോള്‍ ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും ഇപ്പോള്‍ പലര്‍ക്കും പ്രവര്‍ത്തിക്കാന്‍ പേടിയാണ്. ഇതിന് കാരണം ഞങ്ങള്‍ തീവ്രവാദികളാണെന്ന പ്രചരണമാണ്. എംഎം മണിക്കെതിരെ നടത്തിയ സമരം മൂലം തന്റെ അനിയനെ ഭീകരവാദിയായാണ് സര്‍ക്കാര്‍ ചിത്രീകരിച്ചതെന്നും ഗോമതി പറയുന്നു. തങ്ങളെ അടിച്ചമര്‍ത്താന്‍ വേണ്ടിയാണ് മാവോയിസ്റ്റ്, നക്‌സല്‍, തീവ്രവാദ ബന്ധങ്ങള്‍ ആരോപിക്കുന്നത്. സമരം ചെയ്താല്‍ ഗോമതിയെയും മനോജിനെയും ഇനി അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്. അതിനാല്‍ തന്നെ ഇവര്‍ക്കൊപ്പം നില്‍ക്കാന്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് പേടിയാണ്. വികസനത്തിനെ എതിര്‍ക്കുന്നവരാണ് ജനകീയ സമരക്കാര്‍ എന്നത് തെറ്റാണെന്നും ഗോമതി വ്യക്തമാക്കി. ജനങ്ങള്‍ക്ക് ലഭിക്കേണ്ട വികസനം ലഭിക്കുന്നതിന് തങ്ങള്‍ എതിരല്ല. എന്നാല്‍ വികസനമെന്നാല്‍ റോഡും കെട്ടിടങ്ങളുമൊന്നുമല്ല. അവര്‍ക്ക് ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും വേണം. വികസനം നടക്കണമെന്നാണ് ഞങ്ങളുടെ സമരത്തിന്റെ ആവശ്യം. എന്നാല്‍ സമരം ചെയ്താല്‍ ചുട്ടുകൊല്ലാന്‍ പോലും ഈ സര്‍ക്കാര്‍ മടിക്കില്ലെന്നും ഗോമതി പറയുന്നു.

വികസനം ആര്‍ക്ക് വേണ്ടിയാണ് എന്തിന് വേണ്ടിയാണെന്നും കോര്‍പ്പറേറ്റുകള്‍ക്കല്ലാതെ വികസനം കൊണ്ട് ആര്‍ക്കാണ് പ്രയോജനമെന്നും വ്യക്തമാക്കാത്തതിനാലാണ് ആക്ടിവിസ്റ്റുകള്‍ക്ക് വികസനത്തിനെതിരെ നില്‍ക്കേണ്ടി വരുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗാര്‍ഗി പറയുന്നു. വികസനമെന്നത് വിദേശത്തു നിന്നും കൊണ്ടുവന്ന അജണ്ടയായി നിര്‍വചിക്കാതെ നമുക്ക് എന്ത് വികസനം വേണ്ടതെന്നും അത് ഇവിടെ പര്യാപ്തമാണോയെന്നും ഇവിടെ തന്നെ പഠനം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ വികസനത്തിനെതിരെ സമരം നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നത് വളരെ ബോറായ കാര്യമാണെന്നും ഗാര്‍ഗി പറയുന്നു.

സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ തീവ്രവാദികളാക്കുന്ന സാഹചര്യം പലതവണ കണ്ടുകഴിഞ്ഞ സാഹചര്യത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ ഗുണ്ടാ നിയമം പ്രയോഗിക്കുമെന്ന പിണറായിയുടെ പ്രസ്താവനയില്‍ അതിശയോക്തിയില്ല എന്നാണ് പിണറായിയുടെ വികസന നയങ്ങളെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന കാര്യം. വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴും സിപിഎമ്മിനും പിണറായി വിജയനുമുള്ള ജനകീയ പിന്തുണ കണ്ടില്ലെന്ന് കാണാനാകില്ല. എന്നാല്‍ ജനകീയമായ ഈ പാര്‍ട്ടിയില്‍ നിന്നും ജനകീയനായ മുഖ്യമന്ത്രിയില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നത് വളരെയേറെയാണെന്ന് ഓര്‍ക്കേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍