UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“രക്ഷിക്കാൻ ചെന്നപ്പോൾ ചിലർ തൊടരുതെന്ന് ആവശ്യപ്പെട്ടു”: മത്സ്യത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ

തൊടില്ലെങ്കിൽ മാത്രമേ ബോട്ടിൽ കയറൂ എന്ന് വീട്ടുകാർ പറഞ്ഞു.

പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ജീവൻ പണയം വെച്ച് സ്വന്തം ബോട്ടുകളുമായി രംഗത്തിറങ്ങിയ മത്സ്യത്തൊഴിലാളികളെ ചിലർ അപമാനിച്ചെന്ന് വെളിപ്പെടുത്തൽ. രക്ഷാപ്രവർത്തനത്തിനിറങ്ങിയ ജോർജ് എന്ന മത്സ്യത്തൊഴിലാളിയാണ് തനിക്കുണ്ടായ കയ്പേറിയ അനുഭവം തുറന്നു പറഞ്ഞതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

17 പേർ കുടുങ്ങിക്കിടക്കുന്ന ഒരു വീട്ടിലേക്ക് തന്റെ ബോട്ടുമായി എത്തിയതായിരുന്നു 47കാരനായ ജോർജ്. വീട്ടുകാരോട് ബോട്ടിൽ കയറാൻ ആവശ്യപ്പെട്ടപ്പോൾ അവർ ‘ഇത് ക്രിസ്ത്യാനികളുടെ ബോട്ടാണോ’ എന്ന് ചോദിച്ചു. താനൊരു ക്രിസ്ത്യാനിയാണെന്ന് ജോർജ് അറിയിച്ചതോടെ വീട്ടുകാർ ബോട്ടിൽ കയറാൻ തയ്യാറായില്ല. ഇവർ ബ്രാഹ്മണരാണെന്ന് പറഞ്ഞതായും ജോർജ് പറഞ്ഞു.

മറ്റൊരിടത്തു വെച്ച് ദുരിതബാധിതരായ ഒരു വീട്ടുകാർ ബോട്ടിൽ കയറുന്ന സമയത്ത് ഉയർന്ന ജാതിക്കാരായ തങ്ങളെ തൊടരുതെന്ന് മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടെന്നും ജോർജ് പറഞ്ഞു. തൊടില്ലെങ്കിൽ മാത്രമേ ബോട്ടിൽ കയറൂ എന്ന് വീട്ടുകാർ പറഞ്ഞു.

ഇക്കൂട്ടർ ഇങ്ങനെത്തന്നെയാണെങ്കിലും പ്രളയക്കെടുതികൾ അവരെ മാറ്റിയിരിക്കുമെന്ന് താൻ കരുതിയിരുന്നെന്ന് ജോർജ് പറയുന്നു. പക്ഷെ അനുഭവങ്ങൾ നേരെ മറിച്ചാണ് കാര്യങ്ങളെന്ന് തന്നെ ബോധ്യപ്പെടുത്തി.

തന്റെ ബോട്ട് കേടുവരുംവരെ രക്ഷാപ്രവർത്തനം നടത്തി ജോർജ്.

സമാനമായ ദുരനുഭവങ്ങൾ നിരവധി മത്സ്യത്തൊഴിലാളികൾക്കുണ്ടായെന്ന് റിപ്പോർട്ട് പറയുന്നു. ഏതാണ്ട് 2800 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍