UPDATES

ട്രെന്‍ഡിങ്ങ്

‘മസാല ബോണ്ടു’കൾ വഴി കിഫ്ബി ശേഖരിച്ചത് 2150 കോടി രൂപ; ഇത് ചരിത്രനേട്ടം

ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആഗോള ധനകാര്യ വിപണിയില്‍ നിന്നും പണം ഇന്ത്യന്‍ രൂപയില്‍ സമാഹരിക്കാനുള്ള കടപത്രത്തിനെയാണ് മസാലബോണ്ട് എന്നു വിളിക്കുന്നത്.

മസാല ബോണ്ടുകൾ വിറ്റഴിച്ചതിലൂടെ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് നേടിയത് 2150 കോടി രൂപ. കഴിഞ്ഞ 15 മാസത്തിനിടെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടം. ആഗോളവിപണിയിൽ നിന്നും ഇന്ത്യൻ രൂപയിലേക്ക് നിക്ഷേപം നടത്താൻ പുറത്തിറക്കുന്ന കടപ്പത്രങ്ങളാണ് മസാല ബോണ്ടുകൾ.

9.25% പലിശനിരക്കിലാണ് കടപ്പത്രങ്ങൾ വഴി നിക്ഷേപം ശേഖരിച്ചിരിക്കുന്നത്. 2024ൽ മാത്രമേ ഈ തുക തിരിച്ചു നൽകേണ്ടൂ.

ലണ്ടൻ,​ സിംഗപൂർ സ്റ്റോക് എസ്ക്ചേഞ്ചുകളിൽ നിന്നാണ് തുക സമാഹരിച്ചത്. ഇത്രയും തുക എത്തിയത് കേരളത്തിലെ അടിസ്ഥാന സൗര്യത്തിന് കുതിപ്പാകുമെന്ന് കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം പറഞ്ഞു. വിദേശത്തു നിന്നും ഇന്ത്യയിലെ സർക്കാരുകൾ മസാല ബോണ്ട് വഴി ഇതുവരെ ശേഖരിച്ചിട്ടുള്ളവയിൽ വെച്ച് ഏറ്റവും വലിയ തുകയാണിതെന്ന് എബ്രഹാം വ്യക്തമാക്കി.

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം മുൻനിർത്തിയാണ് ഈ കടപ്പത്രം ഇറക്കിയത്. ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തെക്കാളും, പൊതുമേഖലാ സ്ഥാപനത്തെക്കാളും ഉയർന്ന ക്രെഡിറ്റ് റേറ്റിങ് സ്വന്തമാക്കിയാണ് ഈ നേട്ടം കൈവരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ കിഫ്ബിയുടെ പ്രവര്‍ത്തന മികവിനെയും വിശ്വാസ്യതയെയും അംഗീകരിച്ചിരിക്കുന്നുവെന്നത് കേരളത്തിന് ഏറെ അഭിമാനം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച് കിഫ്ബിയുടെ മസാല ബോണ്ടില്‍ 2150 കോടി രൂപ നിക്ഷേപിച്ച വിദേശ നിക്ഷേപകര്‍ക്ക് താന്‍ കേരളത്തിലെ ജനങ്ങളുടെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു.

എന്താണ് മസാല ബോണ്ട്?

ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആഗോള ധനകാര്യ വിപണിയില്‍ നിന്നും പണം ഇന്ത്യന്‍ രൂപയില്‍ സമാഹരിക്കാനുള്ള കടപത്രത്തിനെയാണ് മസാലബോണ്ട് എന്നു വിളിക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക സ്വഭാവം പുലർത്തുന്ന ഒരു പേരെന്ന നിലയിലാണ് ‘മസാല’ എന്ന് ഈ ബോണ്ടുകൾക്ക് പേരിട്ടത്. മസാല ബോണ്ടുകളിൽ കറൻസി എക്സ്ചേഞ്ച് റിസ്ക് ഏറ്റെടുക്കുക നിക്ഷേപകർ തന്നെയാണെന്ന പ്രത്യേകതയുമുണ്. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് തുക സമാഹരിക്കാനായി 2004ൽ ലോകബാങ്കാണ് ഈ ബോണ്ട് ആദ്യം പുറത്തിറക്കിയത്. ഇന്റർനാഷണൽ ഫിനാൻഷ്യൽ കോർപ്പറേഷൻ 2015ൽ ഗ്രീൻ മസാല ബോണ്ടുകൾ വഴി 3.15 ബില്യൺ രൂപ ശേഖരിച്ചിരുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്ന സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങൾക്കായാണ് ഉപയോഗിക്കുക. എച്ച്ഡിഎഫ്സി ബാങ്കാണ് ആദ്യമായി മസാല ബോണ്ട് പുറത്തിറക്കിയ ഇന്ത്യൻ കമ്പനി. 2016ലായിരുന്നു ഇത്. ഇതുവഴി 3000 കോടി രൂപ ഇവർ സമാഹരിക്കുകയുണ്ടായി. ദേശീയ പാതാ അതോരിറ്റി 4000 കോടി രൂപ മസാല ബോണ്ട് വഴി ശേഖരിക്കാൻ ശ്രമിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍