UPDATES

ട്രെന്‍ഡിങ്ങ്

സിറോ മലബാര്‍ സഭ ഭൂമിയിടപാട്; കെസിബിസി വിവാദ സര്‍ക്കുലര്‍ മാര്‍പാപ്പയോടുള്ള വെല്ലുവിളിയെന്ന് വിമര്‍ശനം

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മാര്‍പാപ്പയുടെ പരിഗണനയിലുള്ളപ്പോഴാണ് അഴിമതി ഉണ്ടായിട്ടില്ലെന്ന് കെസിബിസി സര്‍ക്കുലറില്‍ പറയുന്നത്

സര്‍ക്കുലര്‍ വിവാദത്തില്‍ കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍(കെസിബിസി). കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പ്രതിയായ എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ ആരോപിക്കപ്പെടുന്നതുപോലെയുള്ള അഴിമതി നടന്നിട്ടില്ലെന്ന് മെത്രാന്‍ സമിതിയോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്ന പറഞ്ഞ് ഇറക്കിയ സര്‍ക്കുലര്‍ ആണ് ഇപ്പോള്‍ കെസിബിസിയെ വിവാദത്തില്‍ ആക്കിയിരിക്കുന്നത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ചില പരാമര്‍ശങ്ങള്‍ നടന്നല്ലാതെ ചര്‍ച്ചകളോ തീരുമാനങ്ങളോ ഉണ്ടാകാതിരുന്ന സാഹചര്യത്തില്‍ എങ്ങനെയാണ്, ഭൂമിയിടപാടില്‍ അഴിമതി നടന്നിട്ടില്ലെന്നു സമിതിയില്‍ ചര്‍ച്ചയുണ്ടായതെന്നാണ് എറണാകുളം-അങ്കമാലി അതിരൂപത ചോദിക്കുന്നത്. മാത്രമല്ല, ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മാര്‍പാപ്പയുടെ പരിഗണനയില്‍ ഇരിക്കുന്ന സമയത്ത്, മെത്രാന്‍ സമിതിയില്‍ ഭൂമിയിടപാടില്‍ അഴിമതി നടന്നിട്ടില്ലെന്നു തീരുമാനം എടുക്കുന്നത് വത്തിക്കാനെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും വിമര്‍ശനം ഉയര്‍ന്നു.

എല്ലാ പള്ളികളിലും വായിക്കണമെന്ന നിര്‍ദേശത്തോടെയാണ് വ്യാഴാഴ്ച്ച സര്‍ക്കുലര്‍ വന്നത്. എന്നാല്‍ ഇത്തരമൊരു സര്‍ക്കുലര്‍ കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് എം സൂസ പാക്യം അറിയാതെയാണ് പുറത്തിറക്കിയതെന്നും കേള്‍ക്കുന്നു. മെത്രാന്‍ സമിതി യോഗ തീരുമാനങ്ങളെക്കുറിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും അതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് പള്ളികളില്‍ വായിക്കണമെന്ന നിര്‍ദേശത്തോടെ സര്‍ക്കുലര്‍ പുറത്തിറങ്ങിയതെന്നും എറണാകുളം അതിരൂപത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കെസിബിസി ഡൈപ്യൂട്ടി ജനറല്‍ സെക്രട്ടറിയും വക്താവുമായ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ആണ് സര്‍ക്കുലര്‍ പുറത്തു വിട്ടത്. വിവാദമായതോടെ വിശദീകരണവുമായി കെസിബിസി വീണ്ടും രംഗത്തു വന്നു. വിവാദ സര്‍ക്കുലര്‍ പള്ളികളില്‍ വായിക്കേണ്ടതില്ലെന്ന് ഈ വിശദീകരണ കുറിപ്പില്‍ ഫാ. വര്‍ഗസ് വള്ളിക്കാട്ടില്‍ പറയുന്നുണ്ട്. ഭൂമിയിടപാടില്‍ കെസിബിസി ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ സൂചനകള്‍ മാത്രമെ സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളെന്നും അന്വേഷണ കമ്മിഷന്‍ റോമില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മെത്രാന്‍ സമിതിക്ക് അറിയാത്ത സാഹചര്യത്തില്‍ റോമിന്റെ കണ്ടെത്തലുകള്‍ക്കും അംഗീകാരത്തിനും ശേഷം മാത്രമെ ഭൂമിയിടപാടിലെ നിജസ്ഥിതി വെളിപ്പെടുകയുള്ളൂവെന്നും വിശദീകരണ കുറിപ്പില്‍ കെസിബിസി വക്താവ് പറയുന്നു. എന്നാല്‍ ഈ വിശദീകരണ കുറിപ്പില്‍ ഭൂമിയിടപാടില്‍ ആരോപിക്കപ്പെടുന്ന പോലെ അഴിമതി നടന്നിട്ടില്ലെന്ന ആദ്യ സര്‍ക്കുലറിലെ അഭിപ്രായം തിരുത്താന്‍ വക്താവ് തയ്യാറിയിട്ടില്ല.

ഭൂമി വിവാദത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ മാര്‍പാപ്പ നിയമിച്ച അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയ ബിഷപ്പ് ജേക്കബ് മനത്തോടത്തും മെത്രാന്‍ സമിതി യോഗത്തില്‍ ഉണ്ടായിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആ വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു ബിഷപ്പ് മനത്തോടത്ത് ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിച്ച് ഭൂമിയിടപാടില്‍ ചര്‍ച്ച നടന്നിരുന്നില്ല. എന്നാല്‍ നടക്കാത്തൊരു ചര്‍ച്ച എന്തിനാണ് സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയതെന്നാണ് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററും എറണാകുളം അതിരൂപതയും ചോദിക്കുന്നത്. വ്യാജ രേഖ കേസിനെ കുറിച്ച് മാത്രം ചര്‍ച്ച ഉണ്ടായിടത്ത്, കര്‍ദിനാളിന് ക്ലിന്‍ ചിറ്റ് നല്‍കുന്ന രീതിയില്‍ മനഃപൂര്‍വം ഭൂമിയിടപാട് കൊണ്ടുവന്നത് ഇപ്പോള്‍ സിറോ മലബാര്‍ സഭയില്‍ നടക്കുന്ന ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയായാണ് വിലയിരുത്തപ്പെടുന്നത്. മെത്രാന്‍ സമിതിയോഗത്തിലെ തീരുമാനങ്ങള്‍ പത്രക്കുറിപ്പ് മാത്രമായി ഇറക്കാന്‍ യോഗത്തില്‍ തീരുമാനം ഉണ്ടാവുകയും എന്നാല്‍ പ്രസിഡന്റ് പോലും അറിയാതെ എല്ലാ പള്ളികളിലും വായിക്കണമെന്ന നിര്‍ദേശത്തോടെ അതൊരു സര്‍ക്കുലര്‍ ആയി പുറത്തു വന്നതും യാദൃശ്ചികമല്ലെന്നാണ് വിശ്വാസികള്‍ ചൂണ്ടിക്കാണിക്കുന്നത്.

യോഗത്തില്‍ ഉണ്ടാകാത്ത തീരുമാനങ്ങള്‍ സര്‍ക്കുലറില്‍ പറയുന്നുണ്ടെന്ന വിമര്‍ശനം ശക്തമായതോടെയാണ് കെസിബിസി പ്രസിഡന്റ് സൂസ പാക്യത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട് വിശദീകരണ കുറിപ്പ് ഇറക്കിയത്. എന്നാല്‍ ഈ പ്രസ്താവനയില്‍ ഭൂമിയിടപാടില്‍ ആരോപിക്കപ്പെടുന്നതുപോലെ അഴിമതി നടന്നിട്ടില്ലെന്ന വാചകങ്ങള്‍ തിരുത്താന്‍ തയ്യാറായിട്ടില്ല. മാത്രമല്ല, ഭൂമിയിടപാടിനെ കുറിച്ച് സര്‍ക്കുലറില്‍ പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കുന്നുവെന്നും പറയുന്നില്ല. എങ്ങും തൊടാതെയുള്ള ആ വിശദീകരത്തില്‍ ഭൂമിയിടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന നിലപാട് തന്നെയാണ് കെസിബിസി സെക്രട്ടറി തുടര്‍ന്നത്. കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസ പാക്യം ആദ്യ സര്‍ക്കുലര്‍ വായിക്കുന്ന വീഡിയോ തിരുവനന്തപുരം രൂപത മീഡിയ കമ്മിഷന്‍ പുറത്തു വിടുകയും ചെയ്തതോടെ ഭൂമിയിടപാടില്‍ വത്തിക്കാനെയും മാര്‍പാപ്പയെയും വെല്ലുവിളിച്ച് കെസിബിസി കര്‍ദിനാള്‍ ആലഞ്ചേരിയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണോ എന്ന് വിശ്വാസികള്‍ ചോദ്യം ഉയര്‍ത്തുകയാണ്.

കെസിബിസി സര്‍ക്കുലറില്‍ എറണാകുളം അതിരൂപത ഭൂമികുംഭകോണത്തെ കുറിച്ച് പറഞ്ഞത്, ഇപ്പോള്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തി കൊണ്ടിരിക്കുന്ന മാര്‍പ്പാപ്പയെ ധിക്കരിക്കുക വഴി കാനോന്‍ നിയമത്തിനും, കോടതി എഫ് ഐ ആര്‍ ഇട്ട് കേസ് അന്വേഷണം ഉത്തരവിട്ടിരിക്കുന്ന അവസ്ഥയില്‍ സിവില്‍ നിയമത്തിനും വിരുദ്ധമാണെന്നാണ് എഎംടി പറയുന്നത്.

വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ് ഈ സര്‍ക്കുലറെന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് കെസിബിസി പോലുള്ള ഫോറങ്ങള്‍ക്ക് ഇനി ഒന്നും തന്നെ ചെയ്യാനില്ല എന്നിരിക്കെ സഭക്കുള്ളില്‍ പരിഹാരം ഉണ്ടാക്കി എന്ന പ്രസ്താവന വസ്തുതാ വിരുദ്ധവും അപഹാസ്യവും പരിഹാസ്യവുമാണെന്നും എഎംടി കുറ്റപ്പെടുത്തുന്നു. ഈ വിഷയത്തില്‍ വത്തിക്കാന്റെ ഇടപെടല്‍ നടന്നുകൊണ്ടിരിക്കുകയാണ്. കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വത്തിക്കാന്‍ വിലയിരുത്തി വരുകയാണ്. അതിനാല്‍ തന്നെ സഭാപരമായി കെസിബിസിക്ക് ഒന്നും തന്നെ ചെയ്യാനില്ല എന്നതാണ് വസ്തുത. മാത്രമല്ല ഈ ഭൂമി ഇടപാടില്‍ ക്രമക്കേടുകള്‍ സംഭവിച്ചു എന്ന് ബോധ്യമുള്ളതിനാലാണ് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാവുകയും രൂപതയുടെ ഭരണകാര്യങ്ങളിലോ ദൈനംദിന ഇടപാടുകളിലോ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇടപെടരുത് എന്ന് വത്തിക്കാന്‍ കലപിക്കുകയും ചെയ്തത്. വത്തിക്കാനു പോലും ബോധ്യമുള്ള വിഷയത്തില്‍ മറിച്ച് ഒരഭിപ്രായം പറഞ്ഞപ്പോള്‍ കെസിബിസി മാര്‍പാപ്പയെപ്പോലും ചോദ്യം ചെയ്യുകയാണ് ചെയ്തത്. ഇതു തികച്ചും അപഹാസ്യമാണ്. കോടതികള്‍ക്ക് ഈ വിഷയത്തില്‍ ക്രമക്കേട് നടന്നു എന്ന് ബോധ്യം വന്നതിനാലാണ് മജിസ്‌ട്രേറ്റു തല അന്വേഷണം പ്രഖ്യാപിച്ചത്. പൊലീസിനോട് കോടതി എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതും പ്രഥമദൃഷ്ട്യാ ഗുരുതര ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതിനാലാണ്. എന്നാല്‍ നാട്ടിലെ നിയമ വ്യവസ്ഥകളെ വെല്ലുവിളിക്കുന്ന തരത്തിലാണ് കെസിബിസിയുടെ പ്രസ്താവന. സ്ഥല വില്പനയില്‍ ക്രമക്കേട് നടന്നു എന്നതുകൊണ്ട് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കര്‍ദ്ദിനാളിനെ ചോദ്യം ചെയ്തത് 6 മണിക്കൂറാണ്. അതിന് ശേഷം അതിരൂപതയോട് മൂന്ന് കോടിയോളം രൂപ പിഴയടക്കാനാണ് ആവശ്യപ്പെട്ടത്. 50 ലക്ഷം രൂപ അടക്കുകയും ചെയ്തു. എന്നിട്ടും ഒന്നും നടന്നില്ല എന്ന കെസിബിസിയുടെ കണ്ടെത്തല്‍ അത്ഭുതമാണ്. അധികാരമുപയോഗിച്ച് എല്ലാം മൂടി വെക്കാമെന്ന ധാര്‍ഷ്ട്യമാണ് ഇതിന് പിന്നില്‍ ; എഎംടി പ്രതിനിധികള്‍ പറയുന്നു.

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇല്ലാത്ത ഏക പഞ്ചായത്ത്; കാന്തല്ലൂരിലെ ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശങ്ങളില്ലേ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍