UPDATES

ട്രെന്‍ഡിങ്ങ്

നദിക്കെതിരായ ലുക്ക്ഔട്ട് നോട്ടീസ് പഴയതെന്ന് പോലീസ്; ഒരു വര്‍ഷമായിട്ടും കേടു പറ്റാത്ത ഫ്ലക്സോ? ഒരു യുവാവിന്റെ ജീവിതം പോലീസ് തകര്‍ക്കുന്നത് ഇങ്ങനെയാണ്

ഈ ചെറുപ്പക്കാരന്‍ നേരിടേണ്ട പ്രശ്‌നങ്ങള്‍ക്ക് ആര് സമാധാനം പറയുമെന്ന ചോദ്യത്തിനും പോലീസ് മറുപടി പറയേണ്ടതുണ്ട്

മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന നോട്ടീസുകള്‍ വിതരണം ചെയ്തുവെന്ന് ആരോപിച്ച് നദി എന്നറിയപ്പെടുന്ന സ്വതന്ത്രമാധ്യമ പ്രവര്‍ത്തകന്‍ നദീറിനെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19-നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കേസ് രജിസ്റ്റര്‍ ചെയ്തതും യുഎപിഎ ചുമത്തിയതുമെങ്കിലും ഈ സര്‍ക്കാരാണ് നദിയെ കേസില്‍ പ്രതി ചേര്‍ക്കുന്നത്. 2016 മാര്‍ച്ച് മൂന്നിന് ആറളം ഫാമിലെ വിയറ്റ്‌നാം കോളനിയില്‍ തോക്കുചൂണ്ടി ഭക്ഷണ സാധനങ്ങള്‍ വാങ്ങുകയും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ മുഖമാസിക വിതരണം ചെയ്യുകയും ചെയ്ത ആറംഗ സംഘത്തില്‍ നദിയുമുണ്ടായിരുന്നു എന്നാരോപിച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കേസില്‍ മൂന്നാം പ്രതിയുമാക്കി. ആറളം സ്വദേശിയായ ഒരു സ്ത്രീയുടെ മാത്രം സാക്ഷി മൊഴിയിലായിരുന്നു നദിയെ അറസ്റ്റ് ചെയ്തത്. താന്‍ ഒരു സംഘടനയിലും അംഗമല്ലെന്നും ജീവിതത്തില്‍ ഇന്നുവരെ ആറളം എന്ന പ്രദേശത്തേക്ക് വെറുതെയൊരു യാത്ര പോലും നടത്തിയിട്ടില്ലെന്നുമാണ് നദി പറയുന്നത്. കേസ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നില്‍ക്കുകയാണ്. കേവലം ഒരു സാക്ഷിമൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ നദിക്കെതിരെ ചുമത്താനാകില്ലെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം. കേസില്‍ വ്യക്തതയില്ലാത്തതിനാല്‍ നദിയെ അറസ്റ്റ് ചെയ്യില്ലെന്ന് കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു.

ഈ കേസ് ആരംഭിച്ചപ്പോള്‍ മുതല്‍ തൊഴില്‍രഹിതനായി മാറിയ നദി ഒരു തൊഴില്‍ പോലും നേടാനാകാതെ വിഷമിക്കുകയായിരുന്നു. ചെറുകിട പുസ്തക വിതരണവും മറ്റുമായി ജീവിതം ഉന്തിത്തള്ളുമ്പോഴാണ് ഇടിത്തീപോലെ മറ്റൊരു ദുരന്തം കൂടി ഈ ചെറുപ്പക്കാരന്റെ മേല്‍ പതിച്ചിരിക്കുന്നത്. കണ്ണൂരിലെ ചില പോലീസ് സ്‌റ്റേഷനുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും മുന്നില്‍ സ്ഥാപിച്ച ലുക്ക് ഔട്ട് നോട്ടീസിന്റെ രൂപത്തിലാണ് ഈ ദുരന്തം വന്നിരിക്കുന്നത്. ‘ഇവര്‍ മാവോയിസ്റ്റുകള്‍’ എന്ന പേരില്‍ നദി ഉള്‍പ്പെടെ 11 പേരുടെ ചിത്രങ്ങള്‍ പതിച്ച ഫ്‌ളക്‌സ് ആണ് പതിപ്പിച്ചിരിക്കുന്നത്. കൂടാതെ ‘മേല്‍ ഫോട്ടോയില്‍ കാണുന്നവര്‍ ഇരിട്ടി പോലീസ് സബ്ഡിവിഷന് കീഴിലുള്ള താഴെ പറയുന്ന പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഉള്‍പ്പെട്ട ഒളിവില്‍ കഴിഞ്ഞുവരുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകരാണ്’, ‘ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പരില്‍ അറിയിക്കാന്‍ താല്‍പര്യപ്പെട്ടുകൊള്ളുന്നു. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കുന്നതും അവരുടെ വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കുന്നതുമായിരിക്കും’ എന്നാണ് ഫ്‌ളക്‌സില്‍ പറയുന്നത്. കൂടാതെ പേരാവൂര്‍, കേളകം, ആറളം, കരിക്കോട്ടക്കരി എന്നീ പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഏഴ് കേസുകളുടെ ക്രൈം നമ്പരുകളും കൊടുത്തിട്ടുണ്ട്. കണ്ണൂര്‍ റെയ്ഞ്ച് ഐജി, ജില്ലാ പോലീസ് മേധാവി, ഇരിട്ടി ഡിവൈഎസ്പി, ഇരിട്ടി സിഐ, പേരാവൂര്‍ സിഐ എന്നിവരുടെ നമ്പരുകളാണ് ഇതിന് താഴെ കൊടുത്തിരിക്കുന്നത്. ഇതേക്കുറിച്ച് നദി എഴുതുന്നത് ഇങ്ങനെ:

“കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19 നാണ് ആറളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ 148/16 ന്റെ ഭാഗമായി എന്നെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇപ്പോഴും ഹൈക്കോടതിയില്‍ കേസ് നടന്നു കൊണ്ടിരിക്കുന്നു, രണ്ടാഴ്ച മുമ്പ് ഹൈക്കോടതി സ്റ്റേറ്റിനോട് എത്രയും പെട്ടന്ന് കേസില്‍ തീരുമാനം ഉണ്ടാകണം എന്നും, പോലീസ് റിപ്പോര്‍ട്ട് പെട്ടന്ന് തന്നെ കോടതിയില്‍ സമര്‍പ്പിക്കണം എന്നും പറഞ്ഞിരിക്കയാണ്. രണ്ടാഴ്ച മുമ്പ് കേളകം പോലീസ് സ്റ്റേഷനില്‍ പോയ ഒരു സുഹൃത്ത് സ്റ്റേഷനിലും പരിസരത്തും ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടെന്നും വ്യക്തമായ ചിത്രമുണ്ടെന്നും പറഞ്ഞു വിളിച്ചിരുന്നു, പഴയതാകും എന്ന് കരുതി ശ്രദ്ധിച്ചില്ല, എന്നാല്‍ കഴിഞ്ഞ ദിവസം പേരാവൂര്‍ സ്റ്റേഷന് മുന്നില്‍ മറ്റൊരു സുഹൃത്ത് കണ്ട ഫ്‌ളക്‌സ് ബോഡ് ആണിത്. സിഐയുമായി സുഹൃത്ത് ഫോണില്‍ സംസാരിച്ചപ്പോള്‍ ഇരിട്ടി ഡിവൈഎസ്പിക്ക് കീഴിലുള്ള എല്ലാ സ്റ്റേഷനിലും യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ ചിത്രമുണ്ട് എന്നാണ് അറിഞ്ഞത്. ഞാന്‍ ഒളിവിലെന്ന തമാശ അവിടെ നിക്കട്ടെ… ഒരു വര്‍ഷമായി അറിയാത്ത വിഷയത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു, ഇനിയും ഈ ഉപദ്രവം തീരാന്‍ ഞാനെന്താണ് ചെയ്യേണ്ടത്? പ്രദേശത്തുള്ള സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും ഈ ഫ്‌ലക്‌സിന്റെ ഡീറ്റയില്‍സ് ഒന്ന് അന്വേഷിക്കാമോ?

ആറളം പോലീസ് സ്‌റ്റേഷനിലാണ് നദിക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നതിനാല്‍ 2016-ലെ കേസാണ് ഇതെന്ന് ക്രൈം നമ്പരില്‍ നിന്നുതന്നെ വ്യക്തമാണ്. അതായത് ഹൈക്കോടതിയില്‍ നിലവിലിരിക്കുന്ന കേസാണ്. ഈ കേസിന് നദി അറസ്റ്റിലാകുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തതുമാണ്. കൂടാതെ സര്‍ക്കാര്‍ അഭിഭാഷകന്‍ തന്നെ കേസില്‍ അവ്യക്തതയുള്ളതിനാല്‍ ഇനി തല്‍ക്കാലം നദിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന സര്‍ക്കാരിന്റെ നിലപാടും കോടതിയെ അറിയിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് ഇത്തരമൊരു ഫ്‌ളക്‌സ് വീണ്ടും കണ്ണൂര്‍ പോലീസ് സ്ഥാപിച്ചിരിക്കുന്നത് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഈ ഫ്‌ളക്‌സിലെ തന്നെ ഒമ്പതാമത്തെ ചിത്രമായി കൊടുത്തിരിക്കുന്നത് ലത മലമ്പുഴയുടേതാണ്. ലത ഒറ്റയാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സെപ്തംബര്‍ രണ്ടിന് പുറത്തുവന്ന മാവോയിസ്റ്റ് പത്രികയിലൂടെ പാര്‍ട്ടി അറിയിച്ചിരുന്നു. ഓഗസ്റ്റ് ആറിന് മരണം സംഭവിച്ചതായാണ് പാര്‍ട്ടിയുടെ അറിയിപ്പ്. നാട്ടിലേക്ക് കൊണ്ടുവരാന്‍ പറ്റാത്ത സാഹചര്യമുള്ളതിനാല്‍ കാട്ടില്‍ തന്നെ സംസ്‌കരിച്ചതായാണ് അറിയിപ്പ്.

യുഎപിഎ ചുമത്തിയത് കഴിഞ്ഞ സര്‍ക്കാര്‍, പ്രതിയാക്കിയത് ഇടതു സര്‍ക്കാര്‍, യുഎപിഎ നിലനില്‍ക്കുമെന്നും ഡിജിപി; നദി ഇനിയെന്ത് ചെയ്യും?

പഴയ കേസ് മൂലം പൊതുഇടങ്ങളിലേക്ക് കടന്നു ചെല്ലാനാകാത്ത അവസ്ഥയാണുണ്ടായതെന്ന് നദി അഴിമുഖത്തോട് പ്രതികരിച്ചു. “പുസ്തക വിതരണം പോലുള്ള ചെറിയ ചെറിയ ജോലികളിലൂടെയാണ് ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്. ഇപ്പോഴും പൊതുഇടങ്ങളില്‍ ഇത്തരത്തിലൊരു പോസ്റ്റര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എന്നെ വ്യക്തിപരമായോ ഈ കേസിനെക്കുറിച്ചോ അറിവില്ലാത്ത പലരും തിരിച്ചറിയാനുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നതിനാല്‍ തന്നെ ആളുകള്‍ക്ക് എന്റെ കേസില്‍ കൂടുതല്‍ താത്പര്യവും ഉണ്ടാകും. പഴയ സാഹചര്യത്തേക്കാള്‍ എന്റെ ജീവിതം ഭീകരമാകുന്നത് ഇപ്പോഴാണ്. എനിക്കെതിരായ കേസില്‍ തല്‍ക്കാലം തീര്‍പ്പാക്കാന്‍ പറ്റാത്ത സാങ്കേതിക പ്രശ്‌നമുണ്ടെന്നും അതുവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ഹൈക്കോടതി തന്നെ പറഞ്ഞ സാഹചര്യത്തില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത് കോടതിക്ക് പോലും മനസിലാകാത്ത കാര്യമാണ്. എന്റെ അഭിഭാഷകനും ഇതുതന്നെയാണ് പറയുന്നത്. പോസ്റ്ററിലുള്ള മറ്റുള്ളവരുടെ കാര്യത്തില്‍ ചിലപ്പോള്‍ ഈ ലുക്ക്ഔട്ട് നോട്ടീസ് വേണ്ടതായിരിക്കും. അതിനെക്കുറിച്ച് എനിക്കറിയില്ല. പക്ഷെ എന്റെ കാര്യത്തില്‍ അതിന്റെ ആവശ്യമില്ല. ഒളിവില്‍ എന്നു പറയുന്നത് തന്നെയാണ് അതിലെ ഏറ്റവും വലിയ തമാശ. ആളുകള്‍ക്ക് ഇടയില്‍ തന്നെയാണ് ഞാന്‍ ജീവിക്കുന്നത്. അത് പോലീസ് ഓരോ വസ്തുതകളിലും നടത്തുന്ന അന്വേഷണത്തിന്റെ പ്രശ്‌നമാണ്. ഇയാള്‍ എന്തുചെയ്യുന്നു അല്ലെങ്കില്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് അവര്‍ അന്വേഷിക്കുന്നില്ലെന്നാണ് ഈ ലുക്കൗട്ട് നോട്ടീസില്‍ നിന്നും വ്യക്തമാകുന്നത്.”

സാങ്കേതിക വിദ്യ ഇത്രമാത്രം വികസിച്ചിരിക്കുന്ന കാലത്ത് മൊബൈല്‍ ട്രാക്ക് ചെയ്താല്‍ പോലും എന്നെ കണ്ടെത്താന്‍ സാധിക്കും. അപ്പോള്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന് വ്യക്തമാണ്. പഴയ ഒരു കേസ് ഉണ്ടെങ്കില്‍ അയാളുടെ ഫോട്ടോ കൂടി ഇരിക്കട്ടെ എന്ന നിലപാടാണ് പോലീസ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. അത് വളരെ ഭീകരമാണ്. ഇത്ര നിസാരമാണല്ലോ ഇവിടുത്തെ പോലീസ് സംവിധാനം എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. നദിയെ ഒരു വിധത്തിലും പുറത്തേക്കിറക്കില്ല, പൂട്ടിക്കളഞ്ഞേക്കാം എന്നായിരിക്കും ഇവര്‍ ഉദ്ദേശിക്കുന്നത്. അല്ലെങ്കില്‍ സ്റ്റേറ്റ് തന്നെ എന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമില്ലെന്ന് വ്യക്തമാക്കിയിട്ടും പോലീസ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കില്ലല്ലോ? കണ്ണൂര്‍ ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ഈ ലുക്ക്ഔട്ട് നോട്ടീസിന്റെ കോപ്പിയുണ്ട്. അപ്പോള്‍ ഏതെങ്കിലും പെറ്റിക്കേസില്‍ പോലും പോലീസിന്റെ പിടിയിലാകുകയോ അല്ലെങ്കില്‍ ഈ ലുക്ക്ഔട്ട് നോട്ടീസ് കണ്ട ഒരു കണ്ണൂര്‍ ജില്ലക്കാരന്‍ കോഴിക്കോട് വച്ച് എന്നെ കാണുകയോ ചെയ്യുമ്പോള്‍ ഏതോ ഒരു വലിയ കുറ്റവാളിയാണെന്ന തരത്തിലുള്ള അനുഭവമാകും നേരിടേണ്ടി വരിക. അതിന് എന്റെ രൂപവും ഒരു കാരണമായേക്കാം. വൃത്തിയുള്ള വസ്ത്രം ധരിച്ച് അല്ലെങ്കില്‍ മുടിയൊക്കെ വെട്ടി ജീവിക്കാനുള്ള തൊഴില്‍ നേടാനുള്ള സാഹചര്യം പോലും ഇവരാണ് ഇല്ലാതാക്കിയത്. ഞാന്‍ തെറ്റൊന്നും ചെയ്യാത്തിടത്തോളം എനിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല. എന്റെ വസ്ത്രധാരണവും രൂപവുമാണ് ഇവരുടെ ഇപ്പോഴത്തെയും പ്രശ്‌നമെങ്കില്‍ എന്റെ കയ്യില്‍ ഈ വസ്ത്രങ്ങളൊക്കെ തന്നെയേ ഉള്ളൂവെന്നാണ് എനിക്കുള്ള മറുപടി.”

അതേസമയം ഫ്‌ളക്‌സുകള്‍ പുതുതായി വച്ചതല്ലെന്നും നദി അറസ്റ്റിലാകുന്നതിന് മുമ്പ് വച്ചതാണെന്നുമാണ് പോലീസിന്റെ വിശദീകരണം. പുതുതായി ലുക്ക്ഔട്ട് നോട്ടീസുകളൊന്നും തന്റെ അറിവില്‍ വന്നിട്ടില്ലെന്നും പേരാവൂര്‍ സിഐ പറയുന്നു. സ്റ്റേഷന് മുന്നില്‍ ഇപ്പോഴും ആ ലുക്ക്ഔട്ട് നോട്ടീസ് ഉണ്ടോയെന്ന് താന്‍ നോക്കിയിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ അത് പഴയതായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഈ കേസ് അന്വേഷിച്ചത് താനല്ലെന്നും അതിനാല്‍ തന്നെ ഈ കേസിനെക്കുറിച്ച് ഔദ്യോഗികമായി പറയേണ്ടത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നദിയുടെ കേസ് ഇരിട്ടി പോലീസ് സ്‌റ്റേഷന് കീഴിലാണ് വരുന്നത്. ഈ ലുക്ക്ഔട്ട് നോട്ടീസില്‍ പറയുന്ന കേസുകളെല്ലാം തന്നെ മാവോയിസ്റ്റുകളെ കണ്ടുവെന്ന നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ളതാണ്. ആറളം ഫാമില്‍ വച്ച് നദി ഉള്‍പ്പെടുന്ന സംഘത്തെ കണ്ടുവെന്ന സ്ത്രീയുടെ മൊഴിയാണ് നദിയെ യുഎപിഎ കേസില്‍ പെടുത്തിയതെന്ന് നേരത്തെ വ്യക്തമാക്കി കഴിഞ്ഞു. അതേസമയം ഈ കേസ് ഇപ്പോള്‍ തന്റെ അന്വേഷണ പരിധിയിലില്ലെന്നും ഐഎസ്‌ഐസി സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് അന്വേഷിക്കുന്നതെന്നും ഇരിട്ടി ഡിവൈഎസ്പി അഴിമുഖത്തോട് പറഞ്ഞു. ആറളം കേസില്‍ നദി കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പഴയ ഫ്‌ളക്‌സുകള്‍ എവിടെയെങ്കിലും കണ്ടതായിരിക്കുമെന്നും പുതുതായി ലുക്ക്ഔട്ട് നോട്ടീസുകളൊന്നും തന്റെ അറിവില്‍ ഒട്ടിച്ചിട്ടില്ലെന്നുമാണ് അദ്ദേഹവും വിശദീകരിക്കുന്നത്.

അതേസമയം ഈ ഫ്‌ളക്‌സുകളെല്ലാം തന്നെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് വച്ചതാണെങ്കില്‍ അത് മാറ്റേണ്ട ഉത്തരവാദിത്വം കണ്ണൂര്‍ പോലീസിന്റേതല്ലേയെന്ന് നദി ചോദിക്കുന്നു. “എനിക്ക് ഈ ചിത്രമെടുത്ത് അയച്ചു തന്നവര്‍ പറയുന്നത് ഈ ഫ്‌ളക്‌സുകളെല്ലാം രണ്ട്, രണ്ടര മാസത്തിനുള്ളില്‍ വച്ചതാണെന്ന് ഉറപ്പുണ്ടെന്നാണ്. കാരണം ഒരു വര്‍ഷം മുമ്പ് വച്ച ഫ്‌ളക്‌സുകള്‍ ഇത്രമാത്രം മഴയും വെയിലും കൊണ്ടിട്ടും യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല”. ഈ ഫ്‌ളക്‌സുകള്‍ നദി അറസ്റ്റിലാകുന്നതിന് മുമ്പ് വച്ചതാണെങ്കില്‍ കേസില്‍ ഹൈക്കോടതി നദിക്ക് ജാമ്യം അനുവദിക്കുകയും പിന്നീട് ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ കോടതിയില്‍ വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ ഫ്‌ളക്‌സുകള്‍ മാറ്റുകയോ അല്ലെങ്കില്‍ നദിയുടെ ചിത്രം ഒഴിവാക്കുകയോ ചെയ്യേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമല്ലേയെന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. ഇത് പോലീസിന്റെ അശ്രദ്ധയാണ്. ഈ അശ്രദ്ധ മൂലം ഒരു ചെറുപ്പക്കാരന്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്ക് ആരാണ് സമാധാനം പറയുക? ഈ ചോദ്യങ്ങള്‍ക്കൊന്നും പോലീസിന് മറുപടിയുമില്ല.

യുഎപിഎ നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നദി സെക്രട്ടേറിയറ്റിന് മുന്നിലേക്ക്

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍