UPDATES

ട്രെന്‍ഡിങ്ങ്

അന്തര്‍ സംസ്ഥാന ബസുകള്‍ പണി മുടക്കിയാലും യാത്രക്കാര്‍ ദുരിതത്തിലാകില്ല; കെഎസ്ആര്‍ടിസിയുടെ വിശദീകരണം

എല്ലാദിവസവും തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് ആളുകള്‍ പോയി വരികയൊന്നുമില്ലല്ലോ?

പരിശോധനകളുടെ പേരില്‍ ഗതാഗത വകുപ്പ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്. 400 ദീര്‍ഘദൂര സ്വകാര്യ സര്‍വീസുകളാണ് സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. 300 അന്തര്‍സംസ്ഥാന സര്‍വീസുകളും സംസ്ഥാനത്തിനകത്തെ നൂറ് സര്‍വീസുകളുമാണ് പണിമുടക്കിയത്. അതേസമയം ബദല്‍ സംവിധാനമൊരുക്കാതെ കെഎസ്ആര്‍ടിസി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 300 സര്‍വീസുകള്‍ക്ക് പകരം 49 സര്‍വീസുകള്‍ മാത്രമാണ് കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സ്വകാര്യ സര്‍വീസുകളുടെ പണിമുടക്ക് യാത്രക്കാരെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നാണ് കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(ഓപ്പറേഷന്‍) പി എം ഷറഫ് മുഹമ്മദ് അഴിമുഖത്തോട് പറഞ്ഞത്.

49 സര്‍വീസുകളാണ് കെഎസ്ആര്‍ടിസിയ്ക്ക് ബംഗളൂരുവില്‍ നിന്നുള്ളത്. ആ സര്‍വീസുകളെല്ലാം ക്രമീകരിച്ചത് പോലെ തന്നെ പുറപ്പെടും. യാത്രക്കാരുടെ ലഭ്യത അനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യം ആലോചിക്കും. യാത്രക്കാരുണ്ടെങ്കില്‍ തീര്‍ച്ചയായും കൂടുതല്‍ വണ്ടികള്‍ അയയ്ക്കും. അപ്രതീക്ഷിതമാണെങ്കില്‍ പോലും ഈ ഹര്‍ത്താല്‍ മൂലം യാത്രക്കാര്‍ ബുദ്ധിമുട്ടിലാകാനുള്ള സാധ്യത വളരെ കുറവാണ്. കെഎസ്ആര്‍ടിസിയുടെ നോര്‍മല്‍ വണ്ടികളുടെ പോലും ബുക്കിംഗ് ഇതുവരെയും തീര്‍ന്നിട്ടില്ല. പ്രൈവറ്റ് ബസിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ സമരമാണെന്ന് കണ്ട് കെഎസ്ആര്‍ടിസിയിലേക്ക് വന്ന് ബുക്ക് ചെയ്താല്‍ മാത്രമാണല്ലോ നമുക്ക് അറിയാന്‍ സാധിക്കുകയുള്ളൂ. അത്തരത്തിലുള്ള ബുക്കിംഗ് ഒന്നും 49 വണ്ടികളിലുമുണ്ടായിട്ടില്ല. 49 വണ്ടികളില്‍ എല്ലാ കാറ്റഗറിയിലുമുള്ള വണ്ടികളുമുണ്ട്. കേരളത്തിലെ എല്ലാ സെന്ററുകളില്‍ നിന്നുമാണ് ഈ സര്‍വീസുകള്‍ ഉള്ളത്. ബംഗളൂരുവിലേക്കാണ് സര്‍വീസുകള്‍ പ്രധാനമായുമുള്ളതെങ്കിലും മറ്റ് ഇടങ്ങളിലേക്കും ഈ സര്‍വീസുകള്‍ പോകുന്നുണ്ട്. പക്ഷെ ബംഗളൂരുവിലേക്ക് മാത്രമാണ് പ്രധാനമായുമുള്ള വിഷയമുള്ളത്. കോയമ്പത്തൂര്‍, മൈസൂര്‍, നാഗര്‍കോവില്‍, തെങ്കാശി എന്നിവിടങ്ങളിലേക്കും വണ്ടികളുണ്ടെങ്കിലും അവിടെയൊന്നും പ്രശ്‌നങ്ങളില്ല. സമരം ആരംഭിച്ചത് തിങ്കളാഴ്ച ആയതിനാല്‍ ഇങ്ങോട്ടേക്കുള്ള യാത്രക്കാരുടെ എണ്ണം കുറവായിരിക്കും.

നമ്മള്‍ ഈ പറയുന്നത് പോലെയല്ല. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാല് വണ്ടി ഓടിച്ചിരുന്ന സ്ഥാനത്ത് യാത്രക്കാരില്ലാത്തതിനാല്‍ ഇപ്പോള്‍ ഒരു വണ്ടി മാത്രമാണ് ഓടിക്കുന്നത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് യാത്രക്കാര്‍ കാര്യമായി ഉണ്ടാകുന്നത്. അവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. കല്ലടയടെ സൈറ്റില്‍ തന്നെ കയറി നോക്കിയാല്‍ ഒരുപാട് സീറ്റുകള്‍ ബാക്കി കിടക്കുന്നതായി കാണാം. എല്ലാദിവസവും തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് ആളുകള്‍ പോയി വരികയൊന്നുമില്ലല്ലോ? പ്രധാനപ്പെട്ട ദിവസങ്ങളില്‍ മാത്രമാണ് യാത്രക്കാര്‍ കൂടുതലുള്ളത്. ആ ദിവസങ്ങളില്‍ കൂടുതല്‍ വണ്ടികള്‍ ഓടിക്കുകയെന്നതാണ് നിലവിലെ അനുഭവത്തില്‍ നിന്നും കെഎസ്ആര്‍ടിസി ചെയ്യുന്നത്.

read more:രൂപേഷിന്റെ മാവോയിസ്റ്റ് ഐഡന്റിറ്റിയെ വില്‍ക്കാനാണ് ഡിസി ബുക്‌സ് ശ്രമിച്ചത്; കത്തിനെക്കുറിച്ച് രൂപേഷിന്റെ ഭാര്യ ഷൈമ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍