UPDATES

സിറോ മലബാര്‍ സഭയുടെ ‘പുത്തന്‍പണം’ മോഡല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട്; ആലഞ്ചേരി പിതാവിനെ നീക്കാനുള്ള ശ്രമമെന്ന് ഒരു വിഭാഗം വൈദികര്‍

എറണാകുളം രൂപതയ്ക്കു കീഴില്‍ ഉള്ളയാളല്ല എന്നത് പിതാവിനെതിരേയുള്ള കുറ്റമാക്കിയിരിക്കുകയാണെന്നും പിതാവിനെ അതിരൂപതാ അധ്യക്ഷസ്ഥാനത്തു നിന്നും നീക്കാനാണ് ശ്രമങ്ങളെന്നും വൈദികര്‍

എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട ഭൂമിയിടപാട് വിവാദം കൊഴുക്കുമ്പോഴും അതിരൂപതയയ്ക്കും ആര്‍ച്ച് ബിഷപ്പിനുമെതിരേ ഉയരുന്ന ആരോപണങ്ങളെ പാടെ നിഷേധിക്കുകയാണ് ഒരു വിഭാഗം വൈദികര്‍. മാനസികമായി ശാരീരികമായും പിതാവിനെ തളര്‍ത്തിയിരിക്കുകയാണ് ഇത്തരം അടിസ്ഥാനമില്ലാത്തതും വ്യക്തി വിരോധം തീര്‍ക്കാനായെന്ന പേരില്‍ നടത്തുന്നതുമായ ആരോപണങ്ങളെന്നാണ് പ്രോ വികാര്‍ ജനറലായ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ അഴിമുഖത്തോട് പറയുന്നത്. സഭയ്ക്ക് ഒരു തരത്തിലുമുള്ള സാമ്പത്തിക ബാധ്യതയും ഉണ്ടാക്കിയിട്ടില്ലാത്ത ഒന്നിന്റെ പേരില്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ സഭയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരെ തോജോവധം ചെയ്യുകയാണ്. വളരെ കുറച്ചു പേര്‍ ചേര്‍ന്നു നടത്തുന്ന ഈ ആരോപണങ്ങള്‍ അതിരൂപതയുടെ കീഴിലുള്ള വൈദികരുടെയെല്ലാം ആക്ഷേപങ്ങളായാണവര്‍ പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങള്‍ പോലും എല്ലാവശവും അന്വേഷിക്കാതെയുള്ള വാര്‍ത്തകളാണ് നല്‍കുന്നത്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് മനഃപൂര്‍വമല്ലാത്ത അബദ്ധമാണ്. അതെത്രയും വേഗം പരിഹരിക്കപ്പെടും. സംഭവിച്ചുപോയ അബദ്ധം ആലഞ്ചേരി പിതാവ് സമ്മതിച്ചതാണ്. പക്ഷേ അതൊന്നും ചെവിക്കൊള്ളാതെയുള്ള അസത്യപ്രചരണങ്ങളാണ് ചില വൈദികരുടെയും മറ്റും ഭാഗത്തു നിന്നും ഉണ്ടാകുന്നത്; ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ പറയുന്നു.

ഇല്ലാത്ത മെഡിക്കല്‍ കോളേജിനു വേണ്ടിയുള്ള ഭൂമി; പ്രചാരണം തെറ്റ്

മറ്റൂരില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എതിര്‍ പ്രചാരണം തന്നെ തെറ്റാണെന്ന് ആര്‍ച്ച് ബിഷപ്പ് ആസ്ഥാനവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. മെഡിക്കല്‍ കോളേജ് വേണ്ട എന്നു തീരുമാനം എടുത്തിരുന്നു എന്ന പ്രചാരണം ശരിയല്ല. സഭയുടെ കീഴില്‍ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വേണമെന്ന തീരുമാനം ഉണ്ടായിരുന്നതാണ്. അത് കമ്മിറ്റികള്‍ അംഗീകരിച്ചിട്ടുമുണ്ട്. പിതാവും ആ ആഗ്രമാണ് പ്രകടിപ്പിച്ചത്. അതനുസരിച്ചാണ് മറ്റൂരില്‍ 23.22 ഏക്കര്‍ ഭൂമി വാങ്ങിത്. വില കൂട്ടിയാണ് ഭൂമി വാങ്ങിയതെന്നു കൂടി ഇതിനോടൊപ്പമുള്ള പ്രചാരണവും അടിസ്ഥാനമില്ലാത്തതാണ്. ഇക്കാലത്ത് മെഡിക്കല്‍ കോളേജുകള്‍ നടത്തിക്കൊണ്ടു പോകുന്നത് പലയിടത്തും പരാജയമായി തീരുന്നുണ്ട്. പല ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. ഭൂമി വാങ്ങിയശേഷമാണ് ഈയൊരു സ്ഥിതി വിശേഷം വന്നത്. മെഡിക്കല്‍ കോളേജിനു പകരം ഒരു ട്രോമ കെയറോ റഫറല്‍ ആശുപത്രിയോ നിര്‍മിക്കാമെന്ന ആലോചനയാണ് പിന്നീടുണ്ടായത്. ഇതിലൊന്നും യാതൊരു കള്ളത്തരങ്ങളുമില്ല. എല്ലാം സുതാര്യമായിരുന്നു. ഈ ഭൂമി വാങ്ങിയതിനു ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിട്ടുണ്ട്. അതെല്ലാം രേഖകളുള്ളതാണല്ലോ. പിന്നെയെന്ത് കള്ളത്തരം കാണിക്കാനാണ്. ഈ ലോണ്‍ അടച്ചു തീര്‍ക്കാന്‍ സഭയുടെ തന്നെ മറ്റൊരു ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചതാണ്. ഈ ഇടപാട് നടന്നാല്‍ മറ്റൂരിലെ ഭൂമി വാങ്ങിയതിന്റെ ബാധ്യത തീര്‍ക്കാമായിരുന്നു. എന്നാല്‍ വില്‍ക്കാന്‍ ഉദ്ദേശിച്ച പ്രസ്തുത ഭൂമിയുടെ (അതെവിടുത്തെ ഭൂമിയാണെന്ന് വ്യക്തമാക്കുന്നില്ലെന്നു പറയുന്നു) വില്‍പ്പന തടസ്സപ്പെട്ടതോടെയാണ് തൃക്കാക്കരയിലും കാക്കനാടുമുള്ള ഭൂമി വില്‍ക്കാമെന്ന തീരുമാനം വന്നത്. ഈ ഭൂമികള്‍ വില്‍ക്കുന്ന കാര്യം എല്ലാവരോടും അറിയിച്ചിട്ടു തന്നെയായിരുന്നു; വൈദികര്‍ പറയുന്നു.

ബാങ്ക് വായ്പയുടെ ബാധ്യത ഉണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും അതെങ്ങനെ തീര്‍ക്കാമെന്ന് പറയാതിരുന്നവരാണ് ഇപ്പോള്‍ ആരോപണങ്ങളുമായി വരുന്നതെന്നാണ് ഈ വൈദികര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം. ഈ കാലത്ത് തന്നെയാണ് ലിസി ആശുപത്രി (സഭയുടെ കീഴിലുള്ളതു തന്നെയാണ് ആശുപത്രി) കാക്കനാട് ഇന്‍ഫോപാര്‍ക്കിനടത്ത് ഭൂമി വാങ്ങിയത്. അസറ്റ് എന്ന നിലയില്‍. ഈ പണം ഉപയോഗിച്ചിരുന്നെങ്കില്‍ ബാങ്ക് വായ്പ അടച്ചു തീര്‍ക്കാമായിരുന്നല്ലോ എന്നും ഒരു വൈദികന്‍ ചോദിക്കുന്നു. അങ്ങനെയെല്ലാമുള്ള ഒരവസ്ഥയിലാണ് സഭയുടെ കീഴിലുള്ള തുണ്ടു ഭൂമികള്‍ വില്‍ക്കാമെന്ന തീരുമാനം ഉണ്ടാകുന്നത്. ആരെയും അറിയാക്കാതെയാണ് വില്‍ക്കാന്‍ തീരുമാനിച്ചതെന്ന ആക്ഷേപം ഒട്ടും ശരിയല്ല. എല്ലാവരേയും അറിയിച്ചു തന്നെയായിരുന്നു. പക്ഷേ ഇപ്പോള്‍ ആരോപണങ്ങളുമായി മുന്നില്‍ നില്‍ക്കുന്നവര്‍ വില്‍ക്കാനുള്ള തീരുമാനം എടുക്കുമ്പോള്‍ മൗനമായിരുന്നു; പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വൈദികന്‍ പറയുന്നു.

സാജു വര്‍ഗീസ് എന്നയാളെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഉള്‍പ്പെടുത്തിയതിനു പിന്നില്‍ ക്രമക്കേട് ഉണ്ടെന്നു പറയുന്നതിലും വാസ്തവമില്ലെന്ന് ആര്‍ച്ച് ബിഷപ്പ് ആസ്ഥാനവുമായി ബന്ധപ്പെട്ട വൈദികര്‍ വ്യക്തമാക്കുന്നു. സാജു വര്‍ഗീസിനെ കുറിച്ച് ലഭിച്ച വിവരങ്ങള്‍ വച്ച് അയാള്‍ കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നൊരാള്‍ എന്നതായിരുന്നു. സഭാ വിശ്വാസിയും. ഒരിടത്തു നിന്നും സംശയകരമായ യാതൊരു സൂചനകളും സാജുവിനെ കുറിച്ച് ഉണ്ടായിരുന്നില്ല. ഏതെങ്കിലും വൈദികരുടെ വ്യക്തിപരമായ താത്പര്യമല്ല സാജു വര്‍ഗ്ഗീസിനെ ഭൂമി വില്‍പ്പന ഏല്‍പ്പിക്കാന്‍ കാരണം. അയാളെക്കുറിച്ച് പലരില്‍ നിന്നായി നല്ല വിവരങ്ങള്‍ കിട്ടിയശേഷമാണ് ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായ ഫാദര്‍ ജോഷി പുതുവ ഡീല്‍ സാജുവിനെ ഏല്‍പ്പിക്കുന്നതെന്നും ഇവര്‍ അഴിമുഖത്തോട് പറയുന്നു.

ഭൂമി സെന്റിന് ഒമ്പത് ലക്ഷത്തില്‍ കുറയാതെ വില കിട്ടുന്ന രീതിയില്‍ വില്‍ക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞിരുന്നുവെന്നും അത് തെറ്റിച്ചാണ് വില്‍പ്പന നടത്തിയതെന്നുമാണ് മറ്റൊരാരോപണം. ആ ഭൂമികള്‍ പരിശോധിച്ചാല്‍ മനസിലാകും, മുകളില്‍ കൂടി ഇലക്ട്രിക്കല്‍ ലൈനുകള്‍ പോകുന്നതും ഭൂമിക്കു നടുവിലൂടെ ഗ്യാസ് ലൈന്‍ പൈപ്പ് പോകുന്നതുമൊക്കെയായ ഭൂമിയാണ്. അവയ്ക്ക് നമ്മള്‍ ആഗ്രഹിക്കുന്ന വില കിട്ടണമെന്നില്ല. പക്ഷേ ഊഹക്കണക്കുകള്‍ പറഞ്ഞ് നഷ്ടം കണക്കാക്കി അത് പിതാവിനും മറ്റും മേല്‍ കുറ്റമാക്കി ആരോപിക്കുകയാണ് ചിലരെന്നും വൈദികര്‍ പറയുന്നു.

വീഴ്ച പറ്റിയത്

വില്‍പ്പന നടന്ന ഭൂമിയിടപാടില്‍ നിന്നും സഭയ്ക്ക് കിട്ടേണ്ട പണം മുഴുവന്‍ കിട്ടാതെ വന്നതാണ് ഒരു തിരിച്ചടി. ഇതാണ് എതിരാളികള്‍ ആയുധമാക്കിയിരിക്കുന്നതെന്നും ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ പറയുന്നു. എന്നാല്‍ ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടും. നോട്ട് നിരോധനവും മറ്റുമാണ് പണം പൂര്‍ണമായും നല്‍കാന്‍ കഴിയാതെ വന്നതിനു കാരണമായി ഇടപാടുകാരന്‍ പറയുന്നത്. ഇങ്ങനെയൊരു അബദ്ധം സംഭവിച്ചിരിക്കുന്നുവെന്ന് ആലഞ്ചേരി പിതാവ് പരസ്യമായി സമ്മതിച്ചതാണ്. പ്രശ്‌നം എത്രയും വേഗം രമ്യമായി പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ നിയമനടപടികളെക്കുറിച്ചും ആലോചിക്കും. കിട്ടാനുള്ള പണത്തിനുള്ള ഈടായാണ് കോട്ടപ്പടിയിലും ദേവികുളത്തുമുള്ള ഭൂമി സഭയുടേ പേരില്‍ തന്നിരിക്കുന്നത്. ഈ ഭൂമികളെക്കുറിച്ചും തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നു തോന്നുന്നു. ദേവികുളത്തെ ഭൂമി അതീവ പരിസ്ഥിതി ലോലപ്രദേശമാണെന്നു പറയുന്നു. പക്ഷെ ആ ഭൂമി തീര്‍ത്തും ഉപയോഗ്യശൂന്യമായതൊന്നുമല്ല. അവിടെ വേണമെങ്കില്‍ ഒരു റിസോര്‍ട്ട് പണിയാവുന്നതാണ്. സഭയ്ക്ക് ഒരു തരത്തിലും ഉപയോഗപ്പെടാത്ത ഭൂമിയൊന്നുമല്ല അത്. ഇതിനേക്കാള്‍ രൂക്ഷമായ വ്യാജപ്രചാരണമാണ് കോട്ടപ്പടിയിലെ 25 ഏക്കര്‍ ഭൂമിയെക്കുറിച്ചുള്ളത്. വനപ്രദേശമാണെന്നും ഭൂമിക്ക് നടുവില്‍ ക്വാറിയുണ്ടെന്നുമൊക്കെയാണ് പ്രചാരണം. ഇതെല്ലാം തെറ്റാണ്. കോട്ടപ്പടിയില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും പക്ഷേ ഈ 25 ഏക്കറില്‍ ഇല്ല. ഇവിടെ ഭൂമിക്ക് മുപ്പതിനായിരം പോലും വിലയില്ലെന്നാണ് പറയുന്നത്. ലക്ഷങ്ങള്‍ സെന്റിന് വിലയുണ്ടായിരുന്നു ഇവിടെ. ഒരു മാധ്യമത്തില്‍ വന്ന തെറ്റായ വാര്‍ത്ത ഇവിടുത്തെ ഭൂമിയ്ക്കു മേല്‍ സംശയങ്ങള്‍ ഉണ്ടാക്കുകയും വില കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഈ ഭൂമി പല വികസനകാര്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്താവുന്നതാണ്. ഒരു സ്‌കൂള്‍ നിര്‍മിക്കാന്‍ പറ്റിയ ഭൂമിയാണിത്. സഭയ്ക്ക് ഈട് നല്‍കിയ 25 ഏക്കര്‍ കൂടാതെ മൊത്തം 70 ഏക്കറിന് ഇവിടെ അഡ്വാന്‍സ് നല്‍കിയിരുന്നു. ഈ മൊത്തം ഭൂമിയും നഷ്ടപ്പെടാതിരിക്കാനാണ് ആറുകോടി രൂപ ലോണ്‍ എടുത്ത് വസ്തു ഇടപാടുകാരന് നല്‍കി 25 ഏക്കര്‍ സഭ ഈട് വാങ്ങിയത്. കിട്ടാനുള്ള പണം തിരിച്ചു കിട്ടിയാല്‍ വായ്പ്പ തുക തിരിച്ചടയ്ക്കാമെന്നായിരുന്നു കണക്കൂകൂട്ടല്‍ അതില്‍ കുറച്ച് കാലതാമസം വന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. കോട്ടപ്പടിയിലെ ഭൂമി വാങ്ങിയ കാര്യം മറച്ചുവച്ചതായി ഒരാരോപണം ഉണ്ട്. ശരിയാണ്, ഇക്കാര്യം എല്ലാവരെയും അറിയിച്ചിരുന്നില്ല. അറിയിച്ചിരുന്നെങ്കില്‍ അതിനും തുരങ്കം വയ്ക്കാന്‍ പലരും എത്തുമായിരുന്നു. അതുകൊണ്ടു മാത്രമായിരുന്നു ആദ്യം ഇക്കാര്യം എല്ലാവരെയും അറിയാക്കാതിരുന്നത്. അതില്‍ ക്രമവിരുദ്ധമായി യാതൊന്നുമില്ല. അതുപോലെയാണ് കരുണാലയത്തിന്റെ ഭൂമി വില്‍ക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും അതും വിറ്റുമെന്നുമുള്ള പ്രചാരണം. അഗസ്റ്റിന്‍ ബ്രദേഴ്‌സ് ആ ഭൂമി സഭയ്ക്ക് ദാനം ചെയ്യുമ്പോള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമെന്നു പറഞ്ഞിരുന്നവെങ്കിലും കൈമാറ്റം ചെയ്യരുതെന്ന് പറഞ്ഞിട്ടുള്ളതായി അറിവില്ല; ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുപാടന്‍ പറയുന്നു.

കടത്തിനു മേല്‍ കടം കയറ്റുന്ന ഭൂമി വാങ്ങലുകള്‍; എറണാകുളം-അങ്കമാലി അതിരൂപത വന്‍ സാമ്പത്തിക കുഴപ്പത്തില്‍

പിതാവ് ചങ്ങനാശ്ശേരിക്കാരനാണെന്നതാണ് അവരുടെ എതിര്‍പ്പിനു കാരണം

ഇപ്പോഴത്തെ വിവാദങ്ങള്‍ക്കെല്ലാം പിന്നില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനെതിരേയുള്ള നീക്കങ്ങളാണെന്നാണ് ഒരു വിഭാഗം വൈദികര്‍ പറയുന്നത്. പിതാവ് ചങ്ങനാശ്ശരിക്കാരനാണെന്നതാണ് അവരുടെ എതിര്‍പ്പിനു കാരണം. എറണാകുളം രൂപതയ്ക്കു കീഴില്‍ ഉള്ളയാളല്ലതെന്നത് പിതാവിനെതിരേയുള്ള കുറ്റമാക്കിയിരിക്കുകയാണെന്നും പിതാവിനെ അതിരൂപതാ അധ്യക്ഷസ്ഥാനത്തു നിന്നും നീക്കാനാണ് ശ്രമങ്ങളെന്നും ഈ വൈദികര്‍ ഇപ്പോഴത്തെ വിവാദങ്ങളെ ചൂണ്ടിക്കാണിച്ചു പറയുന്നു. ചങ്ങനാശ്ശേരി അതിരൂപതയ്ക്കു വേണ്ടിയല്ല, പിതാവ് ഈ സഭയ്ക്കു വേണ്ടിയാണ് തന്റെ ജീവിതം ചെലവഴിച്ചിച്ചത്. അദ്ദേഹത്തിന്റെ കര്‍മങ്ങളില്‍ വ്യക്തിതാത്പര്യങ്ങളല്ല. ഒരു ചില്ലിക്കാശുപോലും പിതാവോ ഇപ്പോള്‍ ആരോപണം നേരിടുന്ന അച്ചന്മാരോ സ്വന്തമാക്കിയിട്ടില്ല. സ്വന്തം വസ്തുവകകള്‍ പോലും സഭയ്ക്കു വേണ്ടി വിറ്റു ചെലവാക്കിയവരാണവര്‍. അങ്ങനെയുള്ളവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. ശാരീരികാസ്വാസ്ഥ്യങ്ങളില്‍ ബുദ്ധിമുട്ടുകയാണ് പിതാവിപ്പോള്‍ അതിനൊപ്പമാണ് ഇപ്പോള്‍ ഈ മാനസികാഘാതങ്ങളും. ക്രിസ്മസ് തലേന്നുള്ള കുര്‍ബാന അര്‍പ്പിക്കാന്‍ പിതാവ് എത്തിയില്ലെന്നതുപോലും വലിയ ആഘോഷമാക്കുകയാണ് ചിലര്‍. പിതാവ് ആഗ്രഹിച്ചിരുന്നെങ്കില്‍ കുര്‍ബാന അര്‍പ്പിക്കുമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ശാരീരിക വയ്യായ്മകള്‍ മൂലമാണ് പങ്കെടുക്കാതിരുന്നത്. ആരെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ അതൊഴിവാക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതൊരു നല്ല മനസിന്റെ തീരുമാനമാണ്; വൈദികര്‍ പറയുന്നു.

സഭയ്ക്ക് യാതൊരു വിധ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കാത്ത നടപടികളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ചില വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട് അത് സമ്മതിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യും. പരാതികള്‍  വന്നിട്ടാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ഈ കമ്മിഷനില്‍ പിതാവിന് താത്പര്യമുള്ളവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം. അതും തെറ്റാണ്. പിതാവിനെതിരെ പലപ്പോഴും നിലാപാട് എടുത്തിരുന്നവര്‍ തന്നെയാണ് കമ്മിഷനില്‍ അംഗങ്ങളായിരിക്കുന്നത്. പിതാവ് അതിനെതിരെ ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ ഒരു താത്പര്യങ്ങളും അവിടെ ഉണ്ടായിട്ടില്ല. ജനുവരി 31 ന് പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നത് കാക്കനാടെയും തൃക്കാക്കരയലെ ഭൂമിയിടപാടില്‍ വീഴ്ച വന്നിട്ടുണ്ടെന്നാണ്. അത് സമ്മതിച്ചിട്ടുള്ള കാര്യമാണ്. റിപ്പോര്‍ട്ടില്‍ പിതാവിനെതിരേ ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ അത് വിശദമായ ചര്‍ച്ചകള്‍ക്ക് വയ്ക്കും. പലഘട്ടങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ജനുവരി പകുതിയോടെ സിനഡ് കൂടുന്നുണ്ട്. അതിലും ചര്‍ച്ച ചെയ്യും. ഇതൊക്കെയാണ് സാധാരണ നടപടിക്രമങ്ങള്‍. ഇതെല്ലാം മറികടന്ന് വത്തിക്കാനിലേക്ക് നേരിട്ട് പരാതി അയക്കുമെന്നെക്കെ പറയുന്നതില്‍ എത്രത്തോളം സാംഗത്യമുണ്ടെന്ന് അതിനു ശ്രമിക്കുന്നവര്‍ തന്നെ ചിന്തിച്ചു നോക്കണമെന്നും വൈദികര്‍ പറയുന്നു. സ്വന്തം കുടുംബത്ത ഇല്ലാത്ത ആരോപണങ്ങള്‍ ചുമത്തി സമൂഹത്തിനു മുന്നില്‍ അപമാനിക്കുകകയാണിവര്‍ ചെയ്യുന്നതെന്നും ആര്‍ച്ച് ബിഷപ്പ് ആസ്ഥാനത്തെ വൈദികര്‍ അഴിമുഖത്തോട് പറഞ്ഞു.

ഭൂമി വില്‍പനയിലെ ക്രമക്കേടില്‍ കിടുങ്ങി എറണാകുളം-അങ്കമാലി അതിരൂപത; ആരോപണങ്ങളുടെ കുന്തമുന മാര്‍ ആലഞ്ചേരിക്ക് നേരെ

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍