UPDATES

നീതി ആയോഗ് ആരോഗ്യ സൂചികയിൽ കേരളം ഒന്നാമത്; ഉത്തർപ്രദേശ് ഏറ്റവും പിന്നിൽ

കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും മികച്ച സൂചികാനില ലക്ഷദ്വീപിന്റേതാണ്.

നീതി ആയോഗിന്റെ ആരോഗ്യരക്ഷാ സൂചികയുടെ രണ്ടാം എഡിഷനിൽ കേരളം ഒന്നാമത്. ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും മികച്ച ആരോഗ്യരക്ഷാപരമായ മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് സൂചിക ചൂണ്ടിക്കാട്ടുന്നു. ഇരുപത്തിമൂന്നോളം ആരോഗ്യസൂചകങ്ങളെ ആധാരമാക്കിയാണ് മൊത്തം ആരോഗ്യസൂചിക നിർമിക്കുക. കേന്ദ്രഭരണപ്രദേശങ്ങളടക്കം എല്ലാ സംസ്ഥാനങ്ങളും ഇതിൽ വരും.

2015-16 വർഷം അടിസ്ഥാന വർഷമായും 2017-18 വർഷം റഫറൻസ് വർഷമായും വെച്ചാണ് കണക്കുകൂട്ടൽ നടത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രാലയവുമായി ചേർന്നാണ് കണക്കുകളുടെ ക്രോഡീകരണം നീതി ആയോഗ് സാധ്യമാക്കിയിരിക്കുന്നത്. നീതി ആയോഗിന്റെ പോർട്ടലിൽ ഈ ഡാറ്റ മുഴുവനും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ആരോഗ്യസൂചികയുടെ ആദ്യവട്ട വിവരങ്ങൾ നീതി ആയോഗ് പ്രസിദ്ധീകരിച്ചിരുന്നു.

രാജ്യത്തെ വലിപ്പമേറിയ സംസ്ഥാനങ്ങളിൽ അഞ്ചെണ്ണം മാത്രമാണ് ആരോഗ്യരംഗത്ത് എന്തെങ്കിലും മുന്നേറ്റം നടത്തിയിട്ടുള്ളൂ. പഞ്ചാബ്, ആന്ധ്രപ്രദേശ്, ജമ്മു കശ്മീർ, ഛത്തീസ്ഗഢ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണവ. ജാർഖണ്ഡും ജമ്മു കശ്മീരും സൂചികയിൽ നാല് പോയിന്റുകൾ ഉയർത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

മൊത്തം പ്രകടനം വിലയിരുത്തുന്ന സൂചികയിൽ കേരളവും പഞ്ചാബും തമിഴ്നാടുമാണ് മുമ്പിൽ. കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് കേരളം സൂചികയിൽ പോയിന്റ് നിലയിൽ താഴേക്ക് പോന്നിട്ടുണ്ട്. കഴിഞ്ഞവർഷം കേരളത്തിന്റെ ആരോഗ്യസൂചിക 76.55 പോയിന്റിലാണ് നിന്നിരുന്നെങ്കിൽ ഇത്തവണയത് 80ലേക്ക് താഴ്ന്നിട്ടുണ്ട്. പഞ്ചാബ് കഴിഞ്ഞ വർഷത്തെ 62.02 പോയിന്റ് എന്ന നിലയിൽ നിന്നും 65.21 പോയിന്റിലേക്ക് ഉയർന്നിട്ടുണ്ട്. തമിഴ്നാട് പ്രകടനം ചെറിയ നിലയിൽ മെച്ചപ്പെടുത്തിയെന്നു പറയാം. എന്നാൽ റാങ്കിങ്ങിൽ രണ്ടാമത് നിന്നിരുന്ന സംസ്ഥാനം ഇപ്പോൾ മൂന്നാം സ്ഥാനത്താണുള്ളത്. അഞ്ചാമത് നിന്നിരുന്ന പഞ്ചാബ് രണ്ടാമതെത്തുകയും ചെയ്തു. ആരോഗ്യസൂചികയിൽ പൊതുവിൽ സംസ്ഥാനങ്ങളെല്ലാം മോശം പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.

ഉത്തർപ്രദേശാണ് ആരോഗ്യരക്ഷാ രംഗത്ത് രാജ്യത്ത് ഏറ്റവും മോശം പ്രകടനം നടത്തിയിരിക്കുന്നത്. അതെസമയം കഴിഞ്ഞ വർഷത്തെക്കാൾ പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും കാണാം. കഴിഞ്ഞ വർഷത്തെ പ്രകടനത്തെക്കൂടി പരിഗണിക്കുകയാണെങ്കിൽ ബിഹാറാണ് ഏറ്റവും മോശം പ്രകടനം നടത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം 38.46 പോയിന്റിൽ നിന്നിരുന്ന ആരോഗ്യസൂചിക ഇപ്പോൾ 34.7ലേക്ക് താഴ്ന്നിരിക്കുകയാണ്.

സൂചികയിൽ താഴെ നിൽക്കുന്നതും മുകളിൽ നിൽക്കുന്നതുമായ സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യത്യാസം ശ്രദ്ധേയമാണ്. ഏറ്റവും മുകളിൽ നിൽക്കുന്ന കേരളത്തിന്റെ പോയിന്റ് നില 76.55 ആണ്. ഏറ്റവും താഴെ നിൽക്കുന്ന ഉത്തർപ്രദേശിന്റേത് 33.69 പോയിന്റും.

കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും മികച്ച സൂചികാനില ലക്ഷദ്വീപിന്റേതാണ്. 65.79 പോയിന്റിലാണ് ലക്ഷദ്വീപിന്റെ സൂചിക നിൽക്കുന്നതെങ്കിൽ താഴെയുള്ള ദാദ്ര നഗർ ഹാവേലിയുടേത് 34.64 പോയിന്റിലാണ്.

അതെസമയം ആരോഗ്യ സൂചികയിൽ ഏറ്റവും മുകളിൽ നില്‍ക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾ തങ്ങൾ നിൽക്കുന്നിടത്തു നിന്നുള്ള വർധന സൂചികകളിൽ പ്രകടിപ്പിക്കുന്നതിൽ പ്രതിസന്ധി നേരിടുന്നുണ്ട്. രാജ്യത്തെ ആരോഗ്യരംഗത്തെ പ്രധാന പ്രശ്നങ്ങളിലൊന്നായ ബാലമരണങ്ങൾ, ശിശുമരണങ്ങൾ തുടങ്ങിയവയിൽ രാജ്യാന്തര നിലവാരമുള്ള പ്രകടനത്തിലേക്കെത്തിയ കേരളം ഇനി വൻ മുന്നേറ്റങ്ങൾ നടത്തിയാൽ മാത്രമേ സൂചികയിൽ മാറ്റമുണ്ടാക്കാനാകൂ എന്ന നിലയുണ്ട്. ഇക്കാരണത്താൽ തന്നെ ഇൻക്രിമെന്റൽ പ്രോഗ്രസ്സിന്റെ കാര്യത്തിൽ കേരളം സൂചികയിൽ താഴെയാണുള്ളത്. അടിസ്ഥാന വർഷവുമായി താരതമ്യം ചെയ്യുമ്പോൾ റഫറൻസ് ഇയറിലെ പ്രകടനം ഏറ്റവും മോശമായ സംസ്ഥാനം കേരളമാകുന്നതിന് കാരണവും ഇതാണ്. ഇൻക്രിമെന്റൽ പ്രോഗ്രസ്സ് ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തിയ സംസ്ഥാനം ജാർഖണ്ഡാണ്. സംസ്ഥാനത്തെ ആരോഗ്യരംഗം ഏറെ മോശമായ നിലയിലാണ് എന്നതിനാൽ മുന്നേറ്റത്തിനുള്ള സാധ്യതയും അതിനുള്ള സാമഗ്രികളുടെ ലഭ്യതയും അധികമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍