UPDATES

ട്രെന്‍ഡിങ്ങ്

കേരളം എന്തുകൊണ്ട് നമ്പര്‍ വണ്‍: ഇത് ജെയ്റ്റ്‌ലിക്കുള്ള പിണറായിയുടെ മറുപടി

കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ആരോപിക്കുന്നതിനിടെയാണ് കേരളം എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന പരസ്യം ഡല്‍ഹിയിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചത്

എന്തുകൊണ്ട് കേരളം ഒന്നാമതാണ് എന്ന് വിശദമാക്കുന്ന കേരളത്തിന്റെ പരസ്യം ഡല്‍ഹിയിലെ പത്രങ്ങളുടെ ഒന്നാം പേജില്‍ ഇടംപിടിച്ചിരിക്കുകയാണ് ഇന്ന്. ഇതോടെ കേരള സന്ദര്‍ശത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് ശക്തമായ ഭാഷയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മറുപടിയായി ഇത്.

രാഷ്ട്രീയ കൊലപാതകങ്ങളെ ഉയര്‍ത്തിക്കാട്ടി കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ആരോപിക്കുന്നതിനിടെയാണ് കേരളം എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന പരസ്യം ഡല്‍ഹിയിലെ പത്രിങ്ങളില്‍ പ്രസിദ്ധീകരിച്ചത്. രാജ്യതലസ്ഥാനമായതിനാല്‍ തന്നെ അതനുസരിച്ചുള്ള ശ്രദ്ധ ഈ പരസ്യത്തിന് ലഭിക്കുകയും ചെയ്യും. ക്രമസമാധാന പാലനത്തിന് രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നതിനാല്‍ ഏറ്റവും സമാധാനമുള്ള സംസ്ഥാനമാണ് കേരളമെന്നാണ് പരസ്യത്തില്‍ പറയുന്നത്. വര്‍ഗ്ഗീയതയ്‌ക്കെതിരായ മികച്ച പ്രവര്‍ത്തനങ്ങള്‍, ഭരണത്തിലെ മികവ്, അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനം, മാനവ വികസനത്തില്‍ ഒന്നാം സ്ഥാനത്ത്, ഉയര്‍ന്ന സാക്ഷരതയും ആളോഹരി വരുമാനവും എന്നിവയാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മുന്‍പന്തിയിലെത്തിക്കുന്നത്.

കൂടാതെ ശ്രീ എം, സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ ടി തോമസ്, നടന്‍ കമല്‍ഹാസന്‍ എന്നിവരുടെ പ്രശംസ വാക്കുകളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളം സന്ദര്‍ശിക്കൂ, കേരളത്തില്‍ നിക്ഷേപം നടത്തൂ എന്ന സന്ദേശത്തോടെയാണ് പരസ്യം അവസാനിക്കുന്നത്. മൈത്രി അഡ്വര്‍ടൈസിംഗ് ആണ് പരസ്യം തയ്യാറാക്കിയത്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ് കേരളമെന്നും പലതിലും കേരളം എന്താണെന്ന് അറിയണമെങ്കില്‍ ഇന്ത്യ ഒന്ന് ചുറ്റിയച്ചിട്ട് വരണമെന്നും മൈത്രി അഡ്വര്‍ടൈസിംഗ് അഡ്മിന്‍ അജിത്ത് കുമാര്‍ ആര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കേരളത്തെയും പ്രസിഡന്റ് ഭരണത്തെയും ഒറ്റ ശ്വാസത്തില്‍ പറയുന്നവര്‍ വാക്ക് തൊണ്ടയില്‍ കുടുങ്ങി മരിക്കാതെ സൂക്ഷിക്കൂ. മലയാളി എന്ന ജനതയുടെ ജനിതക ഘടന ഇതര ഭാരത ദേശങ്ങള്‍ക്ക് അവകാശപ്പെടാന്‍ ആകുമോ എന്ന് സംശയമാണ്. ശരിയായ ജനാധിപത്യത്തിന്റെ ഇത്രയും നല്ല പരിച്ഛേദം മറ്റെങ്ങും ദര്‍ശിക്കനാകുമോ എന്നതും സംശയമാണെന്നും അജിത്ത് കുമാര്‍ വ്യക്തമാക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍