UPDATES

കെവിന്റെ വീട്ടില്‍ മരം നടാനെത്തിയ വനിതാ ലീഗുകാരേ, ആഗോള താപനമല്ല കെവിനെ കൊന്നത്

കെവിനെ കൊന്നത് ഓസോണ്‍ പാളിയുടെ ശോഷണമോ ആഗോള താപനമോ ഒന്നുമല്ല. അതോ ഒരു മരം പുത്രന് സമമെന്ന ആര്‍ഷഭാരതച്ചൊല്ലിനെ പിന്‍പറ്റി ചെന്നതാണോ?

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

കെവിന്റെ വീട്ടില്‍ ചെന്ന ദിവസം ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് അവരെ കൊണ്ട് സംസാരിപ്പിക്കുന്നതിലാണ്. ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം അവര്‍ തന്നെ സംസാരിച്ച് തുടങ്ങിയിട്ടും എന്തെങ്കിലും ചോദിക്കാന്‍ ഭയങ്കരമായ കുറ്റബോധം തോന്നിയിരുന്നു. അണമുറിയാതെ നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും വന്ന് പോകുന്നുണ്ട്. എത്രയോ വട്ടം ആവര്‍ത്തിച്ച കാര്യങ്ങള്‍ ഒരാളോടു പോലും മുഖം കറുപ്പിക്കാതെ അവര്‍ പറയുന്നുമുണ്ട്. അമ്മയും നീനുവും അച്ഛനുമൊക്കെ. ഭക്ഷണം പോലും മര്യാദക്ക് കഴിക്കാതെ ഇരിക്കുമ്പോഴാണിത് എന്നോര്‍ക്കണം.

അച്ഛനാണെങ്കില്‍ ഉമ്മറത്ത് ഒരേ നില്‍പ്പ്. വരുന്നവരെയൊക്കെ കയറ്റിയിരുത്തുന്നു. ഇടക്ക് രാഷ്ട്രീയക്കാര്‍ വരുമ്പോള്‍ അവരോടൊപ്പം മുഴുവന്‍ സമയവും നടക്കുന്നു. പുറം വേദനിക്കുന്നു എന്ന് നീനു പറയുന്നുണ്ടായി. ഒരേ ഇരിപ്പിരുന്നിട്ടാണ്. കിടന്നോളൂ എന്ന് പറഞ്ഞാലും ഇല്ല ഞാന്‍ പറഞ്ഞോളാം എന്ന മറുപടിയില്‍ വീണ്ടും തുടരും. കരച്ചില്‍ പൊട്ടിയാലും അതിനെ തുടച്ച് കളയും. ഇത് രാവിലെ തുടങ്ങി വൈകീട്ട് വരെ തുടരേണ്ടി വരുന്ന സംഗതിയാണ്. ഇപ്പോഴും അവസാനിച്ച് കാണില്ല.

ഇതിനിടക്ക് ചില മനുഷ്യര്‍ അവരുടെ വക പ്രകടനങ്ങളുമായി കയറി വരും. ദു:ഖവും രോഷവുമൊക്കെ ആദ്യപടിയായി ആവശ്യത്തില്‍ കൂടുതല്‍ പ്രദര്‍ശിപ്പിച്ച് കളയും. ഇത് കഴിഞ്ഞാല്‍ ആരെയെങ്കിലേയും കണ്ട് പിടിച്ച് ചിരിയിലേക്കും വര്‍ത്തമാനത്തിലേക്കുമൊക്ക നീങ്ങിക്കൊള്ളും.

നീനുവിനോട് സംസാരിച്ചിരിക്കുമ്പോള്‍ ഒരാള്‍ കാണാന്‍ വന്നു. സുഡാനി ഫ്രം നൈജീരിയയിലെ കളരിക്കാരന്‍ നായരുടെ ഛായയുള്ള ഒരു മനുഷ്യന്‍. വന്ന പാടെ കൈകൂപ്പി വളഞ്ഞ് കൊണ്ടൊരു നമസ്‌കാരം. ‘എന്റെ രണ്ട് മക്കളും പ്രേമ വിവാഹമായിരുന്നു. ഞാന്‍ നായരാണേ. ഒരു മോള് കല്യാണം കഴിച്ചത് വെളുത്തേടത്ത് നായരെയാ. പക്ഷേ ഞാനൊരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. ഇത് ഭയങ്കര കഷ്ടമായി.”

അത് കഴിഞ്ഞ് ഒരല്‍പം നിശബ്ദത. ”കേരളം മുഴുവന്‍ ഇപ്പൊ മോളെ അറിയും. ടിപി ചന്ദ്രശേഖരനെ അമ്പത്തൊന്ന് വെട്ട് വെട്ടി കൊന്നതിലും ക്രൂരമായല്ലേ കെവിനെ കൊന്നത്.”
വീണ്ടും കൂപ്പു കൈ വണങ്ങല്‍.

അയാളോടും നീനു തലകുലുക്കി കാണിച്ചു. അച്ഛന്‍ മുറ്റത്തേക്ക് കൂട്ടിക്കൊണ്ട് പോയി.

പിന്നെ വന്നതൊരു കുലീന വനിതയാണ്. കെവിന്റെ സഹോദരിയും കൂട്ടുകാരും ഇരിക്കുന്നതിന് നടുക്ക് വന്നിരുന്നു. അവര്‍ അതിര്‍ത്തി തര്‍ക്കത്തിന് കേസ് കൊടുത്തിട്ടും നടപടി എടുക്കാത്ത എസ്.ഐ ആണ് കെവിന്റെ കേസില്‍ വീഴ്ച വരുത്തിയതെന്നും പറഞ്ഞ് ഉറക്കെ കഥ പറച്ചില്‍ തുടങ്ങി. ”എനിക്ക് സര്‍ക്കാര്‍ ജോലിയാണേ, എന്തെങ്കിലും പറഞ്ഞാല്‍ ജോലിക്ക് പ്രശ്‌നമാകുമെന്ന് മോന്‍ പറഞ്ഞു. എന്നാലും ഞാന്‍ പിണറായിക്ക് നീണ്ട കത്തെഴുതി”. പിന്നെ പൊതുവിജ്ഞാനം, നാട്ടിലെ ക്രമസമാധാനം തുടങ്ങി അവരുടെ രോഷവും അറിവും മുഴുവന്‍ പ്രകടിപ്പിച്ചു. മുഴുവനും കേട്ട് ഒന്നും മിണ്ടാതെ നില്‍ക്കുന്നുണ്ടായി അച്ഛനും പെങ്ങളും.

ഇങ്ങനെ വായില്‍ വരുന്നതൊക്കെ വിളമ്പുന്നത് തകര്‍ന്നും വേദനിച്ചും ഇരിക്കുന്ന കുറേ മനുഷ്യരോടാണ്. ഓരോ ആളുകളും തങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു, ഒപ്പം നില്‍ക്കുന്നു എന്നതിനെ പരിഗണിച്ച് അവര്‍ സ്വാഗതം ചെയ്യുമ്പോള്‍ അതിന്റെ മുകളിലിരുന്നാണ് ഈ പ്രിവിലേജ് പ്രകടനങ്ങളും വിവരണങ്ങളും.

ഇന്നിതാ ഒരു പരിസ്ഥിതിദിന നാടകവും. കെവിന്റേത് ഒരു വാടക വീടാണ്. നിറയെ ചെടികള്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരു നടപ്പാതയാണ് അങ്ങോട്ട്. ആവശ്യത്തിന് മരങ്ങള്‍ മുറ്റത്തുണ്ട്. അവിടേക്ക് ഈ തൈയ്യും കൊണ്ട് ചെന്ന് ആ മനുഷ്യരെ ഈ നാടകത്തില്‍ അഭിനയിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്. കെവിനെ കൊന്നത് ഓസോണ്‍ പാളിയുടെ ശോഷണമോ ആഗോള താപനമോ ഒന്നുമല്ല. അതോ ഒരു മരം പുത്രന് സമമെന്ന ആര്‍ഷഭാരതച്ചൊല്ലിനെ പിന്‍പറ്റി ചെന്നതാണോ വനിതാ ലീഗുകാര്‍?

അവിടെയുള്ള ആളുകളുടെ ശാരീരികവും മാനസികവുമായ തളര്‍ച്ചയിലേക്കാണ് ഈ ഇരട്ടി ഭാരങ്ങളൊക്കെ കൊടുക്കുന്നത്. ആ പെണ്‍കുട്ടി നിങ്ങളുടെ ഫോട്ടോ എടുപ്പ് മരത്തൈ നടലിന് വന്ന് നില്‍ക്കേണ്ടി വരുന്ന ഗതികേടിനെ ഇത്ര അപഹാസ്യപരമായി ചൂഷണം ചെയ്യരുത്. ആ അച്ഛന്റെ വേദനയെ കൊണ്ട് ഇങ്ങനെ മണ്ണിടീപ്പിക്കരുത്. സാമാന്യ വകതിരിവോ മനുഷ്യത്വമോ ഉണ്ടെങ്കില്‍ ഇത്തരം പരിസ്ഥിതിദിന പ്രദര്‍ശനങ്ങള്‍ക്ക് മറ്റൊരു ഇടം കണ്ടെത്തപ്പെട്ടേനെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍