UPDATES

കെവിനെ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നിട്ടും ആ ചെറുപ്പക്കാരനെ അരുംകൊല ചെയ്യാന്‍ വിട്ടുകൊടുക്കുകയായിരുന്നോ പൊലീസ് ?

കെവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതികളുമായി നീനുവും കെവിന്റെ പിതാവും സ്റ്റേഷനില്‍ എത്തിയിട്ടും പൊലീസ് അനങ്ങിയില്ല

പ്രണയിച്ച പെണ്‍കുട്ടിയെ ജീവിതത്തില്‍ ഒപ്പം കൂട്ടാന്‍ ആഗ്രഹിച്ച ‘കുറ്റ’ത്തിന് കെവിന്‍ പി ജോസഫ് എന്ന 23 കാരന്‍ അരും കൊല ചെയ്യപ്പെട്ടതിനു പിന്നില്‍ കേരള പൊലീസിന്റെ അക്ഷന്തവ്യമായ അനാസ്ഥ തന്നെയാണ് പ്രധാന കാരണം. കെവിനെ തട്ടിക്കൊണ്ടുപോയതായുള്ള പരാതി കിട്ടിയ ഉടനെ പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തിയിരുന്നെങ്കില്‍ കെവിന്‍ കൊല്ലപ്പെടില്ലെന്നു തന്നെയാണ് ബന്ധുക്കള്‍ അടക്കം വിശ്വസിക്കുന്നത്. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ ഒരു ചെറുപ്പക്കാരന് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയായി. മുഖ്യമന്ത്രിയുടെ പരിപാടി ജില്ലയില്‍ ഉണ്ടെന്ന കാരണമാണ് അന്വേഷണം വൈകാന്‍ പൊലീസ് പറഞ്ഞതായി ഇപ്പോള്‍ പറയുന്ന ആരോപണമെങ്കിലും പ്രതികളുടെ ഭാഗത്ത് നില്‍ക്കാന്‍ പൊലീസ് സ്വാധീനിക്കപ്പെട്ടിരുന്നുവെന്നതും ഗുരുതരമായ ആരോപണം തന്നെയാണ്. തങ്ങള്‍ക്ക് അനുകൂലമായല്ല, മറിച്ച് പ്രതികളോട് അനുഭാവം പുലര്‍ത്തുന്ന രീതിയിലായിരുന്നു പൊലീസിന്റെ പ്രവര്‍ത്തനങ്ങളെന്ന് കെവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് കോട്ടയം മാത്താനത്ത് കെവിന്റെ അമ്മവാന്റെ മകനായ അനീഷിന്റെ വീട്ടില്‍ പത്തംഗ സംഘം മൂന്ന് കാറുകളിലായെത്തിയത്. അനീഷിന്റെ വീട് ആക്രമിച്ചാണ് കൊലപാതകികളുടെ സംഘം കെവിനെയും ഒപ്പം അനീഷിനെയും തട്ടിക്കൊണ്ട് പോയത്. ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ അനീഷിനെ പിന്നീട് റോഡില്‍ ഇറക്കിവിടുകയാണ് ചെയ്തത്. എന്നാല്‍ കെവിനെ വിട്ടില്ല. ഒടുവില്‍ തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കരയില്‍ ഒരു തോട്ടില്‍ നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിക്കുകയാണെന്നാണ് അനുമാനം. കെവിന്‍ പ്രണയിച്ച്ു വിവാഹം കഴിച്ച നീനുവിന്റെ സഹോദരന്‍ ഷാനു നിയോഗിച്ച ഗുണ്ടാ സംഘമാണ് കെവിനെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് അറിവ്.

മാന്നാനത്ത് അനീഷിന്റെ വീട് ഗുണ്ടകള്‍ ആക്രമിക്കുമ്പോള്‍ ശബ്ദം കേട്ട് അയല്‍ക്കാര്‍ എത്തിയിരുന്നു. എന്നാല്‍ അക്രമികള്‍ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയതോടെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി. അയല്‍ക്കാരാണ് നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുന്നത്.

മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു കെവിനും നീനുവും. വീട്ടുകാര്‍ മറ്റൊരു വിവാഹം ആലോചിക്കാന്‍ തുടങ്ങിയതോടെ നീനു കെവിനൊപ്പം ഇറങ്ങി പോരുകയായിരുന്നു. തുടര്‍ന്ന് കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനില്‍വച്ച് കെവിനോടും നീനുവിനോടും ഇരുവരുടേയും ബന്ധുക്കളോടും പൊലീസ് സംസാരിച്ചിരുന്നു. വീട്ടുകാര്‍ക്കൊപ്പം പോകാനല്ല, തനിക്ക് കെവിനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്നായിരുന്നു നീനു തന്റെ തീരുമാനം അറിയിച്ചത്. ഇതില്‍ പ്രകോപിതരായ ബന്ധുക്കള്‍ പോലീസിന്റെ മുന്നില്‍ വച്ച് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ സംഘടിച്ചതോടെ പിന്‍വാങ്ങുകയായിരുന്നു. പ്രായപൂര്‍ത്തിയായ യുവതീ യുവാക്കള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ പോലീസ് അവരെ പിന്തുണയ്ക്കണമെന്നാണ് നിയമമെന്നിരിക്കെ നീനുവിന്റെ മാതാപിതാക്കളുടെ വേദനയില്‍ ഒപ്പം നില്‍ക്കുകയാണെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നാണ് ആക്ഷേപം. ശനിയാഴ്ച രാവിലെയും നീനുവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് കെവിന്‍ രഹസ്യമായി മാറ്റിയത്. കെവിന്‍ അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലേക്ക് മാറുകയും ചെയ്തു. ഇതിന്റെ പിറ്റേന്നാണ് കെവിനെ വീടുകയറി ആക്രമിച്ച് തട്ടിക്കൊണ്ട് പോയതും കൊലപ്പെടുത്തിയതും.

കെവിനു ഭീഷണിയുണ്ടെന്ന് നേരത്തെ തന്നെ അറിയാമായിരുന്നിട്ടും യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി കിട്ടിയപ്പോള്‍ അത് ഗൗരവമായി കാണാതിരുന്നത് പൊലീസ് സ്വാധീനത്തിനു വഴങ്ങിയതുകൊണ്ടാണെന്ന ആക്ഷേപം ശക്തമാകുന്നത് അതുകൊണ്ടാണ്. കെവിന്റെ പിതാവ് ഞായറാഴ്ച രാവിലെ ആറ് മണിക്ക് തന്നെ പരാതിയുമായി ഗാന്ധി നഗര്‍ പോലീസ് സ്‌റ്റേഷനിലെത്തിയതാണ്. പക്ഷേ പൊലീസ് ആ പിതാവിന്റെ പരാതി അവഗണിക്കുകയായിരുന്നു. ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി ഇതേ സ്‌റ്റേഷനിലെത്തിയ നീനു നേരിട്ടതും മറ്റൊരു അവസ്ഥയായിരുന്നില്ല. ‘ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കിലാണ്. അതുകഴിഞ്ഞ് നോക്കാം’. എന്നായിരുന്നു എസ്‌ഐ എംഎസ് ഷിബു നീനുവിനോട് പറഞ്ഞത്. ഈ നിലപാടില്‍ പ്രതിഷേധിച്ച് നീനു പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരിക്കുകയും ചെയ്തു. ഒടുവില്‍ മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണം ആരംഭിക്കാന്‍ തയ്യാറായത്. നീനുവിന്റെ ബന്ധുക്കളില്‍ നിന്നും എസ്‌ഐ പണം കൈപ്പറ്റിയാണ് നീനുവിന്റെയും കെവിന്റെ പിതാവിന്റെയും പരാതികള്‍ അവഗണിച്ചതെന്നാണ് ആരോപണം. വിദേശത്തു നിന്നും അവധിയിലെത്തിയ നീനുവിന്റെ സഹോദരന്‍ ഷാനു എസ്‌ഐയ്ക്ക് ഒരു ലക്ഷം രൂപ നല്‍കിയെന്നാണ് ആരോപണം.നീനുവിന്റെ പരാതി അവഗണിച്ച എസ്‌ഐ സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരിക്കുകയാണ്.

ഇന്നലെ രാവിലെ പരാതി ലഭിച്ചപ്പോള്‍ തന്നെ പോലീസ് അന്വേഷണം ആരംഭിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ കെവിനെ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതിന് പകരം പൊലീസ് ചെയ്തത് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയവരെ ഫോണില്‍ ബന്ധപ്പെട്ട് ഇരുവരെയും തിരികെ വിടാന്‍ അഭ്യര്‍ത്ഥിക്കുയായിരുന്നുവേ്രത. അക്രമികളോട് പൊലീസ് മൃദുസമീപമനമായിരുന്നു എടുത്തിരുന്നതെന്നതിന്റെ തെളിവാണിതെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നു. എസ്‌ഐ പണം കൈപ്പറ്റിയെന്ന് തങ്ങള്‍ സംശയിക്കുന്നത് ഇതുകൊണ്ടാണെന്നും അവര്‍ പറയുന്നു. തെന്മല പോലീസ് ഇന്നലെ തന്നെ ഗുണ്ടകള്‍ എത്തിയ ഒരു കാര്‍ കണ്ടെത്തിയിരുന്നതാണ്. അതില്‍ നിന്നു തന്നെ കെവിനെ ഗുണ്ടകള്‍ ഏത് പ്രദേശത്തേക്കായിരിക്കും കൊണ്ടുപോയിരിക്കുകയെന്ന് ഊഹിക്കാന്‍ പോലീസിന് സാധിക്കുമായിരുന്നു. ഒരുപക്ഷെ അവര്‍ ഊര്‍ജ്ജിതമായി ഇടപെട്ടിരുന്നെങ്കില്‍ കെവിനെ ജീവനോടെ തന്നെ കണ്ടെത്താന്‍ സാധിക്കുമായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍