UPDATES

ട്രെന്‍ഡിങ്ങ്

പൊട്ടിക്കരഞ്ഞ് പ്രതികള്‍; വികാരാധീനനായി അഭിഭാഷകന്‍; എല്ലാം തന്ത്രമെന്ന് കെവിന്റെ അച്ഛന്‍ ജോസഫ്

പ്രതികളില്‍ പലരും പറഞ്ഞത് പ്രായമായ മാതാപിതാക്കളെ നോക്കണമെന്ന്‌

കേരളത്തെ ഞെട്ടിച്ച ജാതിക്കൊലപാതകത്തിലെ പ്രതികള്‍ ശിക്ഷാവിധി സംബന്ധിച്ച വാദത്തിനിടെ കോടതിയില്‍ പൊട്ടിക്കരഞ്ഞു. കെവിന്‍ വധക്കേസിലെ പത്ത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വ്യാഴാഴ്ച വിധിച്ചിരുന്നു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് രാവിലെ വാദം തുടങ്ങിയപ്പോള്‍ മുതല്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

തനിക്കുമേല്‍ ചുമത്തപ്പെട്ട കുറ്റത്തിനുമേലുള്ള മറുപടി കേസിലെ ഒന്നാം പ്രതിയും കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനുമായ സാനു ചാക്കോ എഴുതി നല്‍കി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന ജഡ്ജിയുടെ നിരീക്ഷണം വന്നതിന് പിന്നാലെയാണ് പ്രതികള്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞത്. സാനു ചാക്കോയും കോടതി മുറിയില്‍ വികാരാധീനനായി. പ്രതികള്‍ക്ക് പറയാനുള്ളതും കോടതി കേട്ടു. അച്ഛന്‍ മരിച്ച താനാണ് വീട് നോക്കേണ്ടതെന്ന് രണ്ടാം പ്രതി നിഷാന്‍ പറഞ്ഞു. പ്രായമായ അമ്മയും പെങ്ങളുമുണ്ട് അവരുടെ കാര്യം നോക്കണം ഏക ആശ്രയം താനാണെന്നാണ് നാലാം പ്രതി റിയാസ് കോടതി മുറിയില്‍ കരഞ്ഞുകൊണ്ട് പറഞ്ഞത്. തനിക്ക് 26 വയസ്സേ ഉള്ളൂവെന്നും കുഞ്ഞിലേ അച്ഛന്‍ ഉപേക്ഷിച്ചതാണെന്നും ആറാം പ്രതി മനു അറിയിച്ചു.

ഏഴാം പ്രതി ഷെഫിന്‍ പരാതി എഴുതിയാണ് നല്‍കിയത്. കുടുംബം തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്നും ഉപ്പയെയും ഉമ്മയെയും നോക്കാന്‍ മറ്റാരുമില്ലെന്ന് പറഞ്ഞായിരുന്നു എട്ടാം പ്രതി നിഷാദിന്റെ കരച്ചില്‍. ഒമ്പതാം പ്രതി ടിറ്റോ ചൂണ്ടിക്കാട്ടിയത് അച്ഛന്റെ കാഴ്ച പ്രശ്‌നമാണ്. അമ്മ അസുഖബാധിതയാണെന്നും ഇയാള്‍ പറഞ്ഞു. താന്‍ പത്താം ക്ലാസ് വരയേ പഠിച്ചിട്ടുള്ളൂവെന്നും വിദ്യാഭ്യാസം കുറവാണെന്നും മാതാപിതാക്കളെ സംരക്ഷിക്കണമെന്നുമാണ് 12-ാം പ്രതി ഷാനു പറഞ്ഞത്.

പ്രതികളുടെ പ്രായം കണക്കിലെടുക്കണമെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. പ്രതികള്‍ക്ക് നന്നാകാനും ജീവിക്കാനും അവസരം നല്‍കണം. മനുഷ്യത്വപരമായ സമീപനം ഉള്‍ക്കൊള്ളണം. പല പ്രതികളും അബദ്ധത്തില്‍പ്പെട്ടുപോയതാണ്. അറിയാതെ സംഭവിച്ച തെറ്റ് തിരുത്താന്‍ അവസരം നല്‍കണം എന്നിങ്ങനെയായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കുമാര്‍ വികാരാധീനനായി പറഞ്ഞത്.

അതേസമയം കോടതിയില്‍ പ്രതിഭാഗം നാടകം കളിക്കുകയായിരുന്നെന്നും ശിക്ഷകുറയ്ക്കാനുള്ള തന്ത്രമാണിതെന്നും കെവിന്റെ അച്ഛന്‍ ജോസഫ് പറഞ്ഞു. വിചാരണ നടക്കുമ്പോള്‍ പ്രതികളുടെ സ്വഭാവം ഇങ്ങനെയായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതിക്കും ഇത് ബോധ്യമുണ്ട്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് പ്രതികരിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതുമൂലമുള്ള വൈരാഗ്യത്താല്‍ നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ട് പോയെന്നാണ് കേസ്. പിന്നീട് കെവിനെ തെന്മലയ്ക്ക് സമീപത്തെ ചാലിയക്കര പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കെവിന്‍ വധക്കേസ് ദുരഭിമാനക്കൊലയാണെന്ന കൃത്യമായ നിരീക്ഷണത്തോടെയാണ് കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 10 പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചത്. ഇതോടെ കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായി കെവിന്റെ കൊലപാതകം മാറി. ദുരഭിമാനക്കൊലയെന്ന നിഗമനത്തിലെത്താന്‍ നീനുവിന്റെ മൊഴിയും നിര്‍ണായകമായി. കെവിന്റെ മൃതദേഹം കണ്ടെത്തി 448-ാം ദിവസമാണ് വിധി വന്നത്. 2018 മെയ് 28നായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

also read:“ചങ്ങല പൊട്ടിക്കാനുണ്ടായിരുന്നു, പൊട്ടിച്ചു, ഭാവി തീരുമാനിച്ചില്ല”: അഭിപ്രായ സ്വാതന്ത്ര്യത്തിനായി ഐഎഎസില്‍ നിന്ന് രാജി വച്ച കണ്ണന്‍ ഗോപിനാഥന്‍ സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍