UPDATES

ട്രെന്‍ഡിങ്ങ്

ഈ സര്‍ക്കാര്‍ ഞങ്ങള്‍ക്കൊപ്പമല്ല, പ്രതികള്‍ക്കൊപ്പം; കെവിന്റെ ഭാര്യ നീനു

എസ് ഐ ഷിബുവിനെ തിരിച്ചെടുത്തതിനു പിന്നില്‍ രാഷ്ട്രീയക്കളി നടന്നിട്ടുണ്ടെന്നു കെവിന്റെ പിതാവ്

കെവിന്‍ വധക്കേസില്‍ ഗാന്ധി നഗര്‍ എസ് ഐ ആയിരുന്നു ഷിബുവിനെ പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയ ശേഷം സര്‍വീസില്‍ തിരിച്ചെടുത്ത നടപടിയില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കെവിന്റെ കുടുംബം. സര്‍ക്കാര്‍ തങ്ങള്‍ക്കൊപ്പമല്ലെന്നും പ്രതികള്‍ക്കൊപ്പമാണെന്നുമാണ് കെവിന്റെ ഭാര്യ നീനു മാധ്യമങ്ങളോട് പ്രതികരിച്ചത്. ഷിബുവിനെ തിരിച്ചെടുത്തതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടന്നായിരുന്നു കെവിന്റെ പിതാവ് രാജന്റെ ആരോപണം. ഷിബുവിനെ തിരിച്ചെടുത്തതിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.

കെവിന്‍ കൊല്ലപ്പെട്ടതിന് പ്രധാന കാരണക്കാരില്‍ ഒരാളാണ് ഷിബു എന്നാണ് നീനു പറയുന്നത്. തന്നെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയപ്പോള്‍ അതിന് സമ്മതം കൊടുത്തത് എസ് ഐ ആയിരുന്ന ഷിബു ആണെന്നും പ്രായപൂര്‍ത്തിയായ രണ്ടു പേരായിരുന്നിട്ടും എസ് ഐ തങ്ങള്‍ക്കൊപ്പമല്ല, തന്റെ വീട്ടുകാര്‍ക്കൊപ്പമാണ് നിന്നതെന്നും നീനു ആരോപിക്കുന്നു. മജിസ്‌ട്രേറ്റിനു മുന്നിലും കോടതിയിലും താന്‍ എസ് ഐ ഷിബുവിനെതിരേ മൊഴി നല്‍കിയതാണ്. ആ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു എസ് ഐയെ പുറത്താക്കിയത്. അന്നതില്‍ താന്‍ ഏറെ സന്തോഷിച്ചു. ഇപ്പോള്‍ തരംതാഴ്ത്തിയെന്നു പറഞ്ഞു തിരിച്ചെടുക്കുമ്പോള്‍ അന്നങ്ങനെയൊരു നടപടിയെടുത്തത് എന്തിനായിരുന്നുവെന്നാണ് നീനു ചോദിക്കുന്നത്.

പ്രതികളായവര്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തൊരു പൊലീസ് ഉദ്യോഗസ്ഥനെ കെവിന്‍ മരിച്ച് ഒരു വര്‍ഷം തികയന്നു അന്നു തന്നെ തിരിച്ചെടുത്തത് തന്നെയും കെവിന്റെ മാതാപിതാക്കളെയും തകര്‍ത്തു കളഞ്ഞെന്നും നീനു പറയുന്നു. കെവിന്‍ ചേട്ടന് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ അയാള്‍ക്ക് ജോലി പോലും നഷ്ടപ്പെടുന്നില്ല. ഇതാണോ എനിക്ക് തരാമെന്നു സര്‍ക്കാര്‍ പറഞ്ഞ നീതി എന്നാണ് നീനു ചോദിക്കുന്നത്.

എസ് ഐ ഷുബു കാരണമാണ് തനിക്ക് മകനെ നഷ്ടപ്പെട്ടതെന്നും ആ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് കെവിന്റെ പിതാവ് രാജന്‍ പറയുന്നത്. കെവിന്‍ മരിച്ചിട്ട് ഒരു വര്‍ഷം തികയുന്ന അന്നു തന്നെ ഷിബുവിനെ സര്‍വീസില്‍ തിരികെയെടുത്തത് തങ്ങളോട് വൈരാഗ്യം വീട്ടുന്നതുപോലെയാണെന്നും രാജന്‍ പരാതി ഉയര്‍ത്തുന്നു. ഇതിനു പിന്നില്‍ രാഷ്ട്രീയക്കളി നടന്നിട്ടുണ്ടെന്നും രാജന്‍ ആരോപിക്കുന്നു. ഷിബുവിനെ സര്‍വീസില്‍ നിന്നും പുറത്താക്കാന്‍ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുമെന്നും രാജന്‍ പറയുന്നു.

കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയകാര്യം ഗാന്ധി നഗര്‍ സ്‌റ്റേഷനില്‍ എത്തി രേഖാമുലം നീനു പരാതി നല്‍കിയതാണ്. എന്നാല്‍ എസ് ഐ ആയിരുന്ന ഷിബു പരാതിയില്‍ നടപടിയെടുക്കാന്‍ താത്പര്യം കാണിച്ചില്ല. പരാതി കിട്ടിയ സമയത്ത് തന്നെ പൊലീസ് കെവിനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിരുന്നുവെങ്കില്‍ കെവിനെ കൊല്ലപ്പെടാതെ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് പറയുന്നത്. പിന്നീട് കൊലയാളി സംഘം വിട്ടയച്ച അനീഷിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുപോലും കെവിനു വേണ്ടി അന്വേഷിച്ചിറങ്ങാന്‍ പൊലീസ് താമസം വരുത്തി. തട്ടിക്കൊണ്ടു പോകുന്നതിന്റെ തലേദിവസം കെവിനും നീനുവും സ്‌റ്റേഷനില്‍ എത്തി തങ്ങള്‍ക്കെതിരേയുള്ള ഭീഷണികളെക്കുറിച്ച് പറഞ്ഞിരുന്നു. അപ്പോഴും എസ് ഐ ഷിബു വളരെ മോശമായാണ് തങ്ങളോട് പെരുമാറിയതെന്നു നീനു പറയുന്നു.

സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ് ഐ ആയി ഇടുക്കിയില്‍ പോസ്റ്റ് ചെയ്താണ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തിരിക്കുന്നത്. ഷിബുവിനെ പിരിച്ചു വിടുന്നതില്‍ നിയമതടസം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ സീനിയോറിറ്റിയും ശമ്പള വര്‍ദ്ധനവും തടയുമെന്നും പൊലീസ് പറയുന്നുണ്ട്. ഷിബുവിനെതിരേ വകുപ്പ് തല അന്വേഷണം നടത്തിയെങ്കിലും, പരാതി കിട്ടിയ ദിവസം വി വി ഐ പി ഡ്യൂട്ടി ഉണ്ടായിരുന്നതിനാല്‍ അതിന് പോകേണ്ടി വന്നതിനാലാണ് മറ്റൊരാളെ നീനുവിന്റെ പരാതി ഏല്‍പ്പിച്ച് താന്‍ പോയതെന്ന ഷിബുവിന്റെ വിശദീകരണം പൊലീസ് അംഗീകരിച്ചെന്നാണ് തിരിച്ചെടുക്കലിനു പിന്നില്‍ കാണാനാകുന്നതെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോദസ്ഥര്‍ പറയുന്നു. നീനു പരാതി നല്‍കിയ ദിവസം തന്നെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ഷിബുവിനെ ഡ്യൂട്ടി നോക്കാന്‍ മേല്‍ ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചിരുന്നു. സാധാരണ ഒരു മിസ്സിംഗ് കേസ് ആയി മാത്രമെ നീനുവിന്റെ പരാതി തനിക്ക് തോന്നിയുള്ളൂവെന്നും അതിനാലാണ് മറ്റൊരു ഉദ്യോഗസ്ഥനെ അത് ഏല്‍പ്പിച്ച ശേഷം മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രിയുടെ പരിപാടിയിലെ ഡ്യൂട്ടിക്ക് താന്‍ പോയതെന്നുമാണ് ഷിബു വിശദീകരണം നല്‍കിയിട്ടുള്ളതെന്നുമാണ് അറിയാന്‍ കഴിയുന്നത്. ഈ വിശദീകരണം പൊലീസിന് അംഗീകരിക്കേണ്ടി വരികയായിരുന്നു.

കൂടോത്രം, ബാധയൊഴിപ്പിക്കല്‍, വ്യാജ ചികിത്സ, സാമ്പത്തിക തട്ടിപ്പ്, കൊലപാതകങ്ങള്‍; പിന്നോട്ട് നടക്കുന്ന സാക്ഷര കേരളം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍