UPDATES

ട്രെന്‍ഡിങ്ങ്

കെവിന്‍ വധക്കേസ്; എസ് ഐ ഷിബുവിനെ ശിക്ഷിച്ചതോ അതോ രക്ഷിച്ചതോ!

കൃത്യവിലോപം കാണിച്ചെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്നും പിരിച്ചു വിടാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥനാണ് എസ് ഐ ഷിബു

കെവിന്‍ വധക്കേസില്‍ കൃത്യവിലോപം കാണിച്ചെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോട്ടയം ഗാന്ധിനഗര്‍ എസ് ഐ എം എസ് ഷിബുവിനെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന് പിന്നാലെ വകുപ്പ തല അന്വേഷണത്തിനും ഉത്തരവിട്ടു. സര്‍വീസില്‍ നിന്നും പിരിച്ചു വിടാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നുവെന്നും പറയുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനടത്ത് നീണ്ടു നിന്ന വകുപ്പ് തല അന്വേഷണത്തിനൊടുവില്‍ സംഭവിച്ചത് സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെട്ട് സര്‍വസീസിലേക്ക് എസ് ഐ ഷിബുവിനെ തിരികെയെടുത്തു എന്നതാണ്. സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ് ഐ ആയി തരം താഴ്ത്തിയാണ് ഷിബുവിനെ തിരിച്ചെടുത്തിരിക്കുന്നതാണെന്നാണ് പൊലീസ് പറയുന്നത്. ഇടുക്കിയിലാണ് പുതിയ പോസ്റ്റിംഗ്. സീനിയോറിറ്റി വെട്ടിക്കുറയ്ക്കുക, ശമ്പള വര്‍ദ്ധനവ് തടയുക എന്നീ വകുപ്പ് തല നടപടികളോടെയാണ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തിരിക്കുന്നതെന്നും പൊലീസിന്റെ ന്യായീകരണമുണ്ട്.

കെവിന്‍ വധക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്റെ കര്‍ത്തവ്യം നിര്‍വഹിക്കാതെയും പ്രതികള്‍ക്ക് ഒപ്പം നില്‍ക്കുകയും ചെയ്‌തെന്നു ബോധ്യപ്പെട്ട ഒരു ഉദ്യോഗസ്ഥനാണ് എംഎസ് ഷിബു. കെവിന്റെ ഭാര്യ നീനവും കെവിന്റെ കുടുംബാംഗങ്ങളും തെളിവുകളോടെ കോടതിയില്‍ അടക്കം ഷിബുവിനെതിരേ പരാതികള്‍ ഉയര്‍ത്തിയതാണ്. പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും ഷിബു ഉള്‍പ്പെടെയുള്ള ഗാന്ധിനഗര്‍ സ്റ്റേഷനിലെ പൊലീസുകാര്‍ കെവിന്റെ മരണത്തിന് ഉത്തരവാദിതകളാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്രയും തെളിവുകളും കണ്ടെത്തലുകളും ഉണ്ടായിട്ടും ഷിബു സര്‍വീസിലേക്ക് തിരിച്ചു വരുന്നത് എങ്ങനെയാണെന്നാണ് കെവിന്റെ കുടുംബം അടക്കം ചോദിക്കുന്നത്. ഒരു വര്‍ഷത്തോളം നീണ്ടു നിന്ന വകുപ്പ് തല അന്വേഷണത്തില്‍ ഷിബുവിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ തക്ക കാരണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലേ എന്ന സംശയം നീനുവും കെവിന്റെ പിതാവ് രാജനും മാത്രമല്ല ഉയര്‍ത്തുന്നത്.

ഷിബുവിനെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നതിന് നിയമപരമായ തടസം ഉണ്ടെന്നു പറയുന്നത്, ഷിബു നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ്. ബന്ധുവായ അനീഷിന്റെ വീട്ടില്‍ നിന്നും വീട് ആക്രമിച്ച് കെവിനെയും അനീഷിനെയും നീനുവിന്റെ കുടുംബം അയച്ച ഗൂണ്ടകള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അന്നേ ദിവസം തന്നെ നീനു ഈ വിവരം കാണിച്ച് ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രസ്തുത പരാതിയില്‍ ഉടനടി നടപടി സ്വീകരിക്കാന്‍ എസ് ഐ ഷിബു തയ്യാറായില്ല. മറ്റൊരു ഉദ്യോഗസഥനെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഏല്‍പ്പിച്ചു. പരാതി ഗൗരവമായി കാണാതിരിക്കുകയും നേരിട്ട് അന്വേഷിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്‌തെന്നതാണ് ഷിബുവിനെതിരേയുള്ള കുറ്റം. എന്നാല്‍ ഷിബു ഇതിനു നല്‍കിയ വിശദീകരണം, അന്നേ ദിവസം തന്നെ തനിക്ക് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ഡ്യൂട്ടി നിര്‍വഹിക്കാന്‍ മേലുദ്യോഗസ്ഥനില്‍ നിന്നും നിര്‍ദേശം കിട്ടിയിരുന്നുവെന്നും, ആ ഡ്യൂട്ടി നിര്‍വഹിക്കാനാണ് താന്‍ പോയതെന്നും, പ്രസ്തുത കേസുമായി ബന്ധപ്പെട്ട് കിട്ടിയ പരാതി ഒരു സാധാരണ മിസ്സിംഗ് കേസിന്റെ സ്വഭാവത്തില്‍ ഉള്ളതു മാത്രമായിരുന്നുവെന്നും കൂടുതല്‍ ഗൗരവം ഉണ്ടെന്നു തോന്നിയിരുന്നില്ലെന്നും അതിനാലാണ് മറ്റൊരുദ്യോഗസ്ഥനെ പരാതി നോല്‍ക്കാന്‍ ഏല്‍പ്പിച്ചിട്ട് താന്‍ മുഖ്യമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതെന്നുമാണ്. മേലുദ്യോഗസ്ഥന്റെ നിര്‍ദേശം അനുസരിക്കേണ്ടതുള്ളതുകൊണ്ടാണ് താന്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഡ്യൂട്ടി നിര്‍വഹിക്കാന്‍ പോയതെന്നും അതുകൊണ്ടാണ് കെവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ നേരിട്ട് അന്വേഷണം നടത്തുന്നതിന് തടസം നേരിട്ടതെന്നുമുള്ള വിശദീകരണം അംഗീകരിക്കുകയാണ് എംഎസ് ഷിബുവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ തിരികെയെടുത്തുകൊണ്ട് ചെയ്തിരിക്കുകയെന്നാണ് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നത്. ഇങ്ങനെയൊരു വിശദീകരണം അംഗീകരിക്കുകയാണെങ്കില്‍ ഷിബു ബോധപൂര്‍വം വീഴ്ച്ച വരുത്തിയിട്ടില്ലെന്നു കൂടി പൊലീസ് അംഗീകരിക്കുന്നുണ്ടെന്നു വരും.

എന്നാല്‍ എസ് ഐ ഷിബുവില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഒറ്റദിവസത്തേതല്ലായിരുന്നുവെന്നു നീനു വ്യക്തമാക്കുന്നുണ്ട്. മനഃപൂര്‍വം തന്നെ പ്രതികള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു ഷിബു എന്നു നീനുവും രാജനും ആവര്‍ത്തിക്കുന്നുമുണ്ട്. തന്നെ ബലമായി പിടിച്ചുകൊണ്ടു പോകാന്‍ അനുവാദം കൊടുത്തത് എസ് ഐ ഷിബു ആണെന്നു നീനു പറയുന്നുണ്ട്. പ്രായപൂര്‍ത്തിയായ തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള നിയമ സഹായം ചെയ്യാന്‍ ബാധ്യത ഉള്ള ഉദ്യോഗസ്ഥനായിട്ടും എസ് ഐ ഷിബു പ്രതികളായ തന്റെ വീട്ടുകാര്‍ക്കൊപ്പമാണ് നിന്നതെന്നും നീനു പരാതിപ്പെട്ടിരുന്നു. ഷിബുവിനെതിരേ മൊഴി നല്‍കുമ്പോള്‍ ഒരു പൊലീസ് ഉദ്യോദസ്ഥന്‍ തന്നോട് പറഞ്ഞത് ഇങ്ങനെയുള്ളവരെ സര്‍വീസില്‍ വച്ചോണ്ടിരിക്കാന്‍ പാടില്ലെന്നായിരുന്നു എന്നും നീനൂ പറയുന്നുണ്ട്. കെവിനും താനും കൂടി ഒരുമിച്ച് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയപ്പോഴും വളരെ മോശമായാണ് എസ് ഐ തങ്ങളോട് പെരുമാറിയതെന്നും നീനുവിന്റെ മൊഴിയുള്ളതാണ്. വീട് ആക്രമിച്ച് കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടു പോയെന്ന പരാതിയാണ് എസ് ഐ ഷിബുവിന് കൊടുത്തത്. എന്നാല്‍ ആ പരാതിയില്‍ കേസ് എടുക്കാനോ അന്വേഷിക്കാനോ ഷിബു തയ്യാറായില്ലെന്നും നീനു പറഞ്ഞിട്ടുണ്ടെന്നു വരുമ്പോഴാണ് ഒരു സാധാരണ മിസ്സിംഗ് കേസിനപ്പുറം ഗൗരവം ആ പരാതിക്ക് ഉണ്ടായിരുന്നില്ലെന്ന ഷിബുവിന്റെ വിശദീകരണം പൊലീസ് അംഗീകരിക്കുന്നതിലെ പൊരുത്തക്കേട് വ്യക്തമാകുന്നത്.

ഇതേ സമയം തന്നെ ഷിബുവിനെ ജൂനിയര്‍ എസ് ഐ ആയി നിയമിച്ചെന്ന വാര്‍ത്തയില്‍ സംശയം ഉയര്‍ത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. പൊലീസില്‍ ഇങ്ങനെയൊരു പോസ്റ്റ് ഉള്ളതായിട്ട് അറിയില്ലെന്നാണ് ഒരു റിട്ടയേര്‍ഡ് എസ് പി പറഞ്ഞത്. എസ് ഐ മാര്‍ക്ക് പൊലീസ് ട്രെയിനിംഗ് കഴിഞ്ഞ് സ്റ്റേഷന്‍ ട്രെയിനിംഗ് ഇന്നൊരു ഘട്ടമുണ്ട്. ഈ സമയത്താണ് ജൂനിയര്‍ എസ് ഐ എന്നു പറയുന്നത്. അതല്ലാതെ ജൂനിയര്‍ എസ് ഐ എന്നൊരു പോസ്റ്റ് പൊലീസില്‍ ഇല്ല. ഷിബുവിന്റെ സീനിയോരിറ്റി വെട്ടിക്കുറച്ചെന്നു പറയുന്നുണ്ട്. അങ്ങനെ വന്നാല്‍ ഇപ്പോള്‍ മാറ്റിയിരിക്കുന്ന സ്‌റ്റേഷനിലെ എസ് എച്ച് ഒ(സറ്റേഷന്‍ ഹൗസ് ഓഫിസര്‍)യുടെ കീഴിലായിരിക്കും ഷിബു നിയമിതനാവുക. സാധാരണ എസ് ഐ റാങ്കില്‍ ഉള്ളവരാണ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍. ഇവിടെ അയാളെ മറ്റൊരു എസ് ഐയുടെ കീഴില്‍ ആക്കുകയായിരിക്കും സംഭവിച്ചിരിക്കുന്നതെന്നും റിട്ട. എസ് പി ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഡിപിജി അറിയാതെയാണ് ഷിബുവിനെ തിരിച്ചെടുത്തതെന്ന കാര്യത്തില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നും ഈ ഉദ്യോദസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എസ് ഐ റാങ്ക് വരെയുള്ള പൊലീസുകാരുടെ കാര്യത്തില്‍ തീരുമാനം എടുക്കുന്നത് ഐജിയാണ്. ഐ ജി യുടെ തീരുമാനത്തില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ ഡിജിപിക്ക് അപ്പീല്‍ നല്‍കാം. അതുകൊണ്ട് ഡിജിപി അറിയാതെ ഐ ജി തീരുമാനം എടുത്തുവെന്നത് സാധാരണ നിലയില്‍ തെറ്റല്ല. എന്നാല്‍ ഇതുപോലെ പ്രമാദമായൊരു കേസില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥന്റെ കാര്യമായതുകൊണ്ട് ഡിജിപിയുമായി കൂടിയാലോചിക്കുന്നത് ഉചിതമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ഇപ്പോഴത്തെ വകുപ്പ് തല നടപടികള്‍ എത്രകാലം തുടരും എന്ന കാര്യത്തിലും സംശയമുണ്ട്. പ്രത്യേകിച്ച് ഷിബുവിന്റെ തിരിച്ചു വരവില്‍ രാഷ്ട്രീയക്കളി ഉണ്ടായിട്ടുണ്ടെന്നു കെവിന്റെ കുടുംബാഗങ്ങള്‍ ആരോപണം ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലും.

കൂടോത്രം, ബാധയൊഴിപ്പിക്കല്‍, വ്യാജ ചികിത്സ, സാമ്പത്തിക തട്ടിപ്പ്, കൊലപാതകങ്ങള്‍; പിന്നോട്ട് നടക്കുന്ന സാക്ഷര കേരളം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍