സസ്‌പെന്‍ഷനില്‍ ആയിരുന്ന ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ് ഐ ഷിബുവിനെയാണ് തിരിച്ചെടുക്കുന്നത്
കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനില്‍ ആയിരുന്ന എസ് ഐ സര്‍വീസില്‍ തിരിച്ചെടുക്കുന്നതായി വിവരം. കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ് ഐ ആയിരുന്ന ഷിബുവിനെയാണ് സര്‍വീസില്‍ തിരിച്ചെടുക്കുന്നത്. ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയ ശേഷമാണ് ഷിബുവിനെ തിരിച്ചെടുക്കുന്നതെന്നാണ് മനോരമ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഷിബു നല്‍കിയ വിശദീകരണം പരിശോധിച്ചശേഷമാണ് തിരിച്ചെടുക്കാന്‍ തീരുമാനം എടുത്തതെന്നാണ് പറയുന്നത്. അതേസമയം എസ് ഐ ഷിബുവിനെ തിരിച്ചെടുക്കുന്നതില്‍ കെവിന്റെ കുടുംബം പ്രതിഷേധിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നാണ് കെവിന്റെ പിതാവ് പറയുന്നത്.
കെവിന്‍ കേസിലെ പ്രതികളെ സഹായിച്ചെന്ന പേരിലാണ് എസ് ഐ ഷിബുവിനെതിരേ നടപടിയെടുത്തത്. പ്രതികളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ എസ് ഐ ടി എം ബിജുവിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഗൂണ്ടാ സംഘം കെവിനെ തട്ടിക്കൊണ്ടുപോയ വിവരം എ എസ് ഐ ബിജുവിന് അറിയാമായിരുന്നു. പതിനഞ്ചോളം പൊലീസുകാര്‍ക്കെതിരേയാണ് കെവിന്‍ കേസുമായി ബന്ധപ്പെട്ട് ശിക്ഷ നടപടികള്‍ ഉണ്ടായത്. പൊലീസ് ജീപ്പ് ഡ്രൈവര്‍ എ എന്‍ അജിത് കുമാറിന്റെ മൂന്നുവര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കാനും തീരുമാനിച്ചിരുന്നു. റൈറ്റര്‍ സണ്ണിമോന്‍, സിപിഒ എം എന്‍ അജയകുമാര്‍ എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കേസ് ഒത്തുതീര്‍ക്കാന്‍ പൊലീസ് നടത്തിയ ഇടപെടലുകളാണ് കെവിന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്നായിരുന്നു പരാതി. നീനുവിന്റെ സഹോദരനായ ഷാനു ചാക്കോയ്ക്ക് അനുകൂലമായാണ് പൊലീസ് നിന്നത്. നീനുവിന്റെ പരാതി അവഗണിക്കുകയും ചെയ്തു. പൊലീസ് കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ കൊലപ്പെടുത്തതിനു മുന്‍പ് തന്നെ കെവിനെ രക്ഷപ്പെടുത്താമായിരുന്നു.