നീനുവിനെ സുരക്ഷിതമായി ലേഡീസ് ഹോസ്റ്റലിലേക്ക് മാറ്റിയ ശേഷം, പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് കെവിനെ തട്ടിക്കൊണ്ടു പോകുന്നത്
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്ത കുറ്റകൃത്യങ്ങളിലൊന്നിന്റെ വാദം കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഇന്നാരംഭിച്ചു. കര്‍ണാടകത്തിലെയും തമിഴ്നാട്ടിലെയും ജാതിമേല്‍ക്കോയ്മയുള്ള ഗ്രാമങ്ങളില്‍ മാത്രം നടക്കുന്നതെന്ന് മലയാളി ധരിച്ചുവെച്ചിരുന്ന ദുരഭിമാനക്കൊലയുടെ കേരളത്തില്‍ നിന്നുള്ള ഇരയായ കെവിന്‍ ജോസഫ് എന്ന ഇരുപത്തിമൂന്നുകാരന്റെ കൊലപാതകത്തിന്റെ പ്രാഥമിക വാദമാണത്. ഏകദേശം ഒന്‍പതു മാസങ്ങള്‍ക്കു മുന്‍പാണ് കെവിന്‍-നീനു വിവാഹവും അതിനെത്തുടര്‍ന്നുണ്ടായ ദുരഭിമാനക്കൊലയും സംസ്ഥാനത്തെയാകെ ഞെട്ടിച്ചുകൊണ്ട് വാര്‍ത്തകളില്‍ ഇടം നേടുന്നത്. കോട്ടയം സ്വദേശിയായ കെവിനെ കൊലപ്പെടുത്തിയ കേസില്‍ പതിനാലു പേരാണ് പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്.
2018 മേയ് 27നാണ് കെവിന്റെ മരണം. മുങ്ങിമരണമായിരുന്നെന്നും, കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടി പുഴയില്‍ വീഴ്ത്തിയതാണെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. നീനുവിന്റെയും കെവിന്റെ പിതാവ് ജോസഫിന്റെയും പരാതികള്‍ പോലും ശരിയായി പരിഗണിക്കാതിരുന്ന ഗാന്ധിനഗറിലെ പൊലീസുദ്യോഗസ്ഥരെയടക്കം പ്രതിസ്ഥാനത്തു നിര്‍ത്തിയിരുന്ന കേസിലെ വിധിപ്രസ്താവം ആറു മാസത്തിനകം ഉണ്ടാകും. ദുരഭിമാനക്കൊലയുടെ പരിധിയില്‍ വരുന്ന കുറ്റകൃത്യമായി കെവിന്‍ വധക്കേസിനെ കോടതി വിലയിരുത്തിയതോടെയാണിത്. ദളിത് ക്രൈസ്തവ കുടുംബത്തില്‍ നിന്നുള്ള കെവിനുമായുള്ള വിവാഹം നീനുവിന്റെ ബന്ധുക്കള്‍ എതിര്‍ക്കാന്‍ കാരണം ജാതീയമായ വിവേചനം തന്നെയാണെന്നായിരുന്നു സെഷന്‍സ് കോടതിയുടെ നിരീക്ഷണം. മിശ്രവിവാഹിതരാണ് നീനുവിന്റെ മാതാപിതാക്കള്‍.
കെവിന്‍ കൊല്ലപ്പെടുന്നതിനു രണ്ടു വര്‍ഷങ്ങള്‍ മുന്നേ തന്നെ നീനുവുമായി പ്രണയത്തിലായിരുന്നു. കൊല്ലം സ്വദേശിയായ നീനു, കോട്ടയത്ത് ബി.എസ്.സി ജിയോളജി പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് കെവിനെ പരിചയപ്പെടുന്നതും പ്രണയിക്കുന്നതും. കോഴ്സ് കഴിയുന്നതിനു മുന്നേ തന്നെ നീനുവിന്റെ വീട്ടില്‍ വിവാഹാലോചനകള്‍ ആരംഭിച്ചതോടെയാണ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്. രജിസ്റ്റര്‍ ചെയ്തതിനു ശേഷം മേയ് 24ന് നീനു വീട്ടില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പ്രശ്നങ്ങളുടെ ആരംഭം. ഏതുവിധേനെയും നീനുവിനെ വീട്ടിലെത്തിച്ച് മനസ്സുമാറ്റാന്‍ മാതാപിതാക്കളും മാതൃസഹോദരനുമടക്കമുള്ളവര്‍ ശ്രമിച്ചിരുന്നു. പൊലീസ് സ്റ്റേഷനില്‍ ഹാജരായി സംസാരിച്ചപ്പോഴും കെവിനൊപ്പം പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച നീനുവിനെ ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ പോലും നടന്നിരുന്നു. തുടര്‍ന്ന് പല തരത്തിലുള്ള ഭീഷണികളുണ്ടായപ്പോഴും തങ്ങളെക്കാത്തിരിക്കുന്നത് വലിയ അത്യാഹിതങ്ങളാണെന്ന് ഇരുവരും തിരിച്ചറിഞ്ഞിരുന്നില്ല.
നീനുവിനെ സുരക്ഷിതമായി ലേഡീസ് ഹോസ്റ്റലിലേക്ക് മാറ്റിയ ശേഷം, പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് കെവിനെ തട്ടിക്കൊണ്ടു പോകുന്നത്. ഭീഷണിയുള്ളതിനാല്‍ അമ്മാവന്റെ മകനായ അനീഷിന്റെ മാന്നാനത്തെ വീട്ടില്‍ കഴിഞ്ഞിരുന്ന കെവിനെ പുലര്‍ച്ചെ മൂന്നു മണിയോടയെത്തിയ സംഘമാണ് ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയത്. വീടു മുഴുവന്‍ അടിച്ചു തകര്‍ത്ത ശേഷം അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയി വാഹനത്തിലിട്ട് മര്‍ദ്ദിച്ച സംഘത്തില്‍ നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ, മാതൃസഹോദരന്‍ നിയാസ്, ബന്ധുവായ റിയാസ് എന്നിവരുണ്ടായിരുന്നു. മര്‍ദ്ദിച്ചവശനാക്കിയ ശേഷം അനീഷിനെ പാതിവഴിയിലുപേക്ഷിച്ച സംഘം കെവിനുമായി കടന്നുകളയുകയായിരുന്നു. അടുത്ത ദിവസം തന്നെ കെവിനെ കാണാനില്ലെന്ന പരാതി ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നല്‍കിയിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധ അതിനു ലഭിച്ചില്ല. ആക്രമിസംഘം കെവിനെ തട്ടിക്കൊണ്ടു പോയ വിഷയം അറിയാമായിരുന്നിട്ടും കൈക്കൂലി വാങ്ങിച്ചു മറച്ചുവെച്ച കുറ്റത്തിന് ഗാന്ധിനഗര്‍ എ.എസ്.ഐ ടി.എം ബിജുവിനെ പിന്നീട് ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. തന്റെ പിതാവും സഹോദരനുമടങ്ങുന്നവരാണ് കെവിന്റെ തിരോധാനത്തിനു പിന്നിലെന്ന് നീനു ആവര്‍ത്തിച്ചു പറഞ്ഞിട്ടും ശ്രദ്ധിക്കാതിരുന്ന പൊലീസ് പ്രവര്‍ത്തന നിരതരായത് അടുത്ത ദിവസം കൊല്ലം ചാലിയേക്കരയില്‍ നിന്നും മൃതദേഹം കണ്ടെടുത്തപ്പോഴാണ്.
തെന്മലയിലേക്ക് പോകുന്ന വഴി കെവിന്‍ തങ്ങളുടെ പക്കല്‍ നിന്നും രക്ഷപ്പെട്ട് ഓടിയെന്നും പിന്നീടെന്തുണ്ടായി എന്നറിയില്ലെന്നുമായിരുന്നു പ്രതികളായ സാനുവിന്റേയും നിയാസിന്റേയും വാദം. എന്നാല്‍, കെവിന്റേത് മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍, കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ ആറ്റിലേക്ക് ഓടിച്ചു വീഴ്ത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. കാറില്‍ നിന്നും ഇറങ്ങിയോടിയ കെവിനെ അക്രമിസംഘം പിന്തുടര്‍ന്നുവെന്നും, ഒഴുക്കും ആഴവുമുള്ള ചാലിയേക്കര ആറില്‍ വീണു മരിക്കുമെന്ന് ഉറപ്പായ ശേഷമാണ് ഇവര്‍ പിന്‍വാങ്ങിയതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മര്‍ദ്ദനമേറ്റതിന്റെ പാടുകളും 14ഓളം മുറിവുകളും കെവിന്റെ ശരീരത്തിലുണ്ടായിരുന്നു. കെവിന്റെ മൃതദേഹം ലഭിച്ചതോടെ വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാനത്തെങ്ങുമുണ്ടായത്. തന്റെ മാതാപിതാക്കളറിയാതെ കെവിന്‍ കൊല്ലപ്പെടില്ലെന്നും അവര്‍ക്കും തക്കതായ ശിക്ഷ ലഭിക്കേണ്ടതുണ്ടെന്നും നിലപാടെടുത്ത നീനുവിന്റെ നിശ്ചയദാര്‍ഢ്യമാണ് കെവിന്‍ വധക്കേസിനെ മുന്നോട്ടു നയിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറാകാതെ കെവിന്റെ കുടുംബത്തോടൊപ്പം താമസിക്കാന്‍ തീരുമാനമെടുത്ത നീനുവിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രത്യാരോപണം പിതാവും ഉന്നയിച്ചിരുന്നു. കെവിന്റെ മരണശേഷവും കോളജിലെത്തി കോഴ്സ് തുടര്‍ന്നുകൊണ്ടാണ് സ്വന്തം ബന്ധുക്കള്‍ക്കെതിരെയുള്ള നീനുവിന്റെ പോരാട്ടം.
വലിയ സ്വാധീനങ്ങളുള്ള നീനുവിന്റെ മാതാപിതാക്കള്‍ ചാക്കോയുടെയും രഹനയുടെയും പ്രതിരോധത്തിനു വിപരീതമായി കേസ് ദുരഭിമാനക്കൊലയായി സെഷന്‍സ് കോടതി നവംബറില്‍ പ്രഖ്യാപിച്ചിരുന്നു. സഹോദരന്‍ സാനുവിനെ ഒന്നാം പ്രതിയാക്കിയും പിതാവ് ചാക്കോയെ അഞ്ചാം പ്രതിയാക്കിയുമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നിയാസ്, റിയാസ് എന്നിവര്‍ യഥാക്രമം രണ്ടും നാലും പ്രതികളാണ്. ഇവരെല്ലാം റിമാന്‍ഡിലാണുള്ളത്. നീനുവിന്റെ മൊഴിയാണ് കേസിന്റെ ബലം. ഒപ്പം അനീഷിന്റെയും ഗാന്ധിനഗര്‍ സ്റ്റേഷനിലെ നടപടി നേരിടുന്ന പൊലീസുദ്യോഗസ്ഥരുടെയും സാക്ഷിമൊഴികളും കുറ്റകൃത്യം ശരിവയ്ക്കുന്നതാണ്. സാനുവിന്റെ ഫോണ്‍ സംഭാഷണങ്ങളും കെവിനുമായി യാത്ര ചെയ്ത കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങളും അനുബന്ധ തെളിവുകളായി കോടതിയില്‍ സമര്‍പ്പിക്കപ്പെടും. വധശിക്ഷ വരെ ലഭിക്കാവുന്ന നരഹത്യക്കുറ്റവും പ്രതികള്‍ക്കു മേല്‍ ചുമത്തപ്പെട്ടിട്ടുണ്ട്. സെഷന്‍സ് കോടതി ആറുമാസത്തിനകം വിധി പ്രസ്താവിക്കുന്നതോടെ, കേരളം കണ്ട വലിയ കുറ്റകൃത്യങ്ങളിലൊന്നിന്റെ നിയമപോരാട്ടത്തിന് അന്ത്യമാകും.