UPDATES

ട്രെന്‍ഡിങ്ങ്

‘അവന്റെ ഓര്‍മ ദിനത്തില്‍ കേട്ട ഏറ്റവും മോശം വാര്‍ത്തയാണ് ആ എസ്ഐയെ തിരിച്ചെടുത്തു എന്നത്’; കണ്ണീരുണങ്ങാതെ കെവിന്റെ കുടുംബം

“സ്നേഹിക്കാനാണ് ഞങ്ങൾ അവനെ പഠിപ്പിച്ചത്. അതേ അവൻ ചെയ്തുള്ളൂ. അതിന്റെ പേരിലാണ് എന്റെ കുഞ്ഞിനെ… ” അമ്മയുടെ വാക്കുകൾ മുറിയുന്നു.

കെവിന്റെ ഓർമദിനമായ ഇന്നലെ മകനെ കുറിച്ചുള്ള കണ്ണീരോർമകൾ നെഞ്ചിലൊതുക്കി അച്ഛൻ ജോസഫും അമ്മ മേരിയും പുത്രന്റെ ചിത്രത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് തൊഴുകൈകളുമായി പ്രാർത്ഥനയിൽ ആയിരുന്നു. നട്ടാശേരി പിലാത്തറയിലെ വാടക വീട്ടിൽ ഇപ്പോൾ രാഷ്ട്രീയക്കാരുടെയോ മാധ്യമ പ്രവർത്തകരുടെയോ നാട്ടുകാരുടെയോ സാന്നിധ്യമില്ല. ആളൊഴിഞ്ഞ വീട്ടിൽ ഇരുന്ന് അവർ നീതി പ്രതീക്ഷിക്കുകയാണ്.

ജൂൺ ആറ് വരെ നീളുന്ന സാക്ഷി വിസ്താരത്തിന് ശേഷം കോടതിയിൽ നിന്ന് തങ്ങളുടെ മകന്റെ കൊലപാതകികൾക്ക്‌ അർഹമായ ശിക്ഷ കിട്ടുമെന്ന വിശ്വാസത്തിലായിരുന്നു അവർ. “എന്നാൽ സാക്ഷികൾ കൂറുമാറിയതുൾപ്പടെയുള്ള വിഷയങ്ങൾ ഞങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്ന് (ചൊവ്വാഴ്ച) അവന്റെ ഓർമ ദിവസത്തിൽ ഞങ്ങൾക്ക് കേൾക്കാവുന്ന ഏറ്റവും മോശം വാർത്തയാണ് ഗാന്ധിനഗർ എസ് ഐ ആയിരുന്ന എം എസ് ഷിബുവിനെ തിരിച്ചെടുത്തത്” എന്ന് അച്ഛൻ പറയുന്നു.

“ഞങ്ങളുടെ മകനെ നഷ്ടപ്പെടാൻ കാരണം എസ് ഐ യുടെ അനാസ്ഥയാണ്. എങ്കിലും നീതി ലഭിക്കും എന്ന വിശ്വാസത്തിലാണ് ഞങ്ങൾ പോലീസിന്റെ നിർദ്ദേശം അനുസരിച്ച് മാധ്യമങ്ങളോട് ഉൾപ്പടെ മൗനം പാലിച്ചത്. ഇങ്ങനെ പോയാൽ വൈകാതെ മറ്റുള്ളവരും ജോലിയിൽ പ്രവേശിച്ചേക്കാം. അതുകൊണ്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകാൻ തീരുമാനിച്ചു” പതിഞ്ഞ സ്വരത്തിൽ ജോസഫ് പറഞ്ഞു നിർത്തുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

“ഞങ്ങൾക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുത് എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ” എന്ന് അമ്മ മേരി പറയുമ്പോഴും തങ്ങൾക്ക് നീതി ലഭിച്ചാലും ഇന്നാട്ടിൽ ഇതേ പോലെയുള്ള സംഭവങ്ങൾ തുടരുമെന്ന നിരാശയിലായിരുന്നു പിതാവ് ജോസഫ്.

കൊല്ലം തെന്മല സ്വദേശിനിയായ നീനുവിനെ പ്രണയിച്ചു രജിസ്റ്റർ വിവാഹം ചെയ്ത ദിവസം നീനുവിന്റെ പിതാവും സഹോദരനും അവരുടെ സുഹൃത്തുക്കളും ചേർന്ന് കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. കെവിന്റെ മരണശേഷം നീനുവിനെ തന്റെ മകളെ പോലെ കരുതി സംരക്ഷിച്ചു പോരുന്ന കെവിന്റെ മാതാപിതാക്കളുടെ നന്മ വാക്കുകൾക്കതീതമാണ്. “ഞങ്ങളുടെ മകൾ കൃപ ആയിരുന്നു ആ സ്ഥാനത്ത് എങ്കിൽ എന്തു ചെയ്യുമായിരുന്നോ അതേ ഞങ്ങൾ നീനുവിൽ കണ്ടുള്ളൂ” എന്നാണ് അമ്മ പറഞ്ഞത്.

ബാംഗ്ലൂരിൽ ഉന്നത പഠനത്തിനുള്ള പ്രവേശന പരീക്ഷ എഴുതാൻ പോയിരിക്കുന്ന നീനു തിരികെ എത്തിയ ശേഷം പള്ളിയിലും കല്ലറയിലും പോയി പ്രാർഥിക്കാൻ ഒരുങ്ങി നിൽക്കുകയായിരുന്നു മാതാപിതാക്കൾ. പ്രിയപ്പെട്ടവന്റെ വേർപാടിലും അവന്റെ ആഗ്രഹംപോലെതന്നെ പഠനം തുടരാൻ തീരുമാനിച്ച നീനു “ഇവരെ എന്നെ നോക്കാൻ എല്‍പ്പിച്ചിട്ടാ കെവിൻ‍ ചേട്ടന്‍ പോയത്. അച്ചായിക്കും, ഈ വീടിനും കെവിൻ ചേട്ടന്റെ സ്ഥാനത്ത് ഞാനുണ്ട്’ എന്ന് നീനു ആവർത്തിച്ച് പറയുന്നു.

‘ദലിത് രൂപത’ എന്നറിയപ്പെടുന്ന കോട്ടയത്തെ വിജയപുരം രൂപതയിലാണ് കെവിന്റെ കുടുംബം. ഇവിടുത്തെ മൗണ്ട് കാർമ്മൽ‍ റോമൻ‍ കാത്തലിക്ക് പള്ളിയിലാണ് ഇവർ‍ പതിവായി പ്രാർത്ഥനയ്ക്കായി പോകാറുള്ളത്. വിശ്വാസികളിൽ‍ 80 ശതമാനത്തോളം ദലിത് വിഭാഗങ്ങളുള്ള രൂപതയാണ് ഇത്. ദലിതരോട് കടുത്ത അവഗണന വെച്ചുപുലര്‍ത്തുന്നെന്ന് ഈ രൂപതയുടെ പേരില്‍ ആരോപണങ്ങള്‍ നിലവിലുണ്ട്. ചേരമര്‍ വിഭാഗത്തില്‍ നിന്ന് മതം മാറിയ ക്രൈസ്തവരാണ് കെവിന്റെ കുടുംബം. എന്നാല്‍ ലത്തീന്‍ പശ്ചാത്തലത്തിലുള്ള കുടുംബത്തില്‍ നിന്നാണ് നീനു വരുന്നത്.

നാട്ടിൽ ഏറിയും കുറഞ്ഞും അനുഭവിച്ചു വന്നിരുന്ന വിവേചനം എന്റെ മകന്റെ ജീവൻ എടുക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല അല്ലെങ്കിലും ഓരോരുത്തര്‍ക്കും വരുമ്പോഴല്ലേ നമ്മളും ഇതൊക്കെ ആലോചിക്കൂ” എന്ന് പറയുമ്പോൾ വിതുമ്പൽ അടക്കാൻ പാടുപെടുകയാണ് കെവിന്റെ കുടുംബം.

“മിശ്ര വിവാഹിതരുടെ മകളാണ് നീനു.  എന്നിട്ടും അവളോടുള്ള വാശിക്ക് അവർ നശിപ്പിച്ചത് ഈ വീടിന്റെ സമാധാനവും പ്രതീക്ഷയും ആയിരുന്നു. ഐടിഐ പഠിച്ച ഉടൻ തന്നെ ജോലിയിൽ പ്രവേശിച്ച് അവൻ അച്ഛനെ സഹായിക്കാനാണ് ശ്രമിച്ചത്. വർക്ക്ഷോപ്പിൽ അച്ഛൻ പണിയെടുത്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ പെടുന്ന പാട് അവന് അറിയാമായിരുന്നു. അവൻ വിദേശത്ത് ജോലിക്ക് പോയപ്പോൾ സ്വന്തമായി ഒരു വീടും ഒക്കെ സ്വപ്നം കണ്ട് തുടങ്ങിയതായിരുന്നു ഞങ്ങൾ. ഞങ്ങടെ സ്വപ്നങ്ങളെ മുഴുവൻ അവർ തല്ലി കെടുത്തി. ഞങ്ങളുടെ വാവച്ചൻ ആയിരുന്നു അവൻ. സ്നേഹിക്കാനാണ് ഞങ്ങൾ അവനെ പഠിപ്പിച്ചത്. അതേ അവൻ ചെയ്തുള്ളൂ. അതിന്റെ പേരിലാണ് എന്റെ കുഞ്ഞിനെ… ” അമ്മയുടെ വാക്കുകൾ മുറിയുന്നു.

അതിനിടെ, കെവിന്‍ വധക്കേസില്‍ പ്രതികളെ സഹായിച്ചതിന് പിരിച്ചുവിടല്‍ നോട്ടീസ് കിട്ടിയ എസ്‌ഐ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തത് വിവാദമായിരിക്കെ, ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്ത കാര്യം അറിഞ്ഞില്ല എന്ന് ഡിജിപി ലോക്‌നാഥ് ബെഹ്ര വ്യകതമാക്കി.കോട്ടയം ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എസ് ഐ ആയിരുന്ന ഷിബുവിനെയാണ് സര്‍വീസില്‍ തിരിച്ചെടുക്കുന്നത്. ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയ ശേഷമാണ് ഷിബുവിനെ തിരിച്ചെടുക്കുന്നത്. ഷിബു നല്‍കിയ വിശദീകരണം പരിശോധിച്ച ശേഷമാണ് തിരിച്ചെടുക്കാന്‍ തീരുമാനം എടുത്തതെന്നാണ് പോലീസ് പറയുന്നത്.

കെവിന്‍ കേസിലെ പ്രതികളെ സഹായിച്ചെന്ന പേരിലാണ് എസ് ഐ ഷിബുവിനെതിരേ നടപടിയെടുത്തത്. പ്രതികളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ എസ് ഐ ടി എം ബിജുവിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഗുണ്ടാ സംഘം കെവിനെ തട്ടിക്കൊണ്ടുപോയ വിവരം എ എസ് ഐ ബിജുവിന് അറിയാമായിരുന്നു. പതിനഞ്ചോളം പൊലീസുകാര്‍ക്കെതിരേയാണ് കെവിന്‍ കേസുമായി ബന്ധപ്പെട്ട് ശിക്ഷ നടപടികള്‍ ഉണ്ടായത്. പൊലീസ് ജീപ്പ് ഡ്രൈവര്‍ എ എന്‍ അജിത് കുമാറിന്റെ മൂന്നുവര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കാനും തീരുമാനിച്ചിരുന്നു. റൈറ്റര്‍ സണ്ണിമോന്‍, സിപിഒ എം എന്‍ അജയകുമാര്‍ എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കേസ് ഒത്തുതീര്‍ക്കാന്‍ പൊലീസ് നടത്തിയ ഇടപെടലുകളാണ് കെവിന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്നായിരുന്നു പരാതി. നീനുവിന്റെ സഹോദരനായ ഷാനു ചാക്കോയ്ക്ക് അനുകൂലമായാണ് പോലീസ് നിന്നത്. നീനുവിന്റെ പരാതി അവഗണിക്കുകയും ചെയ്തു. പോലീസ് കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ കൊലപ്പെടുത്തതിനു മുന്‍പ് തന്നെ കെവിനെ രക്ഷപ്പെടുത്താമായിരുന്നു. അതിവേഗവിചാരണ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുമ്പോൾ ഒമ്പത് പ്രതികളാണ് റിമാൻഡിൽ ഉള്ളത്. കേസിലെ 14 പ്രതികൾക്കുമേലും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

Also Read: കെവിന്റെ വീട്; സ്നേഹത്താല്‍ മുറിവേറ്റ മനുഷ്യര്‍

ജയശ്രീ ശ്രീനിവാസന്‍

ജയശ്രീ ശ്രീനിവാസന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍