UPDATES

ട്രെന്‍ഡിങ്ങ്

കിര്‍താഡ്‌സ് അനധികൃത നിയമനം: യോഗ്യതയുണ്ടെന്ന മന്ത്രി എ.കെ ബാലന്റെ വാദം പൊളിയുന്നു; യോഗ്യതയില്ലെന്ന് സര്‍ക്കാരിന്റെ തന്നെ ഉത്തരവ് പുറത്ത്

കിര്‍താഡ്‌സില്‍ നിയമനം ലഭിച്ചത് യോഗ്യതയുള്ളവരെന്ന മന്ത്രിയുടെ വാദം പൊളിയുന്നു. സ്‌പെഷ്യല്‍ റൂളില്‍ പറഞ്ഞ യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം ലഭിച്ചതായും പ്രൊബേഷന്‍ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഉത്തരവ്

കിര്‍താഡ്‌സില്‍ പ്രൊബേഷന്‍ പ്രഖ്യാപിച്ച ഉദ്യോഗസ്ഥര്‍ യോഗ്യതയുള്ളവരെന്ന് മന്ത്രി എ കെ ബാലന്‍. മന്ത്രിയുടെ അസിസ്റ്റന്‍ പേഴ്‌സണല്‍ സെക്രട്ടറി മണിഭൂഷണ്‍ ഉള്‍പ്പെടെയുള്ള നാല് പേരുടെ സ്ഥിര നിയമനവും പ്രൊബേഷന്‍ പ്രഖ്യാപനവുമാണ് വിവാദമായത്. അതീവ മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് ജോലി നല്‍കുന്നതിനായി സാധാരണഗതിയില്‍ ഉപയോഗിക്കുന്ന ചട്ടം 39-ന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് പ്രൊബേഷന്‍ പ്രഖ്യാപിച്ചത്. ചട്ടം 39 ഉപയോഗിക്കുന്നതില്‍ സര്‍ക്കാരിന് വിപുലലമായ വിവേചനാധികാരമുണ്ടെങ്കിലും യോഗ്യതയില്ലായ്മ മറികടക്കാന്‍ ഈ ചട്ടം ഉപയോഗിക്കപ്പെടുകയായിരുന്നു എന്ന കാര്യം അഴിമുഖം നേരത്തെ പുറത്തുകൊണ്ടു വന്നിരുന്നു- (Exclusive: കിര്‍താഡ്‌സില്‍ മന്ത്രി എ.കെ ബാലന്റെ സ്റ്റാഫ്, എഴുത്തുകാരി ഇന്ദു മേനോന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് അനധികൃത നിയമനം; അയോഗ്യതയെ മറികടക്കാന്‍ കുറുക്കുവഴി) ഇക്കാര്യം ഇന്നലെ പ്രതിപക്ഷ പാര്‍ട്ടികള്‍ നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട് – (Azhimukham Impact-കിര്‍ത്താഡ്‌സ് അനധികൃത നിയമനങ്ങള്‍ നിയമസഭയില്‍; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം)

അതിനിടെയാണ്, താനാണ് ഉത്തരവിറക്കിയതെന്നും പ്രബേഷന്‍ പ്രഖ്യാപിച്ച എല്ലാവരും യോഗ്യതയുള്ളവരായിരുന്നുവെന്നും എ.കെ ബാലന്‍ വാര്‍ത്തയോട് പ്രതികരിച്ചു.

മന്ത്രി എ കെ ബാലന്റെ പ്രതികരണം ഇങ്ങനെ: “വിവരമില്ലാത്തവര്‍ ആരെങ്കിലും പറയുന്ന കാര്യങ്ങള്‍ക്ക് എനിക്ക് മറുപടി പറയാനാവില്ല. ഈ സര്‍ക്കാരിന്റെ കാലത്ത് നിയമനം നടത്തിയിട്ടുമില്ല”. എന്നാല്‍ പ്രൊബേഷന്‍ പ്രഖ്യാപിച്ചത് സംബന്ധിച്ച് ചോദിച്ചപ്പോള്‍, “നിയമനം സ്ഥിരപ്പടുത്തിയിട്ട് പതിനഞ്ച് വര്‍ഷമായവര്‍ക്ക് പിന്നെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യണ്ടേ? അതാണ് ചെയ്തത്. അതില്‍ നിയമവിധേയമല്ലാത്ത ഒന്നുമില്ല. ചട്ടം 39 പ്രയോഗിച്ചതില്‍ യാതൊരുവിധ നിയമപരമായ വീഴ്ചയുമില്ല. എല്ലാം നിയമപ്രകാരം തന്നെയാണ് ചെയ്തിരിക്കുന്നത്” എന്നായിരുന്നു മറുപടി. യോഗ്യതയില്ലാത്തവരെ ചട്ടം 39 പ്രകാരം നിയമിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മുമ്പ് 1976-ലും 79-ലും 83-ലും സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറുകള്‍ പ്രകാരമായിരിക്കണം എന്ന് ഉദ്യോഗസ്ഥരഭരണ പരിഷ്‌ക്കരണ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, “ഞാനാണ് ഓര്‍ഡര്‍ ഇറക്കിയത്. എനിക്ക് കാര്യങ്ങള്‍ അറിയാമല്ലോ? അവരാരും യോഗ്യതയില്ലാത്തവരല്ല. യോഗ്യതയുണ്ടെന്ന് കണ്ടെത്തിയതുകൊണ്ടാണ് നിയമനം നല്‍കിയത്. നിയമനം നല്‍കിയത് വിഎസ് സര്‍ക്കാരിന്റെ കാലത്താണ്. കിര്‍താഡ്‌സ് സ്‌പെഷ്യല്‍ റൂളിലെ 10 (സേവിങ് ക്ലോസ്) പ്രകാരം അവര്‍ സംരക്ഷിക്കപ്പെടേണ്ടവരായിരുന്നു. അതാണ് നിയമനം സ്ഥിരപ്പെടുത്തിയത്” എന്നും മന്ത്രി പ്രതികരിച്ചു.

എന്നാല്‍ മന്ത്രി എ കെ ബാലന്‍ പറയുന്നതിന് വിരുദ്ധമായി, നിയമിതരായവര്‍ക്ക് വേണ്ടത്ര യോഗ്യതയില്ലെന്ന് പറയുന്ന സര്‍ക്കാരിന്റെ തന്നെ ഉത്തരവാണ് അഴിമുഖം ഇന്ന് പുറത്തുവിടുന്നത്. കിര്‍താഡ്‌സിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ആന്ത്രപ്പോളജി വിഭാഗം. വിജിലന്‍സ് വിഭാഗമായി ആക്ട് ചെയ്യുന്നതും ആ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ്. കേരളത്തിലെ ജാതി തര്‍ക്കങ്ങളില്‍ പഠനം നടത്തുകയും പരിഹാരം കാണുകയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യേണ്ടത് ആന്ത്രപ്പോളജി വിഭാഗത്തിലുള്ളവരാണ്. വ്യക്തിയുടേയോ സമുദായത്തിന്റെയോ ജാതി നിര്‍ണയിക്കാന്‍ ചുമതലപ്പെട്ട കേരളത്തിലെ ഏക സ്ഥാപനം എന്ന നിലയ്ക്ക് കിര്‍താഡ്‌സിലെ ആന്ത്രപ്പോളജി വിഭാഗത്തിന്റെ പ്രാധാന്യം ഏറെയാണ്. ആന്ത്രപ്പോളജി വിഭാഗത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്) എസ്.വി സജിത് കുമാറാണ്. ചട്ടം 39 വഴി പ്രൊബേഷന്‍ പ്രഖ്യാപിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാള്‍. സജിത് കുമാറിനടക്കം നിയമനത്തിനും പ്രൊബേഷന്‍ പ്രഖ്യാപിക്കപ്പെടുന്നതിനുമുള്ള യോഗ്യതകളുണ്ട് എന്നാണ് മന്ത്രി എ.കെ ബാലന്‍ പറയുന്നത്.

യോഗ്യതകളില്ലാത്തവരെ അനധികൃതമായി നിയമിച്ചു എന്ന അഴിമുഖം വാര്‍ത്തയോട് സജിത്കുമാറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “എനിക്ക് യോഗ്യതയില്ലെന്ന് പറയുന്നത് തെറ്റായ കാര്യമാണ്. ഇന്റര്‍ ഡിസിപ്ലിനറി സോഷ്യല്‍ സയന്‍സ് (ആന്ത്രപ്പോളജി)യില്‍ ബിരുദാനന്തര ബിരുദവും ഫ്യൂച്ചര്‍ സ്റ്റഡീസില്‍ എംഫിലും കേരള സര്‍വകലാ ശാലയില്‍ നിന്ന് നേടിയിട്ടുണ്ട്. ഇത് ആന്ത്രപ്പോളജി എംഫിലിന് തത്തുല്യമായ എംഫില്‍ ആണെന്ന് കേരള സര്‍വകലാശാലയില്‍ നിന്ന് തന്നെ ഓര്‍ഡറും വാങ്ങി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്” എന്നായിരുന്നു.

എന്നാല്‍ മന്ത്രിയുടേയും സജിത്കുമാറിന്റെയും വിശദീകരണങ്ങളെ ഖണ്ഡിക്കുന്നതാണ് 2015 ഡിസംബര്‍ ഏഴിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. കിര്‍താഡ്‌സിന്റെ സ്‌പെഷ്യല്‍ റൂള്‍ പ്രകാരം റിസര്‍ച്ച് ഓഫീസര്‍ ആയി നിയമിതനാവാനുള്ള യോഗ്യത സജിത് കുമാറിനില്ലെന്ന് ഈ ഉത്തരവില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ പ്രൊബേഷന്‍ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് ജോയിന്റെ സെക്രട്ടറി ഒപ്പിട്ട ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇക്കാരണം കൊണ്ട് തന്നെ സജിത് കുമാറിന്റെ പ്രൊബേഷന്‍ പ്രഖ്യാപിക്കുന്നതിനും അദ്ദേഹത്തെ ആന്ത്രപ്പോളജി വിഭാഗം ഡെപ്യൂട്ടി ജയറക്ടര്‍ ചുമതലയിലേക്ക് പരിഗണിക്കണമെന്നുമുള്ള ആവശ്യം തള്ളിക്കളയുന്നു എന്നും ഉത്തരവ് പറയുന്നു.

ഉത്തരവിന്റെ പകര്‍പ്പ്

2014 ഒക്ടോബര്‍ ഒമ്പതിന് സജിത്കുമാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുമ്പാകെ അപേക്ഷ നല്‍കിയിരുന്നു. അതില്‍ വി.എസ് സുഭാഷിന് നല്‍കിയ ഹയര്‍ ഗ്രേഡ് റദ്ദാക്കണമെന്നും, തന്റെ പ്രൊബേഷന്‍ പ്രഖ്യാപിക്കണമെന്നും ആന്ത്രപ്പോളജി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഹിയറിങ് വിളിച്ചു. 2015 ജൂലൈ രണ്ടിന് പരാതിയിന്മേല്‍ വാദം കേള്‍ക്കുകയും തെളിവെടുപ്പ് നടത്തുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു.

എന്നാല്‍ സജിത്കുമാറിന് ഇന്റര്‍ ഡിസിപ്ലിനറി സോഷ്യല്‍ സയന്‍സ് ബ്രാഞ്ചി (ആന്ത്രപ്പോളജി)ലാണ് ബിരുദാനന്തര ബിരുദമെന്നും 2004ല്‍ അദ്ദേഹം നിയമിതനാവുന്ന സമയം എംഫില്‍ ലഭിച്ചിട്ടില്ല എന്നും കണ്ടെത്തി. 2005-ലാണ് ഫ്യൂച്ചര്‍ സ്റ്റഡീസില്‍ എംഫില്‍ ഇയാള്‍ കരസ്ഥമാക്കുന്നത്. സജിത്കുമാര്‍ നേടിയിട്ടുള്ള ബിരുദാനന്തരബിരുദവും എംഫിലും സ്‌പെഷ്യല്‍ റൂളില്‍ പറയുന്ന വിഷയത്തിലല്ല എന്ന് ഡയറക്ടര്‍ ചൂണ്ടിക്കാട്ടുന്നതായും ഉത്തരവില്‍ പറയുന്നു. ഇന്റര്‍ ഡിസിപ്ലിനറി സോഷ്യല്‍ സയന്‍സ് ബ്രാഞ്ച് (ആന്ത്രപ്പോളജി) എംഎയും ഫ്യൂച്ചര്‍ സ്റ്റഡീസിലെ എംഫിലും ആന്ത്രപ്പോളജി എംഎയ്ക്കും ആന്ത്രപ്പോളജി എംഫിലിനും തുല്യമാണെന്ന് അവകാശപ്പെടുന്ന സര്‍ട്ടിഫിക്കറ്റ് അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും സ്‌പെഷ്യല്‍ റൂള്‍ പ്രകാരം ‘തുല്യമായ’ എന്ന സാധ്യതയില്ലെന്നും ആന്ത്രപ്പോളജിയിലോ സോഷ്യോളജിയിലോ എം എ, എംഫില്‍ എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും കിര്‍താഡ്‌സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.

നിയമനം സ്ഥിരപ്പെടുത്തുമ്പോള്‍ സജിത്കുമാറിന്റെ തസ്തികയ്ക്ക് ആവശ്യമായ എംഫില്‍ അദ്ദേഹം സമ്പാദിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കിര്‍താഡ്‌സിലെ റിസര്‍ച്ച് ഓഫീസര്‍ എന്ന തസ്തികയ്ക്ക് വേണ്ട യോഗ്യത അദ്ദേഹത്തിനില്ലെന്ന് ബോധ്യപ്പട്ടു. അതിനാല്‍ സ്‌പെഷ്യല്‍ റൂളിലെ സേവിങ് ക്ലോസ് ഭേദഗതി ചെയ്യാതെ അദ്ദേഹത്തിന്റെ പ്രൊബേഷന്‍ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ സേവിങ് ക്ലോസിലെ ‘യോഗ്യതയുള്ളവര്‍’ എന്ന പദം നീക്കി നിയമം ഭേദഗതി ചെയ്യാന്‍ വകുപ്പ് തലത്തില്‍ നീക്കം നടന്നെങ്കിലും സര്‍വീസ് സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ നീക്കം പാളുകയായിരുന്നു- (Exclusive: കിര്‍താഡ്‌സില്‍ മന്ത്രിയുടെ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരുടെ നിയമനം അനധികൃതമായി സ്ഥിരപ്പെടുത്താന്‍ സ്‌പെഷ്യല്‍ റൂള്‍ ഭേദഗതിക്കും നീക്കം നടന്നു)

എസ് വി സജിത്കുമാര്‍ കിര്‍താഡ്‌സില്‍ കരാര്‍ അടിസ്ഥാനത്തില്‍ റിസര്‍ച്ച് ഓഫീസറായി 2004ല്‍ ആണ് നിയമിതനായത്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ പിന്നീട് നീട്ടി നല്‍കുകയും 2009 ഒക്ടോബര്‍ 24-ന് സര്‍ക്കാര്‍ നിയമനം സ്ഥിരപ്പെടുത്തുകയും ചെയ്തു. 2004 നവംബര്‍ ഒന്നിന്, കരാര്‍ അടിസ്ഥാനത്തില്‍ നിയമിതനായ അന്ന് മുതല്‍ മുന്‍കാലപ്രാബല്യത്തോടെയായിരുന്നു നിയമനം സ്ഥിരപ്പെടുത്തിയത്. സജിത്കുമാറിനൊപ്പം കിര്‍താഡ്‌സില്‍ സ്ഥിരനിയമനം ലഭിച്ച മറ്റ് എട്ട് കരാര്‍ തൊഴിലാളികളില്‍ ഒരാളായിരുന്നു വി.എസ് സുഭാഷ്. 2004-ല്‍ റിസര്‍ച്ച് അസിസ്റ്റന്റ് ആയായിരുന്നു നിയമനം. 2009-ല്‍ മുന്‍കാല പ്രാബല്യത്തോടെ തന്നെ നിയമനം സ്ഥിരപ്പെടുത്തി. പിന്നീട് 2011 സപ്തംബര്‍ 24ന് പിഎസ് സി വഴി നേരിട്ട് റിസര്‍ച്ച് ഓഫീസറായി ചുമതലയേറ്റു. 2013 സെപ്തംബര്‍ 30-ന് സുഭാഷിന്റെ പ്രൊബേഷന്‍ പ്രഖ്യാപിച്ചു. പിന്നീട് ഇയാള്‍ക്ക് ആന്ത്രപ്പോളജി വിഭാഗം ഡെപ്യൂട്ടി ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എ മണിഭൂഷണന്‍ പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ ചുമതലയേറ്റതോടെയാണ് ഇതുണ്ടായതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

കിര്‍താഡ്‌സ് സ്‌പെഷ്യല്‍ റൂള്‍ പ്രകാരം ഒരു വ്യക്തിക്ക് റിസര്‍ച്ച് ഓഫീസറായി നിയമനം ലഭിക്കുന്നതിനുള്ള യോഗ്യതകള്‍ ഇതാണ്- 1. നേരിട്ടുള്ള നിയമനമാണെങ്കില്‍ നിയമിക്കപ്പെടുന്ന വ്യക്തിക്ക് ആന്ത്രപ്പോളജിയിലോ സോഷ്യോളജിയിലോ അമ്പത് ശതമാനം മാര്‍ക്കില്‍ കുറയാതെ ഒന്നാംക്ലാസ് അല്ലെങ്കില്‍ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദം വേണം. ഈ രണ്ട് വിഷയങ്ങളിലൊന്നില്‍ പിഎച്ച്ഡിയോ എംഫിലോ ഉണ്ടാവണം. 2. ട്രാന്‍സ്ഫര്‍ വഴിയാണെങ്കില്‍ അമ്പത് ശതമാനം മാര്‍ക്കോടെ ആന്ത്രപ്പോളജിയിലോ സോഷ്യോളജിയിലോ രണ്ടാംക്ലാസ് ബിരുദാനന്തര ബിരുദം. ഈ യോഗ്യത ഇയാള്‍ക്കില്ല എന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയത്. റിസര്‍ച്ച് ഓഫീസര്‍ ആയിരിക്കാന്‍ പോലുമുള്ള യോഗ്യതയില്ല എന്നും പറയുന്നു. സജിത്കുമാര്‍ ഈ ഉത്തരവിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതി പോയി എന്നാണറിയുന്നത്. എന്നാല്‍ ഈ പരാതിയില്‍ വിധി വരികയോ ഈ ഉത്തരവിന്‍മേല്‍ മറിച്ചൊരു നിര്‍ദ്ദേശം ട്രിബ്യൂണലോ സര്‍ക്കാരോ നല്‍കിയിട്ടുമില്ല. അങ്ങനെയിരിക്കെ ഈ ഉത്തരവിനെ മറികടന്നുകൊണ്ട്, കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനും മുന്നെയാണ് ചട്ടം 39 വഴി സജിത്കുമാറിന്റെ നിയമനവും നടന്നിട്ടുള്ളത്.

ഉന്നത വിദ്യാഭ്യാസ വിദഗ്ദ്ധനായ ശ്രീ മഹാദേവന്‍ പിള്ള പറയുന്നതിങ്ങനെ: “എന്റെ അറിവില്‍ ഫ്യൂച്ചര്‍ സ്റ്റഡീസിന് ആന്ത്രപ്പോളജിയുമായി ഒരു ബന്ധവുമില്ല. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ പോലും ഫ്യൂച്ചര്‍ സ്റ്റഡീസില്‍ എംഫില്‍ ചെയ്യാറുണ്ട്. മറ്റൊന്ന് പറയുകയാണെങ്കില്‍ ഈക്വലന്റ് സര്‍ട്ടിഫിക്കറ്റ് പലപ്പോഴും യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ക്രമവിരുദ്ധമായും നല്‍കാറുണ്ട്. എന്നുമാത്രമല്ല, ആന്ത്രപ്പോളജി എന്ന് സബ്ജക്ട് പഠനവിഷയമായുള്ള കേന്ദ്രത്തിന് മാത്രമേ മറ്റൊരു ഡിഗ്രി ആന്ത്രപ്പോളജിയുമായി ഈക്വലന്റ് ആണെന്ന് പറയാനുള്ള അധികാരമുള്ളൂ. അല്ലാത്തപക്ഷം അത് കോടതിയില്‍ തെളിവായി നിലനില്‍ക്കില്ല.”

അനധികൃത നിയമനം ലഭിച്ച നാല് പേരില്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളയാളാണ് സജിത്കുമാര്‍. എന്നാല്‍ റിസര്‍ച്ച് ഓഫീസര്‍ ആയിരിക്കാന്‍ സജിത്കുമാറിന് പോലും യോഗ്യതയില്ലാതിരിക്കെ മറ്റുള്ളവര്‍ക്ക് എങ്ങനെ നിയമനവും പ്രൊബേഷന്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവും ലഭിച്ചു എന്നതാണ് ഉയരുന്ന ചോദ്യം. സജിത്കുമാറിന് മുമ്പ് ആന്ത്രപ്പോളജി ഡെപ്യൂട്ടി ഡയറക്ടര്‍ ആവുകയും പിന്നീട് ഡെപ്യൂട്ടേഷനില്‍ പിന്നോക്ക വിഭാഗ വികസന വകുപ്പില്‍ റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആവുകയും ഇപ്പോള്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുമായ മണിഭൂഷണ് എംഎ ബിരുദം മാത്രമാണുള്ളത്. ലക്ചര്‍ തസ്തികയിലിരിക്കുന്ന ഇന്ദു മേനോനും റിസര്‍ച്ച് ഓഫീസറായ പി.വി മിനിക്കും ബിരുദാനന്തര ബിരുദം മാത്രമാണ് യോഗ്യത.

Azhimukham Impact-കിര്‍ത്താഡ്‌സ് അനധികൃത നിയമനങ്ങള്‍ നിയമസഭയില്‍; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

Exclusive: കിര്‍താഡ്‌സില്‍ മന്ത്രിയുടെ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരുടെ നിയമനം അനധികൃതമായി സ്ഥിരപ്പെടുത്താന്‍ സ്‌പെഷ്യല്‍ റൂള്‍ ഭേദഗതിക്കും നീക്കം നടന്നു

Exclusive: കിര്‍താഡ്‌സില്‍ മന്ത്രി എ.കെ ബാലന്റെ സ്റ്റാഫ്, എഴുത്തുകാരി ഇന്ദു മേനോന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് അനധികൃത നിയമനം; അയോഗ്യതയെ മറികടക്കാന്‍ കുറുക്കുവഴി

കിര്‍താഡ്‌സ് അനധികൃത നിയമനങ്ങള്‍: ഭരണപരിഷ്‌കരണ/നിയമ വകുപ്പുകളുടെ എതിര്‍പ്പും മുഖ്യമന്ത്രിയുടെ നിര്‍ദേശവും മറികടന്ന്‌

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍