UPDATES

Exclusive: കിര്‍താഡ്‌സില്‍ മന്ത്രിയുടെ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരുടെ നിയമനം അനധികൃതമായി സ്ഥിരപ്പെടുത്താന്‍ സ്‌പെഷ്യല്‍ റൂള്‍ ഭേദഗതിക്കും നീക്കം നടന്നു

സേവിങ് ക്ലോസിലെ ‘ യോഗ്യതയുള്ളവര്‍’ എന്ന പദം നീക്കി നിയമം ഭേദഗതി ചെയ്യാന്‍ വകുപ്പ് തലത്തില്‍ നീക്കം നടന്നെങ്കിലും സര്‍വീസ് സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നീക്കം പാളുകയായിരുന്നു.

വിദ്യാഭ്യാസ യോഗ്യതയും ചട്ടങ്ങളും കണക്കിലെടുക്കാതെയാണ് കിര്‍താഡ്‌സില്‍ നിയമനങ്ങള്‍ നടന്നിരിക്കുന്നതെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്നലെ അഴിമുഖം പുറത്തുകൊണ്ടുവന്നിരുന്നു. (Exclusive: കിര്‍താഡ്‌സില്‍ മന്ത്രി എ.കെ ബാലന്റെ സ്റ്റാഫ്, എഴുത്തുകാരി ഇന്ദു മേനോന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് അനധികൃത നിയമനം; അയോഗ്യതയെ മറികടക്കാന്‍ കുറുക്കുവഴി

മന്ത്രി എ കെ ബാലന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എ മണിഭൂഷണ്‍, എഴുത്തുകാരികൂടിയായ ഇന്ദു മേനോന്‍, എസ് വി സജിത്കുമാര്‍, പി വി മിനി എന്നിവര്‍ക്കാണ്  കിര്‍താഡ്‌സില്‍ അനധികൃതമായി സ്ഥിരനിയമനം ലഭിച്ചത്. അതീവ മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് ജോലി നല്‍കുന്നതിനായാണ് സാധാരണഗതിയില്‍ ചട്ടം 39 ഉപയോഗിക്കാറ്. ചട്ടപ്രകാരം സര്‍ക്കാരിന് വിപുലമായ വിവേചനാധികാരമുണ്ട്. എന്നാല്‍ യോഗ്യതയില്ലായ്മ മറികടക്കാന്‍ ഈ ചട്ടം ഉപയോഗിക്കപ്പെടുകയായിരുന്നു എന്നതാണ് കിര്‍താഡ്‌സിലെ നിയമനവുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത്.

അതോടൊപ്പം, കിര്‍താഡ്‌സില്‍ യോഗ്യതയില്ലാതെ സ്ഥിരപ്പെടുത്തിയവരെ സംരക്ഷിക്കാന്‍ സ്‌പെഷ്യല്‍ റൂള്‍ ഭേദഗതിക്ക് ശ്രമം നടന്നതായുള്ള രേഖകളും ഞങ്ങള്‍ പുറത്തുവിടുകയാണ്. സ്‌പെഷ്യല്‍ റൂളില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍ നേടിയിട്ടില്ലാത്ത ജീവനക്കാരെ സേവിങ് ക്ലോസിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനായി സ്‌പെഷ്യല്‍ റൂള്‍സില്‍ ഭേദഗതി വരുത്തുന്നത് ആലോചിക്കാന്‍ സെക്രട്ടറിയേറ്റില്‍ യോഗം ചേര്‍ന്നതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. സര്‍വീസ് സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഭേദഗതി വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പകരം സര്‍ക്കാരിന് നയപരമായ തീരുമാനമെടുത്ത് ജീവനക്കാരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാമെന്ന ധാരണയില്‍ യോഗം എത്തുകയും ചെയ്തു.

പിന്നീട് ഈ ജീവനക്കാരെ കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടങ്ങളിലെ ചട്ടം 39 ഉപയോഗിച്ച് പ്രൊബേഷന്‍ പ്രഖ്യാപിച്ചു. അടിയന്തിര ഘട്ടങ്ങളില്‍, മാനുഷിക പരിഗണനക്ക് വിധേയമായി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുന്നതിന് ഉപയോഗിക്കുന്നതാണ് ചട്ടം 39. എന്നാല്‍ അത് സ്ഥിരപ്പെടുത്തിയ കരാര്‍ ജീവനക്കാര്‍ക്ക് പ്രൊബേഷന്‍ പ്രഖ്യാപിക്കുന്നതിനായി ഉപയോഗപ്പെടുത്തിയതിന് എതിരെ നിരവധി ആക്ഷേപങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ചട്ടം 39 വഴി പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് മുമ്പ് സെപ്ഷ്യല്‍ റൂള്‍ അനുശാസിക്കുന്ന യോഗ്യതയില്ലാത്തവരായതിനാല്‍ ഇവരെ സേവിങ് ക്ലോസില്‍ ഉള്‍പ്പെടുത്താന്‍ സ്‌പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തുന്നതിനുള്ള ശ്രമങ്ങളും വകുപ്പ് തലത്തില്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് സെക്രട്ടറിയേറ്റില്‍ പട്ടികവര്‍ഗ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം.

2009-ല്‍ ഒമ്പത് കരാര്‍ ജീവനക്കാരുടെ നിയമനം സര്‍ക്കാര്‍ സ്ഥിരപ്പെടുത്തി. എന്നാല്‍ ഇതില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന നാല് പേര്‍ക്ക് കിര്‍താഡ്‌സ് സ്‌പെഷ്യല്‍ റൂള്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളില്ലായിരുന്നു. നിയമപ്രകാരമുള്ള യോഗ്യതകളില്ലാത്തവര്‍ക്ക് നിയമനം നല്‍കുന്നതിനെ ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കരണ വകുപ്പും നിയമവകുപ്പും ചോദ്യം ചെയ്തിരുന്നു. സ്‌പെഷ്യല്‍ റൂള്‍സിലെ സേവിങ് ക്ലോസില്‍ പറയുന്ന ‘any qualified person’ എന്ന നിബന്ധന മാറ്റി ‘any person’ എന്ന ഭേദഗതി വരുത്താനായിരുന്നു പിന്നീട് ആലോചന. ഈ ഭേദഗതിക്കായി കരട് ഭേദഗതി വിജ്ഞാപനവും ഇറക്കിയിരുന്നു. കരട് ഭേദഗതി വിജ്ഞാപനം ചര്‍ച്ച ചെയ്യുന്നതിനായി 2016 ജനുവരി 14-ന് സെക്രട്ടറിയേറ്റിലെ സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. പട്ടികവര്‍ഗ വികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായി സ്ഥിരപ്പെടുത്തിയ ജീവനക്കാരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ റൂള്‍ ഭേദഗതി വരുത്തി അവരെയും സേവിങ് ക്ലോസില്‍ ഉള്‍പ്പെടുത്തുക എന്നതായിരുന്നു യോഗത്തിന്റെ അജണ്ട.

കിര്‍താഡ്‌സിന്റെ സ്‌പെഷ്യല്‍ റൂളിലെ സേവിങ് ക്ലോസ് ഭേദഗതി ചെയ്യുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി യോഗത്തില്‍ സംസാരിച്ചു. എന്നാല്‍ സര്‍വീസ് സംഘടനാ പ്രതിനിധികള്‍ ഇതില്‍ എതിര്‍പ്പ് അറിയിച്ചു. സേവിങ് ക്ലോസ് ഭേദഗതി വരുത്തുന്നത് കരാര്‍, ദിവസവേതനം എന്നീ രീതിയിലുള്ള നിയമനങ്ങളെ പരിപോഷിപ്പിക്കുന്ന ഒരു നടപടിയാണെന്ന് സംഘടനാ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സേവിങ് ക്ലോസ് ഭേദഗതി ചെയ്താല്‍ ഇതൊരു കീഴ്‌വഴക്കമാക്കി മാറ്റിക്കൊണ്ട് മറ്റനേകം വകുപ്പുകളില്‍ നിന്നും സേവിങ് ക്ലോസ് ഭേദഗതി ചെയ്യുന്നതിനുള്ള പ്രവണതയുണ്ടാവും. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇക്കാര്യം അനുവദിക്കാനാവില്ല. നിലവില്‍ റഗുലറൈസ് ചെയ്ത ഒരാളുടെ പ്രൊബേഷന്‍ അംഗീകരിക്കുന്നതിന് സര്‍ക്കാരിന് നയപരമായ തീരുമാനങ്ങളെടുക്കാനുള്ള അധികാരമുണ്ട്. അതിനാല്‍ സാമൂഹ്യനീതി, പൊതുമരാമത്ത് വകുപ്പുകളില്‍ ചെയ്തിട്ടുള്ളതുപോലെ സര്‍ക്കാരിന് തന്നെ നയപരമായ തീരുമാനത്തിലൂടെ ഇവരുടെ പ്രൊബേഷന്‍ അംഗീകരിക്കാവുന്നതാണെന്നുമായിരുന്നു സര്‍വീസ് സഹകരണ സംഘടനാ പ്രതിനിധികളുടെ വാദം.

ഭേദഗതിയെ നിയമവകുപ്പും അംഗീകരിച്ചില്ല. മറിച്ച് ഇത് നയപരമായ തീരുമാനത്തിലൂടെ അംഗീകരിക്കാവുന്നതാണെന്ന് അഭിപ്രായമാണ് നിയമവകുപ്പും അറിയിച്ചത്. എന്നാല്‍ കിര്‍താഡ്‌സ് പ്രതിനിധി മറിച്ചൊരഭിപ്രായം മുന്നോട്ട് വച്ചു. ഒരു സ്‌പെഷ്യല്‍ റൂള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ അതില്‍ സേവിങ് ക്ലോസ് വയ്ക്കുന്നത് തന്നെ നിലവിലുള്ള ജീവനക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നാണ് കിര്‍താഡ്‌സ് പ്രതിനിധി അഭിപ്രായപ്പെട്ടത്.

നിലവിലുള്ള സേവിങ് ക്ലോസ് ഇങ്ങനെയാണ്, ‘Nothing contained in these rules shall affect the right of any qualified person, who has been provisionally appointedയpromoted under Government Orders to any of the categories included in the rule 2 of these rules and holding that post as on the date of commencement of their rules, for regular appointment/promotion to that post’.

ഇതില്‍ യോഗ്യരായ (qualified) എന്ന പദം മാത്രം ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതിയാണ് നിര്‍ദ്ദേശിക്കപ്പട്ടത്. ഭേദഗതിക്ക് നിര്‍ദ്ദേശിച്ച സേവിങ് ക്ലോസ് ഇങ്ങനെ ‘Nothing contained in these rules shall affect the right of any person, who has been provisionally appointed/promoted under Government Orders to any of the categories included in the rule 2 of these rules and holding that post as on the date of commencement of their rules, for regular appointment/promotion to that post’.

എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത പലരും ഇതിന് എതിര്‍പ്പ് പറഞ്ഞതോടെ ഭേദഗതി വരുത്താതെ നിലവിലുള്ള ജീവക്കാരുടെ പ്രൊബേഷനും പ്രമോഷനും പരിഗണിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ യോഗം തീരുമാനിച്ചു.

Exclusive: കിര്‍താഡ്‌സില്‍ മന്ത്രി എ.കെ ബാലന്റെ സ്റ്റാഫ്, എഴുത്തുകാരി ഇന്ദു മേനോന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് അനധികൃത നിയമനം; അയോഗ്യതയെ മറികടക്കാന്‍ കുറുക്കുവഴി

നിയമിക്കപ്പെട്ടവര്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായ ലക്ചര്‍, റിസര്‍ച്ച് ഓഫീസര്‍ പോസ്റ്റുകളിലുള്ളവര്‍ക്ക് ആന്ത്രപ്പോളജിയിലോ സോഷ്യോളജിയിലോ എംഫില്‍ വേണമെന്ന് സ്‌പെഷ്യല്‍ റൂള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ നിയമിതരായ നാല് പേരും ഈ യോഗ്യതയില്ലാത്തവരാണ്. അതിനാല്‍ കരാര്‍ അടിസ്ഥാന നിയമനത്തില്‍ നിന്ന് സ്ഥിരനിയമനമാക്കാന്‍ സേവിങ് ക്ലോസ് അനുസരിച്ച് നടക്കുകയില്ല. ഇതിനെ മറികടക്കാനാണ് നിയമഭേദഗതിക്ക് ശ്രമിച്ചത്. എന്നാല്‍ അത് നടക്കാതെ പോയതോടെ ചട്ടം 39 വഴി അയോഗ്യതകളെ മറികടന്ന് ഇവരുടെ പ്രൊബേഷന്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഇപ്പോള്‍ ചട്ടം 39 അനുസരിച്ച് നാലുപേരും ജോലിക്ക് കയറിയ അതേ തസ്തികയിലാണ് പ്രൊബേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍കാല പ്രാബല്യത്തോടെയുള്ള പ്രൊബേഷനായതിനാല്‍ കരാര്‍ അടിസ്ഥാനത്തിലായാലും രണ്ട് വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ പ്രൊബേഷന്‍ പൂര്‍ത്തീകരിക്കാനാവും. മുന്‍കാല പ്രാബല്യത്തോടെ മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭ്യമാക്കാനാണ് ഉത്തരവ്. ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്ക വിഷയങ്ങളില്‍ നിയമവകുപ്പിന്റെയും ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിന്റെയും അഭിപ്രായമാണ് സാധാരണ പരിഗണിക്കുക. എന്നാല്‍ അവരുടെ എതിര്‍പ്പുകളെ മറികടന്നുകൊണ്ടാണ് ചട്ടം 39 വഴി ഇവരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികള്‍ നീക്കിയത്.

കിര്‍താഡ്‌സ് അനധികൃത നിയമനങ്ങള്‍: ഭരണപരിഷ്‌കരണ/നിയമ വകുപ്പുകളുടെ എതിര്‍പ്പും മുഖ്യമന്ത്രിയുടെ നിര്‍ദേശവും മറികടന്ന്‌

വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇല്ലെന്നും ഇത് ഒരു പഴയ വിഷയമാണെന്നും മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കൂടിയായ മണിഭൂഷന്‍ പ്രതികരിച്ചു. വാര്‍ത്തയില്‍ കൂടിയാണ് താന്‍ ഈ കാര്യങ്ങള്‍ അറിഞ്ഞതെന്നും ഇത് പരിശോധിച്ചതിനു ശേഷം മാത്രമേ പ്രതികരിക്കൂ എന്നും കിര്‍താഡ്‌സ് ഡയറക്ടര്‍ ഡോ. പി. പുകഴേന്തി വ്യക്തമാക്കി. ഫ്യൂച്ചര്‍ സ്റ്റഡീസില്‍ ഇന്റര്‍ ഡിസിപ്ലിനറി സോഷ്യല്‍ സയന്‍സിലെ തന്റെ എംഫില്‍ ആന്ത്രപ്പോളജി എംഫിലിന് സമമാണെന്ന കേരള സര്‍വകലാശാല ഉത്തരവ് താന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നതാണെന്നും അതുകൊണ്ടു തന്നെ തന്റെ നിയമനം യോഗ്യതയ്ക്കനുസരിച്ചാണെന്നും സജിത്കുമാര്‍ വ്യക്തമാക്കി. മറ്റുള്ളവരുടെ പ്രതികരണം ലഭ്യമാകുന്ന മുറയ്ക്ക് ഉള്‍പ്പെടുത്തുന്നതാണ്.

ദളിത്‌, ആദിവാസികളെ വിറ്റുതിന്നുന്ന കിര്‍താഡ്‌സ് എന്ന വെള്ളാന

കുറുമരുടെ ഉത്സവം നടത്തിപ്പില്‍ ഇന്ദു മേനോന്‍ എന്ന കിര്‍താഡ്‌സ് ഉദ്യോഗസ്ഥയ്ക്ക് എന്താണ് കാര്യം? ഭാഗം-2

ആദിവാസിയെ മ്യൂസിയം പീസാക്കുന്ന കിര്‍താഡ്‌സ്; ഫണ്ടിന് വേണ്ടി ‘സംരക്ഷിക്കപ്പെടേണ്ടവര്‍’-ഭാഗം 3

കിര്‍താഡ്‌സിന്റെ ആദിവാസി സ്വാതന്ത്ര്യസമര മ്യൂസിയം; വംശീയ വിവേചനം 16 കോടി രൂപയ്ക്ക്

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍