UPDATES

കേരളം

ശൈലജ ടീച്ചര്‍; അധികാരദുര്‍വിനിയോഗം രാജി ആവശ്യപ്പെടുന്ന കുറ്റം തന്നെയാണ്

ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട ശൈലജ ടീച്ചര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം ഗൌരവമുള്ളത് തന്നെയാണ്

മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്ത ആരോഗ്യമാതൃകയുള്ള കേരളത്തില്‍ മിക്കവാറും എല്ലാ വര്‍ഷവും പനി മരണങ്ങളുടെ പേഴില്‍ ആരോഗ്യ വകുപ്പും ആരോഗ്യ മന്ത്രിയും പഴി കേള്‍ക്കുന്നതാണ്. എല്ലാ സര്‍ക്കാരുകളും പനി മരണത്തിന്റെ പേരില്‍ വിമര്‍ശനം കേള്‍ക്കാറുണ്ട്. ആ പതിവില്‍ കെ.കെ ശൈലജ ടീച്ചര്‍ക്കും മാറ്റമില്ല. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരില്‍ തുടക്കത്തില്‍ അത്ര ചീത്തപ്പേരൊന്നും കേള്‍പ്പിക്കാതെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്ന പ്രശംസ പിടിച്ചുപറ്റിയ മന്ത്രിമാരിലൊരാളാണ് ശൈലജ ടീച്ചര്‍. എന്നാല്‍ കുറച്ചുകാലമായി ആരോപണങ്ങളുടെ മുള്‍മുനയിലാണ് കെകെ ശൈലജ. വലിയ ഉത്തരവാദിത്തങ്ങളുള്ള ആരോഗ്യവകുപ്പിനൊപ്പം സാമൂഹ്യനീതി വകുപ്പും ശൈലജ ടീച്ചര്‍ കൈകാര്യം ചെയ്യുന്നു. വനിതാ, ശിശുക്ഷേമ വകുപ്പുകളും നിലവില്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലാണ് വരുന്നത്. ആരോഗ്യ വകുപ്പിന് കീഴിലാണ് മെഡിക്കല്‍ വിദ്യാഭ്യാസം വരുന്നതെന്നതിനാല്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട തലവേദനകളുടെ മുഴുവന്‍ ഉത്തരവാദിത്തവും വിദ്യാഭ്യാസ വകുപ്പിന് പകരം ആരോഗ്യ വകുപ്പിനാണ്.

സ്വാശ്രയ ഫീസുമായി ബന്ധപ്പെട്ട് കോടതികളില്‍ നിന്ന് നിരന്തരം അടി വാങ്ങി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ വരുന്ന ബാലവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യ മന്ത്രിയെ ഹൈക്കോടതി ചീത്ത വിളിക്കുന്നത്. സ്വന്തം പാര്‍ട്ടി നേതാവിനെ, അതും ക്രിമിനല്‍ കേസില്‍ പ്രതിയായ വ്യക്തിയും ബാലലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് പ്രതിയെ രക്ഷിക്കാന്‍ സഹായം ചെയ്തു എന്ന ആരോപണം നേരിടുന്ന വ്യക്തിയുമായ ആളെ കമ്മീഷനില്‍ തിരുകിക്കയറ്റാന്‍ വേണ്ടി നിയമനം വൈകിച്ചു എന്ന ഗുരുതരമായ ആരോപണമാണുള്ളത്. ഇത് സ്വജനപക്ഷപാതമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. നിയമനം വൈകിച്ചതിന് നേരത്തെ 50,000 രൂപ സര്‍ക്കാരിന് സുപ്രീംകോടതി പിഴയിട്ടിരുന്നു.

പിണറായി മന്ത്രിസഭയിലെ ആദ്യ രാജി (വിടി ബല്‍റാമിന്റെ ഭാഷയില്‍ വിക്കറ്റ്) സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ട അനധികൃത നിയമനത്തിന്റെ പേരിലായിരുന്നു. സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും വ്യവസായ വകുപ്പ് ഇപി ജയരാജന് നല്‍കുകയും ചെയ്തപ്പോള്‍ തന്നെ ചില വക്രദൃഷ്ടികള്‍ മുന്‍വിധിയോടെ പറഞ്ഞിരുന്നു – ഇതത്ര പന്തിയാവില്ല എന്ന്. അതുതന്നെ സംഭവിച്ചു. പിന്നെ തോമസ് ചാണ്ടിയുടെ കാര്യത്തില്‍ മാത്രമാണ് ഇത്തരമൊരു മുന്‍വിധി പ്രവര്‍ത്തിച്ചിരുന്നത്. മാധ്യമങ്ങള്‍ നിര്‍മ്മിക്കുന്ന പ്രതിച്ഛായകളുടെ പ്രശ്‌നമായിരിക്കാം. അല്ലെങ്കില്‍ ഇവരുടെ ബന്ധങ്ങളും പൂര്‍വകാല ചരിത്രവുമായിരിക്കും. കെകെ ശൈലജ ടീച്ചറെ സംബന്ധിച്ച് ഇത്തരമൊരു മുന്‍വിധിയുടെ പ്രശ്‌നം ഉണ്ടായിരുന്നില്ല. വകുപ്പ് ഉദ്യോഗസ്ഥരാണ് മന്ത്രിയെ വഴി തെറ്റിക്കുന്നത് എന്ന് പറഞ്ഞ് തടിതപ്പാന്‍ ഭരണത്തില്‍ സജീവമായി ഇടപെടുന്ന പാര്‍ട്ടിക്ക് സാധിക്കുമോ? ആരോപണവിധേയനായ ഇപി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിച്ചില്ല. എന്നാല്‍ ശൈലജ ടീച്ചറെ പിന്തുണച്ചുകൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിച്ചത്. അത്ര തൃപ്തികരമോ വ്യക്തമോ ആയ മറുപടിയല്ല ഹൈക്കോടതി നടത്തിയ വിമര്‍ശനം സംബന്ധിച്ച് മുഖ്യമന്ത്രി നല്‍കിയത്.

ഫോണ്‍വിളി വിവാദത്തില്‍ രണ്ടാമത്തെ വിക്കറ്റായ എകെ ശശീന്ദ്രന്‍ തെറിക്കുകയും പകരം ഇറങ്ങിയ തോമസ് ചാണ്ടിയുടെ വിക്കറ്റ് എപ്പോള്‍ വേണമെങ്കിലും തെറിക്കാമെന്ന അവസ്ഥയുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് ബാലാവകാശ കമ്മീഷന്റെ രൂപത്തില്‍ ശൈലജ ടീച്ചര്‍ക്ക് പണി വരുന്നത്. മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍ പണം ഉപയോഗിച്ച് റിസോര്‍ട്ടിലേയ്ക്ക് റോഡുണ്ടാക്കിയും കായല്‍നിലം കയ്യേറിയും വിവാദത്തില്‍ മുങ്ങി നില്‍ക്കുന്നു. നിലമ്പൂരില്‍ സിപിഎം സ്വതന്ത്ര എംഎല്‍എ പിവി അന്‍വര്‍ ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ചും മലയിടിച്ചും വാട്ടര്‍ തീം പാര്‍ക്കുണ്ടാക്കിയെന്ന ആരോപണവും ഒരു പ്രശ്‌നമായി പിണറായിക്ക് തോന്നിയിട്ടില്ല. എന്നാല്‍ കെ.കെ ശൈലജയുടെ കാര്യത്തില്‍ സിപിഎമ്മിനകത്ത് വലിയ അതൃപ്തിയുള്ളതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യമന്ത്രിയെന്ന നിലയിലുള്ള ശൈലജയുടെ പ്രവര്‍ത്തനങ്ങളില്‍ വലിയ അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ട്.

ഒരു വര്‍ഷവും മൂന്ന് മാസവും കൊണ്ട് ഭേദപ്പെട്ട രീതിയിലുള്ള തലവേദന സര്‍ക്കാരിനുണ്ടാക്കാന്‍ മന്ത്രിമാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശൈലജയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും എങ്ങനെയാണ് ഇനി കൈകാര്യം ചെയ്യാന്‍ പോകുന്നത് എന്നതാണ് കാര്യം. വേണ്ടത്ര സമയം ലഭിച്ചിട്ടും സ്വാശ്രയ പ്രശ്‌നം വഷളാക്കി എന്ന ചീത്ത സര്‍ക്കാര്‍ കേള്‍ക്കുന്നുണ്ട്. ഫീസ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വലിയ തോതിലുള്ള ആശയക്കുഴപ്പമാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ശൈലജ രാജി വയ്ക്കണം എന്ന അഭിപ്രായം സിപിഎം നേതൃത്വത്തിലുണ്ടായതായി സൂചനയില്ല. എന്നാല്‍ വകുപ്പിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന അഭിപ്രായം ഉണ്ടുതാനും. പുതുതായി പ്രത്യേക വനിതാ വകുപ്പ് രൂപീകരിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യനീതി, വനിതാ വകുപ്പുകള്‍ ശൈലജയ്ക്ക് കൊടുത്ത് ആരോഗ്യം മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം എന്ന തരത്തിലുള്ള അഭിപ്രായം ഉയരുന്നുണ്ട്. അതേസമയം ബാലാവകാശ കമ്മീഷന്‍ നിയമനം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ഒഴിവാക്കി എങ്ങനെ പ്രശ്‌നം പരിഹരിക്കാം എന്ന ചോദ്യം സ്വാഭാവികമായും ഉയരും.

അധികാര ദുര്‍വിനിയോഗം സംബന്ധിച്ച ഗൗരവമുള്ള ആരോപണം തന്നെയാണ് ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട ശൈലജ ടീച്ചര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. മന്ത്രിമാരെ അപ്രസക്തരാക്കുന്ന തരത്തില്‍ സിംഗിള്‍മാന്‍ കാബിനറ്റായി പിണറായി മാറുന്നുണ്ടോ എന്ന സംശയം ദോഷൈകദൃക്കുകള്‍ ഉയര്‍ത്തുന്നതിനിടയില്‍ സര്‍ക്കാരിന് കാര്യങ്ങള്‍ അത്ര സുഗമമല്ല. ഏറ്റവുമധികം വിവാദമുണ്ടാക്കിയ ആഭ്യന്തര വകുപ്പ് കുറച്ചുകാലമായി ആശ്വാസത്തിലിരിക്കുമ്പോഴാണ് മറ്റുള്ളവര്‍ പ്രശ്‌നമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷം താരരതമ്യേന ദുര്‍ബലമായിരിക്കുന്നതാണ് സര്‍ക്കാരിന് നിലവിലുള്ള ആനുകൂല്യവും ആശ്വാസവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍