UPDATES

ട്രെന്‍ഡിങ്ങ്

കെഎം ഷാജിയുടെ അയോഗ്യത; ചിരിച്ചത് നികേഷ് മാത്രമല്ല, കണ്ണൂര്‍ ലീഗ് കൂടിയാണ്

മണ്ഡലത്തിലെ എംഎല്‍എ ഫണ്ട് വിതരണം സംബന്ധിച്ച് കെ എം ഷാജിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലെ ‘ആരോ’ ആരെന്നു ചോദിച്ചാല്‍ കണ്ണൂരിലെ മുസ്ലിം ലീഗിലെ പരസ്പരം കണ്ടുകൂടായ്മയാണ് പുറത്തുവരിക

കെ എ ആന്റണി

കെ എ ആന്റണി

അഴീക്കോട് എംഎല്‍എ കെ എം ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനായി പ്രഖ്യാപിച്ചിരിക്കുന്നു. ആറു വര്‍ഷത്തേക്കാണ് അയോഗ്യത. ഹീനമായ വര്‍ഗീയ പ്രചാരണം നടത്തി വോട്ടു തേടി എന്നതാണ് ഷാജിക്കെതിരെ എതിര്‍ സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ഹര്‍ജിയിലാണ് ഈ വിധി. അതേസമയം ഷാജിയെ അയോഗ്യനായി പ്രഖ്യാപിച്ചു തന്നെ എംഎല്‍എ ആയി പ്രഖ്യാപിക്കണം എന്ന നികേഷ് കുമാറിന്റെ വാദം തള്ളി അഴീക്കോട് ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. വിധിയോട് കെ എം ഷാജി പ്രതികരിച്ചത് മേല്‍ക്കോടതികളെ സമീപിക്കുമെന്നാണ്. അതിനുള്ള എല്ലാ സാധ്യതകളും തുറന്നുകിടക്കുന്നതിനാല്‍ ഈ വിഷയത്തില്‍ ഒരു തീരുമാനം ഉണ്ടാകുന്നത് വരെ അഴീക്കോട് മണ്ഡലം നാഥനില്ലാത്ത ഒന്നായി മാറും എന്ന വിലാപവും ഉയരുന്നുണ്ട്. (സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ സമയം നല്‍കണം എന്ന കെ എം ഷാജിയുടെ അപേക്ഷ പ്രകാരം മണിക്കൂറുകള്‍ക്കുള്ളില്‍ വിധിക്ക് രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചു)

ഒടുവില്‍ പറഞ്ഞ കാര്യത്തില്‍ വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. നാഥന്‍ ഉണ്ടായിട്ടും വോട്ടര്‍മാരുടെ ന്യായമായ അവകാശങ്ങള്‍ പോലും സംരക്ഷിക്കുന്ന എത്ര എംഎല്‍എമാരും എംപിമാരുമുണ്ട് എന്ന ഒരു വലിയ ചോദ്യം അവശേഷിക്കുന്നു. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമ സ്വരാജിന്റെ പുതിയ പതിപ്പായ പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം എന്ന ക്രെഡിറ്റ് കൊണ്ടുനടക്കുമ്പോഴും നമ്മുടെ പഞ്ചായത്തുകളിലെ അവസ്ഥ എന്തെന്ന് നമുക്കോരോരുത്തര്‍ക്കും നന്നായി അറിയാം. ഇത്തരം കാര്യങ്ങള്‍ ഇവിടെ തല്ക്കാലം അപ്രസക്തമാകയാല്‍ വീണ്ടും കെ എം ഷാജിയെ എംഎല്‍എ ആയിരിക്കാന്‍ യോഗ്യനല്ലെന്ന ഹൈക്കോടതിയുടെ വിധിയിലേക്കും അതിന്റെ ബാക്കിപത്രങ്ങളിലേക്കും കടക്കുന്നു.

കെ എം ഷാജിക്കെതിരെ ഇക്കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജി ചില്ലറ കാര്യമൊന്നുമായിരുന്നില്ല. പരാതിക്കാരന്‍ ഉന്നയിച്ചതിനേക്കാള്‍ അത്യന്തം ഹീനവും വര്‍ഗീയ ധ്രുവീകരണം നടത്താന്‍ പോന്ന ആഹ്വാനം അടങ്ങുന്ന ഒരു ലഘുലേഖയാണ് മണ്ഡലത്തിലെ മുസ്ലിം പള്ളികളും മദ്രസ്സകളും കേന്ദ്രീകരിച്ചു തിരഞ്ഞെടുപ്പ് കാലത്തു വിതരണം ചെയ്തതെന്നു കോടതിക്കും ബോധ്യം വന്നതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇന്നത്തെ ഈ വിധി. താന്‍ തികച്ചും മതനിരപേക്ഷന്‍ എന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള കെ എം ഷാജിയുടെ നിസ്‌കരിക്കുന്ന ചിത്രം വെച്ചുള്ള ‘അഞ്ചു നേരം നിസ്‌കരിക്കുന്ന യഥാര്‍ത്ഥ മുസല്‍മാനായ കെ മുഹമ്മദ് ഷാജി എന്ന കെ എം ഷാജിക്ക് വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന ലഘുലേഖകളാണ് പരാതിക്കൊപ്പം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. മണ്ഡലത്തിലെ മുസ്ലിം പ്രാതിനിധ്യം കൂടുതലുള്ള സ്‌കൂളുകളില്‍ മാത്രം ‘ആര്‍ക്കോ’ വേണ്ടി എംഎല്‍എ ഫണ്ട് ഉപയോഗിക്കുന്ന അഥവാ ദുരുപയോഗിക്കുന്ന എംഎല്‍എ എന്ന ഒരു ദുഷ്‌പ്പേര് ഏറ്റുവാങ്ങിയ ആള്‍ എന്ന ആരോപണവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

മണ്ഡലത്തിലെ എംഎല്‍എ ഫണ്ട് വിതരണം സംബന്ധിച്ച് കെ എം ഷാജിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലെ ‘ആരോ’ ആരെന്നു ചോദിച്ചാല്‍ കണ്ണൂരിലെ മുസ്ലിം ലീഗിലെ പരസ്പരം കണ്ടുകൂടായ്മയാണ് പുറത്തുവരിക. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കണ്ണൂരില്‍ ഒരു അസംബ്ലി സീറ്റ് മുസ്ലിം ലീഗിന് തരപ്പെട്ടത്; അതും 2011ല്‍. കണ്ണൂരില്‍ സീറ്റിനു വേണ്ടി മുസ്ലിം ലീഗിനിടയില്‍ പോര് മുറുകുന്നതിനടിയിലാണ് യൂത്ത് ലീഗ് നേതാവായിരുന്ന വയനാട് സ്വദേശി കെ എം ഷാജി ചുരം ഇറങ്ങി കണ്ണൂരിലെത്തി താന്‍ തന്നെ അഴീക്കോട് സ്ഥാനാര്‍ഥി എന്ന് കണ്ണൂരിലെ ലീഗ് നേതൃത്വത്തെ തെര്യപ്പെടുത്തിയത്. പണ്ട് വടകരയില്‍ ലീല ദാമോദര മേനോന് വേണ്ടി കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ ചുവരെഴുത്തു തുടങ്ങിയ കാലത്തു ഇന്ദിരാജിയുടെ കത്തുമായി കെ പി ഉണ്ണികൃഷ്ണന്‍ വന്നിറങ്ങിയത് പോലെ ഒന്നായിരുന്നു അത്. ഷാജിക്കെതിരെ സകലമാന പാരയും കണ്ണൂരിലെ ചില ലീഗ് നേതാക്കള്‍ പയറ്റിയെങ്കിലും എതിര്‍ സ്ഥാനാര്‍ത്ഥിയുടെ കുടുംബത്തില്‍ ഉണ്ടായ ഒരു ആത്മഹത്യ മുതലെടുത്തു അത്തവണ ഷാജി വിജയിയായി. എന്നാല്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുറച്ചുകൂടി കരുത്തനായ ഒരു യുവ എതിരാളിയെ തന്നെയാണ് ഷാജിക്ക് കിട്ടിയത്; എം വി നികേഷ് കുമാര്‍. സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ മുസ്ലിം ലീഗിന്റെ കൂടി പിന്‍ബലത്തില്‍ ലീഡര്‍ കെ കരുണാകരന്‍ അഴീക്കോട് സീറ്റു നല്‍കി ആദരിച്ച എം വി രാഘവന്റെ മകന്‍, അന്ന് എംവിആര്‍ തന്റെ പഴയ ശിഷ്യന്‍ ഇ പി ജയരാജനെ മലര്‍ത്തിയടിച്ചുവെങ്കില്‍ തന്റെ കന്നി അങ്കത്തില്‍ 2462 വോട്ടിനു ഷാജിക്ക് മുന്നില്‍ അടിയറവു പറയാനായിരുന്നു നികേഷിന്റെ യോഗം. ഇവിടെയാണ് കണ്ണൂര്‍ ലീഗിലെ എതിര്‍ വിഭാഗത്തെ കയ്യിലെടുക്കാന്‍ ഷാജി നടത്തിപോന്നിരുവെന്നു പറയപ്പെടുന്ന ചില ഏര്‍പ്പാടുകള്‍ ഷാജിക്ക് തന്നെ വിനയായതെന്നും കരുത്തേണ്ടിവരുന്നത്. ആര്‍ക്കും ഉപകരിക്കാത്ത പ്രോജക്ടുകളുടെ പേരില്‍ ചെലവാക്കിയ ഫണ്ടിന്റെ പേരിലുള്ള ആരോപണങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയില്‍ തന്നെയാണ് വര്‍ഗീയ പ്രചാരണ വോട്ടുതേടല്‍ കോടതിയും അംഗീകരിച്ചു ഷാജിയെ അയോഗ്യനായി പ്രഖ്യാപിച്ചിരിക്കുന്നത്.

നികേഷിനു ചിരിക്കാന്‍ സമയം ആയോ എന്ന് തീര്‍ത്തു പറയാനാവില്ലെങ്കിലും ഷാജി അദ്ധ്യായം ഏതാണ്ട് അടഞ്ഞുകിട്ടി എന്ന് അടക്കം പറയുന്ന മുസ്ലിം ലീഗ് നേതാക്കള്‍ കണ്ണൂരിലുണ്ട്. ഇനിയിപ്പോള്‍ പി കെ ഫിറോസിനെ കെട്ടിയിറക്കിയാലും ഇതൊക്കെ തന്നെയാവും ഫലം എന്ന് പറഞ്ഞു കെട്ടിറക്കു സ്ഥാനത്തിനെതിരെ സ്വകാര്യമായി ചിരിക്കുന്ന കണ്ണൂര്‍ ലീഗിന്റെ മറ്റൊരു മുഖം കൂടിയാണ്.

‘അന്ത്യനാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല’: കെഎം ഷാജിയെ കുടുക്കിയത് ഈ വാക്കുകള്‍

അവര്‍ നടത്തിയത് വ്യക്തിഹത്യയും പ്രചരിപ്പിച്ചത് വര്‍ഗീയതയും; തന്റെ വാദങ്ങള്‍ വിജയിച്ചിരിക്കുന്നുവെന്ന് നികേഷ് കുമാര്‍

തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പ്രചരണം: മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി, മണിക്കൂറുകള്‍ക്കകം വിധി സ്‌റ്റേ ചെയ്തു

ഈ വിധി വെറുപ്പിന്റെ വ്യാപാരികള്‍ക്കെതിരെയുള്ള നമ്മുടെ നാടിന്റെ വലിയ ചുവടുവയ്പ്പ്; ആഷിഖ് അബു

കെഎം ഷാജിക്കെതിരായ വിധി അപവാദം പ്രചരിപ്പിച്ചതിന് ലീഗിനും യൂത്ത് ലീഗിനും പടച്ചവന്‍ നല്‍കിയ ശിക്ഷ : കെ ടി ജലീൽ

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍