UPDATES

ട്രെന്‍ഡിങ്ങ്

കെ.എം മാണിയെ കാത്തിരിക്കുന്നത് കെടാത്ത ബാര്‍ കോഴ തീ

യു.ഡി.എഫ് സ്വന്തം നേതാവിനെ കുടുക്കാന്‍ മെനഞ്ഞ കേസിലാണ് ഇനി രാഷ്ട്രീയശത്രുവിനെ ഒതുക്കാന്‍ എല്‍.ഡി.എഫ് ഇടപെടാനിരിക്കുന്നത്. അതുതന്നെയാണ് വരാനിരിക്കുന്ന അന്വേഷണത്തിന്റെ സവിശേഷതയും.

കെ.എം.മാണിക്ക് തൊടുന്നതെല്ലാം പിഴച്ച കാലമായിരുന്നു യു.ഡി.എഫ് മന്ത്രിസഭയുടെ അവസാനകാലമെന്നും അതിനുശേഷം വജ്രശോഭയോടെ തിരിച്ചുവരവിന് തുടക്കം കുറിച്ചതാണ് രാജ്യസഭാ എംപി സ്ഥാനവുമായുള്ള യു ഡി എഫ് പ്രവേശനമെന്നും വാദിച്ച മാണി പ്രേമികള്‍ക്ക് കനത്ത തിരിച്ചടിയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ്. പൊലീസിലെ വിജിലന്‍സ് വിഭാഗത്തിന്റെ മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍, അതും ഒരു കേസില്‍ തള്ളിക്കളയുക എന്ന പ്രത്യേകതയും ബാര്‍കോഴക്കേസിനുണ്ട്.

കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന കെഎം മാണി, 1965ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ രംഗപ്രവേശം ചെയ്തതടക്കം ഇതുവരെ എല്ലാത്തിനും ഭാഗ്യത്തിന്റെ അകമ്പടി ആവോളമുണ്ടായിരുന്നു. ബാര്‍ കോഴക്കേസ് മാണിയെപ്പോലെ ഒരു കരുത്തനെ കുരുക്കാനും വേണ്ടി ഗൗരവമുള്ളതൊന്നുമല്ലെന്ന് യു.ഡി.എഫുകാര്‍ക്കും അറിയാം. മാണിസാറും പാര്‍ട്ടിയും ‘സംഭാവന’യായി തുക വാങ്ങുന്നതില്‍ ആരെങ്കിലും തെറ്റുകാണുമോ? അങ്ങനെ വാങ്ങിയില്ലെങ്കിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും അസ്വാഭാവികത കാണുക!

സംസ്ഥാനത്തെ 418 ബാറുകള്‍ വേണ്ടത്ര നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചിട്ടത് ചിലര്‍ക്ക് കൈക്കൂലി കിട്ടാനുള്ള മാര്‍ഗമായിരുന്നുവെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. ആ തീരുമാനമെടുത്ത പ്രധാനികളൊലൊരാളായ കെ.ബാബു എന്ന അന്നത്തെ എക്സൈസ് മന്ത്രി രാഷ്ട്രീയജീവിതം ഏതാണ്ട് അവസാനിപ്പിച്ച അവസ്ഥയിലാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കൈവിട്ടതോടെ പാര്‍ട്ടിക്കാരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ചെലവില്‍ തനിക്കും വല്ലതും കൃഷി ചെയ്യാനാവുമോ എന്ന് മാണി സാര്‍ കരുതുന്നത് തെറ്റാണോ? അടച്ചുപൂട്ടിയത് തുറക്കണമെങ്കില്‍ പിന്നെ, നിയമവകുപ്പില്ലാതെ എങ്ങനെ കാര്യം നടക്കും? നിയമ വകുപ്പ് മന്ത്രി കൂടിയായ ധന മന്ത്രി എന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ ‘വേണ്ടത്’ ചെയ്യുന്നതിന് ‘വേണ്ടതുപോലെ’ കണ്ടേ മതിയാവൂ എന്നത് അംഗീകരിച്ചിട്ടുള്ള പ്രസ്ഥാനമായതുകൊണ്ടാണല്ലോ മലയോര മേഖലയില്‍ ഇപ്പോഴും ഈ പാര്‍ട്ടിക്ക് കൊടി പിടിക്കാന്‍ ആളെക്കിട്ടുന്നത്. അതുകൊണ്ട് ഒരു കോടി രൂപ മാണിസാറിനെ കുടുക്കാന്‍ ഒന്നുമല്ല. അതെന്തായാലും അത് കുടുക്കിയത് യു.ഡി.എഫിലെ ‘ഗൂഢാലോചനക്കാര്‍’ ആണെന്ന് മാണി  സാര്‍ അക്കാലത്ത് പ്രഖ്യാപിച്ചിരുന്നു. ഇതേ ഗൂഢാലോചന സിദ്ധാന്തം ശരി വച്ച് പില്‍ക്കാലത്ത് ഇടുക്കിയുടെ സ്വന്തം ‘വണ്‍ ടൂ ത്രീ’ മന്ത്രിയായ എം.എം.മണിയും ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കാലയളവില്‍ പ്രഖ്യാപനം നടത്തിയിരുന്നു. അന്നത്തെ വെളിപാടുകളില്‍ മണി മന്ത്രി ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു.

സ്വന്തം ഗൂഢാലോചന സിദ്ധാന്തം യു.ഡി.എഫില്‍ പ്രവേശിച്ചതോടെ കെ.എം.മാണി വിഴുങ്ങി.
അക്കാലത്ത്, നിവൃത്തിയില്ലാതെ ബന്ധമുപേക്ഷിച്ച് മുന്നണിയോട് കെറുവിച്ചുപുറത്തുപോയ മാണി മാറിമാറി കടാക്ഷിച്ചിട്ടും എല്‍.ഡി.എഫ് കൊതിപ്പിച്ച് കണ്ണെറിഞ്ഞതല്ലാതെ ഒന്നും നടന്നില്ല. വേളി വേണ്ട, വേണമെങ്കില്‍ സംബന്ധമാവാം എന്നതായിരുന്നല്ലോ അവിടത്തെ അപ്പോഴത്തെ നാട്ടുനടപ്പ്. പഴയ പ്രതാപമില്ലെങ്കിലും വി.എസ് അച്യുതാനന്ദന്‍ വഴിമുടക്കാന്‍ ധാരാളമെന്ന സ്ഥിതി. കൂട്ടിനു കാനം രാജേന്ദ്രനും സി.പി.ഐയും. കോടതിയിലും വി.എസ് മാണിക്കെതിരെ നിലയുറപ്പിച്ചു.

അതിനിടെ, ചെങ്ങന്നൂര്‍ യു.ഡി.എഫിന്റെ ഉറച്ച സീറ്റാണെങ്കിലും വീണ്ടെടുക്കണമെങ്കില്‍ കേരള കോണ്‍ഗ്രസ് പിന്തുണ വേണമെന്ന് പ്രതിപക്ഷമുന്നണി നേതാക്കള്‍ തീരുമാനിക്കുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള സകല നേതാക്കളും മാണിയദ്ദേഹത്തെ മിശിഹയായി വാഴ്ത്തി. അനന്തരം അദ്ദേഹം യു ഡി എഫിനുവേണ്ടി കൈപൊക്കി. ഫലം വന്നപ്പോള്‍ യു.ഡി.എഫ് പൊട്ടിയത് എട്ടുനിലയില്‍…! മാണിക്കുണ്ടെന്ന് മാണിപ്പാര്‍ട്ടി അവകാശപ്പെട്ടതിനും എത്രയോ ഇരട്ടി ഭൂരിപക്ഷത്തോടെ സി.പി.എമ്മിന്റെ സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ ചെങ്കൊടി നാട്ടി. പല്ലുകൊഴിഞ്ഞ സിംഹമായി, വേണമെങ്കില്‍ വിളിക്കാതെയും വരും എന്ന അവസ്ഥയിലായ മാണിയെ, പി.ജെ കുര്യന്‍ എന്ന ‘ഡല്‍ഹിപ്രതാപി’യെ ഒതുക്കാന്‍, ചോദിക്കാത്ത രാജ്യസഭാസീറ്റ് ‘അടിച്ചേല്‍പ്പിച്ച്’ ഉമ്മന്‍ചാണ്ടി – രമേശ് ചെന്നിത്തല – എം.എം ഹസന്‍ അച്ചുതണ്ട് കുനിഞ്ഞുനിന്നപ്പോള്‍ അവരുടെ മുതുകില്‍ ചവിട്ടിച്ച് യു.ഡി.എഫ് വഞ്ചിയിലേക്ക് പിടിച്ചുകയറ്റിയത് പി.കെ.കുഞ്ഞാലിക്കുട്ടിയാണ്.

‘അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം’ മട്ടില്‍ നഖം കടിച്ച് നിലത്തുനോക്കി നിന്ന മാണിയില്‍ വിപ്‌ളവം ദര്‍ശിച്ച സി.പി.എമ്മും വിജിലന്‍സ് ഭരിക്കുന്ന സാക്ഷാല്‍ പിണറായി വിജയനും ബാര്‍ കോഴക്കേസില്‍ രണ്ടുതവണയാണ് തെളിവ് ഒന്നും കണ്ടെടുക്കാനാവുന്നില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതിനുമുമ്പേ ഒരു തവണ യു ഡി എഫ് ഭരണകാലത്തും സമാന നാടകം നടന്നു. അന്ന് ചന്ദ്രഹാസമിളക്കിയ പിണറായിയും കോടിയേരിയുമാണ് മാണിയുടെ ചേലത്തുമ്പുകണ്ട് ഭ്രമിച്ച് അനുകൂല നിലപാടെടുത്തത്. മൂന്നുതവണയും ആ റിപ്പോര്‍ട്ടെടുത്ത് കോടതി ചവറ്റുകൊട്ടയില്‍ കളയുകയായിരുന്നു. യു.ഡി.എഫിലേക്ക് തിരിച്ചെത്തിയ മാണി ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

അഴിമതി അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി വേണമെന്ന പുതിയ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ വിജിലന്‍സ് കോടതി പുനരന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്. ഇതുവരെ സര്‍ക്കാരിനും അതിനെ നയിക്കുന്ന സി.പി.എമ്മിനും മാണിയോട് ‘മൃദു’സമീപനമായിരുന്നു. എന്നാല്‍, ഇനി അങ്ങനെ ആവാനുള്ള സാദ്ധ്യത കുറവാണ്. ഇതുവരെ സി.പി.ഐയും വി.എസ് അച്യുതാനന്ദനുമായിരുന്നു മാണിയെ ശക്തമായി എതിര്‍ത്തിരുന്നതെങ്കില്‍ ഇനി സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ആ നിലപാട് സ്വീകരിച്ചേ മതിയാവൂ.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന്റെ നിര്‍ണായക സമയത്ത് എല്‍.ഡി.എഫിനെ ഉപേക്ഷിച്ച് യു.ഡി.എഫിനെ വരിച്ച മാണിയോട് സി.പി.എം കണക്കു തീര്‍ക്കാനിരിക്കുകയുമാണ്. പ്രളയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാണിയെ അതിനിശിതമായാണ് വിമര്‍ശിച്ചത്. ആ സ്ഥിതി തുടരുകയാണെങ്കില്‍ മാണിക്ക് ബാര്‍ കോഴക്കേസ് ഇനി ഒട്ടും സുഗമമാവില്ല. മാണിയെ രാഷ്ട്രീയശത്രുവായിത്തന്നെ കാണാന്‍ സി.പി.എം നിര്‍ബന്ധിതമായ സാഹചര്യത്തില്‍ ഇനി പൊലീസ് നടത്തുന്നത് കുറ്റവാളിയെ കുടുക്കാനുള്ള അന്വേഷണമായിരിക്കും. മീനിച്ചിലാറിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയെങ്കിലും ഇത്തവണ മാണിക്ക് ഈ പ്രതിസന്ധി തരണം ചെയ്യുക അത്ര എളുപ്പമാവില്ല. ഇന്നലെവരെ സൗഹാര്‍ദ്ദത്തിലായിരുന്ന പിണറിയി വിജയനാണ് ഇനി കര്‍ശന അന്വേഷണത്തിന് നിര്‍ദ്ദേശിക്കുക.

ALSO READ: ഇടതർ കേരളം ഭരിക്കുമ്പോൾ എന്തേ മാണിക്കിത്ര ചന്തം?

പാലായിലെ മാണിയുടെ വസതിയില്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനുള്ള കൈക്കൂലിയുടെ ആദ്യ വിഹിതമായി ഒരു കോടി നല്‍കി എന്ന ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടനയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് നല്‍കിയ തെളിവുകള്‍ ഇനി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരും. രാജ്യസഭ എം പി സ്ഥാനം നല്‍കി പാര്‍ട്ടിയിലെ രണ്ടാമന്‍ ജോസ് കെ മാണി എന്ന മകന്‍ തന്നെയാണെന്ന് പറയാതെ പറയുന്ന കെ.എം മാണി, രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിവിധിയോടെ അഭിമുഖീകരിക്കുന്നത്.

ആര്‍ ബാലകൃഷ്ണപിള്ളയ്ക്കുശേഷം മറ്റൊരു രാഷ്ട്രീയ നേതാവിനെതിരെ അഴിമതിക്കേസില്‍ ശക്തമായ അന്വേഷണത്തിന് വഴി തെളിഞ്ഞിരിക്കുന്നു. ഇത് അട്ടിമറിക്കപ്പെട്ടാല്‍ വിശ്വാസ്യത നഷ്ടമാകുന്നത് മുഖ്യമന്ത്രിക്കും വിജിലന്‍സിനുമാണ് എന്നത് ഈ കേസിനെ വ്യത്യസ്തമാക്കുന്നുണ്ട്. അതെ, കളി കാണാനിരിക്കുന്നതേയുള്ളൂ. ഗോദയില്‍ ഏതുകളിക്കും എപ്പോഴും സന്നദ്ധരായവരും. ഈ കളിയില്‍ തീപാറുമെന്നതുറപ്പ്. കാരണം, യു.ഡി.എഫ് സ്വന്തം നേതാവിനെ കുടുക്കാന്‍ മെനഞ്ഞ കേസിലാണ് ഇനി രാഷ്ട്രീയ ശത്രുവിനെ ഒതുക്കാന്‍ എല്‍.ഡി.എഫ് ഇടപെടാനിരിക്കുന്നത്. അതുതന്നെയാണ് വരാനിരിക്കുന്ന അന്വേഷണത്തിന്റെ സവിശേഷതയും.

ALSO READ: ബാര്‍ കോഴ കേസ് മീനച്ചിലാറ്റിലെ വെള്ളം പോലെ; പിന്നില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും: എംഎം മണി

ഇനി ആ എല്ലിന്‍ കഷണമെടുത്ത് പരണത്ത് വച്ചേക്ക് മാണി സാറേ

വൈകുന്ന വിശുദ്ധ മാണി പുണ്യാളന്‍ പ്രഖ്യാപനം

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍