എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിന്റെ കൈവശമുള്ള രണ്ട് പ്രധാനപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് കൊച്ചിന്‍ കോര്‍പ്പറേഷനും ജില്ല പഞ്ചായത്തും.
കൊച്ചിന്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി ജയിനെ മാറ്റാനുള്ള നീക്കത്തിനു പിന്നില്‍ പദവി വീതം വയ്ക്കല്‍ മാത്രമല്ല, എ ഗ്രൂപ്പില്‍ നിന്നു തന്നെയുള്ള ശക്തമായ എതിര്‍പ്പുകളും കാരണമെന്നു സൂചന. ‘എ’യ്ക്കൊപ്പം ‘ഐ’ ഗ്രൂപ്പും സൗമിനിക്കെതിരേ രംഗത്തു വന്നതോടെയാണ് മേയര്‍ സ്ഥാനത്തു നിന്നും അവരെ മാറ്റാന്‍ തിടുക്കപ്പെട്ട് നീക്കങ്ങള്‍ നടന്നതെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന വിവരം. അതേസമയം സൗനിമിക്ക് പകരക്കാരിയായി ഫോര്‍ട്ട് കൊച്ചി ഒന്നാം ഡിവഷനില്‍ നിന്നുള്ള കൗണ്‍സിലര്‍ ഷൈനി മാത്യു വരുമെന്ന വാര്‍ത്തയിലും ആശയക്കുഴപ്പങ്ങള്‍ വന്നിട്ടുണ്ട്. തനിക്ക് മേയര്‍ സ്ഥാനം വേണ്ടെന്ന നിലപാടിലാണ് ഷൈനി ഇപ്പോഴുള്ളത്. കോര്‍പ്പറേഷന്‍ ഭരണം ഇനി ബാക്കിയുള്ളത് ഒരു വര്‍ഷവും മൂന്നു മാസവുമാണ്. അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മൂന്നു മാസത്തോളം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ നിലനില്‍ക്കും. ഈ കാലയളവില്‍ ഒരു പ്രവര്‍ത്തനങ്ങള്‍ക്കും സാധിക്കില്ല. ആ സമയം കിഴിച്ചാല്‍ ബാക്കി ഉള്ളത് ഒരു വര്‍ഷമാണ്. ഒരു വര്‍ഷത്തേക്കു മാത്രമായി തനിക്ക് മേയര്‍ ആകേണ്ടെന്ന പ്രതിഷേധത്തോടെയാണ് ഷൈനി മാത്യു പിന്‍വാങ്ങുന്നതെന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ തന്നെ നല്‍കുന്ന വിവരം. ഷൈനി മാത്യു തയ്യാറാകുന്നില്ലെങ്കില്‍ മേയര്‍ സ്ഥാനത്തേക്ക് ഇതുവരെ ചിത്രത്തില്‍ ഇല്ലാതിരുന്ന ഒരു പുതിയ വനിത കൗണ്‍സിലറിന്റെ പേര് എ ഗ്രൂപ്പ് നിര്‍ദേശിക്കുമെന്നാണ് വിവരം.
എങ്ങനെയായാലും സൗമിനിയെ മേയര്‍ സ്ഥാനത്തു നിന്നും മാറ്റാന്‍ തന്നെയാണ് എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന എ ഗ്രൂപ്പിന്റെ രഹസ്യയോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം സൗമിനിയെ മേയര്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യം തന്നെയായിരുന്നു ഉണ്ടായിരുന്നത്. യുഡിഎഫ് കണ്‍വീനറും എ ഗ്രൂപ്പ് നേതാവുമായ ബന്നി ബഹ്നാന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ മുന്‍ എംഎല്‍എ ഡൊമിനിക് പ്രസന്റേഷന്‍, മുന്‍ മേയര്‍ ടോണി ചമ്മിണി എന്നിവരും എ ഗ്രൂപ്പിന്റെ പതിനാറ് കൗണ്‍സിലര്‍മാരും പങ്കെടുത്തിരുന്നു. പതിനാറ് കൗണ്‍സിലര്‍മാരും സൗമിനിയെ മാറ്റണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഒരാള്‍ പോലും അവര്‍ക്കായി വാദിച്ചില്ലെന്നുമാണ് എ ഗ്രൂപ്പ് നേതാക്കാള്‍ നല്‍കുന്ന വിവരം.
എന്നാല്‍ സൗമിനിയെ മേയര്‍ സ്്ഥാനത്തു നിന്നും നീക്കണമെന്നത് എ ഗ്രൂപ്പിന്റെ മുഴുവന്‍ ആവശ്യമല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. പ്രാദേശികമായി എ ഗ്രൂപ്പില്‍ ഉണ്ടായ തര്‍ക്കമാണ് ഇപ്പോഴത്തെ വാര്‍ത്തയ്ക്ക് കാരണം. സൗമിനിയെ മാറ്റണമെന്ന് ആവശ്യപ്പെടുന്നവരെ പോലെ തന്നെ അവര്‍ തന്നെ മേയര്‍ സ്ഥാനത്ത് തുടരണമെന്ന നിലപാടെടുത്തവരും ഗ്രൂപ്പില്‍ ഉണ്ടെന്നു എ ക്കാരായ നേതാക്കള്‍ പറയുന്നു. പ്രാദേശിക തലത്തില്‍ ഉണ്ടായിരിക്കുന്ന ഈ തര്‍ക്കത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇതുവരെ ഇടപെട്ടിട്ടില്ലെന്നും അറിയുന്നു. സംസ്ഥാന നേതൃത്വം ഈ വിഷയം ഇതുവരെ ചര്‍ച്ച പോലും ചെയ്തിട്ടില്ലെന്നാണ് ജില്ലയിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറയുന്നത്. കോര്‍പ്പറേഷനിലെ മുന്‍ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് സ്റ്റാന്‍ഡിംഗ് കൗണ്‍സിലര്‍ എന്ന നിലയില്‍ കഴിവ് തെളിയിച്ചൊരാളാണ് സൗമിനി. അവരുടെ പ്രവര്‍ത്തന മികവ് തന്നെയാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനും കാരണമായത്. മേയര്‍ എന്ന നിലയില്‍ സൗമിനി ജയിന്റെ ഇതുവരെയുള്ള പ്രകടനവും മികച്ചതാണ്. അവര്‍ക്ക് പകരമായി അത്രത്തോളം പെര്‍ഫോമന്‍സ് കാഴ്ച്ചവയ്ക്കാന്‍ ഇപ്പോള്‍ പറയുന്ന പേരുകാരില്‍ ആര്‍ക്കാണ് കഴിയുക? വനിതകളായിട്ടുള്ള കൗണ്‍സിലര്‍മാരില്‍ പലരും പുതുമുഖങ്ങളാണ്. മേയര്‍ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്ന ഷൈനി മാത്യു കഴിഞ്ഞ നാലു വര്‍ഷത്തെ കൗണ്‍സില്‍ യോഗങ്ങളില്‍ ആകെ എഴുന്നേറ്റ് നിന്ന് എന്തെങ്കിലും പറഞ്ഞിട്ടുള്ളത് മൂന്നു തവണയോ മറ്റോ ആണ്. അങ്ങനെയുള്ളവരെ മേയര്‍ ആക്കിയാല്‍ ഫലം എന്തായിരിക്കും. യുഡിഎഫിന്റെ കൈവശമുള്ള ഒരേയൊരു കോര്‍പ്പറേഷനാണ് കൊച്ചി. അത് നഷ്ടപ്പെടുത്തുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമെന്ന് കരുതുന്നില്ല- ഇദ്ദേഹം പറയുന്നു.
അതേസമയം മേയര്‍ സ്ഥാനത്തു നിന്നു മാറാന്‍ കോണ്‍ഗ്രസ് നേതൃത്വം തന്നോട് ആവശ്യപ്പെടുകയാണെങ്കില്‍ അനുസരിക്കുമെന്നാണ് സൗമിനി ജയിന്‍ നിലപാട് എടുത്തിരിക്കുന്നതെന്നാണ് അവരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ നല്‍കുന്ന വിവരം. എന്നാല്‍ മേയര്‍ മാറ്റം സംസ്ഥാന നേതൃത്വ തലത്തില്‍ ഇതുവരെ ഒരു ചര്‍ച്ചാ വിഷയമായി എത്തിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. മേയര്‍ മാറ്റം എന്ന ആവശ്യം ശക്തമായി വന്നിട്ടുണ്ടെന്ന വാര്‍ത്തയും ഇവര്‍ നിഷേധിക്കുന്നില്ല. നിലവില്‍ ഇതു സംബന്ധിച്ച അന്തിമതീരുമാനം ഒന്നും വന്നിട്ടില്ലെന്നതാണ് ഇവര്‍ പറയുന്നത്.
മേയര്‍ സ്ഥാനവുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ എറണാകുളം ഡിസിസി ഇടപെടല്‍ ഒന്നും നടത്തുന്നില്ലെന്നും അറിയുന്നു. മേയര്‍ സ്ഥാനം എ ഗ്രൂപ്പിന്റെ ആഭ്യന്തര കാര്യമാണെന്നും അതില്‍ അഭിപ്രായം പറയാന്‍ തങ്ങളില്ലെന്നുമാണ് ഡിസിസി പ്രസിഡന്റും ഐ ഗ്രൂപ്പ് നേതാവും കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയറുമായ ടി ജെ വിനോദ് നിലപാട് അറിയിച്ചിട്ടുള്ളതെന്നും എ ഗ്രൂപ്പുകാര്‍ പറയുന്നു.
ഹൈബി ഈഡന്‍ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവു വന്ന എറണാകുളം നിയമസഭ മണ്ഡലത്തില്‍ സൗമിനിയെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന വാര്‍ത്തകളുമുണ്ട്. എന്നാല്‍ അതിന് സാധ്യത വളരെ കുറവാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു നിയമസഭ മണ്ഡലമായ അരൂരില്‍ ആയിരുന്നു സൗമിനി ജയിന്റെ പേര് ആദ്യം പറഞ്ഞു കേട്ടിരുന്നത്. പിന്നീടാണ് എറണാകുളവും വന്നത്. എന്നാല്‍ രണ്ടിടത്തും സൗമിനിയുടെ പേര് സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ ഇപ്പോള്‍ ഇല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
ഒരു വിഭാഗം അനുകൂലമായി പറയുന്നുണ്ടെങ്കിലും എ ഗ്രൂപ്പിലെ ഭൂരിഭാഗത്തിനും സൗമിനി ജയിനോട് ശക്തമായ എതിര്‍പ്പുണ്ടെന്നാണ് പല നേതാക്കളും തുറന്നു സമ്മതിക്കുന്നത്. ഗ്രൂപ്പ് വീതം വയ്ക്കലിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല, സ്വന്തം ഗ്രൂപ്പിലുള്ളവര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാരോട് വളരെ അസഹിഷ്ണുതയോടെ പെരുമാറുന്ന സൗമിനിയോട് പൊതുവെയുള്ള എതിര്‍പ്പാണ് അവരെ മേയര്‍ സ്ഥാനത്തു നിന്നുമാറ്റാനുള്ള കാരണമെന്നാണ് എ ഗ്രൂപ്പിന്റെ വക്താക്കള്‍ വ്യക്തമാക്കുന്നത്. സൗമിനി ജയിന്റെ കീഴില്‍ കൊച്ചിന്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം നിര്‍ജീവമാണെന്നാണ് ഇവരുടെ വിമര്‍ശനം. മാലിന്യ നിര്‍മാര്‍ജ്ജനം, തകര്‍ന്ന റോഡുകളുടെ അറ്റകുറ്റ പണികള്‍, പുതിയ റോഡുകളുടെ നിര്‍മാണം തുടങ്ങി മനുഷ്യരെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ മേയര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനൊപ്പമാണ് ആളുകളോട് സഹിഷ്ണുതയില്ലാത്ത പെരുമാറ്റവും സൗമിനി നടത്തുന്നതെന്ന് എ ഗ്രൂപ്പുകാര്‍ തന്നെ കുറ്റപ്പെടുത്തുന്നത്. അധികാരം തലയ്ക്കു പിടിച്ചതുപോലെയാണ് സൗമിനി ജയിന്‍ പെരുമാറുന്നതെന്ന ആരോപണം പോലും ഉയര്‍ത്തുന്നുണ്ട്. സിപിഎമ്മിന്റെ മേഴ്സി വില്യംസ് മേയര്‍ ആയിരുന്ന കാലത്ത് ഡെപ്യൂട്ടി മേയര്‍ ആയിരുന്ന സി കെ മണിശങ്കര്‍ എല്ലാ അധികാരങ്ങളും പിടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു. മേഴ്സി വില്യംസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് സംസാരിക്കേണ്ടി വന്നതൊക്കെ അതുകൊണ്ടായിരുന്നു. എന്നാല്‍ സൗമിനി ജയിന്റെ കാര്യത്തില്‍ അങ്ങനെയൊരു ഇടപെടലും ആരും നടത്തുന്നില്ല. എന്നിട്ടും അങ്ങേയറ്റം അധികാരത്തിന്റെ ഗര്‍വും ധാര്‍ഷ്ഠ്യവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പോലും ഉപയോഗിക്കുകയാണവര്‍. അതുകൊണ്ടാണ് 16 എ ഗ്രൂപ്പ് കൗണ്‍സിലര്‍മാരും അവര്‍ക്കെതിരായി തിരിയുന്നതിനു കാരണം. എന്തു വില കൊടുത്തും സൗമിനിയെ മാറ്റണമെന്നാണ് ഇവര്‍ പറയുന്നത്; ജില്ലയിലെ ഒരു പ്രധാന എ ഗ്രൂപ്പ് നേതാവ് അഴിമുഖത്തോട് പറഞ്ഞു.
പാര്‍ട്ടിയിലോ മഹിളാ കോണ്‍ഗ്രസിലോ, വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളിലോ ഒന്നും കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലാത്ത സൗമിനി ജയിന്‍ കഴിഞ്ഞതിന്റെ മുന്നത്തെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി വന്നതു മുതല്‍ മാത്രമാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചതെന്നും അങ്ങനെയൊരാളാണ് കാലങ്ങളായി പാര്‍ട്ടിക്കു വേണ്ടി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരോടു പോലും വെല്ലുവിളിക്കുന്ന തരത്തില്‍ പെരുമാറുന്നതെന്നതും മറ്റൊരാരോപണമാണ്. മേയര്‍ സ്ഥാനം പാര്‍ട്ടി അവര്‍ക്ക് നല്‍കിയ അവസരമാണ്. ഇപ്പോഴവര്‍ പാര്‍ട്ടിയെ ശത്രുപക്ഷത്തെന്നപോലെ നിര്‍ത്തുകയാണ്. ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നൊരാള്‍ക്ക് പാര്‍ട്ടി വിലങ്ങു തടയിടുകയല്ല ചെയ്യുന്നത്, മറിച്ച് പാര്‍ട്ടിയെ വിഷമവൃത്തത്തിലാക്കുന്നൊരാള്‍ക്കെതിരേയുള്ള സ്വാഭാവിക നടപടികളാണ് ഉണ്ടാകുന്നത്; എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.
എ ഗ്രൂപ്പ് നേതൃത്വം പറയുന്ന കാര്യങ്ങള്‍ മാത്രമാണ് സൗമിനി നടപ്പാക്കുന്നതെന്നും മറ്റുള്ളവരോട് പ്രതികാര ബുദ്ധിയോടെയാണ് മേയര്‍ പെരുമാറുന്നതെന്നും കുറ്റപ്പെടുത്തലുകളുണ്ട്. ഡല്‍ഹി നേതൃത്വത്തോടും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില ഉന്നത നേതാക്കളോടും വളരെ അടുത്ത സൗഹൃദം പുലര്‍ത്തുന്ന സൗമിനി ജയിന്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് തരപ്പെടുത്തിയെടുക്കാനുള്ള കരുനീക്കങ്ങള്‍ മേയര്‍ തുടരുകയാണെന്നും എ ഗ്രൂപ്പുകാര്‍ തന്നെ വെളിപ്പെടുത്തുന്നുണ്ട്. എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ ഡപ്യൂട്ടി മേയറും ഡിസിസി പ്രസിഡന്റുമായ ടി ജെ വിനോദിനെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ അതിനെ തടയിടാന്‍ കോര്‍പ്പറേഷന്‍ ഭരണ പ്രതിസന്ധി ചര്‍ച്ചയാക്കിയതും സൗമിനി ജയിനു വേണ്ടിയാണെന്നും ഒരു വിഭാഗം പരാതിപ്പെടുന്നുണ്ട്. ടി.ജെ. വിനോദ് നിയമസഭയിലേക്ക് മത്സരിച്ചാല്‍ കൊച്ചി കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫിന് നഷ്ടപ്പെടുമെന്നായിരുന്നു പ്രചാരണം. കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് 38 കൗണ്‍സിലര്‍മാരാണുള്ളത്. എല്‍ഡിഎഫിന് 34-ഉം. ബിജെപിക്ക് രണ്ടും കൗണ്‍സിലര്‍മാരുണ്ട്. ടി.ജെ. വിനോദ് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചാല്‍ ഭരണ പ്രതിസന്ധി ഉണ്ടാകുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ വിനോദ് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചാലും അതേ വാര്‍ഡില്‍ കോണ്‍ഗ്രസിനു വീണ്ടും ജയിക്കാന്‍ ഒരു തടസവും ഉണ്ടാകില്ലെന്നായിരുന്നു എതിര്‍പ്രചാരണങ്ങള്‍ക്ക് മറുപടിയായി ഐ ഗ്രൂപ്പ് ചൂണ്ടിക്കാണിച്ചത്. വിനോദിന്റെ വാര്‍ഡില്‍ 400-ല്‍ കൂടുതല്‍ വോട്ടുകളുടെ ലീഡ് കഴിഞ്ഞ പ്രാവശ്യം ഉണ്ടായിരുന്നു. ലോക്സഭാ തെരെഞ്ഞെടുപ്പില്‍ 600-ല്‍ കുടുതല്‍ വോട്ടുകളുടെ മുന്‍തൂക്കവുമുണ്ട്. അതുകൊണ്ട് തന്നെ സീറ്റ് യുഡിഎഫിന് നഷ്ടപ്പെടാന്‍ സാധ്യത കുറവാണെന്നാണ് ഐ ഗ്രൂപ്പുകാര്‍ ചൂണ്ടിക്കാട്ടിയത്. അഥവ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റുപോയാല്‍ പോലും കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിക്കില്ലെന്നും ഐ ഗ്രൂപ്പ് വാദിക്കുന്നുണ്ട്. അതിനു പറയുന്ന കാരണം, ബിജെപി അംഗങ്ങള്‍ സിപിഎമ്മിനെ പിന്തുണച്ചാല്‍ തന്നെ അംഗബലം തുല്യ നിലയിലേ വരൂ എന്നതാണ്. അവിശ്വാസ പ്രമേയം പാസാവാന്‍ ചുരുങ്ങിയത് 38 പേരുടെ പിന്തുണ വേണമെന്നിരിക്കെ ഭരണകക്ഷിക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കഴിയില്ലെന്നതാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവിലുള്ള ഗ്രൂപ്പ്, സമുദായ സമവാക്യങ്ങളും, ജയ സാധ്യതയും, പരിചയ സമ്പത്തും വച്ച് ടി.ജെ. വിനോദിന്റെ സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് കോര്‍പ്പറേഷന്‍ ഭരണം നഷ്ടമാകുമെന്ന ആശങ്ക ചിലര്‍ പ്രചരിപ്പിച്ചതെന്ന വിമര്‍ശനവും വിരല്‍ ചൂണ്ടിയത് സൗമിനി ജയിനെതിരെ ആയിരുന്നു.
എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിന്റെ കൈവശമുള്ള രണ്ട് പ്രധാനപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് കൊച്ചിന്‍ കോര്‍പ്പറേഷനും ജില്ല പഞ്ചായത്തും. ഐ ഗ്രൂപ്പിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും എ ഗ്രൂപ്പിന് മേയര്‍ സ്ഥാനവുമായിരുന്നു പാര്‍ട്ടിയിലെ സമവാക്യം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്്ഥാനത്തേക്ക് ഐ ഗ്രൂപ്പില്‍ നിന്ന് ആശ സനലും ബോബി കുര്യാക്കോസും രംഗത്ത് വന്നപ്പോള്‍ ഇരുവര്‍ക്കും രണ്ടര വര്‍ഷം വീതം വീതിച്ചു നല്‍കാന്‍ തീരുമാനമാവുകയായിരുന്നു. ആശ സനല്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ അവരെ മാറ്റി ബോബി കുര്യാക്കോസിനെ അടുത്ത രണ്ടര വര്‍ഷത്തക്ക് പ്രസിഡന്റാക്കി ഐ ഗ്രൂപ്പ് തീരുമാനം നടപ്പാക്കുകയും ചെയ്തു. ഇതേ രീതിയില്‍ തന്നെയായിരുന്നു മേയര്‍ സ്ഥാനത്തേക്കും രണ്ടര വര്‍ഷം വീതമുള്ള വീതം വയ്ക്കല്‍ തീരുമാനം വന്നത്. മുന്‍ മന്ത്രി കെ ബാബുവിന്റെ അധ്യക്ഷതയില്‍ എറണാകുളത്ത് ചേര്‍ന്ന എ ഗ്രൂപ്പ് യോഗത്തില്‍ ആദ്യത്തെ രണ്ടര വര്‍ഷക്കാലം ഷൈനി മാത്യുവിനെയും ബാക്കി രണ്ടര വര്‍ഷക്കാലം സൗമിനി ജയിനേയും മേയര്‍ ആക്കാനുള്ള തീരുമാനം എടുത്തിരുന്നു. എന്നാല്‍ അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന വി.എം സുധീരന്‍ മേയര്‍ സ്ഥാനം വീതം വയ്ക്കലിനെതിരേ രംഗത്തു വരികയും സൗമിനിയെ മേയര്‍ ആക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ലത്തീന്‍ സമുദായംഗമായ ഷൈനിക്കു വേണ്ടി സമുദായ സംഘടനകളും പ്രമുഖ നേതാക്കളും രംഗത്തു വന്നിരുന്നു. സുധീരന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദവും ഇവര്‍ നടത്തിയിരുന്നു. എന്നാല്‍ പുതുമുഖമായ ഷൈനിയെ അല്ല, പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കഴിവ് തെളിയിച്ച സൗമിനിയെ മേയര്‍ ആക്കണമെന്ന നിലപാടായിരുന്നു സുധീരന്. അന്ന് സുധീരനൊപ്പം എ ഗ്രൂപ്പിലെ കൗണ്‍സിലര്‍മാരും സൗമിനിയെ ആയിരുന്നു പിന്തുണച്ചത്. അവരൊന്നും ഇപ്പോള്‍ സൗമിനിയുടെ കൂടെയില്ലെന്നതാണ് വസ്തുത.
Read Azhimukham: തുല്യ ജോലിക്ക് തുല്യ വേതനം, ആരും നിയന്ത്രിക്കില്ല, രാത്രിയേയും പേടിയില്ല; ഓണ്‍ലൈന്‍ ഭക്ഷണവിതരണ മേഖലയില്‍ സ്ഥാനമുറപ്പിച്ച് കുറച്ചു സ്ത്രീകള്‍