UPDATES

‘ചങ്ക് പൊട്ടുന്നുണ്ട്, ആയുസിന്റെ സമ്പാദ്യമാണിത്, ഞങ്ങളിനി എങ്ങോട്ട് പോകും?’; തിരുവോണ നാളില്‍ മരട് ഫ്‌ളാറ്റ് ഉടമകള്‍ പട്ടിണി സമരത്തില്‍

ശനിയാഴ്ച എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ചും ധര്‍ണയും

സുപ്രിം കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി അഞ്ചു ദിവസത്തിനുള്ളില്‍ സാധന സാമഗ്രികള്‍ നീക്കം ചെയ്ത് ഒഴിഞ്ഞു പോകുന്നതിനായി മരട് നഗരസഭ നല്‍കിയിരിക്കുന്ന അന്ത്യശാസനം അനുസരിക്കില്ലെന്ന നിലപാടില്‍ ഫ്‌ളാറ്റ് ഉടമകള്‍. സുപ്രീം കോടതി ഉത്തരവിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തിരുവോണ നാളായ ഇന്ന് മരട് നഗരസഭയ്ക്കു മുന്നില്‍ പട്ടിണി സമരം നടത്തുകയാണ് ഫ്‌ളാറ്റ് ഉടമകള്‍. എന്തുവന്നാലും തങ്ങള്‍ ഒഴിയില്ലെന്ന നിലപാടാണ് അഞ്ച് ഫ്‌ളാറ്റുകളിലേയും താമസക്കാര്‍.

അതേസമയം പറഞ്ഞ സമയത്തിനുള്ളില്‍ ഒഴിഞ്ഞു പോകാത്തവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് നഗരസഭ സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്ന നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. 1994 ലെ കേരള മുന്‍സിപ്പാലിറ്റീസ് ആക്ടും നിലവില്‍ ബാധകമായ മറ്റു നിയമങ്ങള്‍ പ്രകാരവും ഇനിയൊരു അറിയിപ്പ് കൂടാതെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും അതിന് ചെലവാകുന്ന തുക പ്രോസിക്യൂഷന്‍ നേരിടേണ്ടി വരുന്ന വ്യക്തിയില്‍ നിന്നും ഇടാക്കുമെന്നുമാണ് നഗരസഭ നോട്ടീസില്‍ പറയുന്നത്. കുണ്ടന്നൂര്‍ ഹോളി ഫെയ്ത് എച്ച്ടുഒ, നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്സ് ഇരട്ട ഫ്‌ലാറ്റ് സമുച്ചയം, ഗോള്‍ഡന്‍ കായലോരം, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കോവ്, ഹോളിഡേ ഹെറിറ്റേജ് എന്നിവയിലെ 350-ഓളം വരുന്ന ഫ്ലാറ്റുകളിലെ താമസക്കാര്‍ ഒഴിഞ്ഞുപോകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

എന്നാല്‍ തങ്ങള്‍ ഈ സമയപരിധി അംഗീകരിക്കില്ലെന്നും ഇപ്പോള്‍ നടപ്പാക്കാന്‍ പോകുന്നത് കാട്ടുനീതിയാണെന്നുമാണ് ഫ്‌ളാറ്റ് ഉടമകള്‍ പറയുന്നത്. പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗം നടത്തി തങ്ങളെ ഒഴിപ്പിക്കുന്നതെങ്കില്‍ അങ്ങനെ ചെയ്‌തോട്ടെ. ഞങ്ങളെ ജയിലില്‍ അടച്ചില്ലെങ്കില്‍ തിരിച്ച് ഇങ്ങോട്ടു തന്നെ വരുമെന്നും ഇവിടെ പാലത്തിനടിയിലോ റോഡ് അരികിലോ വന്നു കിടക്കുമെന്നും ഫ്‌ളാറ്റ് ഉടമകള്‍ പറയുന്നു. ഈ അനീതി നടക്കുന്നത് കേരളത്തില്‍ ആണെന്നും ലോകം മുഴുവന്‍ ഈ മനുഷ്യാവകാശ ലംഘനം കാണട്ടെയെന്നും ഫ്‌ളാറ്റ് ഉടമകള്‍ വികാരഭരിതരായി പറയുന്നു. തിരുവോണ ദിവസമായ ഇന്ന് തങ്ങള്‍ പട്ടിണി കിടക്കുകയാണെന്ന് അവര്‍ പറയുന്നു. മുഴുവന്‍ ഫ്ലാറ്റുകളിലെയും താമസക്കാര്‍ പട്ടിണി സമരത്തിനുണ്ട്. ഹൈബി ഈഡന്‍ എം.പി അടക്കം മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളും ഇവര്‍ക്കൊപ്പം സമരത്തിനുണ്ട്.

അഞ്ചു ദിവസത്തിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്നത് ഒരിക്കലും നീതികരിക്കാനാവാത്തതാണ്. ഇത്രയും ചുരുങ്ങിയ ദിവസം പറഞ്ഞ് വേറെയെവിടെയെങ്കിലും ആളുകളെ കുടിയിറക്കിയിട്ടുണ്ടോ? ഈ രാജ്യത്ത് അഭയാര്‍ത്ഥികളായവരെ പോലും ഇത്രയും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ നോട്ടീസ് നല്‍കി ഇറക്കി വിട്ടിട്ടില്ല. ഒട്ടും മാനുഷികമല്ലാത്ത പ്രവര്‍ത്തിയാണിത്. മനുഷ്യാവകാശ സംഘടനകളും മറ്റും ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നാണ് അഭ്യര്‍ത്ഥന; കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്ഒയിലെ താമസക്കാരനായ ബിയോജ് ചേന്നാട്ട് പറയുന്നു.

ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരേയാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നിലപാട് എടുത്തത്. രണ്ടു ഭാഗങ്ങളും പ്രമേയങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇവ സര്‍ക്കാരിന് അയച്ചുകൊടുക്കാനാണ് തീരുമാനം. സുപ്രീം കോടതിയുടെ ഉത്തരവും ചീഫ് സെക്രട്ടറിയുടെ നിര്‍ദേശവും നഗരസഭയ്ക്ക് എതിര്‍ക്കാന്‍ കഴിയില്ലെന്നും എങ്കിലും പരാമവധി ഫ്‌ളാറ്റ് ഉടമകള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിക്കുമെന്നുമാണ് ഭരണപക്ഷം പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ആര്‍ജ്ജവത്തോടെ നിലപാട് എടുക്കുന്നതില്‍ ഭരണസമിതി പരാജയപ്പെട്ടെന്ന കുറ്റപ്പെടുത്തലാണ് പ്രതിപക്ഷം നടത്തുന്നത്. 14 -ആം തീയതി(ശനിയാഴ്ച്ച) എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന ധര്‍ണയും ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരേ സംഘടിപ്പിക്കുന്നുണ്ട്. ഇതിലൂടെ സര്‍ക്കാരിനെക്കൊണ്ട് അനുകൂലമായ എന്തെങ്കിലും തീരുമാനം എടുപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടെന്നും നഗരസഭ പ്രതിപക്ഷ നേതാവ് കെ.എ ദേവസി പറയുന്നു. “സുപ്രീം കോടതിയുടെ സുപ്രധാനങ്ങളായ പല വിധികളും ഇപ്പോഴും നടപ്പാക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. പിന്നെയെന്തുകൊണ്ട് ഇത്രയും കുടുംബങ്ങളെ ബുദ്ധിമുട്ടിക്കണം എന്നാണ് എല്‍ഡിഎഫിന് ചോദിക്കാനുള്ളത്. ഈ ചോദ്യം മരട് നഗരസഭയിലെ പലര്‍ക്കും മനസിലായിട്ടില്ലെങ്കിലും താമസക്കാര്‍ക്കു മനസിലായിട്ടുണ്ട്. അതനുസരിച്ചുള്ള കാര്യങ്ങളുമായിട്ടാണ് ഇനി മുന്നോട്ടു പോകുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കട്ടെ എന്ന നിലപാട് മുന്‍സിപ്പാലിറ്റി സ്വീകരിക്കുന്നതില്‍ കാര്യമില്ല. സര്‍ക്കാരല്ല, മുന്‍സിപ്പാലിറ്റിയാണ് എന്തെങ്കിലും ചെയ്യേണ്ടത്. അത് ചെയ്യാതെ എല്ലാം സര്‍ക്കാരിന്റെ തലയില്‍വച്ച് രക്ഷപ്പെടാന്‍ നോക്കുകയാണ് നഗരസഭ ഭരണസമിതി. ഇപ്പോള്‍ അഞ്ചു ദിവസം കൊണ്ട് ഒഴിയാന്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസ് നല്‍കുന്നത് സെക്രട്ടറിയാണ്. അതിന് കൗണ്‍സിലിന്റെ അനുവാദം വേണ്ട. കൗണ്‍സിലില്‍ ഒരു തീരുമാനം എടുത്ത് നടപ്പാക്കാന്‍ പറയുന്ന ആര്‍ജ്ജവം ഇല്ല ഇപ്പോഴത്തെ ഭരണസമിതിക്ക്. കൗണ്‍സില്‍ തീരുമാനം മറ്റൊന്നാണെങ്കില്‍, ആ കാര്യം വിവരിച്ച് സെക്രട്ടറിക്ക് സര്‍ക്കാരിലേക്ക് കത്തെഴുതാം. മുന്‍സിപ്പാലിറ്റി കൗണ്‍സില്‍ കോടതി നിര്‍ദേശം അനുസരിച്ച് നീങ്ങാന്‍ തയ്യാറല്ലെന്ന് ഒറ്റക്കെട്ടായി തീരുമാനം എടുത്തിരിക്കുന്നു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നുവെന്ന് സെക്രട്ടറിക്ക് എഴുതാം. പക്ഷേ, അങ്ങനെയൊരു നീക്കത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകാനുള്ള ധൈര്യമുള്ളവരല്ല ഇപ്പോഴത്തെ ചെയര്‍മാനും ഭരണകക്ഷിയും. അതാണ് പ്രശ്‌നം”.

രാഷ്ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും ഓരോരോ നിലപാടുകള്‍ പറയുമ്പോഴും അതെല്ലാം വളരെ വൈകിയാണ് ഉണ്ടായിരിക്കുന്ന പരാതിയാണ് അഞ്ചു ഫ്‌ളാറ്റ് സമുച്ചയങ്ങളിലുമായുള്ള 350-ഓളം കുടുംബങ്ങള്‍ക്കുള്ളത്. ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും കഴിയാവുന്ന എല്ലാ പഴുതുകളും നോക്കുമെന്നും അവര്‍ പറയുന്നുണ്ട്. ഇവിടെ നിന്നും ഇറങ്ങിയാല്‍ മറ്റൊരിടത്തേക്ക് പോകാന്‍ വഴിയില്ലാത്തവരുടെ അവസ്ഥയില്‍ നില്‍ക്കുന്നവര്‍ പിന്നെന്തു ചെയ്യണമെന്നാണ് നിരാശയും വേദനയും കലര്‍ന്ന സ്വരത്തില്‍ ഇവര്‍ ചോദിക്കുന്നത്.

“ഞങ്ങളെ ഒന്നു കേള്‍ക്കാന്‍ പോലും ഇതുവരെ ആരും തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥന്മാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതുമൂലം ഉണ്ടായതാണ് ഈ പ്രശ്‌നങ്ങളെല്ലാം. തീരദേശപരിപാലന നിയമം (സിആര്‍ഇസഡ്) ഏതില്‍ വരുമെന്ന് കോടതി ചോദിക്കുമ്പോള്‍, സിആര്‍ഇസ്ഡ് 2-ല്‍ വരുന്നതിനെ 3 എന്നാക്കിയാണ് ഉദ്യോഗസ്ഥര്‍ കോടതിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചത്. ഇവിടുത്തെ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഈ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ തയ്യാറല്ല. സഹതാപം പറയുകയല്ലാതെ, ഇതിനെല്ലാം കാരണമായ ഒരുദ്യോഗസ്ഥനെ പോലും ചോദ്യം ചെയ്യാന്‍ അവരാരും ഇതുവരെ തയ്യാറായിട്ടില്ല. അവിടെയാണ് ഇതിന്റെ യഥാര്‍ത്ഥ പ്രശ്‌നം. ആ വഴിക്കുള്ള നീക്കങ്ങള്‍ എന്തുകൊണ്ട് നടക്കുന്നില്ലെന്നതാണ് ഞങ്ങളുടെ ചോദ്യം”, ഫ്‌ളാറ്റ് ഉടമകളുടെ വാക്കുകള്‍.

“ഈ വൈകിയ വേളയില്‍ മുന്‍സിപ്പാലിറ്റി ഞങ്ങള്‍ക്ക് അനുകൂലമായി ഒരു പ്രമേയം പാസാക്കിയിട്ടുണ്ട്. വളരെ വൈകിയ വേളയില്‍. ഇത് നേരത്തെയാകാമായിരുന്നു. പക്ഷേ, രാഷ്ട്രീയക്കാരായിട്ടുപോലും അവരും ഉദ്യോഗസ്ഥരെ ഭയക്കുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ കൗണ്‍സിലില്‍ അവര്‍ സംസാരിക്കാന്‍ തയ്യാറാകുന്നില്ല. ഈ വിഷയം നേരിട്ട് ബാധിക്കുന്നവരുടെ റിപ്പോര്‍ട്ട് കൊടുക്കണമെന്ന് പറഞ്ഞിട്ട് ഇതുവരെ ചെയ്തിട്ടില്ല. ഞങ്ങളാണ് ഈ വിഷയം നേരിട്ട് ബാധിക്കുന്നവര്‍, മുന്‍സിപ്പാലിറ്റിയില്‍ കരം കെട്ടുന്നത് ഞങ്ങളാണ്. ആ ഞങ്ങളെ കേള്‍ക്കാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല. എന്താണ് ഞങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അത്തരത്തിലൊരു റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ വിരല്‍ ചൂണ്ടാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും തയ്യാറല്ല. ഇക്കാര്യങ്ങള്‍ കോടതിയെ ധരിപ്പിക്കാന്‍ മുന്‍സിപ്പാലിറ്റിയും തയ്യാറായിട്ടില്ല, സര്‍ക്കാരും തയ്യാറായിട്ടില്ല. ഇനിയും വൈകിയിട്ടില്ല. രാഷ്ട്രീയക്കാരും ജനപ്രതിനിധികളും വിചാരിച്ചാല്‍ ഈ വൈകിയ വേളയിലും എന്തെങ്കിലും അനുകൂലമായി നടക്കുമെന്ന പ്രതീക്ഷയുണ്ട്. അവരും ഞങ്ങളെപ്പോലെ മനുഷ്യര്‍ തന്നെയല്ലേ. ശനിയാഴ്ച്ച എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തുന്നുണ്ടെന്നറിഞ്ഞു. ഇവിടുത്തെ സാധാരണക്കാരന്റെ ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ പോലും ഇടപെടുന്ന ഇടതുപക്ഷത്തിനു പോലും ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ ഇത്രയും താമസം വേണ്ടി വന്നു. വീടില്ലാത്തവര്‍ക്കും വീട് നഷ്ടപ്പെട്ടവര്‍ക്കുമൊക്കെ വീട് നിര്‍മിച്ചു നല്‍കാന്‍ വേണ്ടി ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റുകളില്‍ വന്നു പണം പിരിച്ചു കൊണ്ടുപോയിട്ടുണ്ട് രാഷ്ട്രീയകക്ഷികളെന്നോര്‍ക്കണം” ഫ്‌ളാറ്റ് ഉടമകള്‍ നിരാശ മറച്ചുവയ്ക്കാതെ പറയുന്നു.

പ്രായമായവരും കുട്ടികളും അടക്കം ഓരോരുത്തരും കടുത്ത മാനസികസംഘര്‍ഷങ്ങളില്‍ കൂടിയാണ് ഈ ദിവസങ്ങളില്‍ കടന്നുപോകുന്നതെന്ന വിഷമവും ഫ്‌ളാറ്റ് ഉടമകള്‍ പങ്കുവയ്ക്കുന്നുണ്ട്. “കാന്‍സറിന് ചികിത്സ തേടുന്നവരും ഡയലാസിസ് ചെയ്യുന്നവരുമൊക്കെ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. അടുത്ത് ആശുപത്രികളുണ്ടെന്ന് കണ്ടാണ് പലരും ഇവിടെ ഫ്‌ളാറ്റ് വാങ്ങിയത് തന്നെ. ഇവിടെ നിന്നും ഇറങ്ങിയാല്‍ ഇതിലൊക്കെ എന്തു ചെയ്യും? 350 കുടുംബങ്ങള്‍ എന്നു പറയുമ്പോള്‍ ഒരു വീട്ടില്‍ ഏറ്റവും ചുരുങ്ങിയത് അഞ്ച് അംഗങ്ങള്‍ എങ്കിലും ഉണ്ടാകും. കണക്കുക്കൂട്ടി നോക്കൂ, എത്രപേരാണ് കുടിയിറക്കപ്പെടുന്നതെന്ന്? ഇത്രയും പേര്‍ എങ്ങോട്ടു പോകുമെന്ന് കൂടി പറയൂ. ഇന്നു തിരുവോണമാണ്. ഞങ്ങളിന്നു പട്ടിണി കിടക്കുകയാണ്. ഞങ്ങളെങ്ങനെ ഒരിറ്റു വറ്റ് കഴിക്കുമെന്നു പറ? ഞങ്ങളുടെ വീടുകളില്‍ ദിവസങ്ങളായി ആഹാരം കഴിക്കുന്നില്ല. കുഞ്ഞുങ്ങളോട് സംസാരിക്കാതെ ഒഴിഞ്ഞു മാറുകയാണ്. അവര് ചോദിക്കുന്നതിന് സമാധാനം പറയാനില്ല. എല്ലാ ഫ്‌ളാറ്റിലും ഓണാഘോഷം നടക്കുന്നുണ്ടല്ലോ, നമുക്കെന്താ ഇല്ലാത്തേന്നു ചോദിച്ചാല്‍ എന്താ മറുപടി പറയേണ്ടത്? സ്‌കൂളില്‍ മറ്റു കുട്ടികള്‍ അവരുടെ ഫ്‌ളാറ്റില്‍ ഓണാഘോഷം നടത്തിയതിന്റെ കഥ ഇവരോട് പറഞ്ഞിട്ട് നിങ്ങളുടെ ഫ്‌ളാറ്റിലെ ഓണാഘോഷത്തിന്റെയും അത്തപ്പൂക്കളത്തിന്റെയും ഫോട്ടോസ് കാണിക്കാന്‍ പറയുകയാണ്. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ആ സങ്കടം വന്നു പറയുമ്പോള്‍ നെഞ്ച് പൊട്ടിപ്പോവുകയാണ്. അതുകൊണ്ടാണ് മനഃപൂര്‍വം കുഞ്ഞുങ്ങള്‍ക്ക് മുഖം കൊടുക്കാതെ നടക്കുന്നത്. കടുത്ത മാനസികപീഢനമാണ് ഈ ഫ്‌ളാറ്റുകളിലെയെല്ലാം ഓരോ മനുഷ്യരും അനുഭവിക്കുന്നത്. അതില്‍ പ്രായമായവരും കുട്ടികളുമെല്ലാം ഉണ്ടെന്നോര്‍ക്കണം. ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തിട്ടാണ്” ബിയോജ് ചേന്നാട്ട് പറയുന്നു.

ഒരായുസിന്റെ സാമ്പാദ്യം കൊണ്ട് നേടിയത് വിട്ടൊഴിഞ്ഞു പോകേണ്ടി വന്നാല്‍ തങ്ങളുടെ കൂട്ടത്തില്‍ ഉള്ള എഴുപത് ശതമാനത്തോളം മനുഷ്യര്‍ക്ക് മുന്നില്‍ മറ്റു വഴികളൊന്നുമില്ലെന്നാണ് ഫ്‌ളാറ്റ് ഉടമകള്‍ പറയുന്നത്. അങ്ങനെയുള്ളവരില്‍ ഒരാളുടെ അവസ്ഥയും പറഞ്ഞു തരുന്നുണ്ടവര്‍. “പുനലൂരില്‍ നിന്നും 35 വര്‍ഷം മുമ്പ് കുവൈറ്റില്‍ ജോലി ചെയ്യാന്‍ പോയൊരു മനുഷ്യനുണ്ട് ഞങ്ങളുടെ കൂട്ടത്തില്‍. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് ഏതോ ടെക്‌നിക്കല്‍ ക്വാളിഫിക്കേഷനും നേടിയാണ് കുവൈറ്റില്‍ പോകുന്നത്. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. പുനലൂരുള്ള കുടുംബ സ്വത്ത് വിറ്റിട്ടാണ് ഇവിടെയൊരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങുന്നത്. രണ്ടു മക്കളുടെയും വിവാഹം കൂടി കഴിഞ്ഞതോടെ സാമ്പത്തികമായി അവര്‍ ഞെരുക്കത്തിലായി. ഭാര്യയുടെ അസുഖവും അതിന്റെ ചികിത്സയും വേറേ. എല്ലാം കൂടി വളരെ ബുദ്ധിമുട്ടി മുന്നോട്ടു പോകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്തെങ്കിലും ആകട്ടെ എന്ന നിസ്സംഗതയാണ് അവരുടെ മുഖത്തിപ്പോള്‍. വേണ്ടാ, എല്ലാം പോയ്‌ക്കോട്ടേ…. എന്നാണവര്‍ നമ്മള്‍ എന്തെങ്കിലും ചോദിക്കുമ്പോള്‍ പറയുന്നത്. എല്ലാം നഷ്ടപ്പെടുന്നവന്റെയൊരു നിസംഗതയുണ്ടല്ലോ, അതാണ് രണ്ടു മനുഷ്യരുടെയും മുഖത്ത് കാണാനാകുന്നത്. ആരോടാണ് നമ്മളിനി ഇതേക്കുറിച്ച് പറയേണ്ടതെന്ന് അവര്‍ ചോദിക്കുമ്പോള്‍ എന്താണ് മറുപടിയുള്ളത്. ‘എനിക്കിപ്പോള്‍ 57 വയസായി, അടുത്ത വര്‍ഷം കൊണ്ട് ജോലി തീരും, എന്റെ ഭാര്യക്ക് കാലിന് വയ്യാത്തതാണ്, നടക്കാന്‍ ബുദ്ധിമുട്ടാണ്. അതിന്റെ ചികിത്സയൊക്കെ കൂടി കണ്ടാണ് ഉള്ളതെല്ലാം വിറ്റു പെറുക്കി ഇവിടെയൊരു കിടപ്പാടം വാങ്ങിയത്. ഇനിയെന്ത് ചെയ്യാനാണ്? പോയതെല്ലാം പോയതാണ്, ഇനിയൊന്നും നേടിയെടുക്കാന്‍ ഈ ആയുസില്‍ ആവതില്ല’, എന്നാ മനുഷ്യന്‍ സ്വയം ശപിക്കുമ്പോള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാനുള്ള ശക്തി പോലും ഞങ്ങള്‍ക്കില്ല. ഇതേ പോലെയുള്ള കഥകള്‍ ഇനിയമുണ്ട്. ഫ്‌ളാറ്റില്‍ താമസിക്കുന്നവരെല്ലാം കോടീശ്വരന്മാരല്ല. ഒരായുസ്സിന്റെ സാമ്പാദ്യമായിരിക്കും. വര്‍ഷങ്ങളോളം കഷ്ടപ്പെട്ടതിന്റെ ക്ഷീണം അവസാനകാലത്തെങ്കിലും ഒന്നു തീര്‍ക്കാന്‍ കൊതിക്കുന്നവരായിരിക്കും ഞങ്ങളില്‍ ഭൂരിഭാഗവും. പരസ്പരം ആരും മിണ്ടാറില്ല. കുട്ടികളെ താഴെ കളിക്കാന്‍ വിടാറില്ല. അടുത്ത ഫ്‌ളാറ്റുകളില്‍ ഉള്ളവര്‍ പോലും ഒന്നും പറയാനും ചോദിക്കാനും നില്‍ക്കാറില്ല. ഇങ്ങനെയൊരവസ്ഥ ഒരാള്‍ക്കും ഉണ്ടാക്കല്ലേ എന്നാഗ്രഹിക്കുകയാണ്. അത്രയ്ക്കാണ് അതിന്റെ വേദന, സഹിക്കാന്‍ കഴിയില്ല.”

ഫ്‌ളാറ്റ് ഉടമകള്‍ പ്രതിരോധത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ തന്നെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടു പോവുകയാണ് മരട് നഗരസഭ. ഈ മാസം 20-നകം ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ഇവ വേഗത്തില്‍ നടപ്പാക്കാനാണ് ഇപ്പോള്‍ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി 15 നിലയ്ക്ക് മുകളിലുള്ള നാല് ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് താത്പര്യമുള്ള കമ്പനികളെ ക്ഷണിച്ചു കൊണ്ട് പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ട്. 16-ാം തിയതിക്ക് മുമ്പായി താത്പര്യപത്രം ലഭിക്കണമെന്നാണ് ആവശ്യം. അഞ്ചു ഫ്‌ളാറ്റ് സമുച്ചയങ്ങളും പൊളിച്ചു നീക്കുന്നതിന് ഏകദേശം 30 കോടി രൂപ ചെലവ് വരുമെന്നാണ് നഗരസഭ കണക്കുകൂട്ടിയിരിക്കുന്നത്. എന്നാല്‍ ഇത്രയും തുക ഒറ്റയ്ക്ക് വഹിക്കാന്‍ കഴിയില്ലെന്നാണ് നഗരസഭയുടെ നിലപാട്. സര്‍ക്കാര്‍ ചെലവ് വഹിക്കണമെന്ന് നഗരസഭ പറയുമ്പോള്‍, ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കേണ്ട ബാധ്യത നഗരസഭയ്ക്കാണുള്ളതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പണച്ചെലവ് മാത്രമല്ല, മരട് നഗരസഭ നേരിടുന്ന പ്രതിസന്ധികള്‍. വിദഗ്ധ സങ്കേതങ്ങള്‍ ഉപയോഗിച്ചാല്‍ മാത്രമേ ഈ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ സാധിക്കൂ. ഇത്രയും ഫ്‌ളാറ്റുകള്‍ പൊളിച്ചാല്‍ ഉണ്ടാകുന്ന അവശിഷ്ടങ്ങളും നഗരസഭയ്ക്ക് തലവേദനയുണ്ടാക്കും. അവ എവിടെ നിക്ഷേപിക്കുമെന്ന ചോദ്യത്തിനും നഗരസഭ ഉത്തരം കണ്ടെത്തണം.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍