UPDATES

എന്തുകൊണ്ടാണ് മരട് ഫ്ലാറ്റുകള്‍ പൊളിക്കേണ്ടി വരുന്നത്? തുടക്കം മുതല്‍ ക്രമക്കേട്, നിയമലംഘനം, അഴിമതി; വിവാദത്തിന്റെ പൂര്‍ണ വിവരങ്ങള്‍

ഫ്‌ളാറ്റ് നിര്‍മാതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയെന്നു പറയുന്ന ഈ അഴിമതിയില്‍ അറിയാതെ കുടുങ്ങിപ്പോയവരാണ് തങ്ങളെന്ന വാദമാണ് ഫ്‌ളാറ്റ് ഉടമകള്‍ക്കുള്ളത്

തീരദേശ നിയന്ത്രണ മേഖല നിയമങ്ങള്‍ ലംഘിച്ചു നിര്‍മിച്ചതിന്റെ പേരില്‍ എറണാകുളം ജില്ലയിലെ മരട് നഗരസഭ പരിധിയില്‍ സ്ഥിതി ചെയ്യുന്ന അഞ്ചു റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള സുപ്രീം കോടതിയുടെ അന്ത്യശാസനം നടപ്പാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഉത്തരവ് നടപ്പാക്കപ്പെട്ടാല്‍ 346 കുടുംബങ്ങളില്‍ നിന്നായി വൃദ്ധരും കുട്ടികളും അടക്കം 1200-ഓളം പേരാണ് ഭവനരഹിതരായി തീരുന്നത്. ഇവര്‍ക്കുള്ള പുനരധിവാസത്തിലോ നഷ്ടപരിഹാരത്തിലോ തീരുമാനങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇത്രയധികം പേര്‍ തങ്ങളുടെ വാസസ്ഥലത്തു നിന്നും കുടിയിറക്കപ്പെടുന്നതിനെതിരേ വലിയ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. തങ്ങള്‍ എന്തുവന്നാലും ഫ്‌ളാറ്റുകളില്‍ നിന്നും ഇറങ്ങി കൊടുക്കില്ലെന്ന നിലപാടിലാണ് അവസാന നിമിഷത്തിലും താമസക്കാര്‍. എന്നാല്‍ സുപ്രിം കോടതി ഉത്തരവ് നടപ്പക്കുക തന്നെ ചെയ്യുമെന്നതാണ് നഗരസഭയുടെ നിലപാട്. ഫ്‌ളാറ്റുടമകള്‍ക്ക് ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് നല്‍കി കഴിഞ്ഞു. ഒഴിയാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും ഉണ്ട്.

ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്ന വളരെ സങ്കീര്‍ണമായൊരു വിഷയമായി മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ മാറുമ്പോള്‍, ഇത്തരമൊരു അവസ്ഥാവിശേഷത്തിലേക്ക് കാര്യങ്ങള്‍ എത്തിയതെങ്ങനെയെന്നതു കൂടി അന്വേഷിക്കേണ്ടതുണ്ട്. നിയമലംഘനങ്ങളും സാമ്പത്തിക അഴിമതികളും ഉദ്യോഗസ്ഥ കൃത്യവിലോപവും റിയല്‍ എസ്റ്റേറ്റ് – ബിസിനസ് മാഫിയയുടെ ഗൂഡാലോചനകളും എല്ലാം ഇത്തരം അന്വേഷണങ്ങളില്‍ വ്യക്തമാകുന്നുണ്ട്. നേരിട്ടല്ലെങ്കില്‍ പോലും ഈ അവിശുദ്ധസംഖ്യങ്ങളുടെ ഭാഗമായി ചേരേണ്ടി വന്ന ഫ്‌ളാറ്റ് ഉടമകളും ഇവിടെ നടന്നിരിക്കുന്ന കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്നും പറയേണ്ടി വരും. അവരോടുള്ള മനുഷ്യത്വപരമായ സമീപനം നിലനിര്‍ത്തിക്കൊണ്ട് തന്നെ.

കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായി തീര്‍ന്ന കൊച്ചിയില്‍ ഇന്ന് ഏറ്റവും ഗ്ലാമറസ് ആയി നില്‍ക്കുന്ന ഭൂപ്രദേശമാണ് മരട്. ഒരുകാലത്ത് കായലും പുഴകളും നീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളും നിറഞ്ഞിരുന്ന മരട് ഇന്ന് അഭൂതപൂര്‍വമായ വളര്‍ച്ചയിലേക്കു കുതിക്കുന്ന നഗരപ്രദേശമാണ്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും ലക്ഷ്വറി വാഹന ഷോറൂമുകളും മാനം മുട്ടെ നിലകളുള്ള ഫ്‌ളാറ്റ് സമുച്ചയങ്ങളും മരടിന്റെ പഴയ ചിത്രം പാടെ മായ്ച്ചു കളഞ്ഞിരിക്കുന്നു. ഒന്നിനു പുറകെ ഒന്നായി ഇവിടെ ഇപ്പോള്‍ ഫ്‌ളാറ്റുകളും കോമേഴ്‌സ്യല്‍ ബില്‍ഡിംഗുകളും പൊങ്ങിവരികയാണ്. പഞ്ചായത്തായിരുന്ന മരട് 2010 ല്‍ മുന്‍സിപ്പാലിറ്റിയായി ഉയര്‍ത്തപ്പെട്ടു. ഇന്നിപ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള മുന്‍സിപ്പാലിറ്റികളില്‍ മുന്നിലാണ് മരട്. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നും വെറും ഏഴു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള മരടിനെ കോര്‍പ്പറേഷന്റെ ഭാഗമാക്കി മാറ്റണമെന്ന ആവശ്യം അംഗീകരിക്കപ്പെടാതെ പോകുന്നതിനു പിന്നിലും മുന്‍സിപ്പാലിറ്റിയുടെ സാമ്പത്തിക വരുമാനം ഒരു കാരണമാണ്.

ഇങ്ങനെയെല്ലാമുള്ള പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോഴാണ് സുപ്രിം കോടതി വിധിയുടെ ആഘാതം മരടിന് ഏല്‍ക്കേണ്ടി വന്നിരിക്കുന്നത്. അതിനു കാരണമായത് അഞ്ച് റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റുകളാണ്. ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ് ലിമിറ്റഡിന്റെ കുണ്ടന്നൂരുള്ള ഹോളി ഫെയ്ത് എച്ച്ടുഒ, ആല്‍ഫ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നെട്ടൂരുള്ള ആല്‍ഫ വെഞ്ചേഴ്സ് ഇരട്ട ഫ്‌ളാറ്റ് സമുച്ചയം, കെ വി ജോസ് ഗോള്‍ഡന്‍ കായലോരം, ജയ്ന്‍ ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്റെ നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കോവ്, ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ് ലിമിറ്റഡിന്റെ ഹോളിഡേ ഹെറിറ്റേജ് എന്നിവയ്ക്കാണ് (ഇതില്‍ ഹോളിഡേ ഹെറ്റിറ്റേജ് നിര്‍മാണം തുടങ്ങിയിട്ടില്ല) മരട് ഗ്രാമപഞ്ചായത്ത് 2006 സെപ്തംബര്‍ 19-ന് നിര്‍മാണാനുമതി (ബില്‍ഡിംഗ് പെര്‍മിറ്റ്) നല്‍കിയത്. ഈ ഫ്‌ളാറ്റുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി 2010 മുതല്‍ ഉപഭോക്താക്കള്‍ക്ക് കൈമാറിയും തുടങ്ങി. എന്നാല്‍ ഈ ഫ്‌ളാറ്റ് നിര്‍മാണങ്ങള്‍ തീരദേശ പരിപാല നിയമം ലംഘിച്ച് നിര്‍മിച്ചവയാണെന്നാണ് കണ്ടെത്തല്‍ ശരിയാണെന്ന് ഇപ്പോള്‍ സുപ്രീം കോടതി കണ്ടെത്തുകയും തുടര്‍ന്ന് അവ പൊളിച്ചു നീക്കാന്‍ ഉത്തരവ് ഇടുകയുമാണ് ഉണ്ടായത്. സെപ്തംബര്‍ ആറിന് ഇക്കാര്യത്തില്‍ ഇനിയൊരു കാലതാസമം ഉണ്ടാകരുതതെന്ന അന്ത്യശാസനം വന്നതോടെയാണ് എല്ലാം ചൂടുപിടിച്ചത്.

നിര്‍മാണം പൂര്‍ത്തിയാക്കുകയും ഉടമകള്‍ക്ക് കൈമാറ്റം ചെയ്ത് അവര്‍ താമസം തുടങ്ങുകയും ചെയ്ത ഫ്‌ളാറ്റുകള്‍ (ഇതില്‍ പലതും രണ്ടും മൂന്നും തവണ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു) എന്തുകൊണ്ട് പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി പറഞ്ഞു എന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കുമ്പോഴാണ് ഗുരുതരമായ കൃത്യവിലോപങ്ങള്‍ ഇതിനു പിന്നില്‍ നടന്നിട്ടുണ്ടെന്നത് വ്യക്തമാകുന്നത്.

തീരദേശ നിയന്ത്രണ മേഖല (coastal regulation zone-CRZ) വിജ്ഞാപനം അനുസരിച്ചുള്ള കാറ്റഗറികളില്‍ സിആര്‍ഇസ്ഡ് ഒന്നിലും മൂന്നിലും വരുന്നതാണ് മരട്. ഇപ്പോള്‍ ഇത് കാറ്റഗറി രണ്ടില്‍ ആണെന്നു പറയുന്നുണ്ട് (അതിന്റെ വിശദാംശങ്ങളിലേക്ക് വരാം). കേരള സ്റ്റേറ്റ് കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അഥോറിറ്റി (കെ എസ് സി ഇസ്ഡ് എം എ)യില്‍ നല്‍കിയ വിവരാവകാശ നിയമപ്രകാരം മരട് നഗരസഭ സിആര്‍ഇസഡിന്റെ ഏത് കാറ്റഗറിയില്‍ വരുമെന്ന ചോദ്യത്തിന് അണ്ടര്‍ സെക്രട്ടറി, സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയ ബി.വി.എസ് മണി നല്‍കിയ മറുപടിയില്‍ പറയുന്നത് the present distance regulation is as per the classification of the area in the CZMP of 1995, ie. areas under CRZ I and CRZ III എന്നാണ്. അതായത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നടത്താന്‍ കഴിയാത്ത പരിസ്ഥിതി ലോല പ്രദേശങ്ങളില്‍പ്പെട്ടതാണ് ഇവിടം എന്ന്. ഏത് കാറ്റഗറിയില്‍ വരുന്നു എന്നതിനേക്കാള്‍ പ്രധാനം, മരട് നഗരസഭ തീരദേശ നിയന്ത്രണ മേഖലയില്‍പ്പെടുന്ന പ്രദേശമാണ് എന്നതാണ്. 1994 ല്‍ പാര്‍ലമെന്റ് പാസാക്കിയ ചട്ടത്തില്‍ പറഞ്ഞിരിക്കുന്നത് വേലിയേറ്റവും വേലിയിറക്കവും (low tide and high tide) ബാധിക്കുന്ന പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി പ്രദേശങ്ങളില്‍ പുതുതായി ഒരു ബില്‍ഡിംഗ് നിര്‍മിക്കുന്നതിന് കെസിഇസഡ്എംഎയുടെ എന്‍ഒഎസി വാങ്ങിയിരിക്കണം എന്നാണ്. അങ്ങനെയൊരു അനുമതി കിട്ടിയാല്‍ മാത്രമെ ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കാവൂ. കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അഥോറിറ്റിയുടെ എന്‍ഒഎസിക്കായി ബില്‍ഡിംഗ് പെര്‍മിറ്റിന്റെ അപേക്ഷകള്‍ പഞ്ചായത്ത്/മുന്‍സിപ്പല്‍ സെക്രട്ടറിക്കോ അതല്ലെങ്കില്‍ ബില്‍ഡേഴ്‌സിന് നേരിട്ടോ നല്‍കാം. ഒരു നിശ്ചിത ഫീസ് അടയ്ക്കണം. അതിനുശേഷം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും സര്‍വേ നമ്പര്‍ അനുസരിച്ചുള്ള സ്ഥലം സിആര്‍ഇസഡ് കാറ്റഗറിയില്‍ വരുന്നതാണോ എന്ന് പരിശോധിക്കുകയും ചെയ്യും. ബില്‍ഡിംഗ് നിര്‍മാണത്തിന് തടസമില്ലെങ്കില്‍, അഥോറിറ്റി ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ (എഫ്എആര്‍ ഫ്‌ളോര്‍ ഏരിയ റേഷ്യു അടക്കം) പാലിച്ചു കൊണ്ട് നിര്‍മാണം നടത്താം. ഇത്രയും നിയമപരമായി നടക്കുന്ന കാര്യങ്ങള്‍.

എന്നാല്‍, ഇപ്പോള്‍ കേസില്‍പ്പെട്ടു കിടക്കുന്ന അഞ്ചു ഫ്‌ളാറ്റുകളുടെയും കാര്യത്തില്‍ നിയമം അതിന്റെ വഴിക്കല്ല പോയതെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. സിആര്‍ഇസഡ് ഒന്നിലും മൂന്നിലും നിര്‍മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടെന്നിരിക്കെ, മരട് പ്രദേശം സിആര്‍ഇസ്ഡില്‍ വരുന്നതാണെന്നുമിരിക്കെ, യാതൊരു നിയമങ്ങളും മാനദണ്ഡങ്ങളും നോക്കാതെ തന്നെ ബില്‍ഡിംഗ് പെര്‍മിറ്റ് കൊടുക്കുകയായിരുന്നു അന്നത്തെ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ്. തീരദേശ നിയന്ത്രണ മേഖലയിലുള്ള നിര്‍മാണങ്ങള്‍ക്കുള്ള അപേക്ഷ കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അഥോറിറ്റിക്ക് വിടണമെന്നുള്ള കേരള മുന്‍സിപ്പല്‍ ബില്‍ഡിംഗ് ചട്ടത്തിലെ വകുപ്പ് 23(4) അന്നത്തെ പഞ്ചായത്ത് സെക്രട്ടറി ലംഘിച്ചു. പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി ആക്ട് അനുസരിച്ച് ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ നല്‍കാനുള്ള സ്വതന്ത്രാധികരം സെക്രട്ടറിമാര്‍ക്കുണ്ടെങ്കിലും ഇത്രയും സെന്‍സിറ്റീവ് ആയ കേസുകളില്‍ പഞ്ചായത്ത് ഭരണസമിതിയോടോ കൗണ്‍സിലിനോടോ അഭിപ്രായം ചോദിക്കുന്നതില്‍ തെറ്റില്ലെന്നിരിക്കെ അഷറഫ് അങ്ങനെയൊരു നീക്കം നടത്തിയില്ലെന്നാണ് പറയുന്നത്. അതേസമയം അഞ്ചു വന്‍കിട ഫ്‌ളാറ്റ് നിര്‍മാണത്തിനുള്ള അപേക്ഷ പഞ്ചായത്തില്‍ വരികയും അതിന് അനുമതി നല്‍കുകയും ചെയ്ത കാര്യം അന്നത്തെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ അറിഞ്ഞിരുന്നില്ലേ എന്ന ചോദ്യവും ഇവിടെയുണ്ട്. എന്തായാലും അന്ന് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു കെ.എ ദേവസിയുടെ നേതൃത്വത്തില്‍ ഇന്ന് ഫ്‌ളാറ്റ് ഉടമകള്‍ക്കു വേണ്ടി ബഹുജന ധര്‍ണയും പ്രമേയം പാസാക്കലുമൊക്കെ നടക്കുന്നുണ്ട്.

പഞ്ചായത്തില്‍ നിന്നും അനുമതി കിട്ടിയതോടെ ഫ്‌ളാറ്റ് നിര്‍മാണവുമായി ബില്‍ഡേഴ്‌സ് മുന്നോട്ടു പോകുമ്പോഴാണ് നിര്‍മാണങ്ങള്‍ക്കു പിന്നില്‍ നിയമലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അഥോറിറ്റി ഇടപെടുന്നത്. തിരദേശ പരിപാല നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മാണങ്ങള്‍ നടക്കുന്നതെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് കെസിഇസഡ്എംഎ മരട് പഞ്ചായത്തിന് കത്തു നല്‍കി. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ ബില്‍ഡേഴ്‌സിന് നോട്ടീസ് അയയ്ക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് അഞ്ചു ബില്‍ഡേഴ്‌സിനും പഞ്ചായത്തില്‍ നിന്നും നോട്ടീസ് നല്‍കുകയും പിന്നാലെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. നിര്‍മാണാനുമതി നല്‍കി ഏകദേശം ഒമ്പത് മാസങ്ങള്‍ക്കു ശേഷമായിരുന്നു ഇത്തരമൊരു നടപടി വരുന്നത്. ഈ സ്റ്റോപ്പ് മെമ്മോയ്ക്കു മുന്‍പായി നല്‍കിയ നോട്ടീസില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ തന്നെ അതീവ ഗുരുതരമായിരുന്നു. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ആല്‍ഫ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെതിരേ പറഞ്ഞിരിക്കുന്ന നിയമലംഘനങ്ങള്‍ ഇവയായിരുന്നു; സിആര്‍ഇസഡ് കാറ്റഗറി വണ്‍ നിയമങ്ങളും കാറ്റഗറി മൂന്ന് നിയമങ്ങളും ലംഘിച്ചിരിക്കുന്നു, റീജണല്‍ ടൗണ്‍ പ്ലാനറുടെ അനുമതി നേടിയിട്ടില്ല, അധിക എഫ്എആറിന്( ഫ്‌ളോര്‍ ഏരിയ റേഷ്യു) ഫീസ് അടച്ചിട്ടില്ല, കേരള മുനിസിപ്പല്‍ ബില്‍ഡിംഗ് റൂളില്‍ ചട്ടം 50 ലംഘിച്ചിരിക്കുന്നു, ഫയര്‍ ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി വാങ്ങിയിട്ടില്ല, സ്ട്രക്ചറല്‍ ഡിസൈന്‍ സമര്‍പ്പിച്ചിട്ടില്ല, സീനിയര്‍ ടൗണ്‍ പ്ലാനറുടെ അനുമതി വാങ്ങിയിട്ടില്ല, എഫ്എആര്‍ മാനദണ്ഡം ലംഘിച്ചിരിക്കുന്നു, ആക്‌സസ് വിഡ്ത് കാണിച്ചിട്ടില്ല, ഓപ്പണ്‍ സ്‌പേസ് ലംഘനം നടത്തിയിരിക്കുന്നു. സീനിയര്‍ ടൗണ്‍ പ്ലാനര്‍ (വിജിലന്‍സ്) പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്ന ഇത്രയും നിയമലംഘനങ്ങളുടെ പേരില്‍ 1999-ലെ കെഎംബിആര്‍ റൂള്‍ 16 അനുസരിച്ച് (പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യലും പിന്‍വലിക്കലും) നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കാനാണ് 2007 ജൂണ്‍ നാലിന് മരട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

എന്നാല്‍ പിന്നീട് അയച്ച സ്‌റ്റോപ്പ് മെമ്മോയില്‍ പ്രധാനമായും ചൂണ്ടിക്കാണിച്ച കുറ്റങ്ങള്‍ തീരദേശ നിയന്ത്രണ മേഖല നിയമങ്ങള്‍ ലംഘിച്ചു നിര്‍മാണം നടത്തുന്നു എന്നായിരുന്നില്ല, മറിച്ച് പെര്‍മിറ്റിന് വിരുദ്ധമായി നിര്‍മാണം നടത്തിയിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു, അതിനാല്‍ തുടര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കൂ എന്നായിരുന്നു. സിആര്‍ഇസഡ് നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മാണങ്ങള്‍ നടക്കുന്നതെന്ന ഗുരുതരമായ കുറ്റം മൂടിവയ്ക്കാനുള്ള ശ്രമങ്ങള്‍ അവിടെ നടന്നു. ഇതിന്റെ ഫലം നിര്‍മാതാക്കള്‍ നേടിയെടുത്തത് ഹൈക്കോടതിയില്‍ നിന്നായിരുന്നു. 2007 ല്‍ മരട് പഞ്ചായത്തില്‍ നിന്നും തങ്ങള്‍ക്ക് കിട്ടിയ സ്‌റ്റോപ്പ് മെമ്മോയ്‌ക്കെതിരേ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍ കേസിനു പോയി. ഓരോ ബില്‍ഡേഴ്‌സും പ്രത്യേകം പ്രത്യേകം പോയ ഹര്‍ജിയില്‍ കേരള സര്‍ക്കാര്‍, മരട് പഞ്ചായത്ത്, പഞ്ചായത്ത് സെക്രട്ടറി എന്നിവരെ എതിര്‍ കക്ഷികളാക്കിയപ്പോള്‍ തന്ത്രപരമായി കേരള സ്‌റ്റേറ്റ് സോണല്‍ മാനേജ്‌മെന്റ് അഥോറിറ്റിയെ എതിര്‍കക്ഷിയായിക്കിയില്ല. സിംഗിള്‍ ബഞ്ചിനു മുന്നില്‍ വന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയ കാര്യം പെര്‍മിറ്റിനു വിരുദ്ധമായി തങ്ങള്‍ നിര്‍മാണം നടത്തി എന്നു കാണിച്ചു സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണെന്നും അത് റദ്ദ് ചെയ്യണമെന്നുമായിരുന്നു. ഇവിടെയൊന്നും തീരദേശ നിയന്ത്രണ മേഖല നിയമങ്ങളുടെ കാര്യം അവര്‍ മിണ്ടയില്ല. എന്നാല്‍ ഈ വിഷയം ചൂണ്ടിക്കാണിക്കാമായിരുന്നിട്ടും എതിര്‍ കക്ഷികളായ പഞ്ചായത്തും ഇതേക്കുറിച്ച് മിണ്ടിയില്ല. സ്വഭാവികമായി, തീരദേശ പരിപാലന നിയമം അട്ടിമറിക്കപ്പെട്ടു എന്ന വിഷയം കോടതിയുടെ മുന്നില്‍ വന്നില്ല. മറിച്ച് ബില്‍ഡിംഗ് പെര്‍മിഷന്‍ റദ്ദ് ചെയ്യല്‍ മാത്രമായി ആവശ്യം ചുരുങ്ങി. ഒരിക്കല്‍ പെര്‍മിഷന്‍ നല്‍കിയിട്ട് പിന്നെയത് റദ്ദ് ചെയ്യുന്നത് സാധാരണഗതിയില്‍ അംഗീകരിക്കപ്പെടാറില്ല. പെര്‍മിഷന്‍ ആദ്യം കിട്ടിയതുകൊണ്ട് തങ്ങള്‍ ഇത്രയും പണം മുടക്കി, പണി ഇത്രയും കഴിഞ്ഞു, ഇനിയത് നിര്‍ത്തിവച്ചാല്‍ വലിയ നഷ്ടമുണ്ടാകും എന്നൊക്കെയുള്ള ഹര്‍ജിക്കാരുടെ വാദം സിംഗിള്‍ ബഞ്ച് അംഗീകരിക്കുകയും സ്റ്റോപ്പ് മെമ്മോ നല്‍കിയ പഞ്ചായത്ത് ഉത്തരവിന് കോടതി സ്‌റ്റേ നല്‍കുകയും ചെയ്തു. ഈ സ്‌റ്റേ ഉത്തരവിന്റെ പിന്‍ബലത്തില്‍ നിര്‍മാണവുമായി ബില്‍ഡേഴ്‌സ് മുന്നോട്ടു പോയി. 2012 സെപ്തംബര്‍ 19 ന് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ അവര്‍ക്ക് അനുകൂലമായി സിംഗിള്‍ ബഞ്ചില്‍ നിന്നും വിധി വരികയും ചെയ്തു. അതിന്റെ കൂടി ഒരു കാര്യം കൂടി ചേര്‍ത്തു പറയണം, മുകളില്‍ ആല്‍ഫ വെഞ്ചേഴ്‌സിന്റെ നിയമലംഘനങ്ങളുടെ കാര്യം മാത്രമാണ് പറഞ്ഞിരിക്കുന്നതെങ്കിലും ബാക്കി നിര്‍മാതാക്കള്‍ക്ക് നല്‍കിയ നോട്ടീസിലും സിആര്‍ഇസഡ് ഒന്നും മൂന്നും ലംഘിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിര്‍മാതാക്കളില്‍ ഒരാളും പോലും അവര്‍ നല്‍കിയ ഹര്‍ജിയില്‍ അക്കാര്യം കോടതിയില്‍ പറഞ്ഞിട്ടില്ല. ഒടുവില്‍ എല്ലാ കേസുകളും കൂടി ഒറ്റ പെറ്റീഷനാക്കിയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് അനുകൂല ഉത്തരവ് നല്‍കിയതും (ആല്‍ഫ- ഡബ്ല്യുപി(സി) 22590/2007, ഹോളിഡേ ഹെറിറ്റേജ്- ഡബ്ല്യുപി(സി) 24709/2007, കെ വി ജോസ് ഗോള്‍ഡന്‍ കായലോരം-ഡബ്ല്യുപി(സി) 23293/2007, ഹോളി ഫെയ്ത്ത് എച്ച് ടു ഒ- ഡബ്ല്യുപി(സി) 23046/2007, ജയ്ന്‍ ഹൗസിംഗ്-ഡബ്ല്യുപി(സി) 23129/2007 എന്നിങ്ങനെയായിരുന്നു പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരേ നിര്‍മാതാക്കള്‍ റിട്ട് പെറ്റീഷന്‍ നല്‍കിയത്. കോടതി ഇതെല്ലാം കൂടി ഒറ്റ പെറ്റീഷനാക്കി ഉത്തരവ് നല്‍കുകയായിരുന്നു. അതായത് നിര്‍മാതാക്കളുടെ എല്ലാവരുടെയും ആവശ്യം ഒന്നായിരുന്നു, നിയമലംഘനങ്ങള്‍ ഒരുമിച്ച് തന്നെ നടത്തി. അവര്‍ക്കെല്ലാവര്‍ക്കും വേണ്ടി മരട് പഞ്ചായത്ത് ഉദ്യോഗസ്ഥരും തീരദേശ പരിപാലന നിയമ ലംഘനത്തിന്റെ കാര്യം കോടതിയില്‍ നിന്നും മറച്ചു വയ്ക്കുകയും ചെയ്തു).

കാര്യങ്ങള്‍ നിര്‍മാതാക്കള്‍ക്ക് അനുകൂലമായി മാറിയെന്നു കണ്ടതോടെയാണ് കെഎസ്ഇസഡ്എംഎ കേസില്‍ ഇടപെടുന്നത്. ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ പോകാന്‍ നഗരസഭയോട് കെഎസ്ഇസഡ്എംഎ ആവശ്യപ്പെട്ടു. അങ്ങനെ 2015 ജൂണില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ ഹര്‍ജിയെത്തി. കെഎസ്ഇസഡ്എംഎയും കക്ഷി ചേര്‍ന്നു. എന്നാല്‍ ഡിവിഷന്‍ ബഞ്ചില്‍ നിന്നും നിര്‍മാതാക്കള്‍ക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്. ഡിവിഷന്‍ ബഞ്ച് അന്നു പ്രധാനമായും ചൂണ്ടിക്കാട്ടിയൊരു കാര്യം കെട്ടിട നിര്‍മാണം പൂര്‍ത്തിയായ ശേഷമാണോ നിങ്ങള്‍ തീരദേശ പരിപാലന നിയമവുമായി വരുന്നതെന്നായിരുന്നു. അതെ, ആ സമയമായപ്പോഴേക്കും ഫ്‌ളാറ്റ് നിര്‍മാണം പൂര്‍ത്തിയായിരുന്നു. ഇത്രയും നാള്‍ മിണ്ടാതിരുന്നിട്ട് ഇപ്പോള്‍ നിയമവും പറഞ്ഞു വരുന്നതെന്തിനെന്ന ചോദ്യത്തിന് നഗരസഭയ്ക്ക് മറുപടിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഫ്‌ളാറ്റുകള്‍ കൈമാറാനുള്ള ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് (വാസയോഗ്യ സര്‍ട്ടിഫിക്കറ്റ്) നല്‍കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം നടപ്പാക്കി കൊടുക്കേണ്ടതാണെന്നും ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ഈ വിഷയത്തില്‍ ഇനി സര്‍ക്കാരും നഗരസഭയും നിര്‍മാതാക്കള്‍ക്കെതിരായി ഒന്നും ചെയ്യരുതെന്ന കോടതി ഉത്തരവ് ഉണ്ടായി. നിര്‍മാതാക്കള്‍ ഫ്‌ളാറ്റ് വില്‍പ്പനകള്‍ തകൃതിയായി നടത്തി, വാങ്ങിയവര്‍ അവ വീണ്ടും വിറ്റു. ഒരു തടസങ്ങളും ഇനി ഉണ്ടാവില്ലെന്ന വിശ്വാസത്തില്‍ എല്ലാവരും മുന്നോട്ടു പോയി.

എന്നാല്‍ കേരള സ്‌റ്റേറ്റ് സോണല്‍ മാനേജ്‌മെന്റ് അഥോറിറ്റി ഈ വിഷയത്തില്‍ നിന്നും പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു. അതുകൊണ്ടാണവര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയത്. 2016-ല്‍ നല്‍കിയ അപ്പീലില്‍ സോണല്‍ മാനേജ്‌മെന്റ് അഥോറിറ്റി സുപ്രീം കോടതിയെ ധരിപ്പിച്ചത് ഈ നിര്‍മാണങ്ങള്‍ എല്ലാം തന്നെ തീരദേശ നിയന്ത്രണ മേഖല നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുളളവ തന്നെയാണ് എന്നതായിരുന്നു. ഹൈക്കോടതിയിലേതില്‍ നിന്നും വ്യത്യസ്തമായി വാദപ്രതിവാദങ്ങള്‍ സുപ്രീം കോടതിയില്‍ നടന്നു. കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാന്‍ വേണ്ടി മൂന്നംഗ സമിതിയെ കോടതി നിയോഗിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട് ഐഎഎസ്, എറണാകുളം ജില്ല കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുള്ള, ചീഫ് മുന്‍സിപ്പല്‍ ഓഫീസര്‍ സുഭാഷ് പി.കെ എന്നിവരായിരുന്നു സമിതിയംഗങ്ങള്‍. പ്രസ്തുത സമിതി നടത്തിയ അന്വേഷണത്തില്‍ സിആര്‍ഇസഡ് നിയമങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നുവെന്ന കണ്ടെത്തല്‍ ഉണ്ടായി. അതിന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 2019 മേയ് എട്ടിന് ജസ്റ്റീസ് അരുണ്‍ മിശ്ര, ജസിറ്റീസ് നവീന്‍ സിന്‍ഹ എന്നിവരുടെ ബഞ്ച് നിയമലംഘനം നടത്തി നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവിടുന്നത്. ഈ ഉത്തരവ് പാലിക്കപ്പെടാതെ പോകുന്നതിന്റെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ ആറിന് കോടതി അന്ത്യശാസനം നല്‍കുകയും സെപ്തംബര്‍ 20-നകം പൊളിച്ചു നീക്കിയില്ലെങ്കില്‍ ഗുരതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

കേരള സ്റ്റേറ്റ് സോണല്‍ മാനജ്‌മെന്റ് അഥോറിറ്റി (കെഎസ്ഇസഡ്എംഎ) ചൂണ്ടിക്കാണിക്കുകയും സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്ത നിയമലംഘനങ്ങള്‍ മരട് നഗരസഭയില്‍ പ്രസ്തുത ഫ്‌ളാറ്റുകളുടെ നിര്‍മാണത്തില്‍ നടന്നിട്ടുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. അതില്‍ പ്രധാനം സിആര്‍ഇസഡ് കാറ്റഗറിയില്‍ വരുന്ന പ്രദേശത്ത് നിര്‍മാണാനുമതിക്ക് കെഎസ്ഇസഡ്എംഎയുടെ അനുമതി തേടിയില്ല എന്നതാണ്. അനുമതി തേടാതെ ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കിയത് ആദ്യത്തെ നിയമലംഘനം. 1995-ലെ കാറ്റഗറി അനുസരിച്ച് സിആര്‍ഇസഡ് ഒന്നിലും മൂന്നിലും വരുന്ന മരടില്‍ നിര്‍മാണങ്ങള്‍ പാടില്ലെന്നത് ലംഘിക്കാന്‍ ഒരു പഞ്ചായത്ത് സെക്രട്ടറിക്ക് എങ്ങനെ കഴിഞ്ഞു എന്നതിന് ഇപ്പോഴും കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല (അന്നത്തെ സെക്രട്ടറി മുഹമ്മദ് അഷറഫ് ഇപ്പോള്‍ സര്‍വീസില്‍ ഇല്ലെങ്കിലും അയാള്‍ക്ക് ശിക്ഷ കിട്ടിയത് ഈ വിഷയത്തില്‍ അല്ല. പ്രസ്തുത വിഷയത്തില്‍ വിജിലന്‍സ് കേസ് എടുത്തിട്ടുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കേസ് വിജിലന്‍സ് കോടതിയില്‍ തന്നെ കിടക്കുകയാണ്. എത്ര പ്രതികള്‍, ആരൊക്കെ കുറ്റക്കാര്‍ എന്നു പറഞ്ഞിട്ടില്ല). കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അഥോറിറ്റിയുടെ അനുമതിയില്ലാതെയാണ് നിര്‍മാണം നടക്കുന്നതെന്ന പഞ്ചായത്ത് വിജിലന്‍സിന്റെ കണ്ടെത്തലിനെ തുടര്‍ന്നു നിര്‍മാണം തുടങ്ങിയ സമയത്ത് തന്നെ (പെര്‍മിറ്റ് നല്‍കി ഏകദേശം ഒമ്പത് മാസങ്ങള്‍ കഴിഞ്ഞ്) തീരദേശ പരിപാലന നിയമം ലംഘിച്ചിരിക്കുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ക്ക് സിഇസഡ്എംഎ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ ഹര്‍ജിയുമായി പോയ നിര്‍മാതാക്കള്‍ ഇക്കാര്യം മറച്ചു വയ്ക്കുകയായിരുന്നു. എതിര്‍കക്ഷിയായിരുന്ന നഗരസഭയും ഇക്കാര്യം കോടതിയെ അറിയിച്ചില്ല. മറിച്ചായിരുന്നു സംഭവിച്ചതെങ്കില്‍ ഒരുപക്ഷേ അന്ന് തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കോടതി ആവശ്യപ്പെടുമായിരുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടാകാതെ പോയത് എന്തുകൊണ്ട്?

സിആര്‍ഇസഡ് കാറ്റഗറിയില്‍ വരുന്ന പ്രദേശത്ത് ഒരു നിര്‍മാണാനുമതിക്ക് അപേക്ഷ ലഭിക്കുമ്പോള്‍ അവ, നിയമം അനുസരിച്ച് തന്നെ കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അഥോറിറ്റിക്ക് കൈമാറിയിരുന്നുവെങ്കില്‍ ഇന്നിപ്പോള്‍ മരട് നഗരസഭ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ ഒഴിവാക്കാമായിരുന്നു. അങ്ങനെ നടക്കാത്തതിനു പിന്നില്‍ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടോയെന്നത് വിജിലന്‍സ് അന്വേഷണത്തിലൂടെ പുറത്തുവരേണ്ട കാര്യമാണ്. നിയമം അനുസരിച്ച് സിആര്‍ഇസഡ് കാറ്റഗറി ഒന്നിലും നാലിലും (കടലോരം) ഒരു നിര്‍മാണങ്ങളും പാടില്ല. കാറ്റഗറി ഒന്നെന്നു പറയുന്നിടം ചെളിയും കണ്ടല്‍കാടുകളും നിറഞ്ഞയിടമായിരിക്കും. മരടിന്റെ മുന്‍ ചിത്രങ്ങള്‍ മനസിലുള്ളവര്‍ക്കെല്ലാം ഇക്കാര്യം വ്യക്തമാകുന്നതാണ്. അത്തരം പ്രദേശങ്ങളില്‍ യാതൊരു കാരണവശാലും നിര്‍മാണം നടത്തരുതെന്നാണ്. കാറ്റഗറി മൂന്നില്‍ തീരത്തു നിന്നും 200 മീറ്റര്‍ പരിധി വിട്ട് മാത്രമാണ് അനുമതി. ഇനി ഫ്‌ളാറ്റ് ഉടമകളും നഗരസഭയും ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ മരട് സിഇസഡ്ആര്‍ കാറ്റഗറി രണ്ടില്‍ വരുന്നതാണെങ്കില്‍ പോലും നിര്‍മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ട്. സിആര്‍ഇസഡ് കാറ്റഗറിയിലെ വ്യത്യാസമാണ് ഇപ്പോള്‍ തങ്ങളെ ഉദ്യോഗസ്ഥര്‍ ചതിക്കുകയായിരുന്നുവെന്ന ആരോപണം ഉയര്‍ത്താന്‍ ഫ്‌ളാറ്റ് ഉടമകള്‍ ഉന്നയിക്കുന്നത്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മരട് നഗരസഭയാണ് കാറ്റഗറി രണ്ടിലാണ് മരട് ഇപ്പോള്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നു വാദിക്കുന്നത്. 2010 ഒക്ടോബര്‍ ഒന്നിനാണ് സെപ്ഷ്യല്‍ ഗ്രേഡ് 2 ല്‍ ആയിരുന്ന മരട് ഗ്രാപഞ്ചായത്ത് നഗരസഭയായി അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നത്. ഹൈലി ഡവലപ്പഡ് ഏരിയ ആയി മാറുന്ന പ്രദേശമായതിനാല്‍ മരട് സ്വഭാവികമായി സിആര്‍ഇസഡ് കാറ്റഗറി രണ്ടില്‍ പെടുമെന്നായിരുന്നു നഗരസഭയുടെ വാദം. കാറ്റഗറി രണ്ടില്‍ നിര്‍മാണാനുമതികള്‍ക്ക് കാറ്റഗറി മൂന്നിലെപ്പോലെ കര്‍ശന നിയന്ത്രണങ്ങള്‍ ഇല്ലെന്നതായിരുന്നു വാദം. ഈ വാദം തന്നെയാണ് ഫ്‌ളാറ്റ് ഉടമകളും ഇപ്പോള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഇതിനകത്ത് തിരിച്ചറിയേണ്ട ഒരു യാഥാര്‍ത്ഥ്യം മരട് പഞ്ചായത്ത് നഗരസഭയായി ഉയര്‍ത്തപ്പെട്ടത്തോടെ സിആര്‍ഇസഡ് കാറ്റഗറി മൂന്നില്‍ നിന്നും രണ്ടായി റീനോട്ടിഫൈ ചെയ്‌തെന്നു നഗരസഭ പറയുമ്പോഴും അങ്ങനെയൊരു റീ നോട്ടിഫിക്കേഷനുള്ള അംഗീകാരം കേന്ദ്രസര്‍ക്കാരില്‍ നിന്നും കിട്ടിയിട്ടില്ല എന്നതാണ്. അങ്ങനെ വരുമ്പോള്‍ സിആര്‍ഇസഡ് മാപ്പിംഗില്‍ മരട് ഇപ്പോഴും കാറ്റഗറി ഒന്നിലും മൂന്നിലും തന്നെയാണ് വരുന്നത്. ഇനി കാറ്റഗറി രണ്ടില്‍ തന്നെയാണ് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന വാദം അംഗീകരിക്കുകയാണെന്നിരിക്കട്ടെ, അപ്പോഴും നിയമ പ്രശ്‌നം ഉണ്ട്. കാറ്റഗറി രണ്ടില്‍ തീരത്തു നിന്നും അമ്പത് മീറ്റര്‍ മാറിയേ നിര്‍മാണം നടത്താവൂ എന്നുണ്ട്. എങ്ങനെയാണ് അമ്പത് മീറ്റര്‍ അളക്കുക? ഹൈ ടൈഡ് ലൈനില്‍ നിന്നും അമ്പത് മീറ്റര്‍ മാറിയെന്നാണ് നിയമം പറയുന്നത്. അതായത്, ജലാശയത്തില്‍ വേലിയേറ്റം ഉണ്ടാകുമ്പോള്‍ അതെവിടെ വരെ വ്യാപിച്ച് ഒഴുകുന്നുവോ അവിടം തൊട്ട് അമ്പത് മീറ്റര്‍ ദൂരം മാറി. പുറമേ ഒഴുകുന്ന വെള്ളം മാത്രമല്ല പരിഗണിക്കുന്നത്, താഴെക്കൂടിയുള്ള ഉറവകളും പരിഗണിക്കും. ഇതിന് തടസം ഉണ്ടാക്കാത്തവിധം വേണം നിര്‍മാണം നടത്താന്‍. മാത്രമല്ല, ഈ പ്രദേശത്ത് 1991-നു മുമ്പ് ഏതെങ്കിലും നിര്‍മാണം ഉണ്ടായിരിക്കുകയും വേണം. ആ നിര്‍മാണം എത്ര ചതുരശ്ര അടിയില്‍ ആണോ അത്രയും തന്നെ അളവില്‍ നിര്‍മാണം നടത്താം എന്നുമാണ് പറയുന്നത്. റോഡ് സൗകര്യങ്ങള്‍ അവിടെ മുന്‍പേ തന്നെ ഉണ്ടോയെന്നതും പരിഗണിക്കും. ഈവക കാര്യങ്ങള്‍ നോക്കിയാല്‍ പ്രസ്തുത അഞ്ചു ഫ്‌ളാറ്റുകളും തിരദേശപരിപാല നിയമം ലംഘിച്ചിരിക്കുന്നുവെന്ന കാണാം. ഇവിടെ മിക്ക ഫ്ലാറ്റുകളും നിര്‍മിച്ചിരിക്കുന്നത് കായല്‍ തീരത്ത് നിന്ന് വെറും പത്തു മീറ്റര്‍ അകലെയാണ്. കടത്തുകടവ് ഉണ്ടായിരുന്ന സ്ഥലത്താണ് ഹോളി ഫെയ്ത്ത് എച്ച്ടുഒ നിര്‍മിച്ചിരിക്കുന്നത്. ഇതുപോലെ തന്നെയാണ് മറ്റു ഫ്‌ളാറ്റുകളും വാട്ടര്‍ ഫ്രണ്ടേജിന് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളില്‍ ഒരിടത്തും തന്നെ മുന്‍പ് അതേ വിസ്തൃതിയില്‍ കെട്ടിടങ്ങള്‍ ഉണ്ടായിരുന്നുമില്ല. അതു മാത്രമല്ല, കെഎസ്ഇസഡ്എംഎ അനുശാസിക്കുന്ന ഭൂവിസ്തൃതാനുപാതം(ഫ്‌ളോര്‍ ഏരിയ റേഷ്യു-FAR) ലംഘിച്ചുമാണ് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. പരമാവധി മുപ്പതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മാണം പാടുള്ളൂവെന്നൊക്കെ പറയുന്നിടത്ത് അതിലും കൂടുതലാണ് നിര്‍മാണം നടന്നിരിക്കുന്നത്. കെട്ടിടത്തിന്റെ ഉയരവും നിയമലംഘനമാണ്. ഇവയൊക്കെ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്ന വസ്തുതകളാണ്.

അതായത്, നിയമലംഘനം നടന്നിട്ടുണ്ടെന്നത് സുപ്രീം കോടതിയില്‍ മാത്രം തെളിഞ്ഞതല്ല എന്ന് വ്യക്തം. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍മാതാക്കള്‍ക്ക് അനുകൂലമായി ഉത്തരവ് നല്‍കിയത് നിര്‍മാണം പൂര്‍ത്തിയായൊരു ഘട്ടത്തില്‍ എതിര്‍വാദങ്ങളുമായി എത്തിയെന്ന ഒറ്റക്കാരണം കൊണ്ടാണ്. അതേസമയം തന്നെ കോടതി പറഞ്ഞിരിക്കുന്നത് നിയമലംഘനം നടത്തി നിര്‍മാണം നടത്താന്‍ സഹായിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേയെല്ലാം അന്വേഷണം നടത്തി നടപടിയെടുക്കണം എന്നാണ്. അങ്ങനെയൊരു നിര്‍ദേശം കോടതി നല്‍കിയതിലൂടെ ഈ നിര്‍മാണങ്ങള്‍ക്കു പിറകില്‍ കള്ളത്തരങ്ങള്‍ നടന്നിരിക്കുന്നു എന്ന തെളിഞ്ഞതുകൊണ്ടാണ്. ആ കള്ളത്തരങ്ങള്‍ ബില്‍ഡേഴ്‌സിന്റെ ആര്‍ക്കിടെക്റ്റിന്റെ ഇടപെടല്‍ മുതല്‍ നടന്നിട്ടുണ്ട്. നിയമം അറിയാവുന്നൊരാള്‍ കൂടിയായ ആര്‍ക്കിടെക്റ്റ് ബില്‍ഡിംഗ് പ്ലാന്‍ വരയ്ക്കുമ്പോള്‍ തന്നെ ഇത് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും അതിന്റെ പ്രശ്‌നങ്ങള്‍ ധരിപ്പിക്കേണ്ടതുമാണ്. അതുണ്ടായിട്ടില്ല. പഞ്ചായത്തില്‍ ബില്‍ഡിംഗ് പെര്‍മിഷന് വരുമ്പോള്‍ സെക്രട്ടറി ബില്‍ഡിംഗ് ഇന്‍സ്‌പെക്ടറെയോ ഓവര്‍സിയറയോ വിട്ട് സ്ഥലപരിശോധന നടത്തിക്കേണ്ടതുണ്ട്. അവര്‍ കൃത്യമായി പരിശോധന നടത്തിയിരുന്നുവെങ്കില്‍ തീരദേശ നിയന്ത്രണ മേഖലയിലാണ് കെട്ടിടം നിര്‍മിക്കാന്‍ പോകുന്നുവെന്ന കാര്യം മനസിലാക്കുകയും അക്കാര്യം സെക്രട്ടറിയെ അറിയിക്കുകയും ചെയ്യുമായിരുന്നു. സാധാരണ പെര്‍മിറ്റിന് വേണ്ടി സ്ഥലപരിശോധന, ആധാരം പരിശോധന, ലൊക്കേഷന്‍ സ്‌കെച്ച് പരിശോധന എന്നിവയെല്ലാം നടത്തേണ്ടതുണ്ട്. ഇവിടെ അതൊന്നും നടന്നിട്ടില്ലായിരിക്കാം. നടന്നിരുന്നുവെങ്കില്‍ യാതൊരു കാരണവശാലും പെര്‍മിറ്റ് നല്‍കില്ലായിരുന്നു. മാത്രമല്ല, തീരത്തെ നിര്‍മിതിക്ക് പഞ്ചായത്തിനു മാത്രമായി അനുമതി നല്‍കാനും കഴിയില്ല. കായല്‍ തീരത്ത് നിര്‍മാണം നടത്തുകയാണെങ്കില്‍ അതിനു മുമ്പായി കായലിന് സംരക്ഷണ ഭിത്തി കെട്ടണം. അതിനുള്ള അനുമതി നല്‍കേണ്ടത് പഞ്ചായത്തോ മുന്‍സിപ്പാലിറ്റിയോ അല്ല, റവന്യൂ വിഭാഗമാണ്. കായല്‍ അതിര്‍ത്തി എവിടെ വരെ ഉണ്ടായിരുന്നുവെന്ന് അളന്ന് രേഖപ്പെടുത്തേണ്ടത് റവന്യു ഉദ്യോഗസ്ഥരാണ്. കയ്യേറ്റം നടന്നിട്ടുണ്ടോയെന്നും കണ്ടെത്തണം. ഈ നിര്‍മാണങ്ങള്‍ എല്ലാം തന്നെ കായല്‍ പുറമ്പോക്കില്‍ ഉള്ളവയാണ്. എന്നാല്‍ ഇതിനൊന്നും വേണ്ട വിധത്തില്‍ അന്വേഷണങ്ങളോ പരിശോധനകളോ നടന്നിട്ടില്ല എന്നതാണ് സുഗമമായി നിര്‍മാതാക്കള്‍ക്ക് കിട്ടിയ ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ വ്യക്തമാക്കുന്നത്. അങ്ങനെ കിട്ടിയ പെര്‍മിറ്റ് തന്നെയാണ് പിന്നീടവര്‍ക്ക് കോടതിയില്‍ സഹായകമായതും. കോടതിയില്‍ നിന്നും കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നും ഉണ്ടാകാതിരുന്നതും ഉപകാരപ്പെട്ടു. കോടതി ചോദ്യങ്ങള്‍ ഉയര്‍ത്തണമായിരുന്നുവെങ്കില്‍ എതിര്‍ഭാഗത്തുണ്ടായിരുന്ന നഗരസഭ കാര്യങ്ങള്‍ വ്യക്തമായി ധരിപ്പിക്കണമായിരുന്നു. അങ്ങനെയൊന്നും തന്നെ ഉണ്ടായില്ല. നഗരസഭ കോടതിയില്‍ മൗനം പാലിച്ചുവെന്ന ആരോപണത്തിന് അടിസ്ഥാനമിതാണ്. അങ്ങനെയൊരു മൗനം ഉണ്ടായെങ്കില്‍ അതെന്തുകൊണ്ടാണെന്ന് കണ്ടേത്തേണ്ടതുമുണ്ട്.

അതിലേക്കുള്ള ആദ്യത്തെ പടിയാണ് മുന്‍ സെക്രട്ടറി മുഹമ്മദ് അഷറഫ്. ഇയാള്‍ക്കെതിരേയുള്ള ഒരു കൈക്കൂലി കേസ് ഇപ്പോഴത്തെ സംഭവങ്ങളുടെ തുടക്കമായി പറയുന്നുണ്ട്. 2007-ല്‍ അഷറഫ് മരട് പഞ്ചായത്തില്‍ സെക്രട്ടറിയായി ഇരിക്കുമ്പോള്‍ സുരേഷ് മേനോന്‍ എന്നയാള്‍ വീട് നമ്പര്‍ കിട്ടാന്‍ വേണ്ടി പഞ്ചായത്തിനെ സമീപിച്ചിരുന്നു. നാലായിരം അടി ചതുരശ്ര അടി വിസ്തീര്‍ണമുള്ള സുരേഷ് മേനോന്റെ വീടിന് നമ്പര്‍ നല്‍കാന്‍ വേണ്ടി അഷറഫ് 22,000 രൂപ കൈക്കൂലി ചോദിച്ചു. ഇക്കാര്യം സുരേഷ് വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നിര്‍ദേശിച്ചതിന്‍ പ്രകാരം ആവശ്യപ്പെട്ട കൈക്കൂലി തുകയുമായി സുരേഷിന്റെ സുഹൃത്ത് വി.ജി അനില്‍ കുമാര്‍ എന്നയാള്‍ അഷറഫിനെ സമീപിച്ചു. പണം കൈമാറിയ ഉടന്‍ തന്നെ വിജിലന്‍സ് അഷറഫിനെ പിടികൂടി. തുടര്‍ന്നുണ്ടായ കേസില്‍ അഷറഫിന് മൂന്നുവര്‍ഷത്തെ ജയില്‍വാസം ശിക്ഷയായി കിട്ടി. പിന്നീട് ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തു. അഷറഫിന്റെ അറസ്റ്റും ഇയാള്‍ ചെയ്ത അഴിമതികളുമാണ് മരടില്‍ നടന്ന പല ക്രമക്കേടുകളിലേക്കും വഴി തുറന്നത്. അതിന്റെ ഭാഗമായിരുന്നു ഫ്‌ളാറ്റ് നിര്‍മാണത്തിനു പിന്നില്‍ നടന്ന നിയമലംഘനങ്ങളും പുറത്തു വന്നത്.

എന്നാല്‍ ഫ്‌ളാറ്റ് നിര്‍മാണത്തില്‍ നടന്ന നിയമലംഘനങ്ങളുടെ പേരില്‍ അഷറഫിനെതിരേ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. ഇക്കാര്യത്തില്‍ ആദ്യം ലോകായുക്തയില്‍ പരാതി പോവുകയും അവിടെ നിന്നും കേസ് വിജിലന്‍സ് കോടതിയില്‍ എത്തുകയും ചെയ്‌തെങ്കിലും മൂന്നുവര്‍ഷത്തോളമായി ഇതുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ അറിവായിട്ടില്ല. ഫ്‌ളാറ്റ് നിര്‍മാതാക്കളും പഞ്ചായത്ത് റവന്യൂ ഉദ്യോഗസ്ഥരും അടക്കം പലരും ഈ കേസില്‍ പ്രതികളാക്കപ്പെടേണ്ടതാണെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. എ്ന്നാല്‍ എത്രപേരിലേക്ക് ഈ കേസ് നീളുമെന്ന കാര്യത്തില്‍ അവര്‍ തന്നെ സംശയം ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഇനി ചിലപ്പോള്‍ കേസിനും ചൂടു പിടിച്ചേക്കാമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.

ഫ്‌ളാറ്റ് നിര്‍മാതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയെന്നു പറയുന്ന ഈ അഴിമതിയില്‍ അറിയാതെ കുടുങ്ങിപ്പോയവരാണ് തങ്ങളെന്ന വാദമാണ് ഫ്‌ളാറ്റ് ഉടമകള്‍ക്കുള്ളത്. എന്നാല്‍ 2007 മുതല്‍ നിയമപ്രശ്ത്തില്‍ കിടക്കുന്ന ഫ്‌ളാറ്റുകള്‍ 90 ലക്ഷം വരെ മുടക്കി സ്വന്തമാക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങളെക്കുറിച്ചും അന്വേഷിച്ചിരുന്നില്ലേ എന്ന ചോദ്യമാണ് നിയമവിദഗ്ദര്‍ ഫ്‌ളാറ്റ് ഉടമകളോട് തിരിച്ചു ചോദിക്കുന്നത്. രജിസ്ട്രേഷന് മുന്നോടിയായി നഗരസഭയില്‍ തിരക്കിയാല്‍ തന്നെ മനസിലാകുന്ന കാര്യമായിരുന്നു ഇതെന്നും അതിനു തയ്യാറാകാതിരുന്നത് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ നല്‍കിയ ഉറപ്പ് കാരണമായിരുന്നോ എന്നും ചോദ്യമുണ്ട്. സിആര്‍എസഡ് കാറ്റഗറിയും ഹൈക്കോടതി വിധിയും മുന്നില്‍ വച്ചാണ് ഫ്‌ളാറ്റ് ഉടമകള്‍ ഇപ്പോള്‍ തങ്ങളെ കുടിയിറക്കുന്നത് നിയമവിരുദ്ധമാണെന്ന് വാദിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിയില്‍ തന്നെ നിര്‍മാണത്തില്‍ അഴിമതി ഉണ്ടായിട്ടുണ്ടെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമുള്ള കാര്യങ്ങള്‍, പക്ഷേ ഫ്‌ളാറ്റ് ഉടമകള്‍ മനസിലാക്കുന്നില്ല. സിആര്‍ഇസഡ് കാറ്റഗറി രണ്ടില്‍ ആണ് തങ്ങളെന്നു വാദിക്കുമ്പോഴും സിഇസഡ്എംഎയുടെ അനുമതി വാങ്ങാതെയാണ് ബില്‍ഡിംഗ് പെര്‍മിറ്റ് നിര്‍മാതാക്കള്‍ സ്വന്തമാക്കിയെന്ന യാഥാര്‍ത്ഥ്യത്തോടും ഫ്‌ളാറ്റ് ഉടമകള്‍ പ്രതികരിക്കുന്നില്ല. ഫ്‌ളാറ്റ് ഉടമകള്‍ ഉയര്‍ത്തുന്ന മറ്റൊരു പരാതി സുപ്രീം കോടതി തങ്ങളുടെ വാദം കേട്ടില്ല എന്നതാണ്. യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതിയില്‍ എത്തിയത് നിര്‍മാതാക്കള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നടന്ന കേസിന്റെ അപ്പീലാണ്. ഈ കേസ് വരുമ്പോള്‍ ഇപ്പോഴുള്ള ഫ്‌ളാറ്റ് ഉടമകളാരും തന്നെ ചിത്രത്തില്‍ ഇല്ല. അതുകൊണ്ട് തന്നെ സുപ്രീം കോടതിക്ക് ഫ്‌ളാറ്റ് ഉടമകളെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ പറയേണ്ട കാര്യവുമില്ല. അതേസമയം തന്നെ സുപ്രീം കോടതി ഒരു മൂന്നംഗ കമ്മീഷനെ നിയോഗിച്ചപ്പോള്‍, സമിതിക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ ഒന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാവരേയും കേള്‍ക്കേണ്ടതുണ്ട് എന്നാണ്. അതില്‍ ഫ്‌ളാറ്റ് ഉടമകളും വരും. അവരുടെ ഭാഗം കൂടി കേട്ട ശേഷം വേണം റിപ്പോര്‍ട്ട് തയ്യാറാക്കാനെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രസ്തുത സമിതി ഫ്‌ളാറ്റ് ഉടമകളുമായി ബന്ധപ്പെട്ടില്ലെന്നാണ് ഉടമകള്‍ ഉയര്‍ത്തുന്ന പരാതി. എങ്കില്‍ അക്കാര്യം അപ്പോള്‍ തന്നെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് സുപ്രീം കോടതിയെ ധരിപ്പിക്കാന്‍ അവസരം ഉണ്ടായിരുന്നു. അതെന്തു കൊണ്ട് ചെയ്തില്ല എന്നത് അവര്‍ മറുപടി പറയേണ്ട ചോദ്യമാണ്. അതു മാത്രമല്ല, ഇവര്‍ ഫ്‌ളാറ്റ് വാങ്ങുമ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് കേസ് കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നറിഞ്ഞിട്ടും അപ്പോഴൊന്നും കേസില്‍ കക്ഷി ചേരാന്‍ ആരും തയ്യാറായില്ലെന്നതും ഉടമകളുടെ ഭാഗത്തു നിന്നും വന്ന വീഴ്ച്ചയാണ്. ഒരുപക്ഷേ, അവര്‍ക്ക് കിട്ടിയ നിയമോപദേശം വച്ച്, ആ സമയത്ത് കക്ഷി ചേരുകയും അവരുടെ ഭാഗം കൂടി കേട്ടശേഷം സുപ്രീം കോടതി ഒരു അന്തിമ വിധി പുറപ്പെടുവിക്കുമ്പോള്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാനാണ് തീരുമാനം വരുന്നതെങ്കില്‍ പിന്നീട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു വരും. അതുകൊണ്ട് ഒരു വിധി വന്നശേഷം തങ്ങളെ കേള്‍ക്കണം എന്നു കോടതിയോട് ആവശ്യപ്പെടാം എന്നതായിരിക്കാം അവര്‍ക്ക് കിട്ടിയ നിയമോപദേശം. ഇത്തരമൊരു അനുമാനത്തോട് ഫ്‌ളാറ്റ് ഉടമകള്‍ യോജിക്കുന്നില്ലെങ്കിലും ഉണ്ടായിരുന്ന അവസരം നഷ്ടപ്പെടുത്തിയില്ലേ എന്ന ചോദ്യത്തോട് അവര്‍ മൗനം പാലിക്കുന്നുണ്ട്. ഇപ്പോള്‍ അവര്‍ നല്‍കിയിരിക്കുന്ന ക്യുറേറ്റീവ് ഹര്‍ജിയില്‍ എത്രകണ്ട് അനുകൂല തീരുമാനം ഉണ്ടാകുമെന്നതും സംശയമാണ്. കാരണം, ഒരു ഉത്തരവില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടോ എന്നു പരിശോധിക്കാനുള്ള അപേക്ഷ മാത്രമാണ് ക്യുറേറ്റീവ് ഹര്‍ജി (ശബരിമല ഉത്തരവില്‍ നല്‍കിയ ക്യൂറേറ്റീവ് ഹര്‍ജി ഉദാഹരണം). ഇതെത്തുന്നത് ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്ന അതേ ജഡ്ജിമാരുടെ മുന്നില്‍ തന്നെയാണ്. ഫ്‌ളാറ്റ് പൊളിച്ചേ മതിയാകൂ എന്ന കടുംപിടുത്തം പിടിച്ചു നില്‍ക്കുന്ന ജസ്റ്റീസ് അരുണ്‍ മിശ്ര ഇക്കാര്യത്തില്‍ എന്തെങ്കിലും അനുകൂലമായി ചെയ്യുമോ എന്നു മാത്രമാണ് ഇനി പ്രതീക്ഷിക്കാനുള്ളത്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ കേരളത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നൊരു കുടിയൊഴിപ്പിക്കല്‍ വരും ദിവസങ്ങളില്‍ സംഭവിക്കും.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍