UPDATES

ട്രെന്‍ഡിങ്ങ്

‘ഒരു സംശയവും വേണ്ട, യൂണിയന് ആരോടും രാഷ്ട്രീയവിധേയത്വമില്ല; പിന്നോട്ടടിക്കാനല്ല, മുന്നോട്ടുള്ള കുതിപ്പാണ് ഞങ്ങളുടേയും ലക്ഷ്യം’; കൊച്ചി മെട്രോയില്‍ ആദ്യ തൊഴിലാളി യൂണിയന്‍ ആരംഭിക്കുമ്പോള്‍

യൂണിയന്‍ എന്നത് കൊടി പിടിച്ച് സമരം ചെയ്ത് സ്ഥാപനത്തെ പൂട്ടാനുള്ള ഒന്നാണെന്ന ചിന്ത മാറണമെന്ന് യൂണിയന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന തൊഴിലാളി വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കൊച്ചി മെട്രോ പ്രവര്‍ത്തനം തുടങ്ങി രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ആദ്യ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. കൊച്ചി മെട്രോ എംപ്ലോയീസ് യൂണിയന്‍ (കെഎംഇയു) എന്ന പേരില്‍ സ്ഥാപിതമായ ഈ തൊഴിലാളി സംഘടനയുടെ രൂപീകരണത്തിനു പിന്നാലെ ചില സംശയങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലെ യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകാറുള്ള അതേ സംശയങ്ങളും വിമര്‍ശനങ്ങളുമാണ് സംസ്ഥാനത്തിന്റെ അഭിമാനമായൊരു പദ്ധതയിലെ തൊഴിലാളി യൂണിയനെ കുറിച്ചും ഉള്ളത്. എന്നാല്‍ തെറ്റിദ്ധരിക്കേണ്ടതായ ഒന്നും തങ്ങളുടെ യൂണിയനുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ട ആവശ്യമില്ലെന്നാണ് കെഎംഇയു ഭാരവാഹികള്‍ പറയുന്നത്. രാജ്യന്തര തലത്തില്‍ കൊച്ചി മെട്രോയെ മുന്നിലെത്തിക്കാനുള്ള പ്രോത്സാഹനവും പിന്തുണയുമായി കൂടെ നില്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കെഎംഇയു പറയുന്നു. കൊച്ചി മെട്രോ എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി സിബി എം.എം ഈ വിഷയത്തില്‍ അഴിമുഖത്തോട് പറയുന്ന കാര്യങ്ങള്‍.

പ്രവര്‍ത്തനമാരംഭിച്ച് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ സുഗമമായ ട്രാക്കിലൂടെ മുന്നോട്ടു കുതിക്കുകയാണ് കൊച്ചി മെട്രോ. ഈ യാത്ര ലോകത്തിന് തന്നെ മാതൃകയാക്കുന്ന തലത്തില്‍ ഉയരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. കൊച്ചി മെട്രോ നിലനില്‍ക്കേണ്ടത് മറ്റാരെക്കാളും അത്യാവശ്യം അതിലെ ജീവനക്കാരായ ഞങ്ങള്‍ക്കാണ്. അതുകൊണ്ട് ഒരുവിധത്തിലും പിന്നോട്ടടിക്കാനല്ല, മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജമേകാനാണ് കെഎംഇയു ശ്രമിക്കുക.

കൊച്ചി മെട്രോ മുന്നോട്ടു വച്ചിട്ടുള്ള കുറെ മാതൃകകളുണ്ട്. പരിസ്ഥിതി സൗഹാര്‍ദ്ദവും ലിംഗ നീതിയും ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുമൊക്കെ കൊച്ചി മെട്രോ കേരളത്തിനു വേണ്ടി ഈ രാജ്യത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന മാതൃകകളാണ്. ഇതിനെ പിന്തുടരുന്നൊരു സംസ്‌കാരമായിരിക്കും കെഎംഇയു പിന്തുടരുന്നത്. സാധാരണ ഒരു യൂണിയന്‍ എന്നു കേള്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്ന ചില ധാരണകളുണ്ട്. എന്നാല്‍ വാര്‍പ്പ് മാതൃകകളെ പിന്തുടര്‍ന്നു രൂപീകരിക്കപ്പെട്ട ഒന്നല്ല കെഎംഇയു. എന്തെങ്കിലും ആഭ്യന്തര പ്രശ്‌നത്തിന്റെ പേരില്‍ തുടങ്ങിയതുമല്ല. പൊതുവില്‍ യൂണിയനുകള്‍ തുടങ്ങുന്നത് തൊഴിലടത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളുടെ പേരിലായിരിക്കും. വേതന വ്യവസ്ഥയൊക്കെ അത്തരം കാരണങ്ങളായി വരാറുണ്ട്. കൊച്ചി മെട്രോയില്‍ വേതന വ്യവസ്ഥയിലോ തൊഴില്‍ എടുക്കുന്നതിലോ എന്തെങ്കിലും പ്രശ്‌നങ്ങളോ പ്രതിഷേധങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. ചെറിയ പ്രശ്‌നങ്ങള്‍ വന്നാല്‍ പോലും അവ ഇതിനുള്ളില്‍ തന്നെ പരിഹരിക്കപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. സങ്കീര്‍ണമായ എന്തെങ്കിലും പ്രശ്‌നങ്ങളുടെ പേരില്‍ മാനേജ്‌മെന്റിനെ സമീപിക്കേണ്ട ആവശ്യവും ഇതുവരെ വന്നിട്ടില്ല.

ജീവനക്കാരുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുക, സൊസൈറ്റി സംരംഭങ്ങള്‍ രൂപീകരിക്കുക, ജീവനക്കാരുടെ കലാ, കായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളുമൊക്കെ നമ്മള്‍ ലക്ഷ്യമിടുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ ഒരു സംഘടന സംവിധാനം വേണമെന്ന ചിന്തയിലാണ് യൂണിയന്‍ ആരംഭിക്കുന്നത്. കുറെക്കാലമായി ഇത്തരമൊരു ആലോചനയിലായിരുന്നു. മാനേജ്‌മെന്റ് തലത്തില്‍ മെട്രോ പ്രൊജക്റ്റും മറ്റുകാര്യങ്ങളുമായി തിരക്കു വന്നതിന്റെ അടിസ്ഥാനത്തിലാണ് കാലതാമസം വന്നത്. മെട്രോ തുടങ്ങി രണ്ടു വര്‍ഷം കഴിഞ്ഞു, കാര്യങ്ങളൊക്കെ സുഗമമായി പോകാന്‍ തുടങ്ങിയതോടെ ഒരു യൂണിയന്‍ രൂപീകരിച്ചു എന്നതുമാത്രമാണ് കെഎംഇയുവിന്റെ പിറവിയുടെ പിന്നിലുള്ള വസ്തുത.

ഇപ്പോള്‍ 170-ഓളം പേര്‍ യൂണിയനില്‍ അംഗത്വം എടുത്തിട്ടുണ്ട്. തുടര്‍ ദിവസങ്ങളില്‍ കൂടുതല്‍ പേരെ അംഗങ്ങളാക്കുകയെന്നതാണ് ലക്ഷ്യം. നിലവില്‍ കൊച്ചി മെട്രോയില്‍ സ്ഥിരം ജീവനക്കാരായവര്‍ മാത്രമാണ് യൂണിയനില്‍ ഉള്ളത്. കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വിഭാഗങ്ങളെ അംഗങ്ങളാക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ല.

കെഎംഇയു ഏതെങ്കിലും രാഷ്ട്രീയ സംഘടനയുടെ ഭാഗമല്ല. ഞങ്ങള്‍ സ്വതന്ത്രമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. ചില ഭാഗങ്ങളില്‍ നിന്നുള്ള വിമര്‍ശനം സിഐടിയുവുമായി അഫിലേയഷന്‍ ഉണ്ടെന്നാണ്. ഞങ്ങള്‍ക്കിപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. സഖാവ് ചന്ദ്രന്‍ പിള്ളയെ പോലുള്ളവര്‍ യൂണിയന്‍ രൂപീകരണ ചടങ്ങില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയമൊന്നും കാണേണ്ടതില്ല. ഞങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ മുന്‍പരിചയം ഇല്ല. അതുകൊണ്ട് അനുഭവ പരിചയം ഉള്ള ചിലരുടെ പിന്തുണ ആദ്യഘട്ടത്തില്‍ തേടിയെന്നു മാത്രം. അതിനെ രാഷ്ട്രീയവത്കരിച്ചു കാണേണ്ട കാര്യമില്ല. നാളെ പെട്ടെന്നൊരു ദിവസം കൊണ്ടുപോയി രാഷ്ട്രീയ സംഘടനയുമായി കൂട്ടിക്കെട്ടുമെന്ന സംശയവും വേണ്ട. നേതൃതലത്തില്‍ പെട്ടെന്നൊരു തീരുമാനം എടുത്ത് നടപ്പാക്കാന്‍ കഴിയില്ല. ഞങ്ങള്‍ തയ്യറാക്കിയ ബൈലോ അനുസരിച്ച് ഏതൊരു തീരുമാനം എടുക്കാനും സംഘടനയിലെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. ആ ഭൂരിപക്ഷത്തിന്റെ തീരുമാനം അനുസരിച്ചുള്ള കാര്യങ്ങളെ നടപ്പക്കാന്‍ പറ്റൂ.

ഞങ്ങള്‍ വീണ്ടും ഉറപ്പിച്ചു പറയുന്നു, കെഎംഇയു കൊച്ചി മെട്രോയുടെ വികസനത്തിന് ഒപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഞങ്ങളാരോടെങ്കിലും വിധേയത്വം കാണിച്ചോ ആരോടെങ്കിലുമുള്ള എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചോ മുന്നോട്ടു പോകാനല്ല ആഗ്രഹിക്കുന്നത്. ചൂണ്ടിക്കാണിക്കേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതു ചെയ്യും. നിര്‍ദേശങ്ങള്‍ നല്‍കാനുണ്ടെങ്കില്‍ അതും ചെയ്യും. അനുഭവ പരിചയമുള്ള ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ കൂടെയുണ്ട്. അതുകൊണ്ട് ഞങ്ങളുടെതായ നിര്‍ദേശങ്ങള്‍ നല്‍കി പോസിറ്റീവായി കൊച്ചി മെട്രോയുടെ കുതിപ്പില്‍ ഇടപെടാന്‍ കൊച്ചി മെട്രോ എംപ്ലോയീസ് യൂണിയന്‍ കഴിയുമെന്നു തന്നെയാണ് ഞങ്ങള്‍ ഓരോരുത്തരും വിശ്വസിക്കുന്നത്“, സിബി പറയുന്നു.

രാജ്യത്തെ മറ്റ് മെട്രോ യൂണിയനുകളുടെ ചുവട് പിടിച്ച് ജീവനക്കാരുടെ സംഘടന പ്രവര്‍ത്തനം ആരംഭിക്കുന്നത്. എക്‌സിക്യൂട്ടീവ് വിഭാഗത്തിലെയും എക്‌സിക്യൂട്ടീവ് ഇതര വിഭാഗത്തിലെയും കെഎംആര്‍എല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തിയാണ് സംഘടന രൂപീകരിച്ചത്. അസിസ്റ്റന്റ് എന്‍ജിനിയര്‍ മുതല്‍ മുകളിലേക്കുള്ള എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ 170 പേരാണ് കൊച്ചി മെട്രോയിലുള്ളത്. ഈ വിഭാഗത്തില്‍ നിന്നും കുറച്ച് പേര്‍ മാത്രമാണ് യൂണിയന്‍ അംഗത്വ എടുത്തിരിക്കുന്നത്. അതേസമയം 400 ജീവനക്കാരുള്ള നോണ്‍എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ നിന്ന് 250ലേറെ പേര്‍ യൂണിയനില്‍ ചേര്‍ന്നിട്ടുണ്ട്. യൂണിയന്‍ എന്നത് കൊടി പിടിച്ച് സമരം ചെയ്ത് സ്ഥാപനത്തെ പൂട്ടാനുള്ള ഒന്നാണെന്ന ചിന്ത മാറണമെന്ന് യൂണിയന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന തൊഴിലാളി വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രന്‍ പിള്ളയാണ് യൂണിയന്റെ ലോഗോ പ്രകാശനം ചെയ്തത്. സ്റ്റേഷന്‍ കണ്‍ട്രോളര്‍ കെ. ജയലാലാണ് യൂണിയന്‍ പ്രസിഡന്റ്. സ്റ്റേഷന്‍ എന്‍ജിനിയര്‍ എം.എം സിബിസെക്രട്ടറിയും. യൂണിയന്‍ വരുന്നതോടെ ഹര്‍ത്താല്‍ ദിവസങ്ങളില്‍ മെട്രോയുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന രീതിയിലുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്ന് നേതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍