UPDATES

ട്രെന്‍ഡിങ്ങ്

കൊച്ചി മെട്രോ; ലോകോത്തരം, രാജ്യത്തിന് മാതൃക

ലോകത്തിലെ ഏതൊരു മെട്രോയോടും കിടപിടിക്കുന്ന രീതിയിലുമാണ് കൊച്ചിയില്‍ മെട്രോ പൂര്‍ത്തിയാക്കിയത്

2013 ജൂണ്‍ ഏഴിന് കൊച്ചി മെട്രോ പദ്ധതിയുടെ ഉത്ഘാടന വേളയില്‍  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രഖ്യാപിച്ചതിനേക്കാള്‍ ഒരു വര്‍ഷം കൂടുതലെടുത്തെങ്കിലും ഒരു പരാതിക്കും ഇടനല്‍കാതെയാണ് ആദ്യഘട്ടമായി 13 കിലോമീറ്റര്‍ പദ്ധതി നിര്‍മ്മാണം ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പൂര്‍ത്തിയാക്കിയത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററില്‍ മെട്രോ ട്രാക്കും 11 സ്റ്റേഷനുകളും ഇന്ത്യയില്‍ ഏറ്റവും മികച്ചതെന്ന സാക്ഷ്യപത്രമാണു ചീഫ് മെട്രോ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ കൊച്ചി മെട്രോയ്ക്ക് നല്‍കിയിരിക്കുന്നത്.

സിബിടിസി ഉള്‍പ്പെടെ വ്യത്യസ്തവും നൂതനവുമായ ഒട്ടനവധി സാങ്കേതിക വിദ്യകളും യാത്രാസൗകര്യവും കെഎംആര്‍എല്‍ മെട്രോ ട്രെയിനുകളില്‍ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം സീറ്റുകളുടെ ക്രമീകരണം, സുരക്ഷാ ക്രമീകരണം, വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സ്‌ക്രീനുകള്‍, യുഎസ്ബി പോര്‍ട്ടുകള്‍, അനൌണ്‍സ്‌മെന്റ് തുടങ്ങിയവയെല്ലാം കൊച്ചി മെട്രോ ട്രെയിനുകളെ മറ്റു മെട്രോകളേക്കാള്‍ മികച്ചതും ആകര്‍ഷകവുമാക്കുന്നു.


തികച്ചും വ്യത്യസ്ഥമായ രീതിയിലാണ് മെട്രോയുടെ പതിനൊന്നു സ്റ്റേഷനുകളും രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കൊച്ചിയുടെ പഴമയും വാണിജ്യ സംസ്‌കാരവും സമുദ്ര സഞ്ചാരപ്പെരുമയും പൂക്കളും പക്ഷികളും മല്‍സ്യങ്ങളുമെല്ലാം കലാകാരന്മാരുടെ കരവിരുതില്‍ ഓരോ സ്റ്റേഷനെയും അലങ്കരിക്കുന്നു. റോഡില്‍ നിന്നു പടികള്‍ കയറി മുകളിലെത്തിയാല്‍ മനോഹരമായ കാഴ്ചകളാണ് യാത്രക്കാരെ എതിരേല്‍ക്കുക. ടിക്കറ്റ് എടുത്ത് തൊട്ടുമുകളിലേക്ക് കയറിയാല്‍ പ്ലാറ്റ്‌ഫോം. അങ്ങോട്ട് കടക്കാന്‍ ചെറിയ വിക്കറ്റ് ഗേറ്റുണ്ട്. കാര്‍ഡ് ‘സൈ്വപ്’ ചെയ്യുമ്പോള്‍ ഗേറ്റ് തുറക്കും. പ്ലാറ്റ്‌ഫോമില്‍ കയറിയാല്‍ ട്രെയിന്‍ എത്തുമ്പോള്‍ അകത്തുകയറാം. ട്രെയിന്റെ വാതില്‍ തുറക്കുമ്പോള്‍ ചെണ്ടകൊട്ടും മേളവും കേള്‍ക്കാം. ട്രെയിന്‍ സ്റ്റേഷനിലെത്തുമ്പോള്‍, ആ സ്റ്റേഷന്റെയും സമീപപ്രദേശങ്ങളുടെയും പ്രത്യേകതകള്‍ എല്‍ഇഡി സ്‌ക്രീനില്‍ സൂം ചെയ്തു കാണിക്കും. തൊട്ടടുത്ത സ്റ്റേഷന്റെ അറിയിപ്പും ട്രെയിനിലുണ്ടാകും. മറ്റൊരു മെട്രോയിലും ഇത്തരമൊരു സൗകര്യമില്ല.


ഏറ്റവും ആധുനികമായ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കോച്ചുകളാണ് മെട്രോയുടേത്. ഫുള്‍ എയര്‍ കണ്ടീഷന്‍ഡ് ആയ കൊച്ചി മെട്രോയില്‍ രാജ്യാന്തര നിലവാരമുള്ള ഇന്റീരിയറാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചി മെട്രോയുടെ ഓരോ ട്രെയിനിലും 136 സീറ്റുകളുണ്ട്. ഇരുന്നും നിന്നുമായി 975 പേര്‍ക്ക് യാത്രചെയ്യാം. ബഹളമോ കുലുക്കമോ ഇല്ലാത്തത് കൊണ്ട് നില്‍പ്പ് യാത്രയും സുഖകരമാകും.


വയസ്സായവര്‍ക്കും ശാരീരികമായി വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്കും ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും വേണ്ടി കൊച്ചി മെട്രോയില്‍ മുന്‍ഗണനാ സീറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. ഈ സീറ്റുകളുടെ നിറം സാധാരണ സീറ്റുകളുടേതില്‍ നിന്നും വ്യത്യസ്തമാണ്. ശാരീരികമായി വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കുമായി എല്ലാ മെട്രോ ട്രെയിനുകളിലും നാല് കുഷ്യന്‍ സീറ്റുകളുമുണ്ട്. വീല്‍ ചെയറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ട്രെയിന്‍ ഓപ്പറേറ്ററുടെ തൊട്ടു പുറകിലുള്ള വാതിലിലൂടെ വീല്‍ ചെയറുള്‍പ്പെടെ കയറാന്‍ സാധിക്കും. വീല്‍ ചെയര്‍ ബന്ധിച്ചു വെക്കാനുള്ള സൗകര്യവുമുണ്ട്. ആവശ്യമെങ്കില്‍ ട്രെയിന്‍ ഓപ്പറേറ്ററുടെ സഹായം ഇതിനായി ലഭിക്കും.


രാജ്യത്തെ പല നഗരങ്ങളിലുമുള്ള മെട്രോകളില്‍നിന്നു കൊച്ചി മെട്രോയെ വേറിട്ടുനിര്‍ത്തുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. എവിടെയും ഡെബിറ്റ് കാര്‍ഡ് ആയി ഉപയോഗിക്കാവുന്ന മെട്രോ ടിക്കറ്റ് തന്നെ ഇതില്‍ പ്രധാനം. മറ്റു മെട്രോകള്‍ ടിക്കറ്റ് കാര്‍ഡ് സംവിധാനത്തിനായി കോടികള്‍ ചെലവിട്ടപ്പോള്‍ ആക്‌സിസ് ബാങ്കുമായി ചേര്‍ന്നു ടിക്കറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ആക്കിമാറ്റി 300 കോടിയിലേറെ രൂപയാണു കെഎംആര്‍എല്‍ ലാഭിച്ചത്.

പരിസ്ഥിതിസൗഹൃദ നിര്‍മാണത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ സ്റ്റേഷനുകളിലും മുട്ടം യാര്‍ഡിലും മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സോളാര്‍ പാനലുകളെല്ലാം കൂടെ എകദേശം 2.3 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. മെട്രോ പാളം ഉറപ്പിക്കാന്‍ റോഡിനു നടുവില്‍ പണിതിരിക്കുന്ന കോണ്‍ക്രീറ്റ് തൂണുകള്‍ പൂമരങ്ങളാകുന്നു എന്നതും കൊച്ചി മെട്രോയുടെ മറ്റൊരു പ്രത്യേകതയാണ്. ആലുവ മുതല്‍ പേട്ടവരെ 4000 തൂണുകളാണ് മെട്രോയ്ക്ക് ഉള്ളത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള അറുനൂറോളം തൂണുകളില്‍ ഓരോ ആറാമത്തെ തൂണും മനോഹരമായ ലംബ പൂന്തോട്ടങ്ങളാകും. ഇടയിലുള്ള തൂണുകളില്‍ പരസ്യവും ഉണ്ടാകും. കൂടാതെ ഗ്രീനിങ് കൊച്ചി പദ്ധതിയുടെ ഭാഗമായി കെ എം ആര്‍ എല്‍ ദേശീയപാതയുടെ മീഡിയനുകളിലും മറ്റും ചെടികള്‍ വെച്ചു പിടിപ്പിച്ചിട്ടുമുണ്ട്.


മികച്ച ഒരു മെട്രോ സംവിധാനം കേരളത്തിനു സമ്മാനിക്കുക മാത്രമല്ല, സമഗ്രവും സുഘടിതവുമായ പൊതു ഗതാഗത സംവിധാനത്തിലേക്കു ജനങ്ങളെ കൈപിടിച്ചു നടത്തിക്കുക എന്നത് കൂടിയാണ് കൊച്ചി മെട്രോയുടെ ലക്ഷ്യം. മെട്രോയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ മുതല്‍ പൂര്‍ത്തീകരണംവരെയുള്ള എല്ലാ ഘട്ടങ്ങളിലും ശ്രദ്ധേയമായ നിര്‍വ്വഹണ മികവാണ് കൊച്ചി മെട്രോ കാഴ്ചവെച്ചത്. എന്നും ഗതാകത തടസ്സം വലിയ പ്രശ്‌നമാകുന്ന കൊച്ചിയില്‍ റോഡിനു നടുവിലൂടെ കാര്യമായ തടസ്സങ്ങളൊന്നുമില്ലാതെ, സുരക്ഷിതമായാണ് കെഎംആര്‍എല്‍ മെട്രോ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. കോച്ചുകളുടെ ടെന്‍ഡര്‍ മുതല്‍ മെട്രോയുടെ എല്ലാ ഘട്ടങ്ങളിലും ലാഭമുണ്ടാക്കാനും ചെലവു ചുരുക്കാനും കെഎംആര്‍എല്‍നു കഴിഞ്ഞിട്ടുണ്ട്. അധികച്ചെലവു കുറച്ചുകൊണ്ടും എന്നാല്‍ ലോകത്തിലെ ഏതൊരു മെട്രോയോടും കിടപിടിക്കുന്ന രീതിയിലുമാണ് കൊച്ചിയില്‍ മെട്രോ പൂര്‍ത്തിയാക്കിയത്.

പല പദ്ധതികളിലും എസ്റ്റിമേറ്റിനേക്കാള്‍ രണ്ടും മൂന്നും ഇരട്ടി ചെലവിടുന്ന കേരളത്തിന് ഇതൊരു എടുത്തു പറയാവുന്ന മാതൃകതന്നെയാണ്. ചെറിയ പദ്ധതികള്‍പോലും പൂര്‍ത്തിയാക്കാന്‍ പത്തും പതിനഞ്ചും വര്‍ഷമെടുക്കുന്ന കേരളത്തില്‍ നാലു വര്‍ഷം കൊണ്ടാണ് കെഎംആര്‍എല്‍ പദ്ധതി പൂര്‍ത്തിയാക്കിയത് എന്നതും ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ജൂണ്‍ 17-നാണ് മലയാളികള്‍ കാത്തിരുന്ന കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്യുന്നത്.

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍