UPDATES

സ്വപ്നത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക്; കൊച്ചി മെട്രോ നാള്‍വഴികള്‍

18 കൊല്ലത്തെ കാത്തിരുപ്പാണ്‌ സഫലമാകുന്നത്‌

മലയാളികള്‍ കാത്തിരുന്ന കൊച്ചി മെട്രോ നാളെ യഥാര്‍ഥ്യമാവുകയാണ്. 18 കൊല്ലത്തെ കാത്തിരിപ്പാണ്‌ യഥാര്‍ഥത്തില്‍ കൊച്ചി മെട്രോയ്ക്ക് പിന്നിലുള്ളത്. ഇതിനിടയില്‍ അഞ്ച് തവണ സംസ്ഥാന സര്‍ക്കാരുകള്‍ മാറി. കേന്ദ്രസര്‍ക്കാര്‍ നാലു തവണ മാറി. നാളിതുവരെയുള്ള കൊച്ചി മെട്രോയുടെ ചരിത്രം നോക്കാം-

*1999-ല്‍ ഇകെ നയനാരുടെ എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു കേരളത്തില്‍ മെട്രോ റെയില്‍ പദ്ധതി സാധ്യത പഠനം നടത്തിയത്.

*2005 ജൂലൈയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ (യുഡിഎഫ്) ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ സ്ഥാപിക്കുന്ന നിര്‍ദിഷ്ട മെട്രോ റെയിലിന്റെ പദ്ധതി റിപ്പോര്‍ട്ട് ഡിഎംആര്‍സി (ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍) കേരള സര്‍ക്കാരിന് സമര്‍പ്പിച്ചു.

*2007 ഫെബ്രുവരി 28-ന് കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കു വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭ അംഗീകാരം നല്‍കുകയും സ്പെഷ്യല്‍ ഓഫീസറായി ദക്ഷിണ റയില്‍വേ റിട്ട. അഡീഷനല്‍ ജനറല്‍ മാനേജര്‍ ആര്‍. ഗോപിനാഥന്‍ നായരെ നിയമിക്കുകയും ചെയ്തു.

*2008 ജനുവരി 1-ന് കേരള നിയമസഭ മൂവായിരം കോടി പദ്ധതിക്ക് അംഗീകാരം നല്‍കുകയും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്തു.

*2009 മാര്‍ച്ച് 06-ന് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. കൊച്ചി മെട്രോയുടെ പ്രോജക്ട് ഡയറക്ടറായി ചീഫ് എന്‍ജിനീയര്‍ പി. ശ്രീറാമിനെ ഡിഎംആര്‍സി നിയമിച്ചു.

*2012 ജനുവരി 12-ന് പദ്ധതിയുടെ പൂര്‍ണ ചുമതല ഇ. ശ്രീധരനു നല്‍കി. ഡിഎംആര്‍സി-ക്ക് രാജ്യാന്തര ടെന്‍ഡറില്ലാതെ തന്നെ മെട്രോ കരാര്‍ നല്‍കുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

*2012 ജൂണ്‍ 14-ന് കൊച്ചി മെട്രോ റയിലിനു ‘കോമറ്റ്’ (KOMET) എന്ന പേരിടാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് തീരുമാനിച്ചു. (പിന്നീട് കെ എം ആര്‍ എല്‍ എന്ന് മാറ്റി)

*2012 ഓഗസ്റ്റ് 20-ന് കൊച്ചി മെട്രോ റെയില്‍ കമ്പനി എംഡിയായി ഏലിയാസ് ജോര്‍ജ് ചുമതലയേറ്റു.

*2012 സെപ്റ്റംബര്‍ 13-ന് പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ മോഹന്‍ സിങ് കൊച്ചിയില്‍ നിര്‍വഹിച്ചു.

*2013 ജൂണ്‍ 7-ന് ഔദ്യോഗികമായി പൈലിങ് പണികള്‍ ചങ്ങമ്പുഴ പാര്‍ക്കിനു സമീപം ആരംഭിച്ചു.

*2013 ജൂലൈ 05-ന് മെട്രോ റെയില്‍ പദ്ധതിക്ക് 5537.25 കോടി രൂപയുടെ പുതിയ ബജറ്റ് കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം അംഗീകരിച്ചു.

*2013 നവംബര്‍ 08-ന് മെട്രോ റെയില്‍ നിര്‍മാണത്തിനു സൗത്ത് റയില്‍വേ സ്റ്റേഷനില്‍ സ്ഥലം വിട്ടുകൊടുക്കുന്നതിനു ധാരണയായി.

*2013 ഡിസംബര്‍ 04-ന് കൊച്ചി മെട്രോയുടെ തയാറെടുപ്പുകള്‍ക്കായി 158.68 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നത് 242.47 കോടിയായി ഉയര്‍ത്താന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.

*2014 ജനുവരി 27-ന് ഒന്നാം ഘട്ടത്തില്‍ തന്നെ കൊച്ചി മെട്രോ റെയില്‍ തൃപ്പൂണിത്തുറയിലേക്കു നീട്ടാന്‍ കെഎംആര്‍എല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം അനുമതി നല്‍കി.

*2014 ഫെബ്രുവരി 06-ന് മെട്രോ റെയില്‍ കോച്ചുകള്‍ വാങ്ങാന്‍ വീണ്ടും ടെന്‍ഡര്‍ ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

*2014 ഫെബ്രുവരി 17-ന് മെട്രോ റെയില്‍ പദ്ധതിക്ക് കേന്ദ്ര ബജറ്റില്‍ 462.17 കോടി രൂപ അനുവദിച്ചു.

*2014 ജൂലൈ 12-ന് മെട്രോയുടെ വലുപ്പമേറിയ ആദ്യ ഗിര്‍ഡര്‍ പുളിഞ്ചോടിനും ആലുവയ്ക്കുമിടയില്‍ സ്ഥാപിച്ചു.

*2014 ജൂലൈ 20-ന് കൊച്ചി മെട്രോ റയിലിനു വേണ്ടി 1170 കോടി രൂപയുടെ വായ്പയ്ക്കു കെഎംആര്‍എല്ലും കാനറാ ബാങ്കും കരാര്‍ ഒപ്പുവച്ചു.

*2014 സെപ്റ്റംബര്‍ 09-ന് കൊച്ചി മെട്രോയുടെ പാളങ്ങള്‍ക്കുള്ള കരാര്‍ റയില്‍വേ ഉപകമ്പനിയായ ഇര്‍കോണിന് നല്‍കി.

*2016 ജനുവരി 23-ന് കൊച്ചി മെട്രോ റെയിലിന്റെ ആദ്യ ട്രയല്‍ റണ്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.

*2016 ഓഗസ്റ്റ് 6-ന് കൊച്ചി മെട്രോ റയിലിന്റെ ആദ്യ സ്റ്റേഷന്റെ നിര്‍മാണം ആലുവയില്‍ ആരംഭിച്ചു.

*2016 സെപ്റ്റംബര്‍ 24-ന് മുട്ടം മുതല്‍ പാലാരിവട്ടം വരെ കൊച്ചി മെട്രോ നടത്തിയ ട്രയല്‍ റണ്‍ വിജയം.

*2017 മേയ് 08-ന് കൊച്ചി മെട്രോയ്ക്കു യാത്രക്കാരെ കയറ്റി സര്‍വീസ് ആരംഭിക്കാനുള്ള അന്തിമ അനുമതി ലഭിച്ചു.

*2017 മേയ് 10-ന് കൊച്ചി മെട്രോയുടെ സര്‍വീസ് ട്രയല്‍ ആരംഭിച്ചു.

*2017 ജൂണ്‍ 3-ന് കൊച്ചി മെട്രോയില്‍ സോളാര്‍ പവര്‍ പ്ലാന്റ് കമ്മീഷനിങ്ങ്.

 

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍